യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 613 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ബദ്ധ്വാ ഖട്വാംഗശൃംഗേ കപിലമുരുജടാമണ്ഡലം പദ്മയോനേ:
കൃത്വാ ദൈത്ത്യോത്തമാംഗൈ: സൃജമുരസി ശിര:ശേഖരം താര്‍ക്ഷ്യപക്ഷൈ:
യാദേവി ഭുക്തവിശ്വാ പിബതി ജഗദിദം സാദ്രിഭൂപീഠഭൂതം
സാ ദേവീ നിഷ്കളങ്കാ കലിതതനുലതാ പാതു ന: പാലനീയാന്‍ (6.2/133/30)
ഭാസനായി വന്ന വിപശ്ചിത് തുടര്‍ന്നു: ഇനി വേറൊരു ലോകത്ത് ഞാന്‍ കണ്ടതായ മറ്റൊരത്ഭുതക്കാഴ്ചയെപ്പറ്റി പറയാം. മഹാകാശത്ത് നിങ്ങളുടെയെല്ലാം സങ്കല്‍പ്പത്തിനപ്പുറത്തുള്ള ഭാസുരപ്രഭമായ ഒരു ലോകമുണ്ട്. സ്വപ്നലോകം ജാഗ്രദിലെ ലോകത്തില്‍ നിന്നുമെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഈ ലോകം നാം കാണുന്ന ലോകങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.
വസ്തുപ്രപഞ്ചമാകുന്ന ഈ വിശ്വത്തിന്റെ അതിര്‍ത്തികള്‍ തേടി ഞാന്‍ ആ ലോകത്ത് സഞ്ചരിക്കുമ്പോള്‍ ഭീമാകാരമായ ഒരു നിഴല്‍ ഭൂമിയെ മുഴുവന്‍ മൂടുന്നതായി ഞാന്‍ കണ്ടു.
അതെന്താണെന്നറിയാനായി ആകാശത്തേയ്ക്ക് കണ്ണുകളുയര്‍ത്തവേ ഒരു മനുഷ്യനെന്ന് തോന്നുന്ന ഭീമാകാരം ആകാശം നിറഞ്ഞു ഭൂമിയിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്നതായി ഞാനവിടെ കണ്ടു. അതിനു സൂര്യനെപ്പോലും മറയ്ക്കാനുള്ള വലുപ്പമുണ്ടായിരുന്നു. ലോകമാകെ ഇരുട്ട് മൂടി. ഞാനങ്ങനെ വിസ്മയം പൂണ്ടു നില്‍ക്കുമ്പോള്‍ത്തന്നെ ആ സത്വം നിലംപതിച്ചു. എന്റെ അവസാനം അടുത്തു എന്ന് കണ്ട ഞാന്‍ അഗ്നിയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. അനേക ജന്മങ്ങളില്‍ ഞാന്‍ അഗ്നിപൂജ ചെയ്തിട്ടുള്ളതിനാല്‍ അഗ്നിദേവന്‍ എനിക്ക് അഭയവരം നല്‍കി. ഞാന്‍ അഗ്നിദേവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
എന്നേക്കൂടി അഗ്നിഭഗവാന്‍ തന്റെ തേരിലേറ്റിയിട്ട് പറഞ്ഞു: ‘വരൂ, നമുക്ക് രണ്ടാള്‍ക്കും കൂടി അഗ്നിയുടെ ലോകത്തേയ്ക്ക് പോകാം’. ഇത്രയും പറഞ്ഞ് അദ്ദേഹം നിലത്തു വീണുകിടക്കുന്ന ആ സത്വത്തിന്റെ ദേഹത്ത് ചെറിയൊരു സുഷിരമുണ്ടാക്കി. അതിലൂടെ ഞങ്ങള്‍ രണ്ടാളും ആകാശത്തേയ്ക്ക് രക്ഷപ്പെട്ടു.
അവിടെ നിന്നപ്പോഴേ ആ സത്വത്തിന്റെ വലുപ്പം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ. ആ സത്വത്തിന്റെ വീഴ്ചയില്‍ സമുദ്രം കലുഷിതമായി. പട്ടണങ്ങളും നഗരങ്ങളും കാടുകളുമെല്ലാം ഞെരിഞ്ഞു തകര്‍ന്നിരുന്നു. നദികളുടെ ഒഴുക്കും തടസ്സപ്പെട്ടു. എങ്ങും നിലവിളിയും കണ്ണീരും നിറഞ്ഞു. ഭൂമിയ്ക്ക് ആ സത്വത്തിന്റെ ഭാരം താങ്ങാന്‍ വയ്യാതായി.
വിശ്വപ്രളയത്തെ ഓര്‍മ്മിപ്പിക്കുന്ന കൊടുങ്കാറ്റും പേമാരിയും ഉണ്ടായി. ഹിമാലയ പര്‍വ്വതത്തിന്റെ കൊടുമുടികള്‍ പാതാളത്തിലേയ്ക്ക് തകര്‍ന്നടിഞ്ഞു വീണു. സൂര്യന്‍ ഭൂമിയില്‍ പതിച്ചു. ഭൂമി തകര്‍ന്നു തരിപ്പണമായി. ആകാശചാരികള്‍ വീണുകിടക്കുന്ന സത്വം കണ്ട് അത് മറ്റൊരു ഭൂമിയോ പുതിയൊരു വിശ്വം തന്നെയോ, ഭൂമിയില്‍ പതിച്ച ആകാശത്തിന്റെ ഒരു ഭാഗമോ ആണെന്ന് കരുതി. എന്നാല്‍ ഞാന്‍ അതിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് മാംസനിര്‍മ്മിതമാണെന്ന് മനസ്സിലായി. ഭൂമി മുഴുവന്‍ ചേര്‍ന്നാലും അതിന്റെ ഒരവയവത്തെ മൂടാന്‍ പോലും ആവില്ലായിരുന്നു.
ഇത് കണ്ട് എന്നെ സംരക്ഷിച്ചു ശിഷ്യനെപ്പോലെ സംരക്ഷിച്ചിരുന്ന അഗ്നിഭഗവാനോടു ഞാന്‍ ചോദിച്ചു: ഭഗവാനെ, എന്താണീ കാണുന്നത്?’
അഗ്നിദേവന്‍ പറഞ്ഞു: കുഞ്ഞേ, ഈ ജഡം മൂലം ഉണ്ടായ ദുരിതങ്ങള്‍ ഒന്നൊടുങ്ങട്ടെ എന്നിട്ടാവാം വിശദീകരണം’.
അപ്പോഴെയ്ക്ക് ഭൂമിയ്ക്ക് ചുറ്റുമുള്ള ആകാശത്ത് മാമുനിമാരും സിദ്ധചാരണ ഗന്ധര്‍വന്മാരും ദേവന്മാരും പിശാചുക്കള്‍ മുതലായ സൂക്ഷ്മശരീരികളായ എല്ലാവരും അണിനിരന്നു.
അവര്‍ തല കുമ്പിട്ട് ദിവ്യമാതാവായ കാളരാത്രിയെ ഇങ്ങനെ സ്തുതിച്ചു: “വിശ്വത്തെ മുഴുവന്‍ ഭരിക്കുന്നവളും, ബ്രഹ്മാവിനെ തന്റെ വാള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നവളും രാക്ഷസരുടെ തലകളാല്‍ കൊരുത്ത മാല്യമണിഞ്ഞവളും, ഇങ്ങനെയൊക്കെയാണെങ്കിലും പരമപവിത്രയുമായ, കറുത്ത ദേഹമുള്ള ആ ദിവ്യജനനി ഞങ്ങളെ പരിരക്ഷിക്കട്ടെ.”