യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 625 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
മൃതൌ ന ജായതേ തസ്മാത്ച്ചേതസൈവ സ കേവലം
ഇഹായമിത്ഥ്യമിത്യേവ വേത്തി ഖേ വാസനാത്മകം (6.2/143/42)
വ്യാധന്‍ ചോദിച്ചു: ഈ ദേഹം ഉപേക്ഷിച്ചു കഴിഞ്ഞാല്‍പ്പിന്നെ മറ്റു സുഖദുഖങ്ങള്‍ അനുഭവിക്കുന്നതിനായി ഒരുവന് മറ്റൊരുദേഹം എങ്ങനെയാണ് ലഭിക്കുന്നത്? എന്തൊക്കെയാണ് കാരണങ്ങള്‍? എന്തൊക്കെയാണ് അവയ്ക്ക് അനുകൂലമായി വര്‍ത്തിക്കുന്ന ഹേതുക്കള്‍?
മുനി മറുപടി പറഞ്ഞു: ധര്‍മ്മം, അധര്‍മ്മം, വാസന, മനോപാധികള്‍, സചേതനമായ ജീവന്‍ എന്നീ സങ്കല്‍പ്പധാരണകള്‍ക്കൊന്നും അവയ്ക്ക് ചേര്‍ന്ന ഉണ്മകളില്ല. ബോധമാണ് ബോധാകാശത്തില്‍ ഈ ആശയങ്ങളെ സാദ്ധ്യമാക്കുന്നത്. സ്വയം ശുദ്ധബോധമാകയാല്‍ ആത്മാവിന് ദേഹസംബന്ധിയായ ആശയങ്ങള്‍ അനുഭവവേദ്യമാണ്. എന്നാല്‍ അത് ദേഹത്തില്‍ നിന്നും പൂര്‍ണ്ണ സ്വതന്ത്രമാണ്.
ദേഹമെന്ന ആശയം മിഥ്യയാണെങ്കിലും അത് സത്യമെന്നപോലെയാണനുഭവം. സ്വപ്നവസ്തുക്കളും അനുഭവങ്ങളും അങ്ങനെതന്നെയാണല്ലോ. മരിച്ച ഒരാളുടെ ബോധത്തില്‍ ‘അങ്ങേ ലോകം’ ഒരു സങ്കല്‍പ്പമായി പ്രഭാസിക്കുകയാണ്. ഇക്കാര്യം കുറച്ചു നേരം കണ്ടുകണ്ട് അത് സത്യമാണെന്ന പ്രതീതി അയാളില്‍ ഉണ്ടാവുകയാണ്.
മരിച്ച ഒരാള്‍ക്ക് മറ്റൊരാള്‍ മറ്റൊരിടത്ത് ജന്മം നല്‍കുന്നു എന്നു കരുതുകയാണെങ്കില്‍ എങ്ങനെയാണയാള്‍ പൂര്‍വ്വജന്മത്തെപ്പറ്റി ഈ ജന്മത്തില്‍ ഓര്‍ക്കുന്നത്?
“മരിച്ചയാള്‍ വീണ്ടും ജനിക്കുകയല്ല ചെയ്യുന്നത്. അയാള്‍ സ്വന്തം മനോപാധികളുടെ ഫലമായി ‘ഞാനിവിടെ ഇങ്ങനെ’ എന്ന് തന്റെ ബോധത്തില്‍ സങ്കല്‍പ്പിക്കുകയാണ്” ആ അനുഭവം കുറച്ചു സമയം തുടരുമ്പോള്‍ അതയാളില്‍ രൂഢമൂലമാവുന്നു. അതിനു യഥാര്‍ത്ഥ്യത്തിന്റെ സ്വഭാവം കൈവരുന്നു.
