ഡൗണ്‍ലോഡ്‌ MP3

പ്രീത്യാ ദൈത്യസ്തവ തനുമഹ:പ്രേക്ഷണാത് സര്‍വ്വഥാപി
ത്വാമാരാധ്യന്നജിത രചയന്നഞ്ജലിം സഞ്ജഗാദ |
മത്ത: കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം
വിത്തം ഭക്തം ഭവനമവനീം വാപി സര്‍വ്വം പ്രദാസ്യേ || 1 ||

ആരാലും ജയിക്കപ്പെടുവാനരുതാത്ത ദേവ! അസുരേശ്വരനായ മഹാബലി നിന്തിരുവടിയുടെ ശരീരത്തിന്റെ ദിവ്യതേജസ്സിന്റെ ദര്‍ശനം നിമിത്തം പരമസന്തുഷ്ടിയോടെ എല്ലാ പ്രകാരത്തിലും അങ്ങയെ ഉപചരിച്ച് പൂജിച്ച് കൈക്കുപ്പിക്കൊണ്ട് ഇപ്രകാരം ഉണര്‍ത്തിച്ചു; “ഹേ ബ്രാഹ്മണകുമാര! എന്നില്‍നിന്ന് ഭവാന്‍ എന്തൊന്നാണ് ആഗ്രഹിക്കുന്നത്? അങ്ങുന്ന് ശങ്കകൂടാതെ ആവശ്യപ്പെട്ടുകൊള്ളുക. മൃഷ്ടാന്നമായലും, വീടായാലും, ഭൂമിയയാലും, ഇതെല്ല‍ാം തന്നെയായലും ഞാന്‍ തരുന്നുണ്ട്;

താമീക്ഷണ‍ാം ബലിഗിരമുപാകര്‍ണ്യ കാരുണ്യപൂര്‍ണ്ണോ-
പ്യസ്യോത്സേകം ശമയിതുമനാ ദൈത്യവംശം പ്രശംസന്‍  |
ഭൂമിം പാദത്രയപരിമിത‍ാം പ്രാര്‍ത്ഥയാമാസിഥ ത്വം
സര്‍വ്വം ദേഹീതി തു നിഗദിതേ കസ്യ ഹാസ്യം ന വാ സ്യാത് || 2 ||

വാട്ടമില്ലാത്ത ആ ബലിവാക്യത്തെ കേട്ടിട്ട്, കരുണ നിറഞ്ഞവനാണെങ്കിലും നിന്തിരുവടി ഇവന്റെ അഹംഭാവത്തെ ശമിപ്പിക്കേണമെന്നു കരുതി അസുരവംശത്തെ മുഴുവന്‍ കീര്‍ത്തിച്ചു മൂന്നടിയളവിലൊതുങ്ങുന്ന ഭൂമിയെ ആവശ്യപ്പെട്ടു; എല്ല‍ാം തരേണം എന്നു പറയുകയാണെങ്കില്‍ ആര്‍ക്കുതന്നെ പരിഹാസമില്ലാതിരിക്കും ?

വിശ്വേശം മ‍ാം ത്രിപദമിഹ കിം യാചസേ ബാലിശസ്ത്വം
സര്‍വ്വ‍ാം ഭൂമിം വൃണു കിമമുനേത്യാലപത്ത്വ‍ാം സ ദൃപ്യ‍ന്‍ |
യസ്മാദ്ദര്പാത് ത്രിപദപരിപൂര്‍ത്യുയക്ഷമ: ക്ഷേപവാദാന്‍
ബന്ധം ചാസാവഗമദതദര്‍ഹോപി ഗാഢോപശാന്ത്യൈ || 3 ||

നീ ബുദ്ധിയില്ലാത്തവനാണ്; ലോകങ്ങള്‍ക്കെല്ല‍ാം നാഥനായ എന്നോട് ഇപ്പോ‍ള്‍ മൂന്നു കാലടി സ്ഥലം മാത്രം യാചിക്കുന്നുവല്ലൊ? ഇതുകൊണ്ടെന്തു പ്രയോജനം? ഭൂമി മുഴുവനും വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്‍ക.  എന്നിങ്ങിനെ ആ ബലി അഹങ്കാരംകൊണ്ട് നിന്തിരുവടിയോട് പറഞ്ഞു; യാതൊരു ആ ഗര്‍വ്വംകൊണ്ട് അവ‍ന്‍ മൂന്നടി തികച്ചുതരുവാന്‍ തന്നെ കഴിവില്ലാത്തവനായി അധിക്ഷേപവാക്കുകളേയും, അഹങ്കാരത്തിന്റെ പരിപൂര്‍ണ്ണശാന്തിക്കായി ബന്ധനത്തേയും അതിന്നര്‍ഹനല്ലെങ്കിലും പ്രാപിച്ചു.

പാദത്രയ്യാ യദി ന മുദിതോ വിഷ്ടപൈര്‍നാപി തുഷ്യേ-
ദിത്യുക്തേസ്മിന്‍ വരദ ഭവതേ ദാതുകാമേഥ തോയം |
ദൈത്യാചാര്യസ്തവ ഖലു പരീക്ഷാര്‍ത്ഥിന: പ്രേരണാത്തം
മാ മാ ദേയം ഹരിരയമിതി വ്യക്തമേവാബഭാഷേ || 4 ||

മൂന്നുകാലടിയളവുകൊണ്ട് സന്തോഷപ്പെടാത്തവനാണെങ്കില്‍ ലോകങ്ങളെയെല്ല‍ാം കൊണ്ടും സന്തോഷിക്കുകയില്ല. ഹേ വരദനായ ഭഗവ‍ന്‍ ! നിന്തിരുവടിയാല്‍ ഇപ്രകാരം പറയപ്പെട്ട സമയം ഇവന്‍ അങ്ങാക്കായിക്കൊണ്ട് ജലം നല്‍ക്കുവാന്‍ പുറപ്പെട്ടപ്പോ‍ള്‍ അസുരഗുരുവായ ശുക്രന്‍‍, പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന നിന്തിരുവടിയുടെ പ്രേരണയാല്‍ “കൊടുക്കരുതു, കൊടുക്കരുതു; ഇദ്ദേഹം ശ്രീഹരിയാണ്”, എന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു മുടക്കുവാന്‍ ഉദ്ധ്യമിച്ചു.

യാചത്യേവം യദി സ ഭഗവാന്‍ പൂര്‍ണ്ണകാമോസ്മി സോഹം
ദാസ്യാമ്യേവ സ്ഥിരമിതി വദന്‍ കാവ്യശപ്തോപി ദൈത്യ: |
വിന്ധ്യാവല്യാ നിജദയിതയാ ദത്തപാദ്യായ തുഭ്യം
ചിത്രം ചിത്രം സകലമപി സ പ്രാര്‍പയയത്തോയപൂര്‍വ്വം || 5 ||

ആ ഭഗവാന്‍ ശ്രീനാരയണമൂര്‍ത്തിതന്നെയാണ് ഇപ്രകാരം യാചിക്കുന്നതെങ്കി‍ല്‍ അങ്ങിനെയുള്ള ഞാന്‍ ദാനം സംപൂര്‍ണ്ണമായ മനോരഥത്തോടു കൂടിയവനായിത്തീര്‍ന്നിരിക്കുന്നു; ഞാന്‍ ദാനം നല്‍കുകതന്നെ ചെയ്യും; എന്നിങ്ങിനെ ഉറച്ചുപറയുന്ന ആ അസുരന്‍ ശുക്രാചാര്യനാ‍ല്‍ ശപിക്കപ്പെട്ടവനായിട്ടും തന്റെ പ്രേയസിയായ വിന്ധ്യാവലിയോടുകൂടി ദാനം ചെയ്യപ്പെട്ട പാദ്യത്തോടുകൂടിയ അങ്ങക്കായ്ക്കൊണ്ട് ഉദകത്തോടുകൂടി ത്രൈലോക്യമടക്കം തനിക്കുള്ള സര്‍വ്വത്തേയും സമര്‍പ്പിച്ചു; വളരെ ആശ്ചര്‍യ്യംതന്നെ.

നിസ്സന്ദേഹം ദിതികുലപതൗ ത്വയ്യശേഷാര്‍പണം തദ്-
വ്യാതന്വാനേ മുമുചു:-ഋഷയ: സാമരാ: പുഷ്പവര്‍ഷം |
ദിവ്യം രൂപം തവ ച തദിദം പശ്യത‍ാം വിശ്വഭാജാ-
മുച്ചൈരുച്ചൈരവൃധദവധീകൃത്യ വിശ്വാണ്ഡഭാണ്ഡം || 6 ||

അസുരകുലത്തിന്നധിപനായ ബലി നിന്തിരുവടിയില്‍ സംശയം കൂടാതെ ആ സര്‍വ്വസ്വത്തിന്റെയും ദാനത്തെ ചെയ്യുന്നസമയം ദേവന്മാരോടു കൂടിയ മഹര്‍ഷിമാ‍ര്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. അങ്ങയുടെ അപ്രകാരമുള്ള ഈ ദിവ്യരൂപവും പ്രപഞ്ചവാസികള്‍ നോക്കിക്കോണ്ടിരിക്കവേ ബ്രഹ്മാണ്ഡകടാഹംവരെ ഏറ്റവും വര്‍ദ്ധിച്ചു.

ത്വത്പാദാഗ്രം നിജപദഗതം പുണ്ഡരീകോദ്ഭവോസൗ
കുണ്ഡീതോയൈരസിചദപുനാദ്യജ്ജലം വിശ്വലോകാന്‍  |
ഹര്ഷോത്കര്ഷാത് സുബഹു നനൃതേ ഖേചരൈരുത്സവേസ്മിന്‍
ഭേരീം നിഘ്നന‍ന്‍ ഭുവനമചരജ്ജ‍ാംബവാന്‍ ഭക്തിശാലീ || 7 ||

ഈ ബ്രഹ്മദേവന്‍ സ്വസ്ഥാനമായ സത്യലോകത്തി‍ല്‍ എത്തിച്ചേര്‍ന്ന നിന്തിരുവടിയുടെ തൃപ്പാദത്തിന്റെ അഗ്രത്തെ കമണ്ഡലുവിലെ ജലംകൊണ്ട് അഭിഷേകം ചെയ്തു.  ആ പുണ്യജലം എല്ലാ ലോകങ്ങളേയും പരിശുദ്ധമാക്കിയ ആകാശഗംഗയായ  സന്തോഷാദിക്യത്താല്‍ ആകാശചാരികാളാ‍ല്‍ വളരെ നൃത്തം ചെയ്യുവാ‍ന്‍ തുടങ്ങി. ആ മഹോത്സവത്തില്‍ ഭക്തനായ ജ‍ാംബവാ‍ന്‍ പെരുമ്പറയടിച്ചു.

താവദ്ദൈത്യാസ്ത്വനുമതിമൃതേ ഭര്‍തുരാരബ്ധയുദ്ധാ
ദേവോപേതൈര്‍ഭവദനുചരൈസ്സംഗതാ ഭംഗമാപന്‍ |
കാലാത്മായം വസതി പുരതോ യദ്വശാത് പ്രാഗ്ജിതാ: സ്മ:
കിം വോ യുദ്ധൈരിതി ബലിഗിരാ തേഥ പാതാളമാപു: || 8 ||

ഹേ ഭഗവന്‍! ആ സമയം ദൈത്യന്മാരാവട്ടെ, തങ്ങളുടെ നാഥനായ മഹാബലിയുടെ സമ്മതംകൂടാതെ യുദ്ധംചെയ്തുതുടങ്ങിയവരായി ഒന്നിച്ചുചേര്‍ന്നവരായ അങ്ങയുടെ സേവകന്മാരോതിരിട്ട് തോല്പിക്കപ്പെട്ടു. അനന്തരം “യാതൊന്നിന്റെ സഹായംകൊണ്ടാണോ ന‍ാം മുമ്പുകാലങ്ങളിലെല്ല‍ാം ജയത്തെ പ്രാപിച്ചതു കാലസ്വരുപിയായ ആ ഭഗവാനാണ് നമ്മുടെ മുന്നില്‍ (വിരോധഭാവത്തില്‍) സ്ഥിതിചെയ്യുന്നതു. നിങ്ങള്‍ക്കു യുദ്ധംകൊണ്ട് എന്തുപ്രയോജനം” എന്നുള്ള മഹാബലിയുടെ വാക്കുകൊണ്ട് അവര്‍ പാതാളത്തെ പ്രാപിച്ചു.

പാശൈര്‍ബദ്ധം പതഗപതിനാ ദൈത്യമുച്ചൈരവാദീ-
സ്താര്‍ത്തീകീയം ദിശ മമ പദം കിം ന വിശ്വേശ്വരോസി |
പാദം മൂര്‍ദ്ധനി പ്രണയ ഭഗവന്നിത്യകമ്പം വദന്തം
പ്രഹ്ലാദ്സ്തം സ്വയമുപഗതോ മാനയന്നസ്തവീത്ത്വ‍ാം || 9 ||

പക്ഷീന്ദ്രനായ ഗരുഡനാല്‍ അരുണപാശങ്ങള്‍കൊണ്ട് കെട്ടപ്പെട്ടവനായ ആ അസുരേശ്വരനോട് നിന്തിരുവടി ഉറക്കെ ഇപ്രകാരം പറഞ്ഞു; “എനിക്ക് മൂന്നാമത്തെ അടിക്കുള്ള സ്ഥലം തരിക; നീ വിശ്വേശ്വരനല്ലേ? ‘ഭഗവാനേ! എന്റെ ശിരസ്സില്‍ തൃപ്പാദം വെച്ചുകൊണ്ടാലും!’ എന്നിങ്ങനെ ഇളക്കംകൂടാതെ പറയുന്ന അദ്ദേഹത്തെ മാനിച്ചുകൊണ്ട് തന്നത്താന്‍ വന്നെത്തിയവനായ പ്രഹ്ലാദന്‍ നിന്തിരുവടിയെ സ്തുതിച്ചു.

ദര്‍പ്പോച്ഛിത്ത്യൈ വിഹിതമഖിലം ദൈത്യ സിദ്ധോസി പുണ്യൈര്‍ –
ലോകസ്തേസ്തു ത്രിദിവവിജയീ വാസവത്വം ച പശ്ചാത് |
മത്സായുജ്യം ഭജ ച പുനരിത്യന്വഗൃഹ്ണാ ബലിം തം
വിപ്രൈസ്സന്താനിതമഖവര: പാഹി വാതാലയേശ || 10 ||

എന്നാല്‍ ചെയ്യപ്പെട്ടതെല്ല‍ാം നിന്റെ അഹംഭാവത്തെ നശിപ്പിക്കുന്നതിന്നു വേണ്ടിയാകുന്നു.  നിണക്ക് സ്വര്‍ഗ്ഗത്തെക്കൂടി ജയിക്കത്തക്കതായ ലോകം ഉണ്ടാവട്ടെ. അതില്‍പിന്നെ ഇന്ദ്രപദവിയും, അനന്തരം എന്റെ സായൂജ്യവൂം പ്രാപിച്ചുകൊള്‍ക. എന്നിങ്ങിനെ നിന്തിരുവടി ആ മഹാബലിയെ അനുഗ്രഹിച്ചു. ഹേ ഗുരുവായൂരപ്പാ! വേദജ്ഞന്മാരായ ബ്രാഹ്മണാരാ‍ല്‍ പൂര്‍ത്തിയാക്കപ്പെട്ട മഹായജ്ഞത്തോടുകൂടിയ നിന്തിരുവടി രക്ഷിക്കേണമേ !

ബലിവിധ്വംസനവര്‍ണ്ണനം എന്ന മുപ്പത്തൊന്ന‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകഃ 324.
വൃത്തം: – മന്ദാക്രാന്താ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.