വ്രജേശ്വരഃ ശൗരിവചോ നിശമ്യ
സമാവ്രജദ്ധ്വനി ഭീതചേതാഃ
നിഷ്പിഷ്ടനിശ്ശേഷതരും നിരീക്ഷ്യ
കശ്ചിത് പദാര്‍ത്ഥം, ശരണം ഗതസ്ത്വാം. || 1 ||
ഗോകുലനാഥനായ നന്ദഗോപന്‍ വസുദേവന്‍ പറഞ്ഞതിനെ കേട്ടിട്ട്, ഭയമാര്‍ന്ന ഹൃദയത്തോടെ വഴിയില്‍ക്കുടി നടന്നുപോരുമ്പോള്‍ വൃക്ഷങ്ങളെയെല്ലാം മറിച്ചു വീഴ്ത്തിക്കൊണ്ടു കിടക്കുന്ന ഏതൊ ഒരു വസ്തുവിനെ (പൂതനശരീരത്തെ) കണ്ടിട്ട് അങ്ങയെ ശരണം പ്രാപിച്ചു.
നിശമ്യ ഗോപിവചാനാദുദന്തം
സര്‍വ്വേപി ഗോപാ ഭയവിസ്മയാന്ധാഃ
ത്വത്പാതിതം ഘോരപിശാചദേഹം
ദേഹുര്‍വിദുരേഥ കുഠാരകൃത്തം || 2 ||
ഗോപികള്‍ പറയുകയാല്‍ വൃത്താന്തം കേട്ടറഞ്ഞിട്ട് ഗോപന്മാരെല്ലാവരും ഭയത്താലും ആശ്ചര്‍യ്യത്താലും സംമൂഢചിത്തത്തോടുകൂടിയവരായിത്തീര്‍ന്നു; അനന്തരം അങ്ങയാല്‍ വീഴ്ത്തപ്പെട്ട ഭയാനകമായ പൈശാചികശരീരത്തെ മഴുവിന്നാല്‍ വെട്ടിമുറിച്ച് വളരെ ദൂരെയായി ദഹിപ്പിച്ചു.
ത്വത്പീത പൂതസ്തന-തച്ഛരീരാത്
സമുച്ചലന്നുച്ചതരോ ഹി ധൂമഃ
ശങ്കാമധാ ദാഗരവഃ കിമേഷഃ
കീം ചാന്ദനോ, ഗൗല്‍ഗുലവോഥവേതി || 3 ||
നിന്തിരുവടി പാനംചെയ്തനിമിത്തം പരിശുദ്ധമായ്‍ത്തീര്‍ന്ന കുചങ്ങളെ വഹിക്കുന്ന അവളുടെ ശരീരത്തില്‍നിന്ന് ഉല്‍ഗമിച്ച് വളരെ ഉയര്‍ന്നുപൊങ്ങിയ ധൂമപടലം, ഇതി അകിലിന്റേതോ ചന്ദനത്തിന്റേതോ, അല്ലെങ്കില്‍ ഗുല്‍ഗുലുവിന്റേതായിരിക്കുമോ എന്നിങ്ങിനെയുള്ള സംശയത്തെ ഉണ്ടാക്കിത്തീര്‍ക്കുകതന്നെ ചെയ്തു.
‘മദംഗസംഗസ്യ ഫലം ന ദൂരേ,
ക്ഷണേന താവദ് ഭവതാമപി സ്യാത്’
ഇത്യുല്ലപന്‍ വല്ലവതല്ലജേഭ്യഃ
ത്വം പൂതനാമതനുഥാഃസുഗന്ധിഃ || 4 ||
എന്റെ അംഗസമ്പര്‍ക്കത്തിന്റെ ഫലം ദൂരത്തില്‍ അല്ല; നിങ്ങള്‍ക്കും താമസിയാതെതന്നെ അനുഭവപ്പെടും; എന്നിപ്രകാരം ആ ഉത്തമന്മാരായ ഗോപന്മാര്‍ക്കായി അറിയിച്ചുകൊണ്ട് നിന്തിരുവടി പൂതനയെ സുഗന്ധിയാക്കിച്ചെയ്തു.
‘ചിത്രം ! പിശാച്യ ന ഹതഃ കുമാരഃ
ചിത്രം ! പൂരൈവാകഥി ശൗരിണേദം
ഇതി പ്രശംസന്‍ കില ഗോപലോകോ
ഭവന്മുഖാലോകരസേ ന്യമാംക്ഷീത് || 5 ||
ഈ പിശാചിനാല്‍ ബാലകന്‍ കൊല്ലപ്പെട്ടില്ല ! വലിയ ആശ്ചര്‍യ്യം തന്നെ, ഇത് വാസുദേവനാല്‍ മുന്‍ക്കുട്ടിത്തന്നെ പറയപ്പെട്ടത് അത്ഭുതമായിരിക്കുന്നു, എന്നിങ്ങനെ കൊണ്ടാടികൊണ്ട് ഗോപന്മാര്‍ അങ്ങയുടെ കോമളവദനത്തെ കണ്‍കുളിരെ നോക്കിയതിനലുണ്ടായ ആനന്ദരസത്തില്‍ നിമഗ്നരായിപൊല്‍ .
