യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 643 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
അഹോ നു വിഷമാ മായാ മനോമോഹവിധായിനീ
വിദ്യയ: പ്രതിഷേധാശ്ച യദേകത്ര സ്ഥിതം ഗത: (6.2/159/41)
ഇന്ദ്രന്‍ വിപശ്ചിത്തിനോടു പറഞ്ഞു: അങ്ങയുടെ ബോധം മാന്‍ വര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതിനാല്‍ ഒരു മാന്‍കുട്ടിയുടെ ജനനം അനിവാര്യമാണ്. ഒരു മാനായി ജനിച്ച് സ്വന്തം കഥ കേള്‍ക്കുമ്പോള്‍ അങ്ങ് പ്രബുദ്ധനാവും. എന്നിട്ട് ജ്ഞാനത്തിന്റെ അഗ്നിയില്‍ പ്രവേശിക്കുന്നമാത്രയില്‍ അങ്ങ് വീണ്ടും മാനുഷരൂപം ധരിക്കും. അങ്ങയുടെ ഹൃദയത്തില്‍ ആത്മീയവികാസം സമാഗതമാവും. അങ്ങനെ അങ്ങ് അവിദ്യയെ ത്യജിച്ച് ചലനമില്ലാത്ത വായുവെന്നപോലെ പരമപ്രശാന്തിയടയും.
വിപശ്ചിത് (ഭാസന്‍) തുടര്‍ന്നു: ഇന്ദ്രന്‍ ഇത്രയും പറഞ്ഞപ്പോള്‍ എന്നില്‍ മാനിന്റേതായ ഒരവബോധം ഉണ്ടായി. അപ്പോള്‍മുതല്‍ ഞാനൊരു മാനായി കാടുകളില്‍ അലയുന്നു. ഒരിക്കല്‍ എന്നെയൊരു വേടന്‍ പിന്തുടര്‍ന്നു. ഞാന്‍ രക്ഷപ്പെടാന്‍ ഓടിയെങ്കിലും അയാളെന്നെ കീഴടക്കിപ്പിടികൂടി അയാളുടെ വീട്ടില്‍ കൊണ്ടുപോയി. അയാളെന്നെ അവിടെ കുറേ ദിവസങ്ങള്‍ പിടിച്ചു വച്ചു. എന്നിട്ടിപ്പോള്‍ അങ്ങയ്ക്ക് വളര്‍ത്താന്‍ കൊണ്ടുവന്നുതന്നു.
രാമാ, സംസാരത്തിന്റെ ഭ്രമാത്മകതയെ വ്യക്തമാക്കുന്ന എന്റെ കഥ ഞാന്‍ പറഞ്ഞു. ഈ അവിദ്യയെന്നുപറയുന്ന വൃക്ഷത്തിന്റെ ശാഖകള്‍ക്ക് അന്തമില്ല. എല്ലാ ദിശകളിലേയ്ക്കും വളര്‍ന്നു പന്തലിക്കുന്നതാണിതിന്റെ ലക്ഷണം. ആത്മജ്ഞാനമല്ലാതെ ഇതിനൊരന്തമുണ്ടാക്കാന്‍ മറ്റൊന്നിനുമാവില്ല.
രാമന്‍ ചോദിച്ചു: അങ്ങയുടെ സങ്കല്‍പ്പത്തില്‍ ഒരു രൂപം ഉരുത്തിരിഞ്ഞപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് അങ്ങയെ കാണാന്‍ എങ്ങനെ സാധിച്ചു?
ഭാസന്‍ (വിപശ്ചിത്ത്) പറഞ്ഞു: വിജയകരമായി പൂര്‍ത്തീകരിച്ച യാഗകര്‍മ്മങ്ങളില്‍ അഭിമാനിച്ച് അതീവമായ ഗര്‍വ്വോടെ ഒരിക്കല്‍ ഇന്ദ്രന്‍ ആകാശഗമനം നടത്തുമ്പോള്‍ തന്റെ കാലുകള്‍ കൊണ്ട് ദൃര്‍വ്വാസാവ് മഹര്‍ഷിയെ തൊഴിക്കാനിടയായി. മഹര്‍ഷി ധ്യാനത്തിലായിരുന്നു.
