രാമസീതാതത്ത്വം
‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണന്‍
ലക്ഷ്മണനായതനന്തന്‍ ജനകജാ
ലക്ഷ്മീഭഗവതി ലോകമായാ പരാ
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിയ്ക്കുന്നിതാത്മാപരന്‍
രാജസമായഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ്
ഭക്തപാരായണന്‍ വിഷ്ണുരൂപം പൂണ്ടു
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര-
നാദ്യനജന്‍ പരമാത്മാവു സാദരം
രുദ്രവേഷത്താല്‍ തമോഗുണയുക്തനാ-
യദ്രിജാവല്ലഭന്‍ സംഹരിക്കുന്നതും
വൈവസ്വത മനു ഭക്തിപ്രസന്നനായ്
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവന്‍
പാഥോനിഥിമധനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
നിഷ്ഠുരമായോരു കൂര്‍മ്മാകൃതിയും പൂണ്ടു
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവന്‍
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേല്‍ ക്ഷോണിയെപ്പൊങ്ങിച്ചു
കാരണവാരിധി തന്നില്‍ മേളിച്ചതും
കാരണപൂരുഷനാകുമീ രാഘവന്‍
നിര്‍ഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്ലാദനെപ്പരിപാലിച്ചുകൊള്ളുവാന്‍
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യകശിപു തന്‍
വക്ഷപ്രദേശം പ്രപാടനം ചെയ്തതും
രക്ഷാചതുരനാം ലക്ഷ്മീവരനിവന്‍
പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ-
ണ്ടര്‍ത്ഥിച്ചു സാദരമര്‍ച്ചിക്ക കാരണം
എത്രയും കാരുണ്യമോടവള്‍ തന്നുടെ
പുത്രനായിന്ദ്രാനുജനായ് പിറന്നതി-
ഭക്തനായോരു മഹാബലിയോടു ചെ-
ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം
സത്വരം വാങ്ങി മരുത്വാന്നു നല്‍കിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവന്‍
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാന്‍
ധാത്രിയില്‍ ഭാര്‍ഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവന്‍
ധാത്രിയിലിപ്പോള്‍ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാന്‍
രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീര്‍ത്തു ധര്‍മ്മത്തെ രക്ഷിപ്പാന്‍
ആദ്യനജന്‍ പരമാത്മാ പരാപരന്‍
വേദ്യനല്ലാത്ത വേദാന്ത വേദ്യന്‍ പരന്‍
നാരായണന്‍ പുരുഷോത്തമനവ്യയന്‍
കാരണമാനുഷന്‍ രാമന്‍ മനോഹരന്‍
രാവണനിഗ്രഹാര്‍ത്ഥം വിപിനത്തിനു
ദേവഹിതാര്‍ത്ഥം ഗമിക്കുന്നതിന്നതിന്‍
കാരണം മന്ഥരയല്ല, കൈകേയിയ-
ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ
വിഷ്ണു ഭഗവാന്‍ ജഗന്മയന്‍ മാധവന്‍
വിഷ്ണു മഹാമായാദേവി ജനകജാ
സൃഷ്ടിസ്തിതിലയകാരിണിതന്നോടും
പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോള്‍
ഇന്നലെ നാരദന്‍ വന്നുചൊന്നാനവന്‍
തന്നോടു രാഘവന്‍ താനുമരുള്‍ ചെയ്തു:
‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാന്‍
വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’
എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ-
നിന്നു വിഷാദം കളവിനെല്ലാവരും
രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
രാമരാമേതി ജപിപ്പിനെല്ലാരുമേ
സിദ്ധിക്കയില്ലതേയല്ല കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിര്‍ണ്ണയം
ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത
നിഷ്ക്കളന്‍ നിര്‍ഗുണനാത്മാ രഘൂത്തമന്‍
ന്യൂനാതിരേകവിഹീനന്‍ നിരഞ്ജന-
നാനന്ദപൂര്‍ണ്ണനനന്തനനാകുലന്‍
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി-
നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?
ഭക്തജനാനാം ഭജനാര്‍ത്ഥമായ് വന്നു
ഭക്തപ്രിയന്‍ പിറന്നീടിനാന്‍ ഭൂതലേ
പംക്തിരഥാഭീഷ്ടസിദ്ധ്യര്‍ത്ഥമായ് വന്നു
പംക്തികണ്ഠന്‍ തന്നെക്കൊന്നു ജഗത്രയം
പാലിപ്പതിന്നായവതരിച്ചീടിനാന്‍
ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍’
രാമവിഷയമീവണ്ണമരുള്‍ ചെയ്തു
വാമദേവന്‍ വിരമിച്ചോരനന്തരം
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടന്‍
പൌരജനം പരമാനന്ദമായൊരു
വാരാന്നിധിയില്‍ മുഴുകിനാരേവരും
‘രാമസീതാരഹസ്യം മുഹുരീദൃശ-
മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്ലാം
രാമദേവങ്കലുറച്ചൊരു ഭക്തിയു-
മാമയനാശവും സിദ്ധിയ്ക്കുമേവനും
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിന്‍ കാരണം
രാമപ്രിയന്മാര്‍ ഭവാന്മാരെന്നോര്‍ത്തു ഞാന്‍
രാമതത്വം പരമോപദേശം ചെയ്തു’
താപവും തീര്‍ന്നിതു പൌരജനങ്ങള്‍ക്കു
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി.