അഷ്ടമസ്കന്ധം
ഇന്ദ്രദ്യുമ്ന: പാണ്ഡ്യഖണ്ഡാധിരാജ-
സ്ത്വദ്ഭക്താത്മാ ചന്ദനാദ്രൗ കദാചിത് |
ത്വത് സേവായാം മഗ്നധീരാലുലോകേ
നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം || 1 ||
പണ്ടൊരിക്കല്‍ പാണ്ഡ്യദേശാധിപനായ അങ്ങയില്‍ ഭക്തിയോടുകൂടിയ ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തില്‍ അങ്ങയുടെ ആരാധനയില്‍ മുഴുകിയ മനസ്സോടു കൂടിയവനായിരിക്കവേ അതിഥിസല്‍ക്കാരത്തെ ആഗ്രഹിച്ചു വന്നു ചേര്‍ന്നവനായ അഗസ്ത്യമഹര്‍ഷിയെ കണ്ടതേ ഇല്ല.
കുംഭോദ്ഭൂതി: സംഭൃതക്രോധഭാര:
സ്തബ്ധാത്മാ ത്വം ഹസ്തിഭൂയം ഭജേതി |
ശപ്ത്വാഥൈനം പ്രത്യഗാത്സോപി ലേഭേ
ഹസ്തീന്ദ്രത്വം ത്വത്സ്മൃതിവ്യക്തിധന്യം || 2 ||
അപ്പോള്‍ അഗസ്ത്യമഹര്‍ഷി കോപവിഷ്ടനായി “ഗര്‍വ്വിഷ്ഠനായ നീ ആനയായിത്തീരട്ടെ” എന്നിങ്ങനെ അദ്ദേഹത്തെ ശപിച്ച് മടങ്ങിപ്പോയി; ആ രാജാവാകട്ടെ ഭഗവത് സ്മരണയാല്‍ വ്യക്തമായ ശ്രേഷ്ഠതയോടുകൂടിയ ഗജേന്ദ്രവസ്ഥയെ പ്രാപിച്ചു.
ദുഗ്‍ദ്ധാംഭോധേര്‍മ്മദ്ധ്യഭാജി ത്രികൂടേ
ക്രീഡഞ്ഛൈലേ യൂഥപോയം വശാഭി: |
സര്‍വ്വാന്‍ ജന്തൂനത്യവര്‍ത്തിഷ്ട ശക്ത്യാ
ത്വദ്ഭക്താനാം കുത്ര നോത്കര്‍ഷലാഭ: || 3 ||
പാലാഴിയുടെ നടുവിലുള്ള ത്രികൂടപര്‍വ്വതത്തില്‍ പിടിയാനകളോടുകൂടി കുളിച്ചുകൊണ്ട് ഈ കരിവരന്‍ തന്റെ ബലംകൊണ്ട് എല്ലാ ജന്തുക്കളേയും കീഴടക്കി; അങ്ങയെ സേവിക്കുന്നവര്‍ക്ക് അവിടെയാണ് ശ്രേയസ്സില്ലാതിരിക്കുക?
സ്വേന സ്ഥേമ്നാ ദിവ്യദേശത്വശക്ത്യാ
സോയം ഖേദാനപ്രജാനന്‍ കദാചിത് |
ശൈലപ്രാന്തേ ഘര്‍മ്മതാന്ത: സരസ്യാം
യൂഥൈസ്സാര്‍ദ്ധം ത്വത്പ്രണുന്നോഭിരേമേ || 4||
അപ്രകാരമുള്ള ഈ ഗജശ്രേഷ്ഠന്‍ തന്റെ ശക്തികൊണ്ടും ദിവ്യമായ ആ പ്രദേശത്തിന്റെ മഹിമകൊണ്ടും യാതൊരു ദുഃഖങ്ങളും അറിയാത്തവനായിരിക്കെ ഒരിക്കല്‍ വേനലിന്റെ ചൂടുകൊണ്ടു തളര്‍ന്നവനായി മലയോരത്തിലുള്ള തടാകത്തില്‍ അങ്ങയാല്‍ പ്രേരിപ്പിക്കപ്പെട്ടവനായി മറ്റുള്ള ആനകളൊന്നിച്ച് ക്രീഡിച്ചുകൊണ്ടിരുന്നു.