ദീനേ ദിനേഥ പ്രതിവൃദ്ധലക്ഷ്മീ-
രക്ഷീണമാംഗല്യശതോ വ്രജോയം
ഭവന്നിവാസാദയി വാസുദേവ !
പ്രമോദസാന്ദ്രഃ പരിതൊ വിരേജേ || 6 ||
അതില്‍പിന്നെ നാല്‍ക്കുനാള്‍ വര്‍ദ്ധിവന്ന ശ്രീയോടുകൂടിയതായും ക്ഷയമില്ലാത്ത ശുഭകര്‍മ്മങ്ങളോടുകൂടിയും ഈ ഗോകുലം, ഹേ വാസുദേവ ! ഭവാന്റെ അധിവാസം നിമിത്തം ആനന്ദപരിപ്ലുതമായി എങ്ങും പരിശോഭിച്ചു.
ഗൃഹേഷു തേ കോമളരൂപഹാസ –
മിഥഃ കഥാസങ്കുലിതാഃ കമന്യഃ
വൃത്തേഷു കൃത്യേഷു ഭവന്നിരീക്ഷാ
സമാഗതാഃ പ്രത്യഹമത്യനന്ദന്‍ || 7 ||
നാള്‍തോറും സ്വഭവനങ്ങളില്‍ ഗൃഹകൃത്യങ്ങള്‍ ചെയ്തുകഴിഞ്ഞാലുടന്‍ അങ്ങയെ കാണ്മാന്‍വേണ്ടി വന്നുചേരുന്ന യുവതികള്‍ അങ്ങയുടെ കമനീയവിഗ്രഹത്തേയും മന്ദഹാസമാധൂര്‍യ്യത്തേയും പറ്റി പറഞ്ഞുരസിക്കുന്നതില്‍ ആസക്തകളായി അത്യധികം ആനന്ദിച്ചു.
‘അഹോ ! കുമാരോ മയി ദത്തദൃഷ്ടിഃ’
‘സ്മിതം കൃതം മാം പ്രതി വത്സകേന’
‘ഏഹ്യേഹി മാമിത്യുപസാര്യ പാണി
ത്വയീശ! കിം കിം ന കൃതം വധൂഭിഃ ! || 8 ||
‘ഉണ്ണി എന്നെത്തന്നെയാണ് നോക്കുന്നത്; ഭാഗ്യംതന്നെ’ “ഓമന ബാലനാല്‍ ചെയ്യപ്പെട്ട മന്ദസ്മിതം എന്നെ ഉദ്ദേശിച്ചാണ്; “എന്റെ അടുത്തു വരു, വരു,” എന്ന് കൈനീട്ടിക്കൊണ്ട്, ഹേ ഭഗവന്‍ ! ഗോപയുവതികളാല്‍ ഭവാന്റെ വിഷയത്തില്‍ യാതൊന്നുതന്നെ ചെയ്യപ്പെട്ടില്ല.
ഭവദ്വപുഃസ്പര്‍ശനകൗതുകേന –
കരാത് കരം ഗോപവധൂജനേന
നീതസ്ത്വമാതാമ്ര സരോജമാല –
വ്യാലാംബി ലോലാംബതുലാമലാസീഃ || 9 ||
അങ്ങയുടെ തിരുമേനിയെ സ്പര്‍ശിക്കുവാനുള്ള കൗതുകം നിമിത്തം ഗോപികമാരാല്‍ കയ്യില്‍നിന്നു നയിക്കപ്പെട്ട നിന്തിരുവടി ചെന്താമരമാലയില്‍ ഓരോ പൂവിലും ചെന്നു പറ്റി പറന്നുകോണ്ടിരിക്കുന്ന വണ്ടിന്റെ സാദൃശത്തെ പ്രാപിച്ചു.
നിപായയന്തീ സ്താനമങ്കഗം ത്വാം
വിലോകയന്തീ വദനം ഹസന്തി
ദശാം യശോദാ കതമാം ന ഭേജേ !
സ താദൃശഃ പാഹി ഹരേ ! ഗദാന്മാം || 10 ||
മടിയിലിരിക്കുന്ന ഭവാനെ സ്തനത്തെ കുടിപ്പിക്കുന്നവളും ഓമന്മുഖംനോക്കി മന്ദഹാസം പൊഴിക്കുന്നവളുമായ യശോദാദേവി ഏതൊരു അവസ്ഥയെ പ്രാപിച്ചില്ല; അപ്രകാരമുള്ള ഹേ ഭഗവന്‍ ! എന്നെ രോഗത്തില്‍നിന്നു രക്ഷിച്ചാലും
പൂതനാമോക്ഷവര്‍ണ്ണനവും ബാലലാളനവര്‍ണ്ണനവും എന്ന നാല്പത്തൊന്നാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 425
വൃത്തം – ഉപേന്ദ്രവജ്ര ; ഉപജാതി
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.