യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 627 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
സ്വപ്നേ തു ജാഗ്രത്സംസ്കാരോ യസ്തജ്ജാഗ്രത് കൃതം നവം
അജാഗ്രജ്ജാഗ്രദാഭാസം കൃതമിത്യേവ തദ്വിദ: (6.2/144/19)
മുനി തുടര്‍ന്നു: അസ്തിത്വമുള്ളതും ഇല്ലാത്തതുമായ എല്ലാമെല്ലാം സ്വപ്നാനുഭവങ്ങള്‍ മാത്രമാണ്. സത്യം അങ്ങനെയിരിക്കുമ്പോള്‍ എന്താണ് ബന്ധനം? ആരാണ് മോചിതന്‍? ആകാശത്തുണ്ടാവുന്ന മേഘക്കൂട്ടങ്ങള്‍ പലവിധത്തിലുള്ള രൂപങ്ങളും മാതൃകകളും ഉണ്ടാക്കുന്നു. അതുപോലെയാണ് ഈ ലോകത്തിലെ പ്രകടിത രൂപങ്ങളും. അവയ്ക്ക് താല്‍ക്കാലികമായി ഉറപ്പും ദാര്‍ഢ്യവും ഉണ്മയും തോന്നുന്നത്, അവയ്ക്ക് മാറ്റമേതുമില്ലായെന്നു പ്രതീതിക്കുന്നത് അജ്ഞാനം മൂലമാണ്.
അനന്തമായ വിഹായസ്സില്‍ എണ്ണമറ്റ ലോകങ്ങളുണ്ട്. നമ്മുടെ ലോകം ഒന്ന്, മറ്റുള്ളവരുടേത് വേറൊന്ന്. ഒരാളുടെ ലോകാനുഭവം മറ്റെയാള്‍ക്ക് ഉണ്ടാവുന്നില്ല. ഒരു കിണറ്റിലോ, തടാകത്തിലോ, സമുദ്രത്തിലോ വസിക്കുന്ന തവളകളുടെ ജീവിതാനുഭവങ്ങളുടെ അളവും വ്യാപ്തിയും വളരെ വ്യത്യാസപ്പട്ടിരിക്കും. അവര്‍ പരസ്പരം താന്താങ്ങളുടെ അനുഭവജ്ഞാനം പങ്കുവയ്ക്കുന്നില്ല. ഒരു വീട്ടില്‍ത്തന്നെ കിടന്നുറങ്ങുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ വൈവിദ്ധ്യമാര്‍ന്നിരിക്കുന്നു. അവര്‍ തുലോം വിഭിന്നങ്ങളായ സ്വപ്നലോകങ്ങളെ അനുഭവിക്കുന്നു. അതുപോലെയാണ് ഈ ജാഗ്രദ് ലോകവും. ഇതെല്ലാം അനന്തബോധമെന്ന അപരിമേയവും വിസ്മയകരവുമായ പ്രതിഭാസം തന്നെയാണ്.
ബോധത്തിന് ഓരോരോ കാര്യങ്ങളെ സ്വായത്തമാക്കി സൂക്ഷിക്കുന്ന സ്വഭാവമുണ്ട്. സംസ്കാരം എന്നാണതിനെ വിളിക്കുക. എന്നാല്‍ ഈ ഓര്‍മ്മയും സ്വഭാവവുംപോലും ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് തിരിച്ചറിയുമ്പോള്‍ സംസകാരത്തിനു തനതായ ഒരസ്തിത്വം ഇല്ല എന്ന് നാമറിയുന്നു. ഒരു സ്വപനത്തില്‍ നമുക്ക് പൂര്‍വ്വകാലസ്മൃതിയൊന്നുമില്ല. സ്വപ്ന സമയത്തുണ്ടാവുന്ന വസ്തുക്കളെ നാം അനുഭവിക്കുന്നു എന്ന് മാത്രം. ഒരാള്‍ ഒരുപക്ഷെ സ്വന്തം മരണത്തെക്കൂടി സ്വപ്നത്തില്‍ കണ്ടുവെന്നു വരാം. പണ്ട് കണ്ടു പരിചിതമായ വസ്തുക്കളെയും സ്വപ്നത്തില്‍ കാണാം.
ആദിയില്‍ത്തന്നെ ഈ സൃഷ്ടിയെന്ന പ്രതിഭാസം അനന്തബോധത്തിന്റെ പ്രതിബിംബം എന്ന രീതിയില്‍ ആയിരുന്നതിനാല്‍ അത് ബോധഭിന്നമല്ല. ലോകമായി പ്രഭാസിക്കുന്നത് ഈ ബോധമെന്ന ബ്രഹ്മം തന്നെയാണ്. പുതുതായി ഒന്നും ഉണ്ടായിട്ടില്ല. കാരണം തന്നെ കാര്യം. കാരണം, കാര്യത്തിന് മുന്‍പേ ഉണ്ടായിരുന്നുവെങ്കില്‍ കാര്യം കഴിഞ്ഞാലും അത് തുടരണമല്ലോ. കാര്യത്തെ പ്രകടിപ്പിക്കുന്നതിനായി കാരണം സമ്യക്കായി വര്‍ത്തിക്കുകമൂലം അതിനെ സംസ്കാരം എന്നും വിളിക്കുന്നു.
സ്വപ്നത്തിനു മുന്പ് നിലനില്‍ക്കുകയും എന്നാല്‍ നേരത്തെ കണ്ടിട്ടുള്ളതുപോലെതന്നെ പ്രോജ്വലിക്കുകയും ചെയ്തു നിലകൊള്ളുന്നതാണ് സംസ്കാരം. പൂര്‍വ്വകാലാനുഭവസ്മൃതികളും കര്‍മ്മങ്ങളും അവയുടെ ഉപബോധസ്വാധീനവുമാണല്ലോ സംസ്കാരമായി പറയപ്പെടുന്നത്. അല്ലാതെ സംസ്ക്കാരം എന്ന മറ്റൊരു വസ്തു ഇല്ല. കണ്ടതും കാണാത്തതുമായ വസ്തുക്കള്‍ ബോധത്തിലുണ്ട്. അവ സ്വന്തം പ്രഭയില്‍ പ്രോജ്വലിക്കുന്നു. അവയാല്‍ ഉല്‍പ്പന്നമാവുന്ന അനുഭവങ്ങള്‍ പണ്ട് കണ്ടിട്ടുള്ളതുപോലെ തന്നെയാണ് വീണ്ടും സ്വപ്നത്തില്‍ ദൃശ്യമാവുന്നത്.
“ജാഗ്രദ് അവസ്ഥയില്‍ ആര്‍ജ്ജിച്ച സംസ്ക്കാരം പുതിയതെന്ന മട്ടില്‍ സ്വപ്നത്തില്‍ ഉണര്‍ന്നു പ്രകടമാവുകയാണ്. പക്ഷെ ജാഗ്രദ് അവസ്ഥയില്‍ അവ നേരത്തെതന്നെ പുതുതായി സൃഷ്ടമായവയാണ്. എന്നാല്‍ ഇതിനെപ്പറ്റി അറിവുള്ളവര്‍ പറയുന്നത് ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത് ജാഗ്രദായി തോന്നിയ ഉണര്‍വ്വിന്റെ തലത്തിലാണെന്നാണ്. എന്നാല്‍ ആ ജാഗ്രദാവസ്ഥ സത്യത്തില്‍ ജാഗ്രദല്ല.”
കാറ്റില്‍ പൊടുന്നനെയുണ്ടാകുന്ന ചലനങ്ങള്‍ എന്നതുപോലെ ബോധത്തില്‍ ആശയങ്ങളും ചിന്തകളും ഉദിക്കുന്നു. അവയുണ്ടാക്കാന്‍ സംസ്ക്കാരത്തിന്റെ ആവശ്യമെന്തുള്ളൂ?
ബോധത്തില്‍ ആയിരക്കണക്കിന് വസ്തുക്കളുടെ അനുഭവങ്ങള്‍ ഉദിച്ചുയരുമ്പോള്‍ വിശ്വസൃഷ്ടിയായി. ആയിരക്കണക്കിനുള്ള സൃഷ്ടികളുടെ അനുഭവങ്ങള്‍ ബോധത്തില്‍ അവസാനിക്കുമ്പോള്‍ വിശ്വപ്രളയവുമായി.
നാം സ്വപ്നത്തില്‍ പുതു ലോകങ്ങളെയുണ്ടാക്കുന്നതുപോലെ നിര്‍മ്മലചിദാകാശമാണ് സ്വയം ഒരിക്കലും അതിന്റെ ഏകാത്വഭാവത്തെ കളയാതെ തന്നെ നാമരൂപവൈവിദ്ധ്യങ്ങളെ ലോകങ്ങളായി പ്രകടമാക്കുന്നത്.