ദശമ സ്കന്ധഃ
സാന്ദ്രാനന്ദതനോ ഹരേ നനു പുരാ ദൈവാസുരേ സംഗരേ
ത്വത്കൃത്താ അപി കര്‍മ്മശേഷവശതോ യേ തേ ന യാതാ ഗതിം |
തേഷാം ഭൂതലജന്മനാം ദിതിഭുവാം ഭാരേണ ദൂരാര്‍ദ്ദിതാ
ഭൂമി: പ്രാപ വിരിഞ്ചമാശ്രിതപദം ദേവൈ: പുരൈവാഗതൈ: || 1 ||
സാന്ദ്രാനന്ദസ്വരുപിയായ ഹേ ഭഗവന്‍! പണ്ട് ദേവാസുരയുദ്ധത്തില്‍ നിന്തിരുവടിയാല്‍ വധിക്കപ്പെട്ടിട്ടും കൂടി ജന്മാന്തരകര്‍മ്മം അവസ്സനിക്കാത്തതുകൊണ്ട് യാതൊരുവര്‍ക്കു മോക്ഷം ലഭിച്ചില്ലയോ, ഭൂമിയില്‍ വീണ്ടും ജനിച്ച ആ അസുരന്മാരുടെ ഭാരംകൊണ്ട് ഏറ്റവും പരവശയായി മുമ്പില്‍തന്നെ അവിടെ എത്തിച്ചേര്‍ന്നവരായ ദേവന്മാരോടുകൂടി ശരണസ്ഥാനമായ ബ്രഹ്മദേവനെ ശരണം പ്രാപിച്ചു.
ഹാ ഹാ ദുര്‍ജ്ജനഭൂരിഭാരമഥിതാം പാഥോനിധൗ പാതുകാ-
മേതാം പാലയ ഹന്ത മേ വിവശതാം സമ്പൃച്ഛ ദേവാനിമാന്‍ |
ഇത്യാദിപ്രചുരപ്രലാപവിവശാമാലോക്യ ധാതാ മഹീം
ദേവാനാം വദനാനി വീക്ഷ്യ പരിതോ ദധ്യൗ ഭവന്തം ഹരേ ||2||
കഷ്ടം ! കഷ്ടം ! ദുഷ്ടന്മാരുടെ വര്‍ദ്ധിച്ച ഭാരത്താല്‍ പീഡിക്കപ്പെടുന്നവളും സമുദ്രത്തില്‍ മുങ്ങിപ്പോകുവാന്‍ തുടങ്ങുന്നവളുമായ ഇവളെ രക്ഷിക്കേണമേ ! കഷ്ടം ! എന്റെ പാരവശ്യത്തെ ഈ ദേവന്മാരോട് ചോദിച്ചുനോക്കണേ ! എന്നിങ്ങിനെ പലവിധത്തില്‍ വിലപിച്ചു പരവശയായിരിക്കുന്നു ഭൂമിദേവിയെ കണ്ട് ബ്രഹ്മാവു ചുറ്റം നില്ക്കുന്ന ദേവന്മാരുടെ വാടിയ മുഖങ്ങളേ നോക്കി, ഹേ ഭഗവന്‍ ! നിന്തിരുവടിയെ ധ്യാനിച്ചു.
ഊചേ ചാംബുജഭൂരമൂനയി സുരാ: സത്യം ധരിത്ര്യാ വചോ
നന്വസ്യാ ഭവതാം ച രക്ഷണവിധൗ ദക്ഷോ ഹി ലക്ഷ്മീപതി: |
സര്‍വ്വേ ശര്‍വ്വപുരസ്സരാ വയമിതോ ഗത്വാ പയോവാരിധിം
നത്വാ തം സ്തുമഹേ ജവാദിതി യയു: സാകം തവാകേതനം || 3 ||
അനന്തരം ആ ബ്രഹ്മദേവന്‍ അവരോടായി ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തു; “ അല്ലേ ദേവന്മാരേ! ഭൂമി ഉണര്‍ത്തിച്ചത് വാസ്തവംതന്നെ; ഇവളുടേയും നിങ്ങളുടേയും രക്ഷാവിഷയത്തില്‍ ശ്രീകാന്തനായ മഹാവിഷ്ണൂതന്നെയാണ് കഴിവുള്ളവന്‍; ശ്രീ പരമേശ്വരനോടുകൂടി നമുക്കെല്ലാവര്‍ക്കും ഇവിടെനിന്ന് പാലാഴിയിലേക്കു പോയി അദ്ദേഹത്തെ നമസ്കരിച്ച് വേഗം സ്തുതിക്കുക’ എന്നിങ്ങിനെ അവരോടൊന്നിച്ച് അങ്ങയുടെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക് യാത്രയായി.
