യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 622 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
തത്ര ദംദഹ്യമാനോഽപി നാഭവം ദുഃഖഭാഗഹം
സ്വപ്നേ സ്വപ്നോഽയമിത്യേഷ ജാനന്നഗ്നാവപി ച്യുത: (6.2/141/1)
മുനി തുടര്‍ന്നു: “എനിക്ക് ചുറ്റും അതിഭയങ്കരമായ അഗ്നിവലയം ആളിക്കത്തിയിരുന്നുവെങ്കിലും ഞാന്‍ ആകുലചിത്തനായിരുന്നില്ല. സ്വപ്നം കാണുമ്പോള്‍ നാമത് സ്വപ്നമാണെന്ന് തിരിച്ചറിയുമെങ്കില്‍ സ്വപനത്തിലെ അഗ്നി നമ്മെ ബാധിക്കുകയില്ലല്ലോ.”
ഞാന്‍ അഗ്നിയെപ്പറ്റി അന്വേഷണം നടത്തുമ്പോള്‍ എന്നെയതു തീരെ ബാധിക്കുകയുണ്ടായില്ല. കാരണം അത് സ്വപനമാണെന്നെനിക്ക് അറിയാമായിരുന്നല്ലോ. പെട്ടെന്ന് അതിശക്തമായ ഒരുഷ്ണവാതം ആഞ്ഞടിച്ചു. ആ കൊടുങ്കാറ്റില്‍ ചുറ്റുമുള്ള എല്ലാം പറക്കാനും തീപിടിക്കാനും തുടങ്ങി.
നാശത്തിന്റെ താണ്ഡവനൃത്തംപോലെയായിരുന്നു ആ കാഴ്ച. ഞാനാലോചിച്ചു: ഇതെല്ലാം വെറും സ്വപ്നദൃശ്യം മാത്രം. അതും ഞാന്‍ മറ്റൊരാളുടെ ഹൃദയത്തില്‍ നിവസിക്കുമ്പോള്‍ ഉണ്ടായ ഭ്രമക്കാഴ്ച. ഇതാനുഭവിച്ചു തീര്‍ക്കുന്നതിനു പകരം, ഈ ദുരിതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഞാനെന്തിനാണ് വൈകുന്നത്?
വേടന്‍ ചോദിച്ചു: അങ്ങ് അയാളുടെ ഹൃദയത്തില്‍ കയറിക്കൂടിയത് സ്വപ്നം എന്നാല്‍ എന്തെന്നറിയാന്‍ ആയിരുന്നല്ലോ? പിന്നെ അങ്ങെന്താണ് അതില്‍ നിന്നും പിന്മാറിയത്? അങ്ങ് സത്യം കണ്ടെത്തിയോ?
മുനി പറഞ്ഞു: സൃഷ്ടിക്ക് പിന്നില്‍ കാരണമായി ഒന്നുമില്ല എന്ന് നാം ആദ്യമേ മനസ്സിലാക്കണം. അതിനാല്‍ സൃഷ്ടി എന്ന വാക്കോ സൃഷ്ടിക്കപ്പെട്ട വസ്തുവോ യഥാര്‍ത്ഥമല്ല. അവയ്ക്ക് അസ്തിത്വമില്ല. എന്നാല്‍ ഈ ‘അയഥാര്‍ത്ഥത’ എന്ന ആശയവും ഉദിച്ചുയരുന്നത് ബോധം എന്ന സത്യവസ്തുവിലാണ്. ബോധത്തില്‍ എന്താണ് സത്തെന്നും അസത്തെന്നും വ്യക്തമാണല്ലോ.
ഞാന്‍ സത്യത്തെപ്പറ്റി പറയുമ്പോള്‍ അത് അജ്ഞാനവും മൌഢ്യവും അവസാനിച്ച ഒരുവന്റെ വീക്ഷണകോണിലൂടെ മാത്രമേ ആവുകയുള്ളൂ. അജ്ഞാനിയുടെയും മൂഢന്റെയും നോട്ടത്തില്‍ എന്താണ് സത്യമെന്നത് എനിക്കറിയില്ല. ബോധം മാത്രമേ സത്യമായുള്ളൂ. അതെല്ലാടവും നിറഞ്ഞു നില്‍ക്കുന്നു. എനിക്കറിയാവുന്ന സത്യം ഇതാണ്.
എവിടെയാണ് ദേഹം?, എവിടെയാണ് ഹൃദയം?, എന്താണ് സ്വപ്നം?, എവിടെയാണ് പ്രളയജലവും മറ്റുമുള്ളത്? ഉണര്‍ച്ചയും അതിന്റെ അവസാനവും എവിടെയാണ്? ജനനമരണങ്ങള്‍ എവിടെയാണുണ്ടാവുന്നത്? എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമല്ലേ?
ബോധമുള്ളത് കൊണ്ട് അണുസമാനമായ വസ്തുവാണെങ്കിലും അതി സൂക്ഷ്മഘടകമാണെങ്കിലും അവ അതിമഹത്തായി കാണപ്പെടുന്നു. പൊടുന്നനെ ഈ ബോധം ഒരു നിമിഷത്തേയ്ക്ക് ചിന്തയിലാണ്ടുപോവുമ്പോള്‍ ലോകം ഉദിച്ചുയരുകയായി. അപ്പോഴും അത് ശുദ്ധാകാശം മാത്രം. സ്വപ്നത്തില്‍ നടക്കുന്നതുപോലെ ബോധം പലവേഷങ്ങള്‍ അണിഞ്ഞു പ്രത്യക്ഷമാവുന്നു.
നഗരങ്ങളും മറ്റും ഒന്നും സത്യമല്ല. ലോകമായി ഉള്ളത് ബോധം മാത്രം. നമ്മെ സംബന്ധിച്ചിടത്തോളം കാഴ്ചകളില്ല, സത്തായും അസത്തായും ഒന്നുമില്ല. ആകാശമില്ല, ഉള്ളതോ നിരാകാരമായ, ആദിയന്തരഹിതമായ രണ്ടല്ലാത്ത (അദ്വൈത) അനന്തബോധം മാത്രമാണ്.
സ്വപ്നം ഉണ്ടാകുന്നതിനു കാരണങ്ങള്‍ ഇല്ല. വേറിട്ട് അറിയാന്‍ വസ്തുക്കളില്ലാതെ തന്നെ അറിയുന്നവനായി ഉള്ളത് ശുദ്ധമായ ബോധം മാത്രമാണ്. കാരണമൊന്നും ഇല്ലാത്തതിനാല്‍ വിഷയമോ വിഷയിയോ ഇല്ല. ബോധത്തില്‍ ഉള്ളത് വാക്കുകള്‍ക്ക് കീഴടങ്ങാത്ത ശുദ്ധമായ അനുഭവം മാത്രമാണ്. അതില്‍ കാര്യകാരണങ്ങള്‍ ഒന്നുമില്ല. രണ്ടല്ലാത്തതാണത്. ഒരേയോന്ന്.
സമയം അസ്തിത്വത്തെയും അതിന്റെ നാശത്തെയും കുറിക്കുന്നു. വളര്‍ന്നു വരാന്‍ സാദ്ധ്യതയുള്ളതെല്ലാം വിത്തില്‍ അടങ്ങിയിരിക്കുന്നു. അതില്‍ നിന്നും ഉണ്ടാവുന്ന പൂവും കായുമെല്ലാം സൂക്ഷ്മമായി അതിലടങ്ങിയിരിക്കുന്നു. ബ്രഹ്മവും അങ്ങനെ എല്ലാമെല്ലാമാണെന്നു പറയാം. സദാ പ്രശോഭിക്കുന്ന സത്തയാണ് ബോധം.
സ്വപ്നത്തില്‍ ജാഗ്രദിന്റെ അനുഭവം ഉള്ളതുപോലെതന്നെ ജാഗ്രദിനും സ്വപ്നസ്വഭാവം തന്നെയാകുന്നു.
എല്ലാ മനോവ്യാപാരങ്ങളും അടങ്ങുമ്പോള്‍ നീ എന്താണോ അതാണ് ഉണ്മ. (മനോവ്യാപാരമുള്ളപ്പോള്‍ നീ മറ്റെന്തോ ആണെന്ന തെറ്റിദ്ധാരണയിലായിരിക്കും)