ഡൗണ്‍ലോഡ്‌ MP3

ആനന്ദരൂപ ഭഗവന്നയി തേവതാരേ
പ്രാപ്തേ പ്രദീപ്തഭവദംഗനിരീയമാണൈ: |
കാന്തിവ്രജൈരിവ ഘനാഘനമണ്ഡലൈര്‍ദ്യാ-
മാവൃണ്വതീ വിരുരുചേ കില വര്‍ഷവേലാ || 1 ||

ആനന്ദരുപനായ ഹേ ഭഗവന്‍ ! അങ്ങയുടെ അവതാരസമയം സമീപ്പിച്ചപ്പോ‍ള്‍ ഉജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ അവയവങ്ങളില്‍നിന്നു പുറപ്പെട്ട ശോഭാസമൂഹങ്ങളോ എന്നു തോന്നുമാറ് ലസിച്ചിരുന്ന മേഘങ്ങളാല്‍ ആകാശദേശത്തെ ആവരണംചെയ്തുകൊണ്ട് വര്‍ഷകാലം ഏറ്റവും പ്രശോഭിച്ചു.

ആശാസു ശീതളതരാസു പയോദതോയൈ-
രാശാസിതാപ്തിവിവശേഷു ച സജ്ജനേഷു |
നൈശാകരോദയവിധൗ നിശി മധ്യമായ‍ാം
ക്ലേശാപഹസ്ത്രിജഗത‍ാം ത്വമിഹാവിരാസീ: || 2 ||

ദിക്കുകളെല്ല‍ാം മഴവെള്ളംകൊണ്ട് തണുത്തിരിക്കുമ്പോള്‍, സജ്ജനങ്ങള്‍ മനോരഥം നിറവേറിയതിനാല്‍ സന്തോഷപരവശരായിത്തീര്‍ന്നിരിക്കുന്ന സമയം, അര്‍ദ്ധ രാത്രിയി‍ല്‍‍, ചന്ദ്രോദയ സമയത്ത് മൂന്നു ലോകത്തിന്റെയും ക്ലേശനാശകനായ നിന്തിരുവടി ഈ ഭൂലോകത്തില്‍ അവതരിച്ചരുളി.

ബാല്യസ്പൃശാപി വപുഷാ ദധുഷാ വിഭൂതീ-
രുദ്യത്കിരീടകടക‍ാംഗദഹാരഭാസാ |
ശംഖാരിവാരിജഗദാപരിഭാസിതേന
മേഘാസിതേന പരിലേസിഥ സൂതിഗേഹേ || 3 ||

ബാലഭാവം കൈക്കൊണ്ടതായിരുന്നുവെങ്കിലും ഐശ്വര്യങ്ങളെ ധരിക്കുന്നതും ജാജ്വല്യമാനങ്ങളായ കിരീടം, കൈവളകള്‍‍, തോള്‍വളക‍ള്‍, മാലകള്‍,  ഇവയുടെ ശോഭ ചേര്‍ന്നതും, ശംഖം, ചക്രം, പത്മം, ഗദ ഇവകളാല്‍ ചുറ്റും പരിശോഭിച്ചുകൊണ്ടിരിക്കുന്നതും മേഘശ്യാമളവുമായ തിരുമേനികൊണ്ട് തിരുമാറിടത്തില്‍ ഈറ്റില്ലത്തി‍‍‍ല്‍ അങ്ങ് പരിലസിച്ചു.

വക്ഷ:സ്ഥലീസുഖനിലീനവിലാസിലക്ഷ്മീ-
മന്ദാക്ഷലക്ഷിതകടാക്ഷവിമോക്ഷഭേദൈ: |
തന്മന്ദിരസ്യ ഖലകംസകൃതാമലക്ഷ്മീ-
മുന്മാര്‍ജയന്നിവ വിരേജിഥ വാസുദേവ || 4 ||

അല്ലേ, വസുദേവസൂനോ! ഭവാന്‍ തിരുമാറിടത്തി‍ല്‍ സുഖമായി സ്ഥിതിചെയ്യുന്ന സൗന്ദര്യവതിയായ ലക്ഷ്മീദേവിയുടെ ലജ്ജാസമ്മിളിതങ്ങളായ കടാക്ഷവര്‍ഷങ്ങളുടെ പ്രകാരഭേദങ്ങളെകൊണ്ട്, ആ ഭവനത്തിന്ന് ദുരാത്മാവായ കംസനാല്‍ ഉണ്ടാക്കിത്തീര്‍ക്കപ്പെട്ട, ആശ്രീയെ അടിച്ചുവാരികളയുന്നവനെന്നപോലെ ശോഭിച്ചു.

ശൗരിസ്തു ധീരമുനിമണ്ഡലചേതസോപി
ദൂരസ്ഥിതം വപുരുദീക്ഷ്യ നിജേക്ഷണാഭ്യ‍ാം ||
ആനന്ദവാഷ്പപുലകോദ്ഗമഗദ്ഗദാര്‍ദ്ര-
സ്തുഷ്ടാവ ദൃഷ്ടിമകരന്ദരസം ഭവന്തം || 5 ||

വസുദേവനാകട്ടെ വികാരരഹിതന്മാരായ മഹര്‍ഷിവ‍യ്യന്മാരുടെ മനസ്സിനു പോലും അകന്നു സ്ഥിതിചെയ്യുന്ന (അവിഷയമായ) രമ്യവിഗ്രഹത്തെ സ്വന്തം കണ്ണുകളെക്കൊണ്ട് നോക്കിയിട്ട് സന്തോഷാശ്രു, രോമാഞ്ചം, തൊണ്ടയിടച്ച എന്നീ വികാരങ്ങളാല്‍ ആര്‍ദ്രഹൃദയനായി കണ്ണുകള്‍ക്ക് പൂന്തേന്‍കണക്കെ സുഖകരനായിരിക്കുന്ന നിന്തിരുവടിയെ സ്തുതിച്ചു.

ദേവ പ്രസീദ പരപൂരുഷ താപവല്ലീ-
നിര്‍ല്ലൂനദാത്രസമനേത്രകലാവിലാസിന്‍ |
ഖേദാനപാകുരു കൃപാഗുരുഭി: കടാക്ഷൈ-
രിത്യാദി തേന മുദിതേന ചിരം നുതോഭൂ: || 6 ||

“ഹേ പ്രകാശസ്വരുപിന്‍! പരമാത്മസ്വരൂപ! സന്താപവല്ലിയുടെ മൂലഛേദനം ചെയ്യുന്നതിനുള്ള സ‍ര്‍വ്വനിയന്താവായും സ്വ‍ാംശഭൂതനായ മായയെക്കൊണ്ട് സൃഷ്ട്യാദിലീലകളെ നിര്‍വഹിപ്പിക്കുന്നവനായും ഇരിക്കുന്ന ഭഗവ‍ന്‍! പ്രസാദിച്ചരുളിയാലും. കരുണാപരിപൂര്‍ണ്ണങ്ങളായ കടാക്ഷങ്ങളാ‍ല്‍ ദുഃഖങ്ങളെയെല്ല‍ാം ദൂരീകരിക്കേണമേ” എന്നി പ്രകാരം സംഹൃഷ്ടനായ അദ്ദേഹത്താല്‍ നിന്തിരുവടി വളരെനേരം സ്തുതിക്കപ്പെട്ടവനായി ഭവിച്ചു.

മാത്രാ ച നേത്രസലിലാസ്തൃതഗാത്രവല്യാ
സ്തോത്രൈരഭിഷ്ടുതഗുണ: കരുണാലയസ്ത്വം |
പ്രാചീനജന്മയുഗളം പ്രതിബോധ്യ താഭ്യ‍ാം
മാതുര്‍ഗിരാ ദധിഥ മാനുഷബാലവേഷം || 7 ||

കണ്ണുനീരില്‍ മുഴുകിയ ശരീരത്തോടുകൂടിയ മാതാവിനാലും സ്തവങ്ങളാല്‍ സ്തുതിക്കപ്പെട്ട ഗുണവിശേഷത്തോടുകൂടിയ കരുണാനിധിയായ ഭവാന്‍ അവര്‍ക്കായി പഴയ രണ്ടു ജന്മങ്ങളെപ്പറ്റിയും അറിയിച്ചിട്ട് അമ്മയുടെ വാക്കനുസരിച്ച് മനുഷ്യശിശുവിന്റെ രൂപം കൈക്കൊണ്ടു.

ത്വത്പ്രേരിതസ്തദനു നന്ദതനൂജയാ തേ
വ്യത്യാസമാരചയിതും സ ഹി ശൂരസൂനു: |
ത്വ‍ാം ഹസ്തയോരധൃത ചിത്തവിധാര്യമാര്യൈ-
രംഭോരുഹസ്ഥകലഹംസകിശോരരമ്യം || 8 ||

അതില്‍പിന്നെ ആ വസുദേവ‍ന്‍ അങ്ങയാ‍ല്‍ പ്രേരിക്കപ്പെട്ടവനായിട്ട് നന്ദഗോപന്റെ പുത്രിയുമായി അങ്ങയുടെ മാറ്റം സാധിക്കുന്നതിന്നുവേണ്ടി മഹര്‍ഷിമാരാ‍ല്‍ സ്മരിക്കപ്പെടുന്നവനും താമരപ്പുവിലിരിക്കുന്ന അരയന്നക്കുഞ്ഞെന്നപോലെ മനോഹരനായി കാണപ്പെടുന്നുവനുമായ നിന്തിരുവടിയെ കൈകളിലെടുത്തു.

ജാതാ തദാ പശുപസദ്മനി യോഗനിദ്രാ |
നിദ്രാവിമുദ്രിതമഥാകൃത പൗരലോകം |
ത്വത്പ്രേരണാത് കിമിവ ചിത്രമചേതനൈര്യദ്-
ദ്വാരൈ: സ്വയം വ്യഘടി സംഘടിതൈ: സുഗാഢം || 9 ||

അതിന്നുശേഷം നിന്തിരുവടിയുടെ പ്രേരണകൊണ്ട് നന്ദഗോപന്റെ ഗൃഹത്തില്‍ അവതരിച്ച യോഗമായാദേവി പുരവാസികളെ ഉറക്കത്തില്‍ ലയിപ്പിച്ചു.  ഇതിലെന്താശ്ചര്‍യ്യം! യാതൊരു ശക്തികൊണ്ട് ചേതനാശൂന്യങ്ങളും മുറുകെ പുട്ടപ്പെട്ടാവയുമായ കവാടങ്ങള്‍കൂടി തന്നെത്താ‍ന്‍ തുറന്നു.

ശേഷേണ ഭൂരിഫണവാരിതവാരിണാഥ
സ്വൈരം പ്രദര്‍ശിതപഥോ മണിദീപിതേന |
ത്വ‍ാം ധാരയന്‍ സ ഖലു ധന്യതമ: പ്രതസ്ഥേ
സോയം ത്വമീശ മമ നാശയ രോഗവേഗാന്‍  || 10 ||

അതിന്നുശേഷം അതിഭാഗ്യവാനായ അദ്ദേഹമാവട്ടെ അനവധി ഫണങ്ങളാല്‍ തടുക്കപ്പെട്ട മഴയോടുകൂടിയവനും രത്നങ്ങളാല്‍ പ്രശോഭിക്കുന്നവനുമായ ആദിശേഷനാല്‍ വഴി കാണിക്കപ്പെട്ടവനായിട്ട് അങ്ങയെ എടുത്തുകൊണ്ട് നിര്‍ബ്ബാധം പുറപ്പെട്ടു.  ഹേ ഭഗവന്‍! അപ്രകാരമുള്ള നിന്തിരുവടി എന്റെ രോഗശക്തിയെ നശിപ്പിക്കേണമേ !

ശ്രീകൃഷ്ണാവതാരവര്‍ണ്ണനം എന്ന മുപ്പത്തെട്ട‍ാം ദശകം സമാപ്തം. ആദിതഃ ശ്ലോകാഃ 395.
വൃത്തം : – വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.