തേ മുഗ്ധാനിലശാലി ദുഗ്ധജലധേസ്തീരം ഗതാസ്സംഗതാ
യാവത്ത്വത്പദചിന്തനൈകമനസസ്താവത് സ പാഥോജഭൂ: |
ത്വദ്വാചം ഹൃദയേ നിശമ്യ സകലാനാനന്ദയന്നൂചിവാ-
നാഖ്യാത: പരമാത്മനാ സ്വയമഹം വാക്യം തദാകര്‍ണ്യതാം || 4 ||
അവര്‍ മനംകുളുര്‍ക്കുമാറു ഇളംകാറ്റു വീശിക്കൊണ്ടിരുന്ന പാലാഴിയുടെ തീരത്തില്‍ ചെന്ന് എല്ലാവരുമൊരുമിച്ച് അങ്ങയുടെ തൃപ്പദങ്ങളെ ഏകാഗ്രമായ മനസ്സോടുകൂടി ധ്യാനിച്ചുകൊണ്ടിരുന്ന സമയം ആ ബ്രഹ്മദേവന്‍ അങ്ങയുടെ വാക്കുകളെ മനസ്സില്‍ കേട്ടറിഞ്ഞ് എല്ലാവരേയും ആനന്ദിപ്പിച്ചുകൊണ്ട് ഇപ്രകാരം അരുളിചെയ്തു; “ഞാന്‍ പരമാത്മസ്വരൂപിയായ ഭഗവാനാല്‍ നേരിട്ട് അരുളിച്ചെയ്യപ്പെട്ട ആ വാക്കുകളെ കേട്ടുകൊള്‍വിന്‍ ”
ജാനേ ദീനദശാമഹം ദിവിഷദാം ഭൂമേശ്ച ഭീമൈര്‍ ന്നൃപൈ-
സ്തത്ക്ഷേപായ ഭവാമി യാദവകുലേ സോഹം സമഗ്രാത്മനാ |
ദേവാ വൃഷ്ണികുലേ ഭവന്തു കലയാ ദേവാംഗനാശ്ചാവനൗ
മത്സേവാര്‍ഥമിതി ത്വദീയവചനം പാഥോജഭൂരൂചിവാന്‍ || 5 ||
ഭയങ്കരന്മാരായ രാജാക്കന്മാരാല്‍ ഭൂമിക്കും ദേവന്മാര്‍ക്കൂം നേരിട്ടിട്ടുള്ള വിനാശത്തിന്നായി യദുവംശത്തിള്‍ പരിപൂണ്ണമായ കലയോടുകൂടി അവതരിക്കുന്നുണ്ട്, ഭൂമിയില്‍ എന്നെ പരിചരിക്കുന്നതിന്നുവേണ്ടി ദേവന്മാരും ദേവസ്ത്രീകളും അംശങ്ങള്‍കൊണ്ട് വൃഷ്ണിവംശത്തില്‍ ജനിക്കട്ടെ ! എന്നിങ്ങനെ അങ്ങയുടെ കല്പനയേ ബ്രഹ്മദേവന്‍ ഉണര്‍ത്തിച്ചു.
