യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 631 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ജാഗ്രദ്സ്വപ്ന സുഷുപ്താദി പരമാര്‍ത്ഥവിദാം വിദാം
ന വിദ്യതേ കിഞ്ചിദപി യഥാസ്ഥിതമവസ്ഥിതം (6.2/146/21)
മുനി തുടര്‍ന്നു: ഞാന്‍ മറ്റെയാളുടെ ഓജസ്സില്‍ ആയിരുന്നപ്പോള്‍ അവിടെ വിശ്വപ്രളയത്തിന്റെ നാന്ദിയായ ചില ലക്ഷണങ്ങള്‍ കാണുകയുണ്ടായി. ആകാശത്തുനിന്നും പര്‍വ്വതങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഞാനത് മറ്റെയാളിന്റെ ഓജസ്സില്‍ ഇരിക്കുമ്പോഴാണ് കണ്ടത്. അയാളുടെ ദേഹത്തിലെ രക്തക്കുഴലുകളില്‍ക്കൂടി ഭക്ഷണത്തിന്റെ അംശങ്ങള്‍ ഒഴുകിയൊഴുകി വരുന്നതാണ് മലകള്‍ ഇരുണ്ട ആകാശത്തുനിന്നും ചൊരിയുന്നതുപോലുള്ള മായക്കാഴ്ച എനിക്ക് നല്‍കിയത്. ആ ഇരുട്ട് വാസ്തവത്തില്‍ അയാളിലെ നിദ്രയുടെ അന്ധകാരമായിരുന്നു. ഞാനും ദീര്‍ഘനിദ്രയെ പുല്‍കി.
കുറച്ചുനേരം കഴിയെ ഞാന്‍ എന്റെ ബോധത്തിലൊരു പുത്തനുണര്‍വ്വുണ്ടാവുന്നതായി തിരിച്ചറിഞ്ഞു. ഉറക്കത്തില്‍ നിന്നും ഞാനുണരാന്‍ തുടങ്ങവേ എന്നില്‍ സ്വപ്നാനുഭവം ഉണരുകയായി. അതേ ഓജസ്സില്‍ ഞാന്‍ എന്നെപ്പോലെ തോന്നിച്ച ഒരു മഹാസമുദ്രത്തെയും കണ്ടു. ആ ഓജസ്സില്‍ ഞാന്‍ എന്തൊക്കെ കണ്ടുവോ അതെന്റെ അനുഭവമണ്ഡലമായി. എന്റെ ബോധം അചലമായി അവികലഗരിമയില്‍ നിലകൊണ്ടിരുന്നതിനാല്‍ എനിക്കാ ദൃശ്യങ്ങളെ കൃത്യമായി തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.
ബോധം എല്ലായിടവും നിറഞ്ഞു വിളങ്ങുന്നു. നാമതിലാണ്, നാമതാണ്. അതിലാണ് ലോകമെന്ന പ്രക്ഷേപണപ്രകടനം കാണപ്പെടുന്നത്. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയുണ്ടായി പുറത്തു വരുന്നതുപോലെ സുദീര്‍ഘനിദ്രയില്‍നിന്നും ലോകമുണ്ടാവുന്നു.
വ്യാധന്‍ ചോദിച്ചു: ദീര്‍ഘനിദ്രയില്‍നിന്നാണ് ലോകമെന്ന പ്രകടനം ഉണ്ടാവുന്നതെന്ന് അങ്ങ് പറഞ്ഞുവല്ലോ? എന്താണ് ഒരുവന്‍ ദീര്‍ഘനിദ്രയില്‍ അനുഭവിക്കുന്നത്?
മുനി തുടര്‍ന്നു: ‘ഉല്‍പ്പന്നമായി’, ‘പ്രത്യക്ഷമായി’, ‘ലോകമായി ഉയിര്‍ക്കൊണ്ടു’, എന്നെല്ലാം ഉള്ള വാക്കുകള്‍ ദ്വൈതാത്മകമായ വാചോടാപങ്ങള്‍ മാത്രമാണ്. അവ തീര്‍ത്തും അര്‍ത്ഥരഹിതങ്ങളുമാണ്.
‘ജാതം’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം. ആ വാക്കിനാല്‍ വിവക്ഷിക്കുന്നത് ‘ഭവിച്ചു’ എന്നാണ്. അതായത് ശാശ്വതമായതെന്തോ, നിതാന്തമായ അസ്തിത്വമുള്ള അത് കാണപ്പെട്ടു എന്നര്‍ത്ഥം. ‘സൃഷ്ടി’ എന്ന വാക്കിനും ഇതേയര്‍ത്ഥമെടുക്കാം. അതായത് സര്‍ഗ്ഗം അസ്തിത്വത്തെക്കുറിക്കുന്നു. പ്രബുദ്ധരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സൃഷ്ടിയില്ല. മരണമില്ല, അവസാനമില്ല, എല്ലാമെല്ലാം നിത്യം, അജം, പ്രശാന്തം.
ബ്രഹ്മം എന്നത് ശുദ്ധമായ അസ്തിത്വമാണ്. ലോകം ശുദ്ധമായ അസ്തിത്വം തന്നെയാണ്. ആരെയാണ് യമനിയമാദികള്‍ ബാധിക്കുക? മായയുടെ മായികപ്രഭാവം മാത്രമാണ് ചര്‍ച്ചാവിഷയം. ‘അതു’ണ്ട്, എന്നാല്‍ ‘അതില്ല’ താനും. ഇത്തരം വാദങ്ങള്‍ അജ്ഞാനികള്‍ ഏറ്റെടുക്കുന്നു. കാരണം അവരത്തരം വാഗ്വാദങ്ങള്‍ ബ്രഹ്മത്തിലേയ്ക്കും അനന്തബോധത്തിലേയ്ക്കും വലിച്ചിഴയ്ക്കുന്നു.
സത്യത്തെ സാക്ഷാത്ക്കരിച്ചവരില്‍, പരംപോരുളിനെ അവബോധിച്ചവരില്‍ ജാഗ്രദും സ്വപ്നവും നിദ്രയും ഒന്നും നിലനില്‍ക്കുന്നില്ല. എന്തെല്ലാം എങ്ങനെയെല്ലാമാണോ അതങ്ങനെതന്നെ യഥാതഥമായി നിലകൊള്ളുന്നു.
അനുഭവങ്ങളുടെ അതതു സമയത്ത് സത്യമെന്ന് തോന്നിയാലും ഒരുവനിലെ സ്വപ്നലോകവും അവന്റെ സങ്കല്‍പ്പത്തില്‍ മെനഞ്ഞുണ്ടാക്കുന്ന ലോകവും ഒന്നും സത്യമല്ല. അതുപോലെ ലോകത്തിന്റെ ആദിയില്‍ ‘അതു’ണ്ടാവുകയോ ഭവിക്കുകയോ ചെയ്തിട്ടില്ല. ലോകത്തെ ശുദ്ധബോധമായി സാക്ഷാത്ക്കരിച്ചാല്‍പ്പിന്നെയത് നമ്മിലെ പ്രതീതികള്‍ക്ക് വിഷയമല്ല. അതായത് വിഷയമോ വിഷയിയോ ഇല്ല, അനുഭവമോ അനുഭവിക്കുന്നവനോ ഇല്ല.