ഡൗണ്‍ലോഡ്‌ MP3

ഗരളം തരളാനലം പുരസ്താ-
ജ്ജലധേരുദ്വിജഗാല കാളകൂടം |
അമരസ്തുതിവാദമോദനിഘ്നോ
ഗിരിശസ്തന്നിപപൗ ഭവത്പ്രിയാര്‍ത്ഥം || 1 ||

കത്തിജ്വലിക്കുന്നതായ കാളകൂടമെന്ന വിഷം സമുദ്രത്തില്‍നിന്ന് ദേവദികളുടെ മുന്‍ഭാഗത്തായി ഒഴുകിത്തുടങ്ങി.  ദേവന്മാരുടെ സ്തുതിവാക്യങ്ങളാല്‍ സന്തുഷ്ടനായ ശ്രീ പരമേശ്വരന്‍ നിന്തിരുവടിയുടെ പ്രീതിക്കുവേണ്ടി അതിനെ മുഴുവ‍ന്‍ പാനം ചെയ്തു.

വിമഥത്സു സുരാസുരേഷു ജാതാ
സുരഭിസ്താമൃഷിഷു ന്യധാസ്ത്രിധാമന്‍ |
ഹയരത്നമഭൂദഥേഭരത്നം
ദ്യുതരുശ്ചാപ്സരസ: സുരേഷു താനി || 2 ||

ത്രിധാമാവായ ഭഗവന്‍! ദേവാസുരന്മാര്‍ വീണ്ടും മഥനംചെയ്തുകൊണ്ടിരിക്കവേ കാമധേനു ഉണ്ടായി; അതിനെ നിന്തിരുവടി ഋഷികളില്‍ സമര്‍പ്പിച്ചു. അനന്തരം ഉച്ചൈശ്രവസ്സ് എന്ന അശ്വരത്നം ഉണ്ടായി.  അതില്‍ പിന്നെ ഐരാവതവും കല്പകവൃക്ഷവും അപ്സരസ്ത്രീകളും ഉത്ഭവിച്ചു; അവരെ ദേവന്മാരിലും ഏല്പിച്ചു.

ജഗദീശ ഭവത്പരാ തദാനീം
കമനീയാ കമലാ ബഭൂവ ദേവീ |
അമലാമവലോക്യ യ‍ാം വിലോല:
സകലോപി സ്പൃഹയ‍ാംബഭൂവ ലോക: || 3 ||

ലോകേശ! ആ സമയം, അങ്ങയില്‍ അനുരാഗത്തോടുകൂടിയവളും മോഹനമായ രൂപസൗഭാഗ്യത്തോടുകൂടിയവളുമായ ലക്ഷ്മിദേവി ആവിര്‍ഭവിച്ചു.  നിര്‍മ്മല‍ാംഗിയായ യാതൊരു ആ ദേവിയെക്കണ്ടിട്ട് മനസ്സിളികിപ്പോയ എല്ലാവരും അവളെ ആഗ്രഹിച്ചു.

ത്വയി ദത്തഹൃദേ തദൈവ ദേവ്യൈ
ത്രിദശേന്ദ്രോ മണിപീഠിക‍ാം വ്യതാരീത് |
സകലോപഹൃതാഭിഷേചനീയൈ:
ഋഷയസ്ത‍ാം ശ്രുതിഗീര്‍ഭിരഭ്യഷിഞ്ച‍ന്‍ || 4 ||

ദേവരാജാവായ ദേവേന്ദ്രന്‍‍, അങ്ങയില്‍ സമര്‍പ്പിച്ച മനസ്സോടുകുടിയ ആ ദേവിക്കായ്ക്കൊണ്ട് ഉടനെതന്നെ രത്നപീഠം നല്‍കി.  മഹര്‍ഷിമാരെല്ലാവരാലും കൊണ്ടുവരപ്പെട്ട അഭിഷേകസാമഗ്രികളെക്കൊണ്ട് വേദമന്ത്രങ്ങളുച്ചരിച്ച് അഭിഷേകം ചെയ്തു.

അഭിഷേകജലാനുപാതിമുഗ്ദ്ധ-
ത്വദപ‍ാംഗൈരവഭൂഷിത‍ാംഗവല്ലീം |
മണികുണ്ഡലപീതചേലഹാര-
പ്രമുഖൈസ്താമമരാദയോന്വഭൂഷ‍ന്‍ || 5 ||

അഭിഷേകജലത്തിനെ തുടര്‍ന്നുകൊണ്ടുണ്ടായ അങ്ങയുടെ മനോമോഹനങ്ങളായ കടാക്ഷങ്ങളാല്‍ അലങ്കരിക്കപ്പെട്ട ശരീരത്തൊടുകൂടിയ അവളെ ദേവന്മാ‍ര്‍ മുതലായവര്‍ രത്നകുണ്ഡലങ്ങ‍ള്‍‍, പീത‍ാംബരം, മുത്തുമാല മുതലായവയെക്കൊണ്ട് അലങ്കരിച്ചു.

വരണസ്രജമാത്തഭൃംഗനാദ‍ാം
ദധതീ സാ കുചകുംഭമന്ദയാനാ |
പദശിഞ്ജിതമഞ്ജുനൂപുരാ ത്വ‍ാം
കലിതവ്രീലവിലാസമാസസാദ || 6 ||

ആ ലക്ഷ്മിദേവി വന്നുകൂടിയ വണ്ടുകളുടെ ശബ്ദത്തോടുകൂടിയ വരണമാലയെ കൈയിലെടുത്തുകൊണ്ട് കുചകുംഭങ്ങളുടെ ഭാരം നിമിത്തം മന്ദം മന്ദം നടക്കുന്നവളായി പാദങ്ങളില്‍ കിലുങ്ങിക്കൊണ്ടിരിക്കുന്ന മനോഹരങ്ങളായ കാല്‍ചിലമ്പു കളോടുകൂടിയവളായിട്ട് ലജ്ജാവിലാസത്തോടുകൂടി നിന്തിരുവടിയെ സമീപിച്ചു.

ഗിരിശദ്രുഹിണാദിസര്‍വ്വദേവാന്‍
ഗുണഭാജോപ്യവിമുക്തദോഷലേശാന്‍ |
അവമൃശ്യ സദൈവ സര്‍വരമ്യേ
നിഹിതാ ത്വയ്യനയാപി ദിവ്യമാലാ || 7 ||

പരമേശ്വരന്‍ , ബ്രഹ്മദേവന്‍ തുടങ്ങിയ ദേവന്മാരെല്ലാവരേയും ഗുണവാന്മാരാണെങ്കിലും അല്പം ചില ദോഷങ്ങള്‍ വിട്ടൊഴിഞ്ഞിട്ടെന്നതിനാ‍ല്‍ അലക്ഷ്യമാക്കിത്തള്ളീ, ഈ ദേവിയാല്‍ സദാകാലവും സകല സല്‍ഗുണങ്ങളാലും ഏറ്റവും മനോഹരമായിരിക്കുന്ന നിന്തിരുവടിയില്‍തന്നെ ആ ദിവ്യമായ വരണമാല്യം അര്‍പ്പിക്കപ്പെട്ടു.

ഉരസാ തരസാ മമാനിഥൈന‍ാം
ഭുവനാന‍ാം ജനനീമനന്യഭാവ‍ാം |
ത്വദുരോവിലസത്തദീക്ഷണശ്രീ-
പരിവൃഷ്ട്യാ പരിപുഷ്ടമാസ വിശ്വം || 8 ||

നിന്തിരുവടി ലോകങ്ങള്‍ക്കെല്ല‍ാം മാതാവായി മറ്റൊന്നിലും ചെല്ലാത്ത മനസ്സോടുകൂടിയവളായിരിക്കുന്ന ഈ രമാദേവിയെ ഉടനെതന്നെ മാറോടു ചേര്‍ത്തു   മാനിച്ചു; അങ്ങയുടെ മാറിടത്തില്‍ വിലസുന്ന അവളുടെ ശ്രീകരമായ കടാക്ഷവര്‍ഷത്താല്‍  ലോകമെല്ല‍ാം സമ്പല്‍സമൃദ്ധിയോടുകൂടിയതായി ഭവിച്ചു.

അതിമോഹനവിഭ്രമാ തദാനീം
മദയന്തീ ഖലു വാരുണീ നിരാഗാത് |
തമസ: പദവീമദാസ്ത്വമേനാ-
മതിസമ്മാനനയാ മഹാസുരേഭ്യ: || 9 ||

അപ്പോള്‍ അത്യധികം മോഹിപ്പിക്കുന്ന വിലാസത്തോടുകൂടിയവളായി മദത്തെ വര്‍ദ്ധിപ്പിക്കുന്നവളായ വാരുണിദേവി ഉത്ഭവിച്ചു; നിന്തിരുവടി അജ്ഞാനത്തിന്നു ഇരിപ്പിടമായ ഇവളെ അതിയായ ആദരവോടുകൂടി അസുരശ്രേഷ്ഠന്മാര്‍ക്കു നല്കി.

തരുണാമ്ബുദസുന്ദരസ്തദാ ത്വം
നനു ധന്വന്തരിരുത്ഥിതോംബുരാശേ: |
അമൃതം കലശേ വഹന്‍ കരാഭ്യാ-
മഖിലാര്‍ത്തിം ഹര മാരുതാലയേശ || 10 ||

അനന്തരം പുതിയ കാര്‍മുകിലെന്നപോലെ സുന്ദരനും തൃക്കൈക‍ള്‍ കൊണ്ട് കലശത്തില്‍ അമൃതവും വഹിച്ചുകൊണ്ട് ധന്വന്തരിമൂര്‍ത്തിയുമായി നിന്തിരുവടിതന്നെ ആ അലയാഴിയില്‍നിന്നു ഉയര്‍ന്നുവന്നു; അപ്രകാരമുള്ള വാതാലയേശ! എന്റെ രോഗങ്ങളെയെല്ല‍ാം സുഖപ്പെടുത്തേണമേ !

അമൃതമഥനവര്‍ണ്ണനം അമൃതോത്പത്തിവര്‍ണ്ണനവും എന്ന ഇരുപത്തെട്ട‍ാം ദശകം.
ആദിതഃ ശ്ലോകാഃ 294.
വൃത്തം: വസന്തമാലിക.
ലക്ഷണം: വിഷമേ സസജം ഗഗം സമത്തില്‍ സഭരേഫം വസന്തമാലികയ്ക്കു.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.