ഡൗണ്‍ലോഡ്‌ MP3

അത്രേ: പുത്രതയാ പുരാ ത്വമനസൂയായ‍ാം ഹി ദത്താഭിധോ
ജാത: ശിഷ്യനിബന്ധതന്ദ്രിതമനാ: സ്വസ്ഥശ്ചരന്‍ കാന്തയാ |
ദൃഷ്ടോ ഭക്തതമേന ഹേഹയമഹീപാലേന തസ്മൈ വരാ-
നഷ്ടൈശ്വര്യമുഖാന‍ന്‍ പ്രദായ ദദിഥ സ്വേനൈവ ചാന്തേ വധം || 1 ||

പണ്ട് നിന്തിരുവടി അത്രിമഹര്‍ഷിയുടെ പുത്രനായിട്ട് ഋഷിപത്നിയായ അനസൂയയി‍ല്‍ ദത്താത്രേയന്‍ എന്ന പ്രസിദ്ധനായി അവതരിച്ച് ശിഷ്യന്മാരുടെ നിര്‍ബന്ധത്താ‍ല്‍ മടുത്ത മനസ്സോടുകൂടിയവനായി ഭാര്യയോടുകൂടി സ്വസ്ഥചിത്തനായി സഞ്ചരിക്കുമ്പോ‍ള്‍ പരമഭക്തനായ ഹേഹയരാജാവിനാ‍ല്‍ ദര്‍ശിക്കപ്പെട്ടവനായി അദ്ദേഹത്തിന്നു അഷ്ടൈശ്വര്യങ്ങ‍ള്‍ തുടങ്ങിയ വരങ്ങളെ കൊടുത്ത് അവസാനത്തി‍ല്‍ തന്നില്‍നിന്നുതന്നെ വധത്തേയും വരമായി നല്കി.

സത്യം കര്‍ത്തുമഥാര്‍ജ്ജുനസ്യ ച വരം തച്ഛക്തിമാത്രാനതം
ബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേര്‍ഭരം |
സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായ‍ാം ഹരേ
രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സമ്മദം || 2 ||

ഹേ ഭഗവന്‍ ! അനന്തരം നിന്തിരുവടി കാര്‍ത്തവീര്‍യ്യാ‍ര്‍ജ്ജുനന്നു കൊടുത്ത വരത്തെ സത്യമാക്കിത്തീര്‍പ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണദ്വേഷിയും ഭൂമിക്കും ഭാരവുമായിത്തീര്‍ന്നിട്ടുള്ള രാജവംശം മുഴുവ‍ന്‍ ഒടുക്കുന്നതിന്നുമായി ഭൃഗുവംശത്തില്‍ ജമദഗ്നിമഹര്‍ഷിയില്‍നിന്നു രേണുകാദേവിയി‍ല്‍ രാമനെന്ന പ്രശസ്തമായ പേരോടുകൂടി അവരുടെ പുത്രന്മാരില്‍ ഇളയവനായി ജനിച്ചു. മാതാപിതാക്കന്മാര്‍ക്ക് സന്തോഷത്തെ നല്കി.

ലബ്ധാമ്നായഗണശ്ചതുര്‍ദശവയാ ഗന്ധര്‍വ്വരാജേ മനാ-
ഗാസക്ത‍ാം കില മാതരം പ്രതി പിതു: ക്രോധാകുലസ്യാജ്ഞയാ |
താതാജ്ഞാതിഗസോദരൈ: സമമിമ‍ാം ഛിത്വാഥ ശാന്താത് പിതു-
സ്തേഷ‍ാം ജീവനയോഗമാപിഥ വരം മാതാ ച തേദാദ്വരാന്‍ || 3 ||

പതിന്നാലു വയസ്സുമാത്രം പ്രായമുള്ളവനും വേദം വേദ‍ാംഗം മുതലായവയെല്ല‍ാം അഭ്യസിച്ചവനുമായ നിന്തിരുവടി ചിത്രരഥനെന്ന ഗന്ധര്‍വ്വരാജാവില്‍ അല്പം ആസക്തയെന്നതുപോലെയിരുന്ന അമ്മയുടെ നേര്‍ക്ക് കോപാവിഷ്ടനായിരുന്ന അച്ഛന്റെ ആജ്ഞയാല്‍ പിതാവിന്റെ ആജ്ഞയെ അവഗണിച്ച സഹോദരന്മാരോടുകൂടി ഇവളുടെ തലയറുത്ത് അനന്തരം ശാന്തനായിത്തീര്‍ന്ന പിതാവില്‍നിന്നു അവരുടെ ജീവിതലാഭമാകുന്ന വരത്തെ ലഭിച്ചു; മാതാവും അങ്ങയ്ക്കു വരങ്ങള്‍ നല്കി.

