ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ് (619)
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 619 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
യദാ സ്വകര്‍മണി സ്പന്ദേ വ്യഗ്ര: പ്രാണോ ഭൃശം ഭവേത്
തദാ തദീഹിതവ്യഗ്ര: പ്രാണോ നാത്മോദ്യമി ഭവേത് (6.2/139/12)
വസിഷ്ഠന്‍ തുടര്‍ന്നു: ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ്. അതില്‍ സത്തും അസത്തും രണ്ടും കലര്‍ന്നതുമെല്ലാം അടങ്ങിയിരിക്കുന്നു. ‘പ്രാണന്‍ എന്റെ ചലനമാണ്. എനിയ്ക്ക് പ്രാണനില്ലാതെ നിലനില്‍പ്പില്ല’ എന്ന ആശയത്തോടെ മനസ്സ് പ്രാണനെ കൊണ്ടുവന്നു. അങ്ങനെ അതെന്റെ ലക്ഷ്യമായി. ‘കുറച്ചുനേരം എന്റെ പ്രാണന്‍ നഷ്ടമായാലും ഉടനെതന്നെ എനിയ്ക്ക് പ്രാണന്‍ തിരിച്ചു കിട്ടും’ എന്ന് ഞാന്‍ സങ്കല്‍പ്പിച്ചു.
ഈ പ്രാണന്‍ മനസ്സുമായി ചേരുമ്പോള്‍ അത് ഭ്രമാത്മകലോകത്തെ കാണുന്നു. ‘ഞാനിനി ഒരിക്കലും പ്രാണനും ദേഹവുമില്ലാതെ നിലകൊള്ളുകയില്ല എന്ന സങ്കല്പം ഉള്ളതിനാല്‍ അത് പിന്നീട് തന്റെ സഹജസ്വരൂപമായ ശുദ്ധബോധമാര്‍ജ്ജിക്കുന്നില്ല.
സംശയത്തിന്റെ കൊടുങ്കാട്ടില്‍പ്പെട്ട് ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക് ചാഞ്ചാടിയാടി അത് ദുഖമനുഭവിക്കുന്നു. ആത്മജ്ഞാനം അങ്കുരിക്കുന്നതുവരെ ‘ഞാനാണ് ഇത്’ എന്ന തെറ്റിദ്ധാരണകള്‍ ഒഴിയുകയില്ല. മുക്തിമാര്‍ഗ്ഗം ആരായുന്നതിലൂടെ മാത്രമേ ആത്മജ്ഞാനമുണ്ടാവൂ. അതിനാല്‍ ഏതു വിധേനെയും ഒരുവന്‍ മുക്തിമാര്‍ഗ്ഗം തേടണം.
മനസ്സ് സദാ ‘എന്റെ ജീവശക്തി – പ്രാണന്‍ – എന്റെ ജീവിതം തന്നെയാണ്’ എന്ന ധാരണയില്‍ കഴിയുന്നതിനാല്‍ മനസ്സ് പ്രാണനില്‍ ഇളവേല്‍ക്കുകയാണ്. ദേഹം ആരോഗദൃഢമായിരിക്കുമ്പോള്‍ മനസ്സ് നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ദേഹത്തിനുണ്ടാകുന്ന ക്ഷീണം മനസ്സിനെ ബാധിക്കുന്നു. മനസ്സ് മറ്റൊന്നും കാണാതെ ദേഹത്തിന്റെ അസ്വാസ്ഥ്യങ്ങളെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു.
“പ്രാണന്‍ തന്റെ സ്വതസിദ്ധമായ ചലനത്തില്‍ വ്യഗ്രതയോടെയിരിക്കുമ്പോള്‍ അത് സ്വയം മറന്നെന്നപോലെ വര്‍ത്തിക്കുന്നു. അപ്പോള്‍ ആത്മാന്വേഷണത്വരയുണ്ടാവുക സാദ്ധ്യമല്ല.”
പ്രാണനും മനസ്സും തമ്മിലുള്ള ബന്ധം വണ്ടിയും സാരഥിയും എന്നതുപോലെയാണ്. അനന്താവബോധത്തിലെ ആദ്യസങ്കല്‍പ്പം ഇങ്ങനെയായതിനാല്‍ അതിപ്പോഴും തുടരുന്നു. പ്രബുദ്ധതയിലെത്താത്തവര്‍ക്ക് ഇത് അറിവാകുകയില്ല.
അജ്ഞാനികള്‍ സമയം, ദൂരം, വിഷയം, മനസ്സ്, പ്രാണന്‍, ദേഹം എന്നിവയെക്കുറിച്ചെല്ലാമുള്ള ധാരണകളില്‍ ഇളക്കമേതുമില്ലാതെ വര്‍ത്തിക്കുന്നു. മനസ്സും പ്രാണനും സമ്യക്കായി പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തി വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവ തമ്മില്‍ പൊരുത്തക്കേടുണ്ടാകുമ്പോള്‍ സ്വരഭംഗം ഉണ്ടാവുന്നു. രണ്ടും വിശ്രമിക്കുമ്പോള്‍ സുഷുപ്തിയായി.
നാഡികളില്‍ ഭക്ഷണവസ്തുക്കള്‍ അടിഞ്ഞുകൂടി മന്ദതയുണ്ടാവുമ്പോഴും ദേഹം പരിക്ഷീണമാവുമ്പോഴും പ്രാണസഞ്ചാരത്തിനു തടസ്സമുണ്ടാവുന്നു. പ്രാണന് സഞ്ചരിക്കാന്‍ പ്രയാസമാവുമ്പോള്‍ സുഷുപ്തി വന്നണയുന്നു.
എന്തെങ്കിലും കാരണവശാല്‍ നാഡികള്‍ മൃദുവും ക്ഷീണിതവും ആകുമ്പോള്‍ അവയില്‍ പലവിധത്തിലുള്ള മാലിന്യങ്ങളും അടിയാന്‍ ഇടയാവുന്നു. പ്രാണന്‍ അസാധാരണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സുഷുപ്തി ആഗതമാവാം.
മുനി പറഞ്ഞു: ഇരുട്ട് പരന്നപ്പോള്‍ ഞാന്‍ ആരുടെ ഹൃദയത്തിലാണോ കയറി പാര്‍പ്പുറപ്പിച്ചത്, അയാള്‍ ദീര്‍ഘനിദ്രയിലായി. ഞാനും ആ നിദ്ര ആസ്വദിച്ചു. എന്നാല്‍ അയാള്‍ കഴിച്ചിരുന്ന ആഹാരം ദഹിച്ചു കഴിഞ്ഞപ്പോള്‍ നാഡികള്‍ ശുദ്ധമാവുകയും പ്രാണന്‍ വീണ്ടും സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. സുഷുപ്തി ക്ഷീണിതമായിത്തീര്‍ന്നു.