ദുര്‍വാസാ സുരവനിതാപ്തദിവ്യമാല്യം
ശക്രായ സ്വയമുപദായ തത്ര ഭൂയ: |
നാഗേന്ദ്രപ്രതിമൃദിതേ ശശാപ ശക്രം
കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം || 1 ||
ദുര്‍വാസസ്സ് എന്ന മഹര്‍ഷി ഒരു ദേവസ്ത്രീയില്‍നിന്നു ലഭിച്ച ദിവ്യമായ മാലയെ താന്‍തന്നെ ദേവേന്ദ്രന്നു കൊടുത്തിട്ട് അതു പിന്നീട് ഐരാവതമെന്ന ശ്രേഷ്ഠ ഗജത്താല്‍ മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ ഇന്ദ്രനെ ശപിച്ചു; നിന്തിരുവടിയൊഴിച്ച് മറ്റു ദേവതകളുടെ അംശത്തിള്‍ ജനിച്ചവര്‍ക്ക് എന്തൊരു ക്ഷമയാണുള്ളത് ?
ശാപേന പ്രഥിതജരേഥ നിര്‍ജ്ജരേന്ദ്രേ
ദേവേഷ്വപ്യസുരജിതേഷു നിഷ്പ്രഭേഷു |
ശര്‍വാദ്യാ: കമലജമേത്യ സര്‍വദേവാ
നിര്‍വാണപ്രഭവ സമം ഭവന്തമാപു: || 2 ||
അനന്തരം അമരാധിപന്‍ ദുര്‍വാസസ്സിന്റെ ശാപംകൊണ്ട് ജര ബാധിച്ചവനായിത്തീരവേ മറ്റുള്ള ദേവന്മാരും അസുരന്മാരാല്‍ തോല്പിക്കപ്പെട്ടു തേജസ്സില്ലാത്തവരായിത്തീര്‍ന്നപ്പോള്‍ ശിവന്‍ തുടങ്ങിയ ദേവന്മാരെല്ലാവരും ബ്രഹ്മാവിനെ സമീപിച്ച്, അല്ലേ മോക്ഷത്തിന്നു ഉല്‍പത്തിസ്ഥാനമായ ഭഗവന്‍! ആ ബ്രഹ്മാവോടൊന്നിച്ച് അങ്ങയുടെ സന്നിധിയില്‍ വന്നുചേര്‍ന്നു.
ബ്രഹ്മാദ്യൈ: സ്തുതമഹിമാ ചിരം തദാനീം
പ്രാദുഷ്ഷന്‍ വരദ പുര: പരേണ ധാമ്നാ |
ഹേ ദേവാ ദിതിജകുലൈര്‍വിധായ സന്ധിം
പീയൂഷം പരിമഥതേതി പര്യശാസ്ത്വം || 3 ||
ഭക്തന്മാര്‍ക്ക് അഭീഷ്ടങ്ങളെ നല്‍ക്കുന്ന ഹേ പ്രഭോ ! ബ്രഹ്മദേവന്‍ തുടങ്ങിയവരാല്‍ വളരെ നേരം സ്തുതിക്കപ്പെട്ട മഹിമയോടുകൂടിയ നിന്തിരുവടി ആ സമയം ഉല്‍കൃഷ്ടമായ തേജസ്സോടുകൂടി അവരുടെ മുമ്പില്‍ പ്രത്യക്ഷനായി “ഹേ ദേവന്മാരെ! അസുരന്മാരോടുകൂടി സന്ധിചെയ്ത് അമൃതു കടഞ്ഞെടുക്കുവിന്‍! എന്നിങ്ങിനെ കല്പിച്ചരുളി.
സന്ധാനം കൃതവതി ദാനവൈ: സുരൗഘേ
മന്ഥാനം നയതി മദേന മന്ദരാദ്രിം |
ഭ്രഷ്ടേസ്മിന്‍ ബദരമിവോദ്വഹന്‍ ഖഗേന്ദ്രേ
സദ്യസ്ത്വം വിനിഹിതവാന്‍ പയ:പയോധൗ || 4 ||
ദേവന്മാര്‍ അസുരന്മാരോടുകൂടി സന്ധിചെയ്തശേഷം അഹങ്കാരത്തോടെ കടകോലായി മന്ദരപര്‍വ്വതത്തെ കൊണ്ടുപോകുമ്പോള്‍ അതു കയ്യില്‍ നിന്ന് താഴെ വീണ സമയം നിന്തിരുവടി ഗരുഡന്റെ പുറത്ത് ഒരു എലന്തക്കുരുവെന്നപോലെ അത്രയും നിഷ്പ്രയാസം കയറ്റിവെച്ച്കൊണ്ട് പാലാഴിയില്‍ അതിവേതത്തില്‍ കൊണ്ടുപോയി ചേര്‍ത്തി.