ശ്രുത്വാ കര്‍ണ്ണരസായനം തവ വച: സര്‍വ്വേഷു നിര്‍വ്വാപിത-
സ്വാന്തേഷ്വീശ ഗതേഷു താവകകൃപാപീയൂഷതൃപ്താത്മസു |
വിഖ്യാതേ മധുരാപുരേ കില ഭവത്സാന്നിധ്യപുണ്യോത്തരേ
ധന്യാം ദേവകനന്ദനാമുദവഹദ്രാജാ സ ശൂരാത്മജ: || 6 ||
ഹേ ഭഗവന്‍ ! ചെവിക്കമൃതമായിരുന്ന അങ്ങയുടെ വാക്യത്തെ കേട്ട് അവരെല്ലാവരും അങ്ങയുടെ കാരുണ്യാമൃതംകൊണ്ട് സംതൃപ്തരായി മനസ്സമാധാനത്തോടുകൂടി മടങ്ങിപ്പോയപ്പോള്‍ അങ്ങയുടെ സാന്നിദ്ധ്യവിശേഷത്താല്‍ പരിശുദ്ധമായി പ്രസിദ്ധിയാര്‍ന്ന മധുരപുരിയില്‍ ശൂരസേനന്റെ പുത്രനായ ആ രാജാവു വസുദേവന്‍ ധന്യനായ ദേവന്റെ പുത്രിയായ ദേവകിയെ വിവാഹം ചെയ്തുവത്രെ.
ഉദ്വാഹാവസിതൗ തദീയസഹജ: കംസോഥ സമ്മാനയ-
ന്നേതൗ സൂതതയാ ഗത: പഥി രഥേ വ്യോമോത്ഥയാ ത്വദ്ഗിരാ |
അസ്യാസ്ത്വാമതിദുഷ്ടമഷ്ടമസുതോ ഹന്തേതി ഹന്തേരിത:
സന്ത്രാസാത് സ തു ഹന്തുമന്തികഗതാം തന്വീം കൃപാണീമധാത് || 7 ||
അനന്തരം വിവാഹത്തിന്റെ അവസാനത്തില്‍ അവളുടെ സഹോദരനായ കംസന്‍ ഈ വധൂവരന്മാരെ ബഹുമാനിച്ച് സാരഥ്യം സ്വീകരിച്ചുംകൊണ്ട് രാജമാര്‍ഗ്ഗത്തില്‍കൂടി തേരോടിച്ചു പോകുമ്പോള്‍’ ഇവളുടെ എട്ടാമത്തെ പുത്രന്‍ പരമദുഷ്ടനായിരിക്കുന്ന നിന്നെ കൊല്ലും” എന്നിപ്രകാരം ആകാശത്തില്‍നിന്നും ഉണ്ടായ അങ്ങയുടെ വചനത്താല്‍ പറഞ്ഞറിയിക്കപ്പെട്ടു. അവനാകട്ടെ മരണഭയം നിമിത്തം സ്വസമീപത്തിലിരിക്കുന്ന ആ പെണ്‍കൊടിയെ കൊല്ലുവാന്‍ വാളെടുത്തു കഷ്ടം !
ഗൃഹ്ണാനശ്ചികുരേഷു താം ഖലമതി: ശൗരേശ്ചിരം സാന്ത്വനൈ-
ര്‍ന്നോ മുഞ്ചന്‍ പുനരാത്മജാര്‍പ്പണഗിരാ പ്രീതോഥ യാതോ ഗൃഹാന്‍ |
ആദ്യം ത്വത്സഹജം തഥാര്‍പ്പിതമപി സ്നേഹേന നാഹന്നസൗ
ദുഷ്ടാനാമപി ദേവ പുഷ്ടകരുണാ ദൃഷ്ടാ ഹി ധീരേകദാ || 8 ||
ദുര്‍ബുദ്ധിയായ അവന്‍ അവളെ തലമുടിയില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് ശുരസേനനാത്മജന്റെ സാമവാക്യങ്ങളാലും വളരെ നേരത്തേക്ക് വിടാതെയിരുന്നതുകൊണ്ട് പിന്നീടുണ്ടായ ‘പുത്രന്മാരെ സമര്‍പ്പിച്ചുകൊള്ളാം” എന്നുള്ള വാക്യത്താല്‍ സന്തുഷ്ടനായി സ്വഭവനത്തിലേക്കു മടങ്ങി. അതിന്നുശേഷം അതിന്നനുസരിച്ചുതന്നെ സമര്‍പ്പിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ അങ്ങയുടെ സഹോദരനെ അവന്‍ സ്നേഹം നിമിത്തം വധിച്ചില്ല. അല്ലയോ ദേവ! ദുഷ്ടന്മാരുടെ ഹൃദയവും ചില സമയങ്ങളില്‍ വര്‍ദ്ധിച്ച കരുണയോടു കൂടിയതായി കാണപ്പെടുന്നുണ്ടല്ലോ.
താവത്ത്വന്മനസൈവ നാരദമുനി: പ്രോചേ സ ഭോജേശ്വരം
യൂയം നന്വസുരാ: സുരാശ്ച യദവോ ജാനാസി കിം ന പ്രഭോ |
മായാവീ സ ഹരിര്‍ഭവദ്വധകൃതേ ഭാവീ സുരപ്രാര്‍ത്ഥനാ-
ദിത്യാകര്‍ണ്യ യദൂനദൂധുനദസൗ ശൗരേശ്ച സൂനൂനഹന്‍ || 9 ||
ആ സമയം ആ നാരദമുനി അങ്ങയുടെ മനോഗതമനുസരിച്ചുതന്നെ ഭോജരാജാവിനോട് ഇപ്രകാരം പറഞ്ഞു. ‘അല്ലേ പ്രഭോ! നിങ്ങളെല്ലാം അസുരന്മാരാണ്. യാദവന്മാര്‍ സുരന്മാരുമാണെന്നുള്ളതു അങ്ങ് അറിയുന്നില്ല. മായാവിയായ ആ ശ്രീഹരി ദേവകളുടെ അപേക്ഷയനുസരിച്ച് നിങ്ങളെ നിഗ്രഹിക്കുന്നതിന്നായി അവതരിക്കുവാന്‍ പോകുന്നു” എന്നിങ്ങനെയുള്ള വാക്കുകളെ കേട്ടിട്ട് ഇവന്‍ (കംസന്‍) വസുദേവപുത്രന്മാരെ കൊല്ലുകയും യാദവന്മാരെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു.
പ്രാപ്തേ സപ്തമഗര്‍ഭതാമഹിപതൗ ത്വത്പ്രേരണാന്മായയാ
നീതേ മാധവ രോഹിണീം ത്വമപി ഭോ:സച്ചിത്സുഖൈകാത്മക: |
ദേവക്യാ ജഠരം വിവേശിഥ വിഭോ സംസ്തൂയമാന: സുരൈ:
സ ത്വം കൃഷ്ണ വിധൂയ രോഗപടലീം ഭക്തിം പരാം ദേഹി മേ || 10 ||
ഹേ ലക്ഷീകാന്ത! സര്‍പ്പേന്ദ്രനായ ആദിശേഷന്‍ ഏഴാം ഗര്‍ഭത്തെ പ്രാപിച്ച് അങ്ങയുടെ പ്രേരണകൊണ്ട് മായയാല്‍ രോഹിണിയില്‍ നയിക്കപ്പെട്ടതിന്റെ ശേഷം സച്ചിദാനന്ദസ്വരുപിയയ നിന്തിരുവടിയും ദേവകിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. സര്‍വ്വവ്യാപകനായ അല്ലയോ കൃഷ്ണ! ദേവകളാല്‍ സ്തുതിക്കപ്പെടുന്ന അപ്രകാരമുള്ള നിന്തിരുവടി എന്റെ രോഗസമൂഹത്തെ ഉന്മൂലനം ചെയ്യേണമേ! ഉല്‍കൃഷ്ടമായ ഭക്തിയെ നല്കിയരൂളേണമേ !
ശ്രീകൃഷ്ണാവതാരവര്‍ണ്ണനം എന്ന മുപ്പത്തേഴാം ദശകം സമാപ്തം.
ആദിതഃ ശ്ലോകഃ 388.
വൃത്തം. – ശാര്‍ദൂലവിക്രീഡിതം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.