ഡൗണ്‍ലോഡ്‌ MP3

പുരാ ഹയഗ്രീവമഹാസുരേണ ഷഷ്ഠാന്തരാന്തോദ്യദകാണ്ഡകല്പേ |
നിദ്രോന്മുഖബ്രഹ്മമുഖാത് ഹൃതേഷു വേദേഷ്വധിത്സ: കില മത്സ്യരൂപം ||1||

പണ്ട് ആറാമത്തെ മന്വന്തരത്തിന്റെ അവസാനത്തിലുണ്ടായ പ്രളയത്തില്‍ ഹയഗ്രീവ‍ന്‍ എന്ന അസുരശ്രേഷ്ഠനാല്‍ ഉറങ്ങുവാ‍ന്‍ ഭാവിക്കുന്ന ബ്രഹ്മദേവന്റെ മുഖത്തില്‍നിന്നു വേദങ്ങള്‍ അപഹരിക്കപ്പെട്ടസമയം നിന്തിരുവടി മത്സ്യരുപത്തെ സ്വീകരിക്കുവാ‍ന്‍ ആഗ്രഹിച്ചുവത്രെ.

സത്യവ്രതസ്യ ദ്രമിളാധിഭര്‍ത്തുര്‍ന്നദീജലേ തര്‍പ്പയതസ്തദാനീം |
കരാഞ്ജലൗ സഞ്ജ്വലിതാകൃതിസ്ത്വമദൃശ്യഥാ: കശ്ചന ബാലമീന: || 2 ||

അക്കാലത്ത് നദീജലത്തില്‍ തര്‍പ്പണം ചെയ്തുകൊണ്ടിരുന്ന ദ്രവിഡദേശാദിപനായ സത്യവൃതനെന്ന രാജവിന്റെ അഞ്ജലിപുടത്തി‍ല്‍ നിന്തിരുവടി ഏറ്റവും പ്രകാശിക്കുന്ന ആകൃതിയോടുകൂടിയ ഒരു ചെറുമത്സ്യമായിട്ട് കാണപ്പെട്ടു.

ക്ഷിപ്തം ജലേ ത്വ‍ാം ചകിതം വിലോക്യ
നിന്യേംബുപാത്രേണ മുനി: സ്വഗേഹം |
സ്വല്പൈരഹോഭി: കലശീം ച കൂപം
വാപീം സരശ്ചാനശിഷേ വിഭോ ത്വം || 3 ||

വെള്ളത്തി‍ല്‍ നിക്ഷേപിക്കപ്പെട്ട നിന്തിരുവടിയെ ഭയപ്പെട്ടിരിക്കുന്നതായി കണ്ട് ആ രാജര്‍ഷി ജലപാത്രംകൊണ്ട് തന്റെ ഗൃഹത്തിലേക്കു കൊണ്ടുപോയി; ഹേ ഭഗവന്‍ ! നിന്തിരുവടി അല്പം ദിവസങ്ങള്‍കൊണ്ട് ജലപാത്രവും കിണറും കുളം തടാകം എന്നിവയും വ്യാപിച്ചുകൊണ്ട് വളര്‍ന്നുവന്നു.

യോഗപ്രഭാവാദ്ഭവദാജ്ഞയൈവ നീതസ്തതസ്ത്വം മുനിനാ പയോധിം |
പൃഷ്ടോമുനാ കല്പദിദൃക്ഷുമേനം സപ്താഹമാസ്വേതി വദന്നയാസീ: ||4||

അനന്തരം അങ്ങയുടെ കല്പനകൊണ്ടുതന്നെ ആ രാജ‍ര്‍ഷിയാ‍ല്‍ യോഗബലത്തിന്റെ മഹിമകൊണ്ട് സമുദ്രത്തിലേക്ക് കൊണ്ടുപോയി ചേര്‍ക്കപ്പെട്ട നിന്തിരുവടി ഇദ്ദേഹത്താല്‍ ചോദിക്കപ്പെട്ടവനായി പ്രളയം കാണ്മാനാഗ്രഹിക്കുന്ന ഇദ്ദേഹത്തോട് “ഏഴുദിവസം കാത്തുകൊള്ളുക” എന്നിങ്ങനെ അരുളിചെയ്തുകൊണ്ട് അവിടെനിന്നു മറഞ്ഞു.

പ്രാപ്തേ ത്വദുക്തേഹനി വാരിധാരാപരിപ്ലുതേ ഭൂമിതലേ മുനീന്ദ്ര: |
സപ്തര്‍ഷിഭി: സാര്‍ദ്ധമപാരവാരിണ്യുദ്ഘൂര്‍ണ്ണമാന: ശരണം യയൗ ത്വ‍ാം || 5||

അങ്ങു പറഞ്ഞദിവസം വന്നുചേര്‍ന്നപ്പൊ‍ള്‍ ധാരമുറിയാതെ പെയ്യുന്ന മഴകൊണ്ട് ഭൂലോകം മുഴുവന്‍ മുഴുകിപ്പോകവേ ആ രാജര്‍ഷി സപ്തര്‍ഷികളോടുകൂടി കരകാണാത്ത വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നവനായി അങ്ങയെ ശരണം പ്രാപിച്ചു.