പിത്രാ മാതൃമുദേ സ്തവാഹൃതവിയദ്ധേനോര്‍ന്നിജാദാശ്രമാത്
പ്രസ്ഥായാഥ ഭൃഗോര്‍ഗ്ഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം |
ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം
പ്രാപ്തോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമ: സ്വാശ്രമം || 4 ||

അനന്തരം പിതാവിനാല്‍ മാതാവിന്റെ സന്തോഷത്തിന്നുവേണ്ടി സ്തുതിച്ചുവരുത്തപ്പെട്ട കാമധേനുവിനോടുകൂടിയ തന്റെ ആശ്രമത്തില്‍നിന്ന് ഭൃഗുമഹര്‍ഷിയുടെ ആജ്ഞയനുസരിച്ച് പുറപ്പെട്ട് ഹിമാലയപര്‍വ്വതത്തില്‍ ഉമാപതിയായ പരമേശ്വരനെ ആരാധിച്ച് അദ്ദേഹത്തിന്റെ പരശുവെന്ന ദിവ്യായുധത്തെ കൈക്കലാക്കി അദ്ദേഹം പറഞ്ഞ അസുരനെ നിഗ്രഹിച്ച് ദിവ്യാസ്ത്രങ്ങളെല്ല‍ാം ലഭിച്ച് അകൃതവ്രണനെന്ന മഹര്‍ഷിയെ മിത്രമായി ലഭിച്ചിട്ട് നിന്തിരുവടി സ്വന്തം ആശ്രമത്തിലേക്ക് തിരിച്ചെത്തി.

ആഖേടോപഗതോര്‍ജ്ജുന: സുരഗവീസമ്പ്രാപ്തസമ്പദ്ഗണൈ-
സ്ത്വത്പിത്രാ പരിപൂജിത: പുരഗതോ ദുര്‍മ്മന്ത്രിവാചാ പുന: |
ഗ‍ാം ക്രേതും സചിവം ന്യയുങ്‍ക്ത കുധിയാ തേനാപി രുന്ധന്മുനി-
പ്രാണക്ഷേപസരോഷഗോഹതചമൂചക്രേണ വത്സോ ഹൃത: || 5 ||

നായാട്ടിനായി വനത്തില്‍ വന്നെത്തിയ കാര്‍ത്തവീര്‍യ്യാര്‍ജ്ജുന‍ന്‍ കാമധേനുവില്‍നിന്ന് ലഭിച്ച ഭോഗ്യവസ്തുക്കളെക്കൊണ്ട് അങ്ങയുടെ പിതാവിനാ‍ല്‍ വഴിപോലെ പൂജിക്കപ്പെട്ടവനായി രാജധാനിയെ പ്രാപിച്ച ദുഷ്ടന്മാരായ മന്ത്രിമാരുടെ ദുരുപദേശത്താല്‍ പിന്നീട് കാമധേനുവിനെ വാങ്ങിക്കൊണ്ടുവരുവാ‍ന്‍ ഒരു മന്ത്രിയെ നിയോഗിച്ചയച്ചു.  ദുര്‍ബുദ്ധിയോടുകൂടിയ അവനാലാകട്ടെ തന്നോടെതിര്‍ത്ത മുനിയുടെ വധത്താല്‍ കോപിഷ്ഠനായ കാമധേനുവിനാ‍ല്‍ നശിപ്പിക്കപ്പെട്ടു സൈന്യത്തൊടു കൂടിയവനായിട്ട് പശുക്കുട്ടി അപഹരിക്കപ്പെട്ടു.

ശുക്രോജ്ജീവിതതാതവാക്യചലിതക്രോധോഥ സഖ്യാ സമം
ബിഭ്രദ്ധ്യാതമഹോദരോപനിഹിതം ചാപം കുഠാരം ശരാന്‍ |
ആരൂഢ: സഹവാഹയന്തൃകരഥം മാഹിഷ്മതീമാവിശന്‍
വാഗ്ഭിര്‍വത്സമദാശുഷി ക്ഷിതിപതൗ സമ്പ്രാസ്തുഥാ: സംഗരം || 6 ||

അനന്തരം നിന്തിരുവടി ശുക്രമഹര്‍ഷിയാ‍ല്‍ ജീവിക്കപ്പെട്ട അച്ഛന്റെ വാക്കുകളാ‍ല്‍ ഇളക്കപ്പെട്ട കോപത്തോടുകൂടിയവനായി ധ്യാനിക്കപ്പെട്ട മഹോദരനാല്‍ കൊണ്ടുവരപ്പെട്ട വില്ല്, കഠാരി, ശരങ്ങളെന്നിവ ധരിച്ചുകൊണ്ട് സഖാവായ മഹര്‍ഷിയോടുകൂടി കുതിരകളോടും സാരഥിയോടുംകൂടിയ തേരി‍ല്‍ കയറി മാഹിഷ്മരാജധാനിയില്‍ പ്രവേശിച്ച് സാമവാക്കുകല്‍കൊണ്ട് ആ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനരാജാവ് പശുക്കിടാവിനെ തിരികെ തരാതിരുന്നപ്പോ‍ള്‍ യുദ്ധം ആരംഭിച്ചു.

പുത്രാണാമയുതേന സപ്തദശഭിശ്ചാക്ഷൗഹിണീഭിര്‍മഹാ-
സേനാനീഭിരനേകമിത്രനിവഹൈര്വ്യാജൃംഭിതായോധന: |
സദ്യസ്ത്വത്കകുഠാരബാണവിദലന്നിശ്ശേഷസൈന്യോത്കരോ
ഭീതിപ്രദ്രുതനഷ്ടശിഷ്ടതനയസ്ത്വാമാപതത് ഹേഹയ: || 7 ||

ആ ഹേഹയാധിപന്‍ പതിനായിരം പുത്രന്മാരാലും പതിനേഴു അക്ഷൗഹിണിപടയാലും മഹാന്മാരായ സേനനായകന്മാരാലും മറ്റനവധി സുഹൃത്തുക്കളാലും വര്‍ദ്ധിക്കപ്പെട്ട യുദ്ധത്തോടുകൂടിയവനും, ക്ഷണനേരംകൊണ്ട് അങ്ങയുടെ കഠാരത്താലും ബാണത്താലും പിളര്‍ക്കപ്പെട്ട എല്ലാ സൈന്യത്തോടും കൂടിയവനായിട്ട് പേടിച്ചോടിയവ‍ര്‍, ചത്തൊടുങ്ങിയവര്‍ ഇവരി‍ല്‍ നിന്നും ശേഷിച്ച പുത്രന്മാരോടുകുടി നിന്തിരുവടിയോട് എതിരിട്ടു.

ലീലാവാരിതനര്‍മ്മദാജലവലല്ലങ്കേശഗര്‍വ്വാപഹ-
ശ്രീമദ്ബാഹുസഹസ്രമുക്തബഹുശസ്ത്രാസ്ത്രം നിരുന്ധന്നമും |
ചക്രേ ത്വയ്യഥ വൈഷ്ണവേപി വിഫലേ ബുദ്ധ്വാ ഹരിം ത്വ‍ാം മുദാ
ധ്യായന്തം ഛിതസര്വദോഷമവധീ: സോഗാത് പരം തേ പദം || 8 ||

കളിയായി തടുക്കപ്പെട്ട നര്‍മ്മദാനദിയിലെ ജലത്തി‍ല്‍ മുഴുകിയ രാവണന്റെ ഗര്‍വ്വം ശമിപ്പിച്ച ഭംഗിയേറിയ ആയിരം കൈകളാല്‍ പ്രയോഗിക്കപ്പെട്ട ശസ്ത്രാസ്ത്രങ്ങളെ തടുക്കവേ, വൈഷ്ണവമായ ചക്രംകൂടി അങ്ങയി‍ല്‍ നിഷ്ഫലമായിത്തീര്‍ന്നപ്പോ‍ള്‍ നിന്തിരുവടിയെ മഹാവിഷ്ണുവാണെന്നറിഞ്ഞ് സന്തോഷത്തോടുകൂടി അങ്ങയെ ധ്യാനിക്കുന്ന ഈ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനനെ നിന്തിരുവടി കന്മഷങ്ങളെയെല്ല‍ാം നശിപ്പിച്ച് നിഗ്രഹിച്ചു; അദ്ദേഹം അങ്ങയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്തു.

ഭൂയോമര്‍ഷിതഹേഹയാത്മജഗണൈസ്താതേ ഹതേ രേണുകാ-
മാഘ്നാന‍ാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോര‍ാം പ്രതിജ്ഞ‍ാം വഹന്‍ |
ധ്യാനാനീതരഥായുധസ്ത്വമകൃഥാ വിപ്രദ്രുഹ: ക്ഷത്രിയാന‍ന്‍
ദിക്ചക്രേഷു കുഠാരയന‍ന്‍ വിശിഖയന്‍ നി:ക്ഷത്രിയ‍ാം മേദിനീം || 9 ||

വീണ്ടും കോപാകുലന്മാരായ അര്‍ജ്ജുനന്റെ പുത്രന്മാരാല്‍ അച്ഛന്‍ വധിക്കപ്പെട്ട സമയം പലപ്രവശ്യം മാറത്തടിച്ചു കരയുന്നവളായ മാതാവായ രേണുകയെ കണ്ടിട്ട് ഭയങ്കരമായ പ്രതിജ്ഞയെ ചെയ്തുകൊണ്ട് നിന്തിരുവടി ധ്യാനിച്ചു വരുത്തപ്പെട്ട തേരോടും ആയുധത്തോടുംകൂടി കൊന്നൊടുക്കിയും ബാണങ്ങള്‍കൊണ്ടു തകര്‍ത്തും ഭൂമിയെ ക്ഷത്രിയന്മാരില്ലാത്തതാക്കിത്തീര്‍ത്തു.

താതോജ്ജീവനകൃന്നൃപാലകകുലം ത്രിസ്സപ്തകൃത്വോ ജയന്‍
സന്തര്‍പ്യഥ സമന്തപഞ്ചകമഹാരക്തഹൃദൗഘേ പിതൃന്‍
യജ്ഞേ ക്ഷ്മാമപി കാശ്യപാദിഷു ദിശന‍ന്‍ സാല്വേന യുധ്യന്‍ പുന:
കൃഷ്ണോമും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരൈര്‍ഭവാന‌‍ന്‍ ||10||

അനന്തരം നിന്തിരുവടി പിതാവിനെ ജീവിപ്പിച്ച് ഇരുപത്തൊന്നു വട്ടം ക്ഷത്രിയവംശത്തെ ജയിച്ച് സമന്തപഞ്ചകമെന്ന സ്ഥലത്തില്‍ ക്ഷത്രിയ രക്തംകൊണ്ട് നിര്‍ക്കിക്കപ്പെട്ട വലിയ ഹ്രദങ്ങളിലെ രക്തപ്രവാഹങ്ങളില്‍ പിതൃക്കള്‍ക്ക് ത‍ര്‍പ്പണം ചെയ്തിട്ട് യാഗത്തി‍ല്‍ ഭൂമിയേയും കാശ്യപന്‍ മുതലായ ഋത്വിക്കുകളി‍ല്‍ ദാനംചെയ്തു, പിന്നെ സാല്വരാജാവിനോടുകൂടി യുദ്ധം ചെയ്തുകൊണ്ടിരിക്കെ കൃഷ്ണാവതാരത്തി‍ല്‍ ഇവനെ നിഗ്രഹിച്ചുകൊള്ളും എന്നിങ്ങിനെ സനത്കുമാരാദികളി‍ല്‍ യുദ്ധത്തില്‍നിന്ന് നിവര്‍ത്തിക്കപ്പെട്ടു.

ന്യസ്യാസ്ത്രാണി മഹേന്ദ്രഭൂഭൃതി തപസ്തന്വന്‍ പുനര്‍മ്മജ്ജിത‍ാം
ഗോകര്‍ണാവധി സാഗരേണ ധരണീം ദൃഷ്ട്വാര്‍ത്ഥിതസ്താപസൈ: |
ധ്യാതേഷ്വാസധൃതാനലാസ്ത്രചകിതം സിന്ധും സ്രുവക്ഷേപണാ-
ദുത്സാര്യോദ്ധൃതകേരലോ ഭൃഗുപതേ വാതേശ സംരക്ഷ മ‍ാം ||11||

ഹേ പരശുചാമസ്വരുപിയായ ഗുരുവായൂരപ്പ! ആയുധങ്ങളുപേക്ഷിച്ച് മഹേന്ദ്ര പര്‍വ്വതത്തി‍ല്‍ തപസ്സുചെയ്തുകൊണ്ടിരിക്കവേ പിന്നെ ഗോകര്‍ണ്ണംവരെയുള്ള ഭൂമി സമുദ്രത്താല്‍ മുക്കപ്പെട്ടത്തായി കണ്ട് താപസന്മാരാ‍ല്‍ പ്രാര്‍ത്ഥിക്കപ്പെട്ടവനായി ധ്യാനിച്ചു വരുത്തപ്പെട്ട വില്ലി‍ല്‍ തൊടുത്ത ആഗ്നേയാസ്ത്രത്തില്‍നിന്നു ഭീതനായ സമുദ്രത്തെ സ്രുവം എടുത്തെറിഞ്ഞ് ഒഴിച്ചുനിര്‍ത്തി കേരളത്തെ ഉദ്ധരിച്ച നിന്തിരുവടി എന്നെ രക്ഷിച്ചരൂളേണമേ !

പരശുരാമാവതാരവര്‍ണ്ണനം എന്ന മുപ്പത്താറ‍ാംദശകം സമാപ്തം
ആദിതഹ് ശ്ലോകാഃ 375.
നവമസ്കന്ധം സമാപ്തം.
വൃത്തം. ശാര്‍ദൂലവിക്രീഡിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.