ത്വമേകദാ ഗുരുമരുത്പുരനാഥ ! വോഢും
ഗാഢാധിരുഢഗരിമാണമപാരയന്തി
മാതാ നിധായ ശയനേ, ’കിമിദം ബതേതി
ധ്യായന്ത്യചേഷ്ടത ഗൃഹേഷു നിവിഷ്ടശംകാ || 1 ||
ഹേ ഗുരുവായൂരപ്പ! ഒരിക്കല്‍ ഏറ്റവും ഘനത്തോടുകൂടിയ അങ്ങയേ എടുക്കുവാന്‍ വയ്യാതെ മാതാവു ശയ്യയില്‍ കിടത്തിയിട്ട്,’ അഹോ ! ഇത് എന്താണ് ? എന്നിങ്ങിനെ ശങ്കാകുലയായി ഇതിനെപറ്റി ആലോചിച്ചുകൊണ്ട് ഗൃഹകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
താവദ്വിദുരമുപകര്‍ണ്ണിത ഘോരഘോഷ –
വ്യാജൃംഭിപാംസുപടലീപരിപൂരിശഃ
വാത്യാവപുഃസ കില ദൈഗ്യവരസ്ത്യണാവര്‍ –
ത്താഖ്യോ ജഹാര ജനമാനസഹാരിണം ത്വാം. || 2 ||
ആ സമയം അതിദൂരെയായി കേള്‍ക്കപ്പെട്ട ഭയങ്കരശബ്ദത്താലും വര്‍ദ്ധിച്ചുയര്‍ന്ന പൊടിപടലംകൊണ്ടും നിറയ്ക്കപ്പെട്ട ആശാമുഖങ്ങളോടുകൂടിയവനും ചുഴലിക്കാറ്റിന്റെ ആകൃതിയോടുകൂടിയവനും തൃണാവര്‍ത്തന്‍ എന്ന പേരോടുകുടിയവനുമായ ആ അസുരശ്രേഷ്ഠനാവട്ടെ ജനങ്ങളുടെ മനസ്സിനെ അപഹരിക്കുന്നവനായ അങ്ങയെ അപഹരിച്ചു.
ഉദ്ദാമപാംസു-തിമിരാഹത-ദൃഷ്ടിപാതേ
ദ്രഷ്ടും കിമപ്യകുശലേ പശുപാലലോകേ,
’ഹാ ബാലകസ്യ കി’മതി ത്വദുപാന്തമാപ്താ
മാതാ ഭവന്തമവിലോക്യ ദൃശം രുരോദ. || 3 ||
ഗോപലന്മാരെല്ലാം വര്‍ദ്ധിച്ച പൊടികൊണ്ടും ഇരുട്ടുകൊണ്ടും മറയ്ക്കപ്പെട്ട കാഴ്ചയോടുകൂടിയവരായിട്ട് യതൊന്നുംതന്നെ കാണ്മാന്‍ കഴിവില്ലാതായ്‍ത്തീര്‍ന്നപ്പോള്‍ മാതാവ് “അയ്യോ ! കുട്ടിക്കു വല്ലതും പറ്റിയോ” എന്ന് അങ്ങയുടെ സമീപം അണഞ്ഞ് അങ്ങയേ കാണാതെ ഉച്ചത്തില്‍ കരഞ്ഞു.
താവത്സ ദാനവവരോപി ച ദീനമൂര്‍ത്തിഃ
ഭാവത്കഭാര-പരിധാരണ-ലൂന വേഗഃ
സങ്കോചമാപ, തദനു ക്ഷതപാംസുഘോഷേ
ഘോഷേ വ്യതായത ഭവജ്ജനനീ-നിനാദഃ .. || 4 ||
അപ്പോഴേക്കും ആ ദാനവേന്ദ്രനും തളര്‍ന്ന ദേഹത്തോടുകൂടിയവനായി, അങ്ങയുടെ ഭാരത്തെ വഹിക്കുകയാല്‍ നഷ്ടവേഗനായിത്തീര്‍ന്ന് നിശ്ചേഷ്ഠതയെ പ്രാപിച്ചു. അതില്‍പിന്നെ പൊടിയും ശബ്ദവും ഒതുങ്ങിയ അമ്പാടിയില്‍ അങ്ങയുടെ ജനനിയുടെ മുറവിളി തെളിഞ്ഞുകേള്‍ക്കുമാറായി.
രോദോപകര്‍ണ്ണവശാദുപഗമ്യ ഗേഹം
ക്രന്ദത്സു നന്ദമുഖഗോപകുലേഷും ദീനഃ
ത്വാം ദാനവസ്ത്വഖില മുക്തികരം മുമുക്ഷുഃ
ത്വയ്യപ്രമുഞ്ചതി, പപാത വിയത്പ്രദേശാത് || 5 ||
നന്ദന്‍ തുടങ്ങിയ ഗോപന്മാരെല്ലാം (യശോദയുടെ) രോദനം കേള്‍ക്കുകയാല്‍ ഗൃഹത്തില്‍ വന്നെത്തി കരഞ്ഞുകൊണ്ടിരിക്കെ, സകലലോകമോക്ഷദനായ നിന്തിരുവടിയോട് വിട്ടയപ്പാന്‍ അപേക്ഷിക്കുന്ന ദാനവനാവട്ടെ അങ്ങ് പിടിവിടായ്കയാല്‍ ഏറ്റവും തളര്‍ന്ന് ആകാശദേശത്തില്‍നിന്നു താഴെവീണു.
