നവമസ്കന്ധഃ
വൈവസ്വതാഖ്യമനുപുത്രനഭാഗജാത-
നാഭാഗനാമകനരേന്ദ്രസുതോംബരീഷ: |
സപ്താര്‍ണ്ണവാവൃതമഹീദയിതോപി രേമേ
ത്വത്സംഗീഷു ത്വയി ച മഗ്നമനാസ്സദൈവ || 1 ||
വൈവസ്വതനെന്ന മനുവിന്റെ പുത്രനായ നഭാഗനില്‍നിന്നു ജനിച്ച നാഭാഗമഹാരാജവിന്റെ തനയനായ അംബരീഷന്‍ – ഏഴു സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഭൂമിയുടെ അധിപനായിരുന്നിട്ടും അങ്ങയുടെ ഭക്തന്മാരിലും നിന്തിരുവടിയിലും എല്ലായ്പോഴും ലയിച്ച മനസ്സോടുകൂടിയവനായി പരമാനന്ദത്തോടുകൂടി വസിച്ചു.
ത്വത്പ്രീതയേ സകലമേവ വിതന്വതോസ്യ
ഭക്ത്യൈവ ദേവ നചിരാദഭൃഥാ: പ്രസാദം |
യേനാസ്യ യാചനമൃതേപ്യഭിരക്ഷണാര്‍ത്ഥം
ചക്രം ഭവാന്‍ പ്രവിതതാര സഹസ്രധാരം || 2 ||
അല്ലേ ഭഗവന്‍! സമസ്തകര്‍മ്മങ്ങളും അങ്ങയുടെ പ്രീതിക്കുവേണ്ടിത്തന്നെ അനുഷ്ഠിക്കുന്നവനായ അദ്ദേഹത്തിന്റെ ഭക്തികൊണ്ടുതന്നെ താമസിയാതെ നിന്തിരുവടി പ്രസാദിച്ചരുളി. യാതൊന്നുകൊണ്ട് പ്രാര്‍ത്ഥനകൂടാതെ തന്നെ ഇവന്റെ രക്ഷയ്ക്കുവേണ്ടി നിന്തിരുവടി ആയിരം മുനകളോടുകൂടിയ സുദര്‍ശമെന്ന ചക്രത്തെ അയച്ചുകൊടുത്തു.
സ ദ്വാദശീവ്രതമഥോ ഭവദര്ചനാര്‍ത്ഥം
വര്‍ഷന്ദധൗ മധുവനേ യമുനോപകണ്ഠേ |
പത്ന്യാ സമം സുമനസാ മഹതീം വിതന്വന്‍
പൂജാം ദ്വിജേഷു വിസൃജനന്‍ പശുഷഷ്ടികോടിം || 3 ||
അതില്‍പിന്നെ അദ്ദേഹം പന്തിയോടുകൂടി പുഷ്പങ്ങളെക്കൊണ്ട് അത്യുല്‍കൃഷ്ടമായ പൂജയെ ചെയ്യുന്നവനായി മഹാബ്രാഹ്മണര്‍ക്ക് അറുപതു കൊല്ലം മുഴുവന്‍ അങ്ങയെ ആരാധിക്കുന്നതിന്നുവേണ്ടി ദ്വാദശിവൃതത്തെ അനുഷ്ഠിച്ചു.
തത്രാഥ പാരണദിനേ ഭവദര്‍ചനാന്തേ
ദുര്‍വാസസാസ്യ മുനിനാ ഭവനം പ്രപേദേ |
ഭോക്തും വൃതശ്ചസ നൃപേണ പരാര്‍ത്ഥിശീലോ
മന്ദം ജഗാമ യമുനാം നിയമാന്വിധാസ്യന്‍ || 4 ||
അനന്തരം അവിടെ പാരണദിവസ്സില്‍ ഭഗവല്‍പൂജയുടെ അവസാനം ദുര്‍വാസസ്സ് എന്ന മഹഷിയാല്‍ ഇദ്ദേഹത്തിന്റെ ഭവനം പ്രാപിക്കപ്പെട്ടു. പരോപദ്രവ സ്വഭാവത്തോടുകൂടിയ ആ മഹര്‍ഷിയാവട്ടെ അംബരീഷ മഹാരാജവിനാല്‍ ഭക്ഷണത്തിന്നു ക്ഷണിക്കപ്പെട്ടവനായി നിത്യകര്‍മ്മാനുഷ്ഠാനത്തിന്നുവേണ്ടി യമുനാ നദിയിലേക്കു പതുക്കെ യാത്രയായി.
രാജ്ഞാഥ പാരണമുഹൂര്‍ത്തസമാപ്തിഖേദാ-
ദ്വാരൈവ പാരണമകാരി ഭവത്പരേണ |
പ്രാപ്തോ മുനിസ്തദഥ ദിവ്യദൃശാ വിജാനന്‍
ക്ഷിപ്യനന്‍ ക്രുധോദ്ധൃതജടോ വിതതാന കൃത്യാം || 5 ||
അനന്തരം നിന്തിരുവടിയുടെ ഭക്തനായ രാജാവിനാല്‍ പാരണയ്ക്കുള്ള മുഹൂര്‍ത്തം കഴിഞ്ഞുപോകുമെന്ന വ്യസനംകൊണ്ട് വെറും ജലംകൊണ്ട്തന്നെ പാരണചെയ്യപ്പെട്ടു; അനന്തരം അവിടെ എത്തിച്ചേര്‍ന്നവനായ ആ മഹര്‍ഷി ഇങ്ങിനെ പാരണചെയ്തതിനെ ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞ് രാജാവിനെ അധിക്ഷേപിച്ച് കോപംകൊണ്ട് ജടപറിച്ചെടുത്ത് ഒരു ക്രൂധോദ്ധ്യനെ നിര്‍മ്മിച്ചു.
കൃത്യാം ച താമസിധരാം ഭുവനം ദഹന്തീ-
മഗ്രേഭിവീക്ഷ്യനൃപതിര്‍ന്ന പദാച്ചകമ്പേ |
ത്വദ്ഭക്തബാധമഭിവീക്ഷ്യ സുദര്‍ശനം തേ
കൃത്യാനലം ശലഭയനന്‍ മുനിമന്വധാവീത് || 6 ||
ആ മഹാരാജാവ് വാളൂരിപ്പിടിച്ച് ലോകം മുഴുവന്‍ ദഹിപ്പിക്കുമാറു നിലകൊള്ളുന്ന ആ ദേവതയെ തന്റെ എതിരിലായിക്കൊണ്ട് നിന്ന സ്ഥലത്തുനിന്ന് ഒരടിപോലും അനങ്ങിയില്ല. അങ്ങയുടെ സുദര്‍ശനചക്രമാവട്ടെ അങ്ങയുടെ ഭക്തനെ ബാധിക്കുന്ന ആ കൃത്യയാകുന്ന അഗ്നിയെ സ്വതേജസ്സുകൊണ്ട് പാറ്റയെന്നതുപോലെ നശിപ്പിച്ചിട്ട് ആ മഹര്‍ഷിയുടെനേരെ പാഞ്ഞു.
ധാവന്നശേഷഭുവനേഷു ഭിയാ സ പശ്യന്‍
വിശ്വത്ര ചക്രമപി തേ ഗതവാന്‍ വിരിഞ്ചം |
ക: കാലചക്രമതിലംഘയതീത്യപാസ്ത:
ശര്‍വ്വം യയൗ സ ച ഭവന്തമവന്ദതൈവ || 7 ||
അദ്ദേഹം ഭയംകൊണ്ട് എല്ലാ ലോകങ്ങളിലും ഓടിനടന്നിട്ടു എല്ലായിടത്തും അങ്ങയുടെ ചക്രത്തെതന്നെ കാണുന്നവനായി ബ്രഹ്മാവിനെ ശരണംപ്രാപിച്ചു; കാലചക്രത്തെ ആരാണ് അതിലംഘിക്കുന്നത്; എന്നിങ്ങിനെ അവിടെനിന്നു ത്യജിക്കപ്പെട്ടവനായിട്ട് ശ്രീപരമേശ്വരനെ പ്രാപിച്ചു. അദ്ദേഹവും നിന്തിരുവടിയെ വന്ദിക്കുകയാണ് ചെയ്തത്.
ഭൂയോ ഭവന്നിലയമേത്യ മുനിം നമന്തം
പ്രോചേ ഭവാനഹമൃഷേ നനു ഭക്തദാസ: |
ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം
യാഹ്യംബരീഷപദമേവ ഭജേതി ഭൂമന്‍ || 8 ||
ഹേ ഭഗവന്‍ ! അതിന്നുശേഷം അങ്ങയുടെ സ്ഥാനമായ വൈകുണ്ഠത്തില്‍ വന്ന് നമസ്കരിക്കുന്ന ആ മഹര്‍ഷിയോടു നിന്തിരുവടി “ഹേ മഹര്‍ഷേ ! ഞാന്‍ ഭക്തന്മാരുടെ ദാസനാണല്ലോ. ജ്ഞാനവും തപസ്സും വിനയത്തോടുകൂടിയാല്‍ മാത്രമെ ബഹുമാനിക്കത്തക്കതായി ത്തീരുകയുള്ളു; ഇവിടെനിന്ന് പൊയ്ക്കൊള്‍ക. അംബരീഷന്റെ കാല്ക്കല്‍തന്നെ ശരണം പ്രാപിച്ചുകൊള്‍ക എന്ന് അരുളിച്ചെയ്തു.
താവത്സമേത്യ മുനിനാ സ ഗൃഹീതപാദോ
രാജാപസൃത്യ ഭവദസ്ത്രമസാവനൗഷീത് |
ചക്രേ ഗതേ മുനിരദാദഖിലാശിഷോസ്മൈ
ത്വദ്ഭക്തിമാഗസി കൃതേപി കൃപാം ച ശംസന്‍ || 9 ||
ആ സമയം ഓടിയെത്തിയ മഹര്‍ഷിയാല്‍ പിടിക്കപ്പെട്ട പാദങ്ങളോടുകൂടിയ ആ രാജാവ മാറിനിന്ന് അങ്ങയുടെ അസ്ത്രത്തെ സ്തുതിച്ചു. ആ സുദശനംചക്രം ശാന്തമായി പോയപ്പോള്‍ ദുര്‍വാസസ്സ് മഹര്‍ഷി നിന്തിരുവടിയിലുള്ള അപരാധം ചെയ്യപ്പെട്ടിരുന്നിട്ടും കരുണയേയും പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹത്തിന്നു സകലവിധമായ അനുഗ്രഹങ്ങളേയും നല്കി.
രാജാ പ്രതീക്ഷ്യ നിമേകസമാമനാശ്വാന്‍
സംഭോജ്യ സാധു തമൃഷിം വിസൃജന്‍ പ്രസന്നം |
ഭുക്ത്വാ സ്വയം ത്വയി തതോപി ദൃഢം രതോഭൂത്-
സായുജ്യമാപ ച സ മാം പവനേശ പായാ: || 10 ||
ഒരു കൊല്ലം മുഴുവന്‍ മഹര്‍ഷിയെ പ്രതീക്ഷിച്ചുകൊണ്ട് ആഹാരം കഴിയ്ക്കാതെ കഴിച്ചുകൂടിയ രാജാവ് ആ മഹര്‍ഷിയെ നല്ലവണ്ണം ഭുജിപ്പിച്ച് സന്തുഷ്ടനാക്കി പറഞ്ഞയച്ചതിന്നുശേഷം താനും ഊണ്‍കഴിച്ച് നിന്തിരുവടിയില്‍ മുമ്പിലത്തേക്കാള്‍ ഏറ്റവും ആസക്തിയോടുകൂടിയവനായിത്തീര്‍ന്നു. അവസാനം മുക്തിയെ പ്രാപിക്കുകയും ചെയ്തു. ഹേ ഗുരുവായൂരപ്പ അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമെ.
അംബരീഷചരിതവര്‍ണ്ണനം എന്ന മുപ്പത്തിമൂന്നാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ. 344.
വൃത്തം. വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.