യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 610 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

കല്പനം തത്പരം ബ്രഹ്മ പരം ബ്രഹ്മൈവ കല്പനം
ചിദ്രൂപം നാനയോര്‍ഭേദ: ശൂന്യത്വാകാശയോരിവ (6.2/131/20)

വിശ്വാമിത്രന്‍ പറഞ്ഞു: രാജാവേ, ഉന്നതമായ ജ്ഞാനമാര്‍ജ്ജിക്കാത്തതിനാല്‍, പ്രബുദ്ധതയെ പ്രാപിക്കാതെ ഈ സംസാരത്തില്‍ അനേകംപേര്‍ അലയുന്നുണ്ട്. ഉദാഹരണത്തിന് പതിനേഴു ലക്ഷം വര്‍ഷങ്ങള്‍ സംസാരത്തില്‍ ഉഴന്നു ജീവിച്ച ഒരു രാജാവുണ്ടായിരുന്നു.

അങ്ങനെയുള്ള ജനങ്ങള്‍ നിരന്തരമായി വിഷയവസ്തുക്കളെപ്പറ്റി അന്വേഷിക്കുകയും അവയുടെ സ്വഭാവത്തെപ്പറ്റി നിരന്തരം പഠിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

ഈ സൃഷ്ടി നിലകൊള്ളുന്നത് അനന്തവിഹായസ്സില്‍ ബ്രഹ്മാവിന്റെ മനസ്സില്‍ വിരിഞ്ഞ സങ്കല്‍പ്പമായി മാത്രമാണ്.

ഒരു കളിപ്പന്തിനുമുകളില്‍ ഉറുമ്പ് നീങ്ങുന്നതുപോലെ ഭൂഗോളത്തിന് മുകളില്‍ മനുഷ്യര്‍ സദാ ചലനത്തിലാണ്. ആകാശത്ത് ‘താഴെ’, ‘കീഴെ’, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇല്ല. എന്നാല്‍ വസ്തുക്കള്‍ നിപതിക്കുന്ന ദിശയ്ക്ക് ‘താഴെ’ എന്നും പക്ഷികള്‍ പറന്നു പോകുന്ന ദിശയ്ക്ക് ‘ഉയരെ’ എന്നും പറഞ്ഞ് വരുന്നു എന്ന് മാത്രം.

ഈ ലോകത്ത് ‘വാതധനം’ എന്നൊരിടമുണ്ട്. അവിടെ മൂന്നു രാജകുമാരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ലോകത്തിന്റെ അതിരറ്റങ്ങള്‍ വരെ പോയി എന്തൊക്കെയാണ് ലോകത്തുള്ളതെന്നു കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. കുറച്ചുകാലം അവര്‍ ഭൂമിയിലുള്ള വസ്തുക്കളെ നിരീക്ഷിച്ചു. പിന്നീട് സമുദ്രങ്ങളിലെ വസ്തുക്കളെ പഠിച്ചു. എല്ലാക്കാര്യങ്ങളും പരിപൂര്‍ണ്ണമായി അറിയണമെന്ന ആഗ്രഹത്തോടെ വിഷയങ്ങളെ നിരീക്ഷിച്ചും പഠിച്ചും അവര്‍ അനേകജന്മങ്ങള്‍ കഴിച്ചു കൂട്ടി.

അവര്‍ക്ക് ലോകത്തിന്റെ അങ്ങേയറ്റം വരെ പോകാനായില്ല. അവര്‍ എല്ലായ്പ്പോഴും പന്തിനുമുകളിലെ ഉറുമ്പുകളെപ്പോലെ ഭൂഗോളത്തിന്റെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് നീങ്ങിക്കൊണ്ടേയിരുന്നു. അവരിപ്പോഴും ഭൂമിയില്‍ ചുറ്റി അലയുകയാണ്. ഈ സംസാരമെന്ന ഭ്രമക്കാഴ്ചയ്ക്ക് അവസാനമില്ല. അനന്തമായ ബോധത്തില്‍ വിക്ഷേപിക്കപ്പെട്ടതിനാല്‍ ഈ ഭ്രമക്കാഴ്ചയും അനന്തമായിത്തന്നെ നിലകൊള്ളുന്നു.

‘പരബ്രഹ്മം’ എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.

ജലത്തിലെ ചുഴികളും മലരികളും എല്ലാം ജലം തന്നെയാകുന്നു. ബോധവിഭിന്നമായി ഒന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്തപ്പോള്‍ ബോധമല്ലാതെ എന്തുണ്ടാകാനാണ്?

അനന്തബോധത്തിനു വിശ്വമായി സ്വയം പ്രഭമാകാന്‍ (പ്രകടമാവാന്‍) സ്വേച്ഛപോലും വേണ്ട. അനന്തബോധത്തിന് എന്തെന്തു രൂപഭാവങ്ങളേയും എപ്പോള്‍ വേണമെങ്കിലും വിക്ഷേപിക്കാം. ഇവയ്ക്കൊത്ത അനുഭവങ്ങളെ എത്രകാലം വേണമെങ്കില്‍ സ്വാംശീകരിക്കാം. ബോധത്തിന്റെ ഏറ്റവും ചെറിയ കണികയില്‍ പോലും അനന്തമായ, ചെറുതും വലുതുമായ എല്ലാത്തരം അനുഭവങ്ങളുടെയും സാദ്ധ്യത അന്തര്‍ലീനമാണ്. പര്‍വ്വതങ്ങളില്‍ ചെറുകല്ലുകളും പാറകളും സഹജമായി കാണുമല്ലോ. അനുഭവങ്ങള്‍ അതത് നിയതാനുഭവങ്ങളായി എല്ലായിടത്തും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ സത്യത്തില്‍ അവയും അനുഭവങ്ങളല്ല. അവ അനന്തമായ ബോധം തന്നെയാണ്. ഈ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് ലോകം. ബ്രഹ്മത്തിന്റെ ഭാസുരപ്രഭയേറിയ പ്രകടിതഭാവം.

എത്ര വിസ്മയകരമെന്നു നോക്കൂ, സ്വയം തന്റെ അനന്തസ്വത്വത്തെ നിരാകരിക്കാതെതന്നെ ബ്രഹ്മം സ്വയം ‘ഞാനൊരു ജീവനാണ്’ എന്ന് ചിന്തിക്കുന്നു.!

അല്ലയോ ഭാസരാജാവേ, ഇനി അങ്ങയുടെ പൂര്‍വ്വാനുഭവങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാലും.