യോഗവാസിഷ്ഠം നിത്യപാരായണം

ഇന്ദ്രിയ സംവേദനങ്ങളുടെ സംഘാതമാണ്‌ ജീവന്‍ (629)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 629 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യദേന്ദ്രിയാണി തിഷ്ടന്തി ബാഹ്യതശ്ച സമാകുലം
തദാ മ്ലാനാനുഭവന: സംകല്‍പാര്‍ത്ഥോഽനുഭൂയതേ (6.2/145/2)

മുനി തുടര്‍ന്നു: ജീവന്‍ ബാഹ്യലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും ബാഹ്യമായ ഇന്ദ്രിയങ്ങളാലാണ്. എന്നാല്‍ അന്തരേന്ദ്രിയങ്ങളാലാണ് ജീവന്‍ ഉള്ളിലുണരുന്ന സ്വപ്നലോകത്തെ അറിയുന്നത്.

“ഇന്ദ്രിയങ്ങള്‍ ബാഹ്യലോകത്തെ അനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഉള്ളിലുള്ള ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വ്യക്തതയുണ്ടാവുകയില്ല. അവയുടെ തലം പുകമൂടിമങ്ങിയിരിക്കും.

എന്നാല്‍ ധ്യാനവേളയില്‍ ഇന്ദ്രിയങ്ങള്‍ അകത്തേയ്ക്ക് തിരിക്കുമ്പോള്‍ സാധകന്‍ അവനില്‍ത്തന്നെയുള്ള ലോകത്തെ തെളിമയോടെ കാണുന്നു. വാസ്തവത്തില്‍ ലോകമെന്ന ഈ പ്രകടിത ദൃശ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നുമില്ല. അതെങ്ങനെ കാണപ്പെടുന്നോ, അതപ്രകാരം തന്നെയാകുന്നു. അതിനാല്‍ കണ്ണുകള്‍ തുറന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഈ ലോകം അനന്തബോധത്തിനു ബാഹ്യമായാണ് കാണപ്പെടുന്നത്.

എല്ലാ ഇന്ദ്രിയ സംവേദനങ്ങളും – സ്പര്‍ശനം, ദര്‍ശനം, ഘ്രാണനം, ശ്രവണം, സ്വാദറിയല്‍, ആശകള്‍, എല്ലാം ചേര്‍ന്ന സംഘാതമാണ്‌ ജീവന്‍ എന്നറിയപ്പെടുന്നത്. അത് ജീവശക്തിയുള്ള ശുദ്ധബോധം തന്നെയാകുന്നു. ഈ ജീവനാണ് എല്ലാമായി, എല്ലാറ്റിലും നിലകൊണ്ട് എല്ലായിടത്തും എപ്പോഴും എറ്റിനെയും അനുഭവിക്കുന്നത്.

ജീവനില്‍ അല്ലെങ്കില്‍ ഓജസ്സ് എന്ന അടിസ്ഥാന സത്തയില്‍ ശ്ലേഷ്മരസം (വാത-പിത്ത കഫങ്ങളിലെ കഫം) നിറയുമ്പോള്‍ അതിന്റെ ഫലം ഉടനെതന്നെ അവിടെ കാണപ്പെടുന്നു. അവന്‍ പാല്‍ക്കടലില്‍ ഉയര്‍ന്നു പൊങ്ങുന്നതായി സ്വയം കാണുന്നു. ആകാശത്ത് ചന്ദ്രന്‍ പ്ലവിക്കുന്നതായും അവന്‍ ‘കാണുന്നു’. താമരകള്‍ നിറഞ്ഞ പൊയ്കകളും, പൂവാടികളും പൂക്കളും, സ്ത്രീജനങ്ങള്‍ നൃത്തംവയ്ക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും, ആഹാരപാനീയങ്ങളാല്‍ സമൃദ്ധമായ സദ്യകളും, കടലിലേയ്ക്കൊഴുകിയെത്തുന്ന അരുവികളും, ശുഭ്രനിറം ചാര്‍ത്തിയ കൊട്ടാരങ്ങളും നറുമഞ്ഞണിഞ്ഞ പാടങ്ങളും, മാന്‍പേടകള്‍ മയങ്ങുന്ന നന്ദനോദ്യാനങ്ങളും മലഞ്ചെരിവുകളും അവന്‍ ‘കാണുന്നു’.

