യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 601 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

പ്രബോധമനുഗച്ഛന്ത്യാ അപ്രാപ്തായാ പരം പദം
ഏകസ്യാ അപ്യനേകസ്യാ: സര്‍വം സര്‍വത്ര യുജ്യതേ (6.2/125/18)

വസിഷ്ഠന്‍ തുടര്‍ന്നു: കിഴക്കോട്ടു പോയ രാജാവ് കുടിച്ച വെള്ളത്തിന്റെ ക്ഷുദ്രശക്തിയില്‍ മോഹാലസ്യപ്പെട്ടു വീണു. അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു. പടിഞ്ഞാട്ട് പോയ രാജാവ് പാറയായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് തെക്കോട്ട്‌ പോയ രാജാവായിരുന്നു. രാജാവിനെ പാറയാക്കിയ പിശാചിന് വേണ്ടത്ര മാംസമൊക്കെ നല്‍കിയാണ്‌ ഇത് സാധിച്ചത്. പടിഞ്ഞാട്ട് പോയ രാജാവ്, പശുരൂപമെടുത്ത ഒരു യക്ഷിയുടെ ക്ഷുദ്രപ്രയോഗത്തില്‍ കാളക്കൂറ്റനായി മാറിയിരുന്നു. തെക്കോട്ട്‌ പോയ രാജാവ് തന്നെ വീണ്ടും ഇദ്ദേഹത്തെ രക്ഷിച്ചു. തെക്കോട്ട്‌ പോയ രാജാവ് ഒരു വിദ്യാധരനായി മാറിയപ്പോള്‍ അയാളെ രക്ഷിക്കാന്‍ മറ്റൊരു വിദ്യാധരന്‍ വേണ്ടിവന്നു. കിഴക്കോട്ടു പോയ രാജാവൊരു സിംഹമായപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് പടിഞ്ഞാട്ട് പോയ രാജാവായിരുന്നു.

രാമന്‍ ചോദിച്ചു: മൂന്നു കാലങ്ങളിലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ യോഗികള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയില്‍ എത്തിയിട്ടില്ലാത്ത ആളുകള്‍ ഇതിനെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളും അവതരിപ്പിച്ചുവന്നിരിക്കും. അവര്‍ എന്തെങ്കിലും പുലമ്പിക്കൊള്ളട്ടെ, എന്നാല്‍ നീ പ്രബുദ്ധസമ്മതമായ സിദ്ധാന്തമെന്തെന്നു മനസ്സിലാക്കിയാലും. സത്യദര്‍ശനം സിദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം ശുദ്ധവും അനന്തവുമായ ബോധമല്ലാതെ യാതൊന്നും ഇല്ല. വസ്തുപ്രപഞ്ചമെന്ന ഒന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.

സൃഷ്ടിയോ ‘അസൃഷ്ടി’യോ ഇല്ല. ഈ അനന്തനിര്‍മ്മലബോധത്തില്‍ അഭിരമിക്കുന്നയാള്‍ സര്‍വ്വവ്യാപിയും സാര്‍വ്വഭൌമനുമായ ഭഗവാനാണ്. ആ ഭഗവാനാണ് എല്ലാറ്റിന്റെയും അന്തര്യാമി, ആത്മാവ്. അതെല്ലാക്കാലത്തും അങ്ങനെതന്നെയായിരിക്കും. ആര്‍ക്കാണാ ഭഗവാനെ പരിമിതപ്പെടുത്താനാവുക? എങ്ങനെ, എവിടെവച്ചാണ്, എപ്പോഴാണത്, സാധിക്കുക? സര്‍വ്വവ്യാപിത്വം ഉള്ള ഭഗവാന് പ്രഭാസിക്കാന്‍ സ്വേഛ മാത്രം മതി. എല്ലാറ്റിന്റെയും ആത്മാവാണല്ലോ അദ്ദേഹം?

എല്ലാറ്റിന്റെയും ആത്മാവ് എന്ന് പറയുമ്പോള്‍ എന്തിനെയാണ് നാം ഒഴിവാക്കുക? അതിനാല്‍ ഭഗവാന്‍ തന്റെ ഇഛയ്ക്കൊത്ത് എങ്ങനെ വേണമെങ്കില്‍ പ്രോജ്വലത്താകുന്നു എന്നറിയുക. ഭൂതഭാവിവര്‍ത്തമാന കാലഗണനകള്‍ കൂടാതെ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ ഉള്ള വിവേചനമില്ലാതെ അതത് കര്‍മ്മമണ്ഡലങ്ങളെ ആ പ്രഭു ചടുലമാക്കുന്നു.

താന്‍ ശുദ്ധമായ ബോധമാണെന്നുള്ള അവബോധം നഷ്ടപ്പെടുത്താതെതന്നെ അടുത്തും അകലെയും യുഗപര്യന്തമായും ഇമവെട്ടുന്നതുപോലെ ക്ഷണികമായും അദേഹം പ്രവര്‍ത്തനനിരതനാണ്. എല്ലാമെല്ലാം ആത്മാവാണെങ്കിലും കാഴ്ചകളെല്ലാം മായയാകുന്നു. അജനും അസൃഷ്ടനും അപരിമേയനും എന്നാല്‍ അനിഷേദ്ധ്യനുമാണവിടുന്ന്.

എന്താണോ ഉണ്മ, അതങ്ങനെതന്നെ നിലകൊള്ളുന്നു. ബോധഘനം മാത്രമേ ഉണ്മയായുള്ളു. അതാണ് ത്രിലോകങ്ങള്‍. വിശ്വത്തിന്റെ ആത്മാവാണത്. വിശ്വമെന്ന മൂര്‍ത്തീകരണം ഉണ്ടാവാന്‍ ഹേതുവായത് ബോധത്തിന്റെ വിഷയ-വിഷയീ ധ്രുവീകരണമത്രേ. ആരാണ് ഈ ദൃഷ്ടാവിനെ സൃഷ്ടിച്ചത്? ആരാണ് ഈ വിഷയി? എങ്ങനെയാണ് എപ്പോഴാണ് ഈ സൃഷ്ടി ഉണ്ടായത്? ബോധത്തിനസാദ്ധ്യമായി എന്തുണ്ട്?

“വിപശ്ചിത്‌ രാജാവിന്റെ ബോധം പ്രബുദ്ധമായി, എന്നാലത് പരമാവസ്ഥയെ പ്രാപിച്ചിട്ടില്ല താനും. അതിനാല്‍ ‘ഒന്നാ’ണെങ്കിലും ആ ‘ഒന്ന്‍’ പലതായി പ്രകടമാവുന്നു.”

ബോധാബോധങ്ങളുടെ അവബോധതലങ്ങളില്‍ എല്ലാമെല്ലാം സുസാദ്ധ്യമാണ്. പരമസത്യം ഇനിയും സാക്ഷാത്കരിച്ചിട്ടില്ലായെങ്കില്‍ അത്തരം വിഷയീകരണം സാദ്ധ്യമത്രേ. ഇത്തരം ഭാഗികമായ ഉണര്‍വുകളാണ് സിദ്ധികള്‍ക്ക് ഹേതുവാകുന്നത്. സിദ്ധഭാവത്തില്‍ ഈ നാല് വിപശ്ചിത്‌ മൂര്‍ത്തികളും സ്വാംശീകരിച്ചത് മറ്റുള്ളവരുടെ അനുഭവങ്ങളാണ്.