മുനി ഇന്ദ്രനെ ശപിച്ചു: നീയിപ്പോള്‍ പോകുന്ന ആ ഭൂമി ക്ഷണത്തില്‍ എരിഞ്ഞടങ്ങി വെറും ചാരമായി ഒന്നുമല്ലാതാവും. ഞാന്‍ മരിച്ചുവെന്നു കരുതി നീയെന്നെ ചവിട്ടുകയുണ്ടായല്ലോ; അതിനാല്‍ ആഭൂമിയില്‍ നീയൊരു മാനായി ജീവിക്കും. വിപശ്ചിത്ത് അവിടെ എത്രകാലം മാനായി തുടരുന്നുവോ അത്രയും കാലം നീയും അവിടെക്കഴിയും.
അങ്ങനെ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ മാനുകളായി ജീവിച്ചു.
ഒരാളുടെ മനസ്സില്‍ ഉരുവാകുന്ന സങ്കല്‍പ്പവസ്തു മറ്റൊരാളുടെ ഉള്ളില്‍ ഉണ്ടാവുന്ന സങ്കല്‍പ്പവസ്തുവിനെപ്പോലെതന്നെ അയഥാര്‍ത്ഥമാണ്. എല്ലാമെല്ലാമായ ബ്രഹ്മം അനന്തമായതുകൊണ്ട് അതിനസാദ്ധ്യമായി, അതിനുണ്ടാക്കാന്‍ കഴിയാത്തതായി എന്തുണ്ട്?
രണ്ടു സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും ബ്രഹ്മം സാര്‍വ്വഭൌമമാകയാല്‍ സാദ്ധ്യമാണ്. നിഴല്‍ എവിടെയുണ്ടോ അവിടെ വെളിച്ചത്തിന്റെ സാന്നിദ്ധ്യമുണ്ട്. നിഴലുണ്ടാവാനുള്ള കാരണം തന്നെ വെളിച്ചമാണല്ലോ. അനന്തബോധത്തില്‍ അനന്തമായ അവിദ്യയുമുണ്ട്. അതിലെ സാദ്ധ്യതകളും അനന്തമത്രേ.
“മായ എന്നത് വിചിത്രവും വിസ്മയകരവുമാണ്. സംഭ്രാന്തിജനകമായ മായ നമ്മില്‍ മതിഭ്രമങ്ങളുണ്ടാക്കുന്നു. പൂര്‍വ്വപക്ഷങ്ങളും അവയുടെ വൈപരീത്യങ്ങളും മായയില്‍ ഒരേസമയം നിലകൊള്ളുന്നത് വൈരുദ്ധ്യമേതുമില്ലാതെയാണ്.”
ബ്രഹ്മത്തില്‍ അവിദ്യയെ അനുഭവിക്കുന്നത് ആദിയന്തങ്ങളുള്ള ഒന്നായും ആദിയന്തങ്ങളാല്‍ നിയതമല്ലാത്ത ഒന്നായും ആകാം. മൂലോകങ്ങളായി കാണപ്പെടുന്നത് അനന്തബോധത്തിലെ സങ്കല്‍പ്പധാരണകളുടെ രൂപവല്‍ക്കരണമല്ലെങ്കില്‍ കാലാകാലങ്ങളിലുള്ള വിശ്വപ്രളയങ്ങള്‍ക്ക് ശേഷവും അനന്തബോധത്തിന് മൂലോകങ്ങളെ പുനര്‍സൃഷ്ടിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്?
സൃഷ്ടിയെന്നത് തീര്‍ച്ചയായും അനന്തബോധത്തിലെ ചലനവും അതിന്റെ ഫലമായുണ്ടാകുന്ന വിക്ഷേപങ്ങളും മാത്രമാണ്.