യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 635 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ആസ്താമേതദവിദ്യൈഷാ വ്യര്‍ത്ഥരൂപാ കിമേതയാ
ഭ്രാന്ത്യാ ഭ്രാന്തിരസദ്‌രൂപാ ത്യക്തൈവൈഷാ മായാധുനാ (6.2/150/20)
മുനി തുടര്‍ന്നു: ആ ഋഷിയുടെ ഉപദേശത്താല്‍ എന്നില്‍ ആ നിമിഷം പ്രബുദ്ധതയുളവായി. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുപോയില്ല. എന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്നോടൊപ്പം ജീവിച്ചുവന്നു. ആ ഋഷിവര്യനാണിപ്പോള്‍ നിന്റെയടുത്ത് ഇരിക്കുന്നത്.
വ്യാധന്‍ അത്യദ്ബുധത്തോടെ പറഞ്ഞു: ഇത് വളരെ വിസ്മയകരമായിരിക്കുന്നു! സ്വപ്നമാണെന്ന് കരുതിയ സംഗതി ഇപ്പോളിതാ ജാഗ്രദ് അവസ്ഥയില്‍ യഥാര്‍ത്ഥ്യമായിരിക്കുന്നു. അതെങ്ങനെയാണ് അങ്ങയുടെ സ്വപ്നത്തിലെയാള്‍ ജാഗ്രദില്‍ നേരേ മുന്നില്‍ വന്നു നില്‍ക്കുന്നത്?
മുനി തുടര്‍ന്നു: ധൃതി കൂട്ടാതിരിക്കൂ. ഞാനെല്ലാം വിശദമാക്കിത്തരാം. ഞാന്‍ ഈ മഹാമുനിയുടെ അനുശാസനം ചെവിയോര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിച്ചു: കഷ്ടം! ജ്ഞാനിയാണെങ്കിലും എന്നിലെ ഇന്ദ്രിയ സുഖത്വരയും വിഷയവസ്തുക്കളോടുള്ള ആശയും കാരണം ഞാന്‍ എന്റെ പാതയില്‍ നിന്നും വ്യതിചലിച്ചു പോയി! ‘ഇത് ഞാന്‍’ എന്നാ ധാരണ എത്ര യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കല്‍ അതുളവായാല്‍പ്പിന്നെ ആയിരക്കണക്കിന് സംഭവവികാസങ്ങളെ ഉണ്ടാക്കാന്‍ അതിനു കഴിയും! ‘ഞാന്‍ ഇതല്ല, എന്നാല്‍ ഇതെല്ലാം ഭവിച്ചതാണ്’ എന്ന് സങ്കല്‍പ്പിച്ചാലും അതേ ഫലമാണ്. ഇനി എന്താണെനിക്ക് കരണീയം? എന്നില്‍ വിഭജനാത്മകതയുടെ വിത്ത് ഞാന്‍ കാണുന്നുണ്ട്. ഏതുവിധേനെയും ഞാനത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
“ഈ മായക്കാഴ്ച എന്ന അജ്ഞാനം അങ്ങനെതന്നെ നില്‍ക്കട്ടെ. ഇത് വെറും പ്രകടനം മാത്രമല്ലേ? എന്താണിതിനു ചെയ്യാന്‍ കഴിയുക? ഞാന്‍ മോഹവിഭ്രമത്തെ ഉപേക്ഷിക്കുന്നു”.
എന്നെ ഉപദേശിച്ച മഹാമുനിയും ഈ മോഹത്തിന്റെ ഭാഗമത്രേ. ഞാന്‍ അനന്തവും പരംപൊരുളുമായ ബ്രഹ്മമാകുന്നു. അദ്ദേഹവും അതുതന്നെ. ഈ ആപേക്ഷികമായ, താല്‍ക്കാലികമായ പ്രതിഭാസം ആകാശത്തു നീങ്ങുന്ന മേഘം പോലെയാണ്.
ഈ അറിവില്‍ ഞാന്‍ മുനിയോടു പറഞ്ഞു: മഹാമുനേ, ഞാന്‍ എന്റെ ദേഹം കാണാന്‍ പോവുകയാണ്. മാത്രമല്ല, ഞാന്‍ അന്വേഷണവിധേയമാക്കിയ ദേഹവും എനിക്ക് കാണണം.
ഇതു കേട്ടദ്ദേഹം പുഞ്ചിരിച്ചു. ‘എവിടെയാണീ ദേഹങ്ങള്‍?’ അവ ദൂരെ ദൂരേയ്ക്ക് പോയിക്കഴിഞ്ഞു! എന്നാല്‍ നിനക്കതു സ്വയം പരീക്ഷിച്ചറിയണമെങ്കില്‍ അങ്ങനെയാകട്ടെ!’
ഞാന്‍ അദ്ദേഹത്തോടപേക്ഷിച്ചു: ‘ഞാന്‍ മടങ്ങി വരുന്നതുവരെ ഇവിടെയിരുന്നാലും’. എന്നിട്ട് ഞാനൊരു വിമാനത്തിലേറി ഏറെനേരം പറന്നു. എന്നിട്ടും ആ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കൊരു വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അതീവഖിന്നനായിത്തീര്‍ന്നു. ഞാനാ ഗേഹത്തില്‍ ബന്ധിക്കപ്പെട്ടു എന്നെനിക്കു മനസ്സിലായി.
ഞാന്‍ തിരികെ വന്നു മുനിയോടു ചോദിച്ചു: ദയവായി ഇതൊക്കെ എന്താണെന്ന് എന്നോടു പറഞ്ഞു തരിക. ഞാന്‍ കയറിക്കൂടിയ ദേഹവും എന്റെ ദേഹവും ഇപ്പോള്‍ എവിടെയാണ്? എന്താണ് ഒരു വഴികാണാതെ ഞാനിങ്ങനെ അലയാന്‍ കാരണം?
മുനി പറഞ്ഞു: നിന്റെ അന്തര്‍നേത്രംകൊണ്ട് നോക്കിയാല്‍ നിനക്കെല്ലാം അറിയാനാകും. നീയീ ചെറിയ വ്യക്തിത്വമല്ല. നീയാ സമഷ്ടി-വിശ്വ-പുരുഷന്‍ തന്നെയാണ്. ഒരിക്കല്‍ ഒരു ജീവിയുടെ ഹൃദയത്തില്‍ക്കയറി അയാളുടെ സ്വപ്നം എന്തെന്ന് മനസ്സിലാക്കാന്‍ നീയാഗ്രഹിച്ചുവല്ലോ? നീ കയറിക്കൂടിയത് സൃഷ്ടിയെന്ന മായാവലയത്തിലാണ്. നീയാ ദേഹത്തിലിരുന്നു സ്വപ്നം തുടര്‍ന്നപ്പോള്‍ വലിയൊരഗ്നിയുണ്ടായി. അത് നിന്റെ ദേഹമിരുന്ന കാടുമുഴുവന്‍ എരിച്ചുകളഞ്ഞു. നിന്റെ ദേഹവും നീ കയറിയ ദേഹവും ആതീയില്‍ എരിഞ്ഞുപോയി.
വ്യാധന്‍ വീണ്ടും ചോദിച്ചതിനുത്തരമായി മഹര്‍ഷി പറഞ്ഞു: “അഗ്നിയുണ്ടാവാന്‍ കാരണം ബോധത്തിലെ ചിന്താസഞ്ചാരമാണ്. ലോകമെന്ന വിക്ഷേപത്തിന്റെ കാരണം അനന്തബോധത്തിലെ ചിന്തകളുടെ ചലനവും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ബോധത്തിലുണ്ടാകുന്ന ചിന്തകളുമാണെന്നതുപോലെയാണിതും.