ആത്മാവ്, ശുദ്ധബോധം തന്നെയാകുന്നു. അത് ആകാശമെന്ന ശൂന്യതയില്‍ സ്വയം സ്വപ്നം കാണുന്നു. ആസ്വപ്നത്തെ അത് വീണ്ടും വീണ്ടും ഓര്‍ത്തോര്‍ത്ത് പുനര്‍ജന്മങ്ങളും പുതുലോകങ്ങളും ഉല്‍പ്പന്നമാകുന്നു. പിന്നീട് ആ ജന്മങ്ങളും ലോകങ്ങളും ഉണ്മയാണെന്നത് വിശ്വസിക്കുന്നു. അങ്ങനെയത് ജീവനായി ലോകത്ത് വര്‍ത്തിക്കുന്നു.
ഇങ്ങനെ കോടാനുകോടി ലോകങ്ങളുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍, അത് ബ്രഹ്മം അല്ലെങ്കില്‍ ശുദ്ധബോധമായി തെളിഞ്ഞ അറിവുറയ്ക്കുമ്പോള്‍, ലോകമെന്ന ‘സൃഷ്ടി’ പോയി മറയുന്നു. കാരണം അതൊന്നും സത്യമല്ല. അതൊരിക്കലും ഉണ്ടായിട്ടുമില്ല. ഓരോരോ ജീവനും ഓരോരോ ലോകങ്ങളെ ‘ഇതാണ് ലോകമെന്ന’ ഉറപ്പോടെ അനുഭവിക്കുകയാണ്.
ഈ ഉഭയബന്ധുത്വമാണ് മായയില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബോധമുളവാക്കുന്നത്. എന്നാല്‍ സത്യം തെളിയുമ്പോള്‍ ലോകം ഒരിക്കലുമുണ്ടായിട്ടേയില്ലാത്ത ‘അസൃഷ്ടമായ ഉണ്മ’യാകുന്നു.
ഋഷിക്ക് സത്യമായ കാര്യം അജ്ഞാനിയ്ക്ക് അപ്രാപ്യമാണ്. എന്നാല്‍ ഋഷിക്ക് അജ്ഞാതമായത് അജ്ഞാനിക്ക് സുവിദിതമായ ‘സത്യ’മാകുന്നു. അനന്താവബോധം എന്തൊക്കെ അനുഭവിക്കുന്നുവോ അത് ‘അപ്പോള്‍’, ‘അവിടെ’, ക്ഷണത്തില്‍ സത്യമായി തോന്നുന്നു. അതിനാല്‍ ആ അനുഭവഭോക്താവിനെ സംബന്ധിച്ചിടത്തോളം ആ അനുഭവങ്ങള്‍ യഥാതഥമാകുന്നു.
എന്നാല്‍ ഇപ്പറയുന്ന അനുഭവവും അനുഭവിക്കുന്നയാളും എല്ലാം ശുദ്ധമായ അവബോധം മാത്രമാകയാല്‍ ദ്വന്ദതയെപ്പറ്റി, അല്ലെങ്കില്‍ ‘മറ്റേലോകത്തെ’പ്പറ്റി എന്ത് പറയാനാണ്? അനന്തബോധത്തില്‍ ‘ഇതാണ്’ എന്ന സങ്കല്‍പ്പം ഉദിക്കുമ്പോള്‍ ‘ഇത് തന്നെ’ എന്ന പ്രതീതിയുളവാകുന്നു. എന്നാല്‍ ‘ഇതി’ന്റെ സത്യം വെളിവാകുമ്പോള്‍ അത് അസത്താണെന്നു തെളിയുന്നു.
ബോധത്തിന്റെ അനുഭവമാണെങ്കില്‍ അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. വാസ്തവത്തില്‍ അജ്ഞാനമെന്ന അനസ്തിത്വതലത്തില്‍ മാത്രമേ സ്വതന്ത്രമായ ഒരനുഭവം വേദ്യമാവൂ.
ആത്മജ്ഞാനത്തിനു വിഷയമായി, അറിയാനായി, ഒന്നുമില്ല. അറിവ് അറിയപ്പെട്ടതാവുമ്പോള്‍ ആത്മാവ് സ്വയമറിയുന്നു.