ജീവനില്‍ പിത്തരസം നിറയുമ്പോള്‍ അതിന്റെ ഫലം അവന്‍ അപ്പോള്‍ത്തന്നെ അനുഭവിക്കുന്നു. അതിസുന്ദരങ്ങളായ അഗ്നിജ്വാലകളും ഞരമ്പുകളെ സ്വേദപൂരിതമാക്കുന്ന തരം ഉഷ്ണജ്വാലകളും അപ്പോള്‍ അവന്‍ കാണുന്നു. ഈ ഉഷ്ണജ്വാലകള്‍ ആകാശത്തെ ഇരുട്ടിലാഴ്ത്തുന്ന കറുത്തപുകയാണ് വമിക്കുന്നത്. പ്രഭാപൂരം പൊഴിക്കുന്ന സൂര്യന്മാര്‍ ആ പ്രകാശത്തിനോടൊപ്പം തീഷ്ണതാപവും പുറത്തുവിടുന്നു. കടലും കടലില്‍ നിന്നും ആകാശത്തുയര്‍ന്നു പൊങ്ങുന്ന നീരാവിയും, അപ്രതിരോദ്ധ്യങ്ങളായ കാടുകളും മരുമരീചികകളും അവയില്‍ നീന്തുന്ന മരാളങ്ങളും അവന്‍ ‘കാണുന്നു’. നിറയെ ചൂടുള്ള പൊടിയണിഞ്ഞു വിവശനായി പാതയോരത്തുകൂടി ഓടി തളരുന്ന അവനെത്തന്നെയും അവന്‍ ‘കാണുന്നു’. ഭൂമി ചുട്ടുപഴുത്തു വരണ്ടുണങ്ങിയതായും അവന്‍ ‘കാണുന്നു’. കണ്ണ് കാണുന്നതെല്ലാം തീപിടിച്ചു കാണപ്പെടുന്നു. മേഘങ്ങള്‍ വര്‍ഷിക്കുന്നത് തീയാണ്. എല്ലായിടത്തും തീ നിറഞ്ഞിരിക്കുന്നതിനാല്‍ എല്ലാടവും ജാജ്വല്യമാനമാണ്.

എന്നാല്‍ ജീവനില്‍ വാതരസം നിറയുമ്പോള്‍ അവന്‍ ലോകത്തെ പുതുമയോടെ ദര്‍ശിക്കുന്നു. താന്‍ മാത്രമല്ല കേവലം കല്ലും മലകളും പോലും പാറി നടക്കുന്നതായി അവന്‍ കാണുന്നു. എല്ലാം ചുറ്റിത്തിരിഞ്ഞും വട്ടംകറങ്ങിയും കാണുന്നു. ആകാശത്ത് പാറിപ്പറക്കുന്ന മാലാഖമാരും കിന്നരന്മാരും അവനു കാണാകുന്നു. ഭൂമിയും അതിലുണ്ടാകുന്ന ഭൂമികുലുക്കം പോലുള്ള ക്ഷോഭങ്ങളും അവന്‍ കാണുന്നു. ആഴമേറിയ അന്ധകൂപത്തില്‍ വീഴുന്നതായോ അതിഭീകരമായ ആപത്തുണ്ടാകുന്നതായോ സ്വയം കാണുന്നു. മലമുകളിലെ മാമരത്തിന്റെ തുഞ്ചത്തു നിന്നു വിഷണ്ണനായി താഴോട്ടു നോക്കുന്നതായും അവന്‍ ‘കാണുന്നു’.

Back to top button