ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളും ശ്രീ. കെ. ഭാസ്കരപിള്ള എഴുതിയ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ഉള്‍പ്പെടുത്തി കോട്ടയം ജില്ലയിലെ വാഴൂര്‍ ശ്രീ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് “ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും”. വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, പ്രാചീനമലയാളം, ആദിഭാഷ, ശ്രീചക്രപൂജാകല്പം, ജീവകാരുണ്യനിരൂപണം, സംഭാഷണങ്ങള്‍, പിള്ളത്താലോലിപ്പ്, പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം, നിജാനന്ദവിലാസം, ക്രിസ്തുമതഛേദനം, ദേവീമാനസപൂജാസ്തോത്രം, പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, , കേരളത്തിലെ ദേശനാമങ്ങള്‍, മലയാളത്തിലെ ചില സ്ഥലനാമങ്ങള്‍, ദേവാര്‍ച്ചപദ്ധതിയുടെ ഉപോദ്ഘാതം, ചില കവിതാശകലങ്ങള്‍, ചില കത്തുകള്‍, ചട്ടമ്പിസ്വാമികളുടെ ചില തിരുമൊഴികള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും PDF ഡൌണ്‍ലോഡ് ചെയ്യൂ.
ഈ ഗ്രന്ഥത്തിന് തീര്‍ത്ഥപാദാശ്രമം മഠാധിപതി ശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമിജി എഴുതിയ ആമുഖം.
സര്‍വ്വജ്ഞഋഷിരുല്‍ക്രാന്തഃ
സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമ വ്യോമ്‌നി
പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം
നീത്വാന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുസ്സമുല്‍സൃജ്യ
സ്വം ബ്രഹ്മവപുരാസ്ഥിതഃ
എന്ന് ശ്രീ ചട്ടമ്പിസ്വാമികളുടെ സമാധിയെക്കുറിച്ചുള്ള നാരായണഗുരുദേവന്‍റെ അനുസ്മരണസന്ദേശം അദ്ദേഹത്തിന്‍റെ മഹിമയെ നല്ലതുപോലെ പ്രകാശിപ്പിക്കുന്നുണ്ട്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ ആദ്ധ്യാത്മിക നഭോമണ്ഡലം സൂര്യോദയത്തില്‍ ചക്രവാളമെന്നപോലെ ശോഭായമാനമായി. അദ്ദേഹം രചിച്ച അനേകം കൃതികളില്‍ ഏതാനും ചിലതു മാത്രമേ പ്രകാശിതങ്ങളായിട്ടുള്ളൂ.
സ്വാമികളുടെ കണ്ടുകിട്ടിയ പ്രമുഖകൃതികളില്‍ ‘അദ്വൈതചിന്താപദ്ധതി’, ‘നിജാനന്ദവിലാസം’ എന്നിവ ആത്മസാക്ഷാത്ക്കാരത്തിന് ഉദ്യമിക്കുന്ന സാധകന്മാരുടെ ജിജ്ഞാസാശമനത്തിന് പ്രസ്ഥാനത്രയത്തിന്‍റെ ശാങ്കരഭാഷ്യത്തിനു സമാനമായ സ്ഥാനം നിര്‍വ്വഹിക്കുന്നു. മലയാളഭാഷയില്‍ അദ്വൈതവേദാന്തത്തെ പ്രതിപാദിക്കുന്ന ഇത്രയും സമ്പുഷ്ടമായ വേറെ ആധികാരികഗ്രന്ഥങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.
അഹിംസാ സിദ്ധാന്തത്തില്‍ ശ്രീബുദ്ധനു സമാനമായി ജീവസ്‌നേഹം വച്ചുപുലര്‍ത്തിയിരുന്ന സ്വാമികളുടെ കാരുണ്യകടാക്ഷത്തിന് മകുടോദാഹരണമാണ് ‘ജീവകാരുണ്യനിരൂപണം’ എന്ന സംക്ഷിപ്ത ഗ്രന്ഥം.
മനുഷ്യനു ജീവിക്കാന്‍ ആഹാരമെന്നതുപോലെ തന്നെ അന്ത്യന്താപേക്ഷിതമായ ജ്ഞാനാര്‍ജ്ജനത്തിന് തല്പരരായ എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്ന്, വര്‍ണ്ണവ്യവസ്ഥയുടെ കാഠിന്യത്തില്‍ അന്ന് ക്ലേശിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തില്‍ സധൈര്യം പ്രഖ്യാപിക്കുന്നുണ്ട് ‘വേദാധികാരനിരൂപണം’ എന്ന കൃതി.
‘പ്രാചീനമലയാളം’ അക്കാലഘട്ടത്തില്‍ യാഥാസ്ഥിതിക ഹിന്ദുസമൂഹത്തില്‍ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരശുരാമന്‍ സമുദ്രത്തില്‍ മഴുവെറിഞ്ഞു നേടിയെടുത്ത്, ആര്യന്മാരായ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തതാണ് മലയാളമണ്ണ് എന്ന ഐതിഹ്യത്തെ നഖശിഖാന്തം പ്രാമാണികമായി ഖണ്ഡിച്ചുകൊണ്ട് ഇവിടുത്തെ പ്രമുഖവര്‍ഗ്ഗവും സ്ഥാനികളുമായിരുന്ന നായകന്മാര്‍ (നാഗന്മാര്‍) എന്നും പിന്നീട് നായന്മാര്‍ (ക്ഷത്രിയര്‍) എന്നും അറിയപ്പെട്ടിരുന്ന വര്‍ഗ്ഗക്കാരാണ് യഥാര്‍ത്ഥ അവകാശികള്‍, എന്നും കള്ളക്കഥകള്‍ ചമച്ച് ആഢ്യനമ്പൂതിരിമാര്‍ അവരില്‍നിന്നും ഭൂമി തട്ടിയെടുക്കുകയും അവരെ കെണികളിലൂടെ സേവകന്മാരാക്കുകയും ചെയ്താണെന്ന് പ്രമാണയുക്തിസഹിതം ‘പ്രാചീനമലയാളം’ രേഖപ്പെടുത്തുന്നു.
വൈദേശിക ശാസനത്തില്‍ സ്വധര്‍മ്മാചരണം ക്ലേശപൂര്‍ണ്ണമായിരുന്ന ഹിന്ദുക്കളുടെയിടയില്‍ പ്രലോഭനങ്ങളിലൂടെയും ബലം പ്രയോഗിച്ചും വൈദേശിക ക്രിസ്തുമതത്തിന്‍റെ സ്വാധീനം സ്ഥാപിക്കുന്ന കാലത്ത് അതിപ്രാചീനവും ലോകോത്തരവുമായ ഉദാത്തഭാരതീയ സനാതനസംസ്‌കൃതിയുടെ നിലനില്പിനായിക്കൊണ്ട് ക്രിസ്തുമതത്തെ ഖണ്ഡിച്ചുകൊണ്ട് ‘ക്രിസ്തുമതഛേദനം’ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. അതില്‍ത്തന്നെ ‘ക്രിസ്തുമതസാരം’ എന്ന ശീര്‍ഷകത്തില്‍ ക്രിസ്തുമതത്തിന്‍റെ സര്‍വ്വസമ്മതമായ ധാര്‍മ്മികമൂല്യങ്ങളെ സ്വാമികള്‍ എടുത്തുകാണിച്ചു. ത്യാഗനിഷ്ഠരായ ഋഷിമാരുടെ ഉദ്‌ബോധനത്താല്‍ പരിപുഷ്ടമാക്കപ്പെട്ട സനാതനധര്‍മ്മത്തിന്‍റെ ശോഷണം, ആത്യന്തിക ശാന്തി ആഗ്രഹിക്കുന്ന ഏതൊരാളിന്‍റെയും മനസ്സിനെ വേദനിപ്പിക്കും എന്നതിനാല്‍, അദ്വൈതവേദാന്തത്തിന്‍റെ ചിരപ്രതിഷ്ഠിതനായ ആചാര്യന്‍ ശങ്കരഭഗവദ്പാദരുടെ പാരമ്പര്യം അനുവര്‍ത്തിച്ചുനോക്കിയാലും, പരമതഖണ്ഡനമെന്നത് നീതിജ്ഞന്മാരുടെ വിമര്‍ശനത്തിന് പാത്രമാകേണ്ടതല്ല. അതാതു കാലഘട്ടത്തിലെ ധര്‍മ്മച്യുതിയെ നിവൃത്തിപ്പിക്കുന്നതിന് വേണ്ടിയാണ് അവതാരപുരുഷന്മാരായ ആചാര്യന്മാര്‍ പ്രവര്‍ത്തിക്കുന്നത്.
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും വളരെ ഉപയോഗപ്രദമാണ് ഒടുവില്‍ കണ്ടുകിട്ടിയ സ്വാമികളുടെ ‘ആദിഭാഷ’ എന്ന ഗ്രന്ഥം. ‘ദേവീമാനസപൂജാസ്‌തോത്ര’മെന്ന വ്യാഖ്യാനകൃതി, വ്യാഖ്യാനത്തിന്‍റെ സകല മാനങ്ങളും അവലംബിച്ചുകൊണ്ട് ലളിതമാക്കപ്പെട്ടതാണ്.
തന്ത്രവിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് ‘ശ്രീചക്രപൂജാകല്പ’മെന്ന താന്ത്രികകൃതി. കൂടാതെ ‘മനോനാശം’, ‘പ്രണവവും സംഖ്യാദര്‍ശനവും’, ‘പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം’ തുടങ്ങിയ ലഘുകൃതികളും അത്യപൂര്‍വ്വവും വിശിഷ്ടവുമാണ്.
ഉപജീവനത്തിനുവേണ്ടി മാത്രമായി വിദ്യാഭ്യാസം മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാമികളുടെ ഹൃദയാകര്‍ഷകങ്ങളായ കൃതികള്‍ അത്യന്തം ആദരണീയങ്ങളും ഗവേഷണാത്മകങ്ങളും തന്നെയാണ്. ഇത് ആദ്ധ്യേതാക്കളുടെ മനോമുകുരത്തില്‍ ചിന്തകളുടെ ദീപനാളങ്ങളെ ഉജ്ജ്വലിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ ഗ്രന്ഥത്തെ സമര്‍പ്പിച്ചുകൊള്ളുന്നു.
ശ്രീ തീര്‍ത്ഥപാദാശ്രമത്തിനുവേണ്ടി,
ശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമി
മഠാധിപതി
തീര്‍ത്ഥപാദപുരം പി. ഒ.
31 – 3 – 2011
അച്ചടിച്ച ഈ ഗ്രന്ഥത്തിനു 450 രൂപയാണ് വില. Theerthapadasram, Theerthapadapuram P. O., Vazhoor, Kottayam – 686 515 എന്നാ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ വാങ്ങാം. തിരുവനന്തപുരം അഭേദാശ്രമം തുടങ്ങിയ പ്രധാനപ്പെട്ട ആശ്രമങ്ങളിലും വാങ്ങാം.