യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 609 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യേനൈവാഭ്യുദിതാ യസ്യ തസ്യ തേനാ വിനാ ഗതി:
ന ശോഭതേ ന സുഖദാ ന ഹിതായ ന സത്ഫലാ (6.2/130/2)

രാമന്‍ ചോദിച്ചു: ഈ മാന്‍കിടാവിന്റെ ഇന്നത്തെ ദൌര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നും അതിനെങ്ങനെയാണ് ആരുവഴിയാണ് മുക്തിലഭിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഈയവസ്ഥയില്‍ നിന്നും മുക്തിയ്ക്കുള്ള വഴി അതിന്റെ മൂലകാരണം എന്താണോ അത് തന്നെയാണ്. മറ്റൊരു വഴിയും പൂര്‍ണ്ണമല്ല. കാരണം മറ്റുള്ള മാര്‍ഗ്ഗങ്ങളിലൊന്നും ആനന്ദമോ നന്മയോ ഫലപ്രാപ്തിയോ ഉണ്ടാവുകയില്ല.

വിപശ്ചിത്‌ രാജാവ് അഗ്നിയെ പൂജിച്ചിരുന്നുവല്ലോ? ഈ മാന്‍ അഗ്നിയില്‍ പ്രവേശിക്കുന്നതോടെ തീയിലുരുക്കി തെളിയിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കം ഏറുന്നതുപോലെ അദ്ദേഹം തന്റെ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതാണ്. നോക്കൂ ഞാന്‍ ഈ മാനിനെ അഗ്നിയിലേയ്ക്ക് ആനയിക്കാം.

വാല്‍മീകി പറഞ്ഞു: വസിഷ്ഠന്‍ ഇങ്ങനെ പറഞ്ഞ് തന്റെ കമണ്ഡലുവില്‍ നിന്ന് ഒരല്പം ജലമെടുത്ത് ആചമനം ചെയ്തു. പെട്ടെന്ന് ആ സഭാ മദ്ധ്യത്തില്‍ത്തന്നെ വിറകില്ലാതെതന്നെ ഒരഗ്നികുണ്ഡം സംജാതമായി. പുകയോ സ്ഫുലിംഗങ്ങളോ ഇല്ലാതെ അഗ്നിനാളം മാത്രം ആളിക്കത്തി. സഭാമദ്ധ്യത്തില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുമാറി. മാന്‍കിടാവ് തീയുടെ ജ്വാലകണ്ട് ആവേശത്തോടെ തുള്ളിച്ചാടാനും തുടങ്ങി.

വസിഷ്ഠന്‍ ധ്യാനമഗ്നനായിരുന്നു. പൂര്‍വ്വവാസനകളില്‍ നിന്നും മുക്തമാകാന്‍ മൃഗത്തെ അദ്ദേഹം അനുഗ്രഹിച്ചു. അഗ്നിദേവനോട് അദ്ദേഹമിങ്ങനെ പ്രാര്‍ത്ഥിച്ചു: പൂര്‍വ്വജന്മത്തെക്കരുതി മൃഗാവസ്ഥയില്‍ നിന്നും വിപശ്ചിത്‌ രാജാവിന്റെ അവസ്ഥയിലേയ്ക്ക് ഇദ്ദേഹത്തെ പുനസ്ഥാപിച്ചാലും. മാമുനി ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് മാന്‍ ആഹ്ലാദത്തോടെ അഗ്നിയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.

മാന്‍ കുറച്ചുനേരം അഗ്നിയില്‍ വിശ്രമിച്ചു. എല്ലാവരും നോക്കി നില്‍ക്കേ സാവധാനം ആ മൃഗരൂപം മാറി ഒരു മനുഷ്യരൂപം ഉരുവായി. ഐശ്വര്യം പ്രോജ്വലിക്കുന്ന സുന്ദരനായ ഒരു മനുഷ്യന്‍. അയാള്‍ പുറത്തുവന്ന ഉടനെ സഭയില്‍ നിന്നും അഗ്നി അപ്രത്യക്ഷമായി.

സഭാവാസികള്‍ ഒന്നടങ്കം പറഞ്ഞു: ‘എന്തൊരു ഭാസുരപ്രഭയാണ് ഈ മനുഷ്യന്റെ മുഖത്ത് വിളയാടുന്നത്! സൂര്യനെപ്പൊലെ ജാജ്വല്യമാണാ മുഖം. ഇയാള്‍ തീര്‍ച്ചയായും ഭാസനെന്ന പേരില്‍ത്തന്നെ പുകള്‍ നേടാന്‍ പോകുന്നു.

ഒരു നിമിഷം ധ്യാനിച്ചപ്പോള്‍ ഭാസന് തന്റെ പൂര്‍വജന്മങ്ങളെപ്പറ്റി ഓര്‍മ്മയുണ്ടായി. സഭയിലെ ബഹളവും ഉദ്വേഗവും ഒടുങ്ങി വീണ്ടും അവിടെ നിശ്ശബ്ദത കളിയാടി. ഭാസന്‍ എഴുന്നേറ്റ് ചെന്ന് വസിഷ്ഠമുനിയെ വന്ദിച്ചു. മുനി അദ്ദേഹത്തെ അനുഗ്രഹിച്ചു. ‘നിന്നെ ചൂഴ്ന്നുനിന്ന് പീഢിപ്പിച്ചിരുന്ന അജ്ഞാനവലയം നിന്നെ വിട്ടു പോകട്ടെ’.

ഭാസന്‍ രാമനെയും വന്ദിച്ചു, സ്തുതിച്ചു.

ദശരഥന്‍ ഭാസനെ സ്വീകരിച്ചിരുത്തി. ‘രാജാവേ, വരൂ, ആസനസ്ഥനായാലും. അങ്ങ് ഈ ലോകത്തിലെല്ലാടവും ഏറെക്കാലമായി സംസാരത്തില്‍പ്പെട്ടുഴറി അലഞ്ഞുവല്ലോ. ഇനി വിശ്രമിച്ചാലും.

മുനിമാരും മറ്റും നിറഞ്ഞ ആ സഭയില്‍ ഭാസന്‍ ആസനസ്ഥനായി.

ദശരഥന്‍ തുടര്‍ന്നു: ചങ്ങലയ്ക്കിട്ടു നിയന്ത്രിക്കുന്ന ഒരാനയെപ്പോലെ വിപശ്ചിത്‌ എണ്ണമറ്റ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും അത് എത്രയെത്ര വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും അനുഭവങ്ങളേയുമാണ് ‘സൃഷ്ടി’ക്കുന്നത്!