യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 618 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യദാ താദാത്മകാത്മൈകപരോ ഹൃദി സഹസ്ഥിതം
അപ്രധാനീകരോത്യേതച്ചിത്തം സ്വാര്‍ത്ഥസ്വഭാവത: (6.2/138/21)

മുനി തുടര്‍ന്നു: അത് കഴിഞ്ഞപ്പോള്‍ എനിയ്ക്ക് അനന്തബോധത്തില്‍ വിലയിച്ചൊന്നാവണമെന്നു തോന്നി. ആ ജീവിയുടെ ഓജസ്സ് വിട്ട് ബോധഘനത്തില്‍ ആമഗ്നനാവാന്‍ തുടങ്ങവേ എന്റെ ഇന്ദ്രിയങ്ങള്‍ വീണ്ടും പ്രവര്‍ത്തനോന്മുഖമായി. എന്നാല്‍ ഞാനതിനെ നിയന്ത്രിച്ച്‌ ബോധത്തില്‍ പ്രവേശിച്ചു. ബോധത്തില്‍ പ്രവേശിച്ചയുടനെ ഞാന്‍ രണ്ടു ലോകങ്ങളെ ഒരേസമയം അനുഭവിക്കാന്‍ തുടങ്ങി. എല്ലാം രണ്ടായി കാണപ്പെട്ടു. എന്നാല്‍ ഞാന്ന്‍ കാണാന്‍ ഉപയോഗിക്കുന്ന മേധാശക്തി ഒരുപോലെയായിരുന്നതിനാല്‍ ഞാന്‍ കണ്ട ദ്വന്ദതയും വളരെ സാമ്യമുള്ളവയായിരുന്നു. പാലും വെള്ളവുംപോലെ അവ നന്നായി ഇഴുകിച്ചേര്‍ന്നിരുന്നു.

ക്ഷണത്തില്‍ ഞാന്‍ മറ്റേ ജീവിയുടെ ബോധാത്തിലേയ്ക്ക് എന്റെ ബോധത്തെ സംക്രമിപ്പിച്ചു. രണ്ടുലോകവും ഒന്നായി. എല്ലാറ്റിനെയും രണ്ടായിക്കാണുന്ന കണ്ണില്‍ ദീനമുള്ളവന്‍, രണ്ടു ചന്ദ്രബിംബങ്ങളെ കാണുന്നു. എന്നാല്‍ അസുഖം ഭേദമാകുന്നതോടെ അയാള്‍ക്ക് ഒരേയൊരു ചന്ദ്രനെ മാത്രം കാണാകുന്നു.

ഞാന്‍ എന്റെ ജ്ഞാനത്തെ ഉപേക്ഷിച്ചില്ല. എങ്കിലും എന്റെ ചിന്താവ്യാപാരങ്ങള്‍ പരിക്ഷീണമായിത്തീര്‍ന്ന് മറ്റേ ജീവിയുടെ ചിന്തകള്‍ സ്വായത്തമാക്കി. അതോടെ ആ ജീവിയുടെ ലോകം എനിക്കും അനുഭവവേദ്യമായി. കുറച്ചു നേരം കഴിഞ്ഞ് അയാള്‍ ഉറക്കമായി. ഒരാമ തന്റെ അവയവങ്ങളെ തോടിനുള്ളിലേയ്ക്ക് പിന്‍വലിക്കുന്നതുപോലെ അയാള്‍ തന്റെ മനോതരംഗങ്ങളെ പിന്‍വലിച്ചു.

അയാളുടെ ഇന്ദ്രിയങ്ങള്‍ മൃതപ്രായമായി. അവ ഏതോ കലാകാരന്‍ വിരുതോടെ വരച്ചു വെച്ച ഛായാപടമെന്നപോലെ നിലകൊണ്ടു. ഒരുനിമിഷം ബാഹ്യമായ വ്യാപാരങ്ങള്‍ ഒഴിഞ്ഞ് ഓജസ്സിന്റെ നിറവില്‍ ഞാനാ നിദ്രാവസ്ഥയെ നന്നായി ആസ്വദിച്ചു.

ക്ഷീണം മൂലം അയാളുടെ നാഡീവ്യൂഹങ്ങള്‍ ഘനസാന്ദ്രവും ഇടതിങ്ങിയതും ആയിരുന്നു. ആഹരിച്ചിരുന്ന ഭക്ഷണപാനീയങ്ങള്‍ ഇടതിങ്ങിയതിനാല്‍ അയാളുടെ ശ്വാസോച്ഛ്വാസം വളരെ പതുക്കെയായിരുന്നു. “പ്രാണശക്തി ഹൃദയത്തില്‍ സ്വയം ഉയര്‍ന്നുണര്‍ന്ന്‍ മനസ്സെന്ന വസ്തുവിന് പ്രാമുഖ്യമില്ലാതാക്കുന്നു. അതായത് മനസ്സിനെ അപ്രധാനമാക്കുന്നു. കാരണം പ്രാണന്‍ സ്വയം അവബോധിക്കുന്ന ഒന്നാണല്ലോ.”

ഇപ്പോള്‍ ആത്മാവിന്റെ വിഷയം ആത്മാവ് തന്നെയാണ്.മറ്റു ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും ഇപ്പോഴില്ല. അത് സ്വയം ആത്മാവായി പ്രഭാസിക്കുന്നു.

രാമന്‍ ചോദിച്ചു: മനസ്സിന് ചിന്തിക്കാനുള്ള കഴിവ് പ്രാണശക്തിയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേയുള്ളൂ. അതിനു സ്വയമായി ഒരസ്തിത്വം ഇല്ല. അപ്പോള്‍ അതില്‍ എന്താണുള്ളത്?

വസിഷ്ഠന്‍ പറഞ്ഞു: ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല. മനസ്സെന്ന വസ്തുവിന് സ്വപ്നത്തില്‍ കാണുന്ന ഒരു പര്‍വ്വതത്തിന്റെ എന്നതുപോലെയുള്ള യാഥാര്‍ത്ഥ്യസ്വഭാവമാണുള്ളത്. യാതൊരു വസ്തുവും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, കാരണം ആ സൃഷ്ടികള്‍ക്ക് നിദാനമായ കാരണങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് മനസ്സ് ഉള്ളതല്ല.

എല്ലാമെല്ലാം ബ്രഹ്മം മാത്രം. ബ്രഹ്മമാണ് എല്ലാമെല്ലാം. അതിനാല്‍ ലോകം അങ്ങനെ തന്നെ നിലകൊള്ളുന്നു. ദേഹമനസ്സുകള്‍ ബ്രഹ്മമാകുന്നു. എന്നാല്‍ സത്യദര്‍ശികള്‍ എങ്ങനെയാണിവയെ കാണുന്നതെന്ന് നമുക്ക് വിവരിക്കാനാവില്ല.

അവിച്ഛിന്നമായ അനന്തബോധം സ്വയം അതിനു വിവക്ഷിക്കാനുള്ള വിഷയമായി. അത് മനസ്സായി. ചലനം എന്നൊരു പ്രതീതി അതിലുണ്ടായപ്പോള്‍ പ്രാണന്‍ ജീവശക്തിയായി ഉല്‍പ്പന്നമായി. പ്രാണന്‍ ഇന്ദ്രിയങ്ങളിലൂടെ അനുഭവങ്ങളെ ഉല്‍പ്പന്നമാക്കുന്നു. അങ്ങനെ ലോകമുണ്ടാവുന്നു.