ധര‍ാം ത്വദാദേശകരീമവാപ്ത‍ാം നൗരൂപിണീമാരുരുഹുസ്തദാ തേ
തത്കമ്പകമ്പ്രേഷു ച തേഷു ഭൂയസ്ത്വമംബുധേരാവിരഭൂര്‍മഹീയാന്‍ || 6 ||

അപ്പോള്‍ അവര്‍ ആജ്ഞയനുസരിച്ച് ഒരു തോണിയുടെ ആകൃതിയി‍ല്‍ അടുത്തെത്തിച്ചേര്‍ന്ന ഭൂമിയി‍ല്‍ കയറി; അവര്‍ പിന്നേയും ആ തോണിയുടെ ഇളക്കംകൊണ്ടു ഭയപ്പെടുന്നവരായിത്തീര്‍ന്നപ്പൊ‍ള്‍ നിന്തിരുവടി ഏറ്റവും മഹത്തരമായ രുപത്തോടുകൂടി സമുദ്രത്തില്‍നിന്ന് പ്രത്യക്ഷപ്പെട്ടു.

ഝഷാകൃതിം യോജനലക്ഷദീര്‍ഘ‍ാം ദധാനമുച്ചൈസ്തരതേജസം ത്വ‍ാം |
നിരീക്ഷ്യ തുഷ്ടാ മുനയസ്ത്വദുക്ത്യാ ത്വത്തുംഗശൃംഗേ തരണിം ബബന്ധു: || 7 ||

ലക്ഷം യോജന നീളത്തോടുകൂടിയ മത്സ്യരൂപത്തെ ധരിച്ചിരിക്കുന്ന ഏറ്റവും വര്‍ദ്ധിച്ച തേജസ്സോടുകൂടിയ നിന്തിരുവടിയെ കണ്ടിട്ട് സന്തുഷ്ടരായ മഹര്‍ഷിമാ‍ര്‍ അങ്ങയുടെ ആജ്ഞയനുസരിച്ച് അങ്ങയുടെ ഉയര്‍ന്നുനില്ക്കുന്ന കൊമ്പിന്മേ‍ല്‍ തോണിയെ പിടിച്ചുകെട്ടി.

ആകൃഷ്ടനൗകോ മുനിമണ്ഡലായ പ്രദര്‍ശയന്‍ വിശ്വജഗദ്വിഭാഗാന്‍ |
സംസ്തൂയമാനോ നൃവരേണ തേന ജ്ഞാനം പരം ചോപദിശന്നചാരീ: ||8||

നിന്തിരുവടി തോണിയേയും വലിച്ചുകൊണ്ട് ആ മുനിവൃന്ദത്തിന്ന് ലോകത്തിലെ എല്ലാ ഭാഗങ്ങളേയും കാണിച്ചുകൊടുത്തുകൊണ്ട് ആ മഹാരാജാവിനാല്‍ സ്തുതിക്കപ്പെട്ടവനായി അദ്ദേഹത്തിന്ന് പരമാത്മജ്ഞാനത്തേയും ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചു.

കല്പാവധൗ സപ്തമുനീന്‍ പുരോവത് പ്രസ്ഥാപ്യ സത്യവ്രതഭൂമിപം തം |
വൈവസ്വതാഖ്യം മനുമാദധാന: ക്രോധാദ് ഹയഗ്രീവമഭിദ്രുതോഭൂ: || 9 ||

നിന്തിരുവടി പ്രളായാവസാനത്തില്‍ സപ്തര്‍ഷികളെ മുമ്പേത്തേപ്പോലെ തന്നെ സ്ഥാപിച്ചിട്ട് ആ സത്യവ്രതരാജാവിനെ വൈവസ്വതനെന്നമനുവാക്കിത്തീര്‍ത്തു കോപത്താ‍ല്‍ ഹയഗ്രീവനെന്ന അസുരന്റെ നേരിട്ട് പാഞ്ഞുപോയി.

സ്വതുംഗശൃംഗക്ഷതവക്ഷസം തം നിപാത്യ ദൈത്യം നിഗമാന്‍ ഗൃഹീത്വാ |
വിരിഞ്ചയേ പ്രീതഹൃദേ ദദാന: പ്രഭഞ്ജനാഗാരപതേ പ്രപായാ: ||10||

അല്ലയോ ഗുരുവായൂരപ്പ! തന്റെ നീണ്ട കൊമ്പുകൊണ്ട് കുത്തിപ്പിളര്‍ക്കപ്പെട്ട മാര്‍വ്വിടത്തോടുകൂടിയ ആ അസുരനെ കൊന്നുവീഴ്ത്തി വേദങ്ങളെ വീണ്ടെടുത്ത് സന്തുഷ്ടചിത്തനായ ബ്രഹ്മവിന്നായ്ക്കൊണ്ട് ദാനംചെയ്തവനായ നിന്തിരുവടി എന്നെ രക്ഷിക്കേണമേ.

മത്സ്യാവതാരവര്‍ണ്ണനം എന്ന മുപ്പത്തിരണ്ട‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 334.
അഷ്ടമസ്കന്ധം സമാപ്തം.
വൃത്തം. – ഉപജാതി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.