ഹൂഹൂസ്താവദ്ദേവലസ്യാപി ശാപാത്
ഗ്രാഹീഭൂതസ്തജ്ജലേ വര്‍ത്തമാന: |
ജഗ്രാഹൈനം ഹസ്തിനം പാദദേശേ
ശാന്ത്യര്‍ത്ഥം ഹി ശ്രാന്തിദോസി സ്വകാനാം || 5 ||
അപ്പോള്‍ ദേവമഹര്‍ഷിയുടെ ശാപംകൊണ്ട് മുതലായിത്തീര്‍ന്ന് ആ തടാകത്തില്‍ പാര്‍പ്പുറപ്പിച്ചിരുന്ന ഹൂഹൂ എന്ന് ഗന്ധര്‍വ്വന്‍ ഈ ആനയെ കാലിന്മേല്‍ പിടികൂടി; നിന്തിരുവടി തന്റെ ഭക്തന്മാര്‍ക്ക് ദുഃഖശാന്തിക്കായി ക്ലേശത്തെ നല്‍കുന്നവനാണല്ലോ !
ത്വത്സേവായാ വൈഭവാത് ദുര്‍ന്നിരോധം
യുധ്യന്തം തം വത്സരാണാം സഹസ്രം |
പ്രാപ്തേ കാലേ ത്വത്പദൈകാഗ്ര്യസിധ്യൈ
നക്രാക്രാന്തം ഹസ്തിവര്യം വ്യധാസ്ത്വം ||6||
അങ്ങയെ ഭജിച്ചതിനാലുണ്ടായ മാഹത്മ്യംകൊണ്ട് ആയിരം കൊല്ലാങ്ങളോളം യാതൊരുവിധ തടസ്ഥവും കൂടാതെ പൊരുതിയ ആ ഗജേന്ദ്രനെ അങ്ങയുടെ തൃപ്പാദങ്ങളില്‍ ഏകാഗ്രത സിദ്ധിപ്പാനുള്ള കാലം വന്നപ്പോള്‍ നിന്തിരുവടി മുതലയെക്കൊണ്ടു കടിപ്പിച്ചു.
ആര്‍ത്തിവ്യക്തപ്രാക്തനജ്ഞാനഭക്തി:
ശുണ്ഡോത്ക്ഷിപ്തൈ: പുണ്ഡരീകൈ: സമര്‍ചന്‍ |
പൂര്‍വ്വാഭ്യസ്തം നിര്‍വ്വിശേഷാത്മനിഷ്ഠം
സ്തോത്രം ശ്രേഷ്ഠം സോന്വഗാദീത് പരാത്മന്‍ || 7 ||
ഹേ പരമാത്മസ്വരൂപിന്‍! ആ കരിവരന്‍ ദുഃഖാധിക്യത്താല്‍ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയ ജന്മാന്തരത്തിലെ ജ്ഞാനം, ഭക്തി എന്നിവയോടു കൂടിയവനായിട്ട് തുമ്പിക്കൈയാല്‍ എടുത്തുയര്‍ത്തപ്പെട്ട താമരപ്പൂക്കളാല്‍ നിന്തിരുവടിയെ അര്‍ച്ചിച്ചുകൊണ്ട് മുന്‍ ജന്മത്തില്‍ അഭ്യസിച്ചിട്ടുള്ള നിര്‍ഗുണബ്രഹ്മപരമായ മഹാസ്തോത്രത്തെ ഇടവിടാതെ പാടിക്കൊണ്ടിരിക്കുന്നു.