രോദാകുലാസ്തദനു ഗോപഗണാ ബഹിഷ്ഠ-
പാഷാണപൃഷ്ഠഭുവി ദേഹമതിസ്ഥവിഷ്ഠം
പ്രൈക്ഷന്ത ഹന്ത ! നിപതന്തമമുഷ്യ വക്ഷ –
സ്യക്ഷീണമേവ ച ഭവന്തമലം ഹസന്തം .. || 6 ||
അനന്തരം കരഞ്ഞു വശംകെട്ട ഗോപന്മാര്‍ പുറത്തുള്ള പാറമേല്‍ വീഴുന്ന ഏറ്റവും വലിയ ശരീരത്തേയും അവന്റെ മാര്‍വ്വിടത്തില്‍ യാതൊരു ക്ഷീണവുമില്ലാതെ തന്നെ മനോഹരമായി മന്ദഹസിക്കുന്ന നിന്തിരുവടിയേയും ദര്‍ശിച്ചു.
ഗ്രാവപ്രപാത- പരിപിഷ്ട – ഗരിഷ്ഠദേഹ-
ഭ്രഷ്ടാസുദുഷ്ടനുജോപരി ധൃഷ്ടഹാസം.
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുര്‍ഗ്ഗിവരാദിവ നീലരത്നം || 7 ||
പാറമേല്‍ വീണതിനാല്‍ ചതഞ്ഞ ആ തടിച്ച ശരീരത്തിള്‍നിന്നു വിമുക്തമായ പ്രാണങ്ങളോടുകൂടിയ ദുഷ്ടനായ ദൈത്യന്റെ മേല്‍ കമലസദൃശമായ തൃക്കൈകൊണ്ട് അടിക്കുന്നവനും വ്യാജമായി മന്ദഹസിക്കുന്നവനും ആയ അങ്ങയെ സമീപിച്ച് വലിയ പര്‍വ്വത്തില്‍നിന്നും നീലരത്നക്കല്ലിനെയെന്നപോലേ ഗോപന്മാര്‍ കടന്നെടുത്തു.
ഏകൈകമാശു പരിഗൃഹ്യ നികാമനന്ദന്‍
നന്ദാദിഗോപപരിരബ്ധ വിചുംബിതാംഗം
ആദാതുകാമ പരിശങ്കിതഗോപനാരീ-
ഹസ്താംബുജപ്രപതിതം പ്രണുമോ ഭവന്തം. || 8 ||
ഓരോരുത്തരായി വേഗത്തില്‍ എടുത്തുകൊണ്ട് അത്യന്തം സന്തുഷ്ടരായ നന്ദന്‍ തുടങ്ങിയ ഗോപന്മാരാല്‍ ആലിംഗനചുംബനാദികള്‍ചെയ്ത് പരിപാലിക്കപ്പെട്ട അംഗങ്ങളോടുകൂടിയവനും എടുക്കുവാന്‍ ആഗ്രഹിച്ച് (പുരൂഷന്മാരോടു കുട്ടിയെ ചോദിച്ചു വാങ്ങുവാനുള്ള സങ്കോചത്താല്‍) ശങ്കിച്ചുനില്ക്കുന്ന ഗോപികളുടെ കരാംബുജങ്ങളിലേക്കു ചാടിയവനുമായ അങ്ങയെ ഞാന്‍ സ്തുതിച്ചുകൊള്ളുന്നു.
‘ഭൂയോപി കിംനു കൃണുമഃ, പ്രണതാര്‍ത്തിഹാരീ
ഗോവിന്ദ ഏവ പരിപാലയതാത് സുതം നഃ
ഇത്യാദി മാതരപിതൃ-പ്രമുഖൈസ്തദാനീം
സമ്പ്രാര്‍ത്ഥിതസ്ത്വദവനായ വിഭോ ! ത്വമേവ ..|| 9 ||
വീണ്ടും നമ്മള്‍ എന്തുചെയ്യും, ആശ്രിതന്മാരുടെ സങ്കടങ്ങളെയെല്ലാം നശിപ്പിക്കുന്ന ശ്രീ ഗോവിന്ദന്‍തന്ന നമ്മുടെ കുമാരനെ കാത്തുരക്ഷിക്കട്ടെ; എന്നു തുടങ്ങി അല്ലേ ഭഗവന്‍ ! ആ സമയത്ത് മാതാവ്, പിതാവ് മുതലായ എല്ലാവരാലും അങ്ങയുടെ സംരക്ഷണത്തിന്നായി അങ്ങുതന്നെ വഴിപോലെ പ്രാര്‍ത്ഥിക്കപ്പെട്ടു.
വാതാത്മകം ദനുജമേവമയി ! പ്രധൂന്വന്‍
വാതോദ്ഭവാന്‍ മമ ഗദാന്‍ കിമു നോ ധുനോഷി ?
കിം വാ കരോമി ? പുനരപ്യനിലാലയേശ !
നിശ്ശേഷരോഗശമനം മുഹുരര്‍ത്ഥയേ ത്വാം. || 10 ||
അല്ലയോ വാതാലയേശ ! വാതസ്വരുപനായ അസുരനെ ഇപ്രകാരം നിഗ്രഹിച്ചു നിന്തിരുവടി വാതദോഷത്താലുണ്ടായ എന്റെ രോഗങ്ങളെ നശിപ്പിക്കതിരിക്കുന്നതു എന്തുകൊണ്ടാണ് ! അഥവാ എന്തുതന്നെ ചെയ്യട്ടെ ! രോഗത്തിന്റെ നിശ്ശേഷമായ ശാന്തിയെ വീണ്ടും ഭവാനോട് അര്‍ത്ഥിച്ചുകൊള്ളുന്നു.
തൃണാവര്‍ത്തമോക്ഷവര്‍ണ്ണനം എന്ന നാല്പത്തിമൂന്നാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 446.
വൃത്തം. വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.