ആധായ ദ്രുതമഥ വാസുകിം വരത്രാം
പാഥോധൗ വിനിഹിതസര്‍വബീജജാലേ |
പ്രാരബ്ധേ മഥനവിധൗ സുരാസുരൈസ്തൈര്‍ –
വ്യാജാത്ത്വം ഭുജഗമുഖേകരോസ്സുരാരീന്‍ || 5 ||
അതില്‍പിന്നെ താമസിയാതെ വാസുകിയെ കയറാക്കിക്കൊണ്ട് നിക്ഷേപിക്കപ്പെട്ട എല്ലാ ഔഷധങ്ങളുടേയും വിത്തുകളോടുകൂടിയ ആ അലയാഴിയില്‍ ആ ദേവസുരന്മാര്‍ കടയുവാനാരംഭിച്ചപ്പോള്‍ നിന്തിരുവടി കപടം പ്രയോഗിച്ച് സര്‍പ്പത്തിന്റെ മുഖഭാഗത്തില്‍ അസുരന്മാരെ ആക്കിത്തീര്‍ത്തു.
ക്ഷുബ്ധാദ്രൗ ക്ഷുഭിതജലോദരേ തദാനീം
ദുഗ്ധാബ്ധൗ ഗുരുതരഭാരതോ നിമഗ്നേ |
ദേവേഷു വ്യഥിതതമേഷു തത്പ്രിയൈഷീ
പ്രാണൈഷീ: കമഠതനും കഠോരപൃഷ്ഠാം || 6 ||
അപ്പോള്‍ ഇളകിമറിയുന്ന ഉള്‍ഭാഗത്തോടുകൂടിയ പാലാഴിയില്‍, വര്‍ദ്ധിച്ച ഘനം നിമിത്തം മത്തായി ഉപയോഗിച്ചിരുന്ന മന്ദരപര്‍വ്വതം മുങ്ങിപ്പോയപ്പോള്‍ ദേവന്മാര്‍ വ്യസനിച്ചുകോണ്ടിരിക്കവേ അവര്‍ക്ക് നന്മയെ ഇച്ഛിക്കുന്നവനായ നിന്തിരുവടി ഉറപ്പേറിയ പൃഷ്ഠഭാഗത്തോടുകൂടിയ ആമയുടെ ശരീരത്തെ കൈക്കൊണ്ടു.
വജ്രാതിസ്ഥിരതരകര്‍പ്പരേണ വിഷ്ണോ
വിസ്താരാത്പരിഗതലക്ഷയോജനേന |
അംഭോധേ: കുഹരഗതേന വര്‍ഷ്മണാ ത്വം
നിര്‍മഗ്നം ക്ഷിതിധരനാഥമുന്നിനേഥ || 7 ||
ഹേ ഭഗവന്‍ ! വജ്രത്തെക്കാളേറേ ഉറപ്പുള്ള പൃഷ്ടാസ്ഥിയോടുകൂടിയതും വിസ്താരംകൊണ്ട് ഒരുലക്ഷം യോജന വ്യാപിച്ചിട്ടുള്ളതും സമുദ്രത്തിന്നുള്ളില്‍ സ്ഥിതിചെയ്യുന്നതുമായ ശരീരത്തോടുകൂടി നിന്തിരുവടി മുങ്ങിക്കിടക്കുന്ന മന്ദരപര്‍വ്വതത്തെ പൊക്കിയെടുത്തു.
ഉന്മഗ്നേ ഝടിതി തദാ ധരാധരേന്ദ്രേ
നിര്‍മ്മേഥുര്‍ദൃഢമിഹ സമ്മദേന സര്‍വേ |
ആവിശ്യ ദ്വിതയഗണേപി സര്‍പ്പരാജേ
വൈവശ്യം പരിശമയന്നവീവൃധസ്താന്‍ || 8 ||
അപ്പോള്‍ ആ പര്‍വ്വതശ്രേഷ്ഠന്‍ പെട്ടെന്നു പൊങ്ങിയ സമയം അവിടെ കൂടിയിരുന്നവരെല്ലാം വര്‍ദ്ധിച്ച ഉത്സാഹത്തോടുകൂടി ഊക്കോടെകടഞ്ഞുതുടങ്ങി. നിന്തിരുവടി രണ്ടു പക്ഷക്കാരിലും വാസുകിയിലും പ്രവേശിച്ചിട്ട് അവരുടെ ക്ഷീണത്തെ ശമിപ്പിച്ച്കൊണ്ട് അവരെ ബലവും ഉത്സാഹവുമുള്ളവരാക്കിത്തീര്‍ത്തു.
ഉദ്ദാമഭ്രമണജവോന്നമദ്ഗിരീന്ദ്ര-
ന്യസ്തൈകസ്ഥിരതരഹസ്തപങ്കജം ത്വാം |
അഭ്രാന്തേ വിധിഗിരിശാദയ: പ്രമോദാ-
ദുദ്ഭ്രാന്താ നുനുവുരുപാത്തപുഷ്പവര്‍ഷാ: || 9 ||
ശക്തിയോടെ ചുറ്റിത്തിരിയുന്നതുകൊണ്ടുണ്ടായ വേഗതയാല്‍ മേല്പോട്ടുയരുന്ന പര്‍വ്വതത്തിന്മേല്‍ കയ്യുറപ്പിച്ചുവെച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടിയെ ആകാശ മാര്‍ഗ്ഗത്തില്‍നിന്ന് ബ്രഹ്മാവ്, ശിവന്‍ മുതലായവര്‍ സന്തോഷവായുപുകൊണ്ടുള്ള സംഭ്രമത്തോടെ പുഷ്പവൃഷ്ടിചെയ്തുകൊണ്ട് സ്തുതിച്ചു.
ദൈത്യൗഘേ ഭുജഗമുഖാനിലേന തപ്തേ
തേനൈവ ത്രിദശകുലേപി കിഞ്ചിദാര്‍ത്തേ |
കാരുണ്യാത്തവ കില ദേവ വാരിവാഹാ:
പ്രാവര്‍ഷന്നമരഗണാന്ന ദൈത്യസംഘാന്‍ ||10||
ഭഗവന്‍! അസുരന്മാര്‍, സര്‍പ്പത്തിന്റെ മുഖത്തുനിന്നു വീശുന്ന വിഷവായുനിനാല്‍ സന്തപ്തരായിത്തീരവേ, ആ വിഷവായുകൊണ്ടുതന്നെ ദേവന്മാരും കുറഞ്ഞൊന്നു വിഷമിക്കവേ, നിന്തിരുവടിയുടെ കാരുണ്യംകൊണ്ട് കാര്‍മേഘങ്ങള്‍ ദേവന്മാരുടെ നേര്‍ക്ക് വര്‍ഷിച്ചു; അസുരന്മാരുടെ ഭാഗത്തു വര്‍ഷിച്ചതുമില്ല.
ഉദ്ഭ്രാമ്യദ്ബഹുതിമിനക്രചക്രവാളേ
തത്രാബ്ധൗ ചിരമഥിതേപി നിര്‍വികാരേ |
ഏകസ്ത്വം കരയുഗകൃഷ്ടസര്‍പരാജ:
സംരാജന് പവനപുരേശ പാഹി രോഗാത് || 11 ||
പരിഭ്രമിച്ചോടിക്കൊണ്ടിരിക്കുന്ന അനേകം തിമിംഗലങ്ങള്‍, മുതലകള്‍ ഇവയുടെ കൂട്ടത്തോടുകൂടിയ ആ സമുദ്രം വളരെ കടയപ്പെട്ടിട്ടും യാതൊരു വികാരവും കൂടാതിരിക്കവേ, നിന്തിരുവടി താനൊരുവനായ്‍ത്തന്നെ ഇരു കൈകള്‍ക്കൊണ്ടും പിടിച്ചുവലിക്കപ്പെട്ട സര്‍പ്പശ്രേഷ്ഠനോടുകൂടിയവനായിട്ട് പരിലസിച്ചു! അപ്രകാരമുള്ള ഗുരുവായൂരപ്പാ! എന്നെ ഈ ദേഹപീഡയില്‍നിന്ന് രക്ഷിച്ചരൂളേണമേ !
കൂര്‍മ്മാവതരവര്‍ണ്ണനം എന്ന ഇരുപത്തേഴാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 284 – വൃത്തം : പ്രഹര്‍ഷിണി – ലക്ഷണം -ത്രിഛിന്നം മനജരഗം പ്രഹര്‍ഷിണിക്ക്.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.