ശ്രുത്വാ സ്തോത്രം നിര്‍ഗുണസ്ഥം സമസ്തം
ബ്രഹ്മേശാദ്യൈര്‍നാഹമിത്യപ്രയാതേ |
സര്‍വ്വാത്മാ ത്വം ഭൂരികാരുണ്യവേഗാത്
താര്‍ക്ഷ്യരൂഢ: പ്രേക്ഷിതോഭൂ: പുരസ്താത് || 8 ||
നിര്‍ഗുണബ്രഹ്മപരമായ സ്തോത്രത്തെ മുഴുവനും കേട്ട് ബ്രഹ്മാവ്, മഹേശ്വരന്‍ എന്നീ ദേവന്മാരാല്‍ ഓരോരുത്തരും ഞാന്‍ അല്ല സ്തുതിക്കപ്പെടുന്നതു എന്നിങ്ങനെ വിചാരിച്ച് പോവതിരുന്ന സമയം സര്‍വ്വദേവാത്മകനായ നിന്തിരുവടി വര്‍ദ്ധിച്ച കാരുണ്യംകൊണ്ട് ഗരുഡന്റെ പുറത്തുകയറി ഗജേന്ദ്രന്റെ മുമ്പില്‍ പ്രത്യക്ഷനായി ഭവിച്ചു.
ഹസ്തീന്ദ്രം തം ഹസ്തപദ്മേന ധൃത്വാ
ചക്രേണ ത്വം നക്രവര്യം വ്യദാരീ: |
ഗന്ധര്‍വേസ്മിന്‍ മുക്തശാപേ സ ഹസ്തീ
ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ || 9 ||
ആ ഗജേന്ദ്രനെ തൃക്കൈകൊണ്ടു ഉദ്ധരിച്ചിട്ട് സുദര്‍ശനചക്രംകൊണ്ട് നിന്തിരുവടി മുതലായ രണ്ടായിപ്പിളര്‍ന്നു; ഈ ഗന്ധര്‍വ്വന്‍ ശാപത്തില്‍നിന്നു വിമോചിക്കപ്പെട്ടവനായതില്‍പിന്നെ ആ ആനയും അങ്ങയുടെ സാരൂപ്യത്തെ പ്രാപിച്ച് ഏറ്റവും ശോഭിച്ചു.
ഏതദ്വൃത്തം ത്വാം ച മാം ച പ്രഗേ യോ
ഗായേത്സോയം ഭൂയസേ ശ്രേയസേ സ്യാത് |
ഇത്യുക്ത്വൈനം തേന സാര്‍ദ്ധം ഗതസ്ത്വം
ധിഷ്ണ്യം വിഷ്ണോ പാഹി വാതാലയേശ || 10 ||
ഈ ഉപാഖ്യാനത്തേയും നിന്നേയും എന്നേയും യാതൊരുവന്‍ പുലര്‍കാലത്ത് കീര്‍ത്തനംചെയ്യുന്നവോ അങ്ങിനെയുള്ളവന്‍ വര്‍ദ്ധിച്ച ശ്രേയസ്സുകല്‍ക്കു ആളായി ഭവിക്കും എന്നിങ്ങനെ അവനോടു അരുളിചെയ്തിട്ട് അവനോടുകൂടി നിന്തിരുവടി സ്വസ്ഥാനമായ വൈകുണ്ഠത്തിലേക്കു തിരിച്ചു; അപ്രകാരമുള്ള വിഷ്ണുവിന്റെ അവതാരരൂപമായിരിക്കുന്ന ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ !
ഗജേന്ദ്രമോക്ഷവര്‍ണ്ണനം എന്ന ഇരുപത്താറാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 273.
വൃത്തം: – ശാലിനീ – ലക്ഷണം – നാലേഴായ്മം ശാലിനീ തം ത ഗംഗം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.