ഗൂഢം വസുദേവഗിരാ
കര്‍ത്തും തേ നിഷ്ക്രിയയസ്യ സംസ്കാരാന്‍
ഹൃദ്ഗതഹോരാതത്വോ
ഗര്‍ഗ്ഗമുനിസ്ത്വദ് ഗൃഹം വിഭോ ! ഗതവാന്‍ | 1 ||
ഹേ ഭഗവന്‍! വസുദേവന്റെ വാക്കുകളാല്‍ നിഷ്‍ക്രിയനായ അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ ആരുമറിയാതെ ചെയ്യുന്നതിന്നായി മനഃ പാഠമായിരിക്കുന്ന ജ്യോതിഷതത്വങ്ങളോടുകൂടിയ ഗര്‍ഗ്ഗമഹര്‍ഷി അങ്ങയുടെ വാസസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു.
നന്ദോഥ നന്ദിതാത്മാ
വൃന്ദിഷ്ടം മാനയന്നമും യമിനാം
മന്ദസ്മിതാര്‍ദ്രമുചേ
ത്വത്സംസ്കാരാന്‍ വിധാതുമുത്സുകധീഃ || 2 ||
അനന്തരം സന്തുഷ്ടഹൃദയനായ നന്ദഗോപന്‍ താപസന്മാരില്‍ വരിഷ്ഠനായ ഇദ്ദേഹത്തെ ബഹുമാനിച്ച് അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ നിര്‍വ്വഹിക്കുന്നതിന്നു ഔല്‍സുക്യത്തോടുകൂടിയവനായി മന്ദസ്മിതം തൂകികൊണ്ട് അരുളിചെയ്തു.
‘യദുവംശാചാര്യത്വാത്
സുനിഭൃതമിദമാര്യ ! കാര്യമിതി കഥയന്‍
ഗര്‍ഗ്ഗോ നിര്‍ഗ്ഗതപുലകഃ
ചക്രേ തവ സാഗ്രജസ്യ നാമാനി … || 3 ||
’എനിക്ക് യദുവംശത്തിലെ ആചാര്‍യ്യനെന്ന സ്ഥാനമുള്ളതുകൊണ്ട്, ഹേ പൂജ്യനായ നന്ദ! ഇത് വളരെ രഹസ്യമായി ചെയ്യപ്പെടേണ്ടതാണ് ” എന്ന് അറിയിച്ച് ഭഗവാന്‍ ഗര്‍ഗ്ഗന്‍ പുളകം കൊണ്ടവനായി ജ്യേഷ്ഠനോടുംകൂടി അങ്ങയ്ക്ക് നാമകരണംചെയ്തു.
‘കഥമസ്യ നാമ കുര്‍വ്വേ
സഹസ്രനാമ്നോ ഹ്യനന്തനാമ്നോ വാ’
ഇതി നൂനം ഗര്‍ഗ്ഗമുനിശ്ചക്രേ
തവ നാമ നാമ രഹസി വിഭോ ! || 4 ||
ആയിരം നാമങ്ങളുള്ളവനായ അഥവാ, സംഖ്യയില്ലാതെ പേരുകളോടുകൂടിയ ഈ ബാലന്നു എങ്ങിനെയാണ് പേര്‍ കല്പിക്കേണ്ടത് എന്നു ശങ്കിച്ചിട്ടായിരിക്കാം ഗര്‍ഗ്ഗമഹര്‍ഷി ഭഗവന്‍ ! നിന്തിരുവടിക്ക് ഗൂഢമായി നാമകരണംചെയ്തത് എന്നതില്‍ സംശയമില്ല.
കൃഷിധാതുണകാരാഭ്യാം
സത്താനന്ദാത്മതാം കിലാഭിലപത്
ജഗദഘകര്‍ഷിത്വം വാ
കഥയദൃഷ്ടിഃ കൃഷ്ണനാമ തേ വ്യതനോത് . || 5 ||
മഹര്‍ഷിശ്രേഷ്ഠന്‍ കൃഷി, ധാതു, ണകാരം എന്നിവയാല്‍ സത്തും, ആനന്ദവും കൂടിച്ചേര്‍ന്ന (സദാനന്ദ) സ്വരുപത്തോടെയിരിക്കുക എന്ന അവസ്ഥയെ നിര്‍ദ്ദേശിക്കുന്നതോ, അഥവാ ജഗത്തിന്റെ പാപങ്ങളെ നശിപ്പിക്കുക എന്ന അവസ്ഥയെ സൂചിപ്പിക്കുന്നതോ ആയ കൃഷ്ണന്‍ എന്ന പേര്‍ അങ്ങയ്ക്കു നല്‍കിപോലും
അന്യാംശ്ച നാമഭേദാന്‍
വ്യാകുര്‍വ്വ, ന്നഗ്രജേ ച രാമാദീന്‍ ,
അതിമാനുഷാനുഭാവം
ന്യഗദത്ത്വാമപ്രകാശയന്‍ പിത്രേ .. || 6 ||
വേറെ പലവിധത്തിലുള്ള നാമങ്ങളെയും ജ്യേഷ്ഠനില്‍ “രാമന്‍ ” മുതലായ പേരുകളേയും നിര്‍വചിച്ചിട്ട് പിതാവിനോടായി, നിന്തിരുവടിയെ വെളിപ്പെടുത്താതെ, മനുഷ്യസാധാരണമല്ലാത്ത പ്രഭാവമുള്ളവനാണെന്നുമാത്രം അരുളിച്ചെയ്തു.
‘സ്നിഹ്യതി യസ്തവ പുത്രേ,
മുഹ്യതി സ ന മായികൈഃ പുനഃശോകൈഃ,
ദ്രുഹ്യതി യസ്സ തു നശ്യേത്
ഇത്യവദത്തേ മഹത്ത്വമൃഷിവര്യഃ .. || 7 ||
യാവനൊരുവന്‍ അങ്ങയുടെ കുമാരനില്‍ സ്നേഹമുള്ളവനായിരിക്കുന്നുവോ അവന്‍ പിന്നീട് മായികങ്ങളായ ദുഃഖങ്ങളാല്‍ മോഹിക്കുന്നതല്ല; യാതൊരുവന്‍ ദ്രോഹിക്കുന്നുവോ അവനാവട്ടെ നശിക്കുകയും ചെയ്യുന്നു. എന്നിപ്രകാരം അങ്ങയുടെ മഹിമയെ പറ്റി ഋഷിശ്രേഷ്ഠനായ ഗര്‍ഗ്ഗന്‍ പറഞ്ഞു.
‘ജേഷ്യതി ബഹുതരദൈത്യാന്‍ ,
നേഷ്യതി നിജബന്ധുലോകമമലപദം
ശ്രോഷ്യസി സുവിമലകീര്‍ത്തി-
രസ്യേ’ തി ഭവദ്വിഭുതിം ഋഷിരുചേ .. || 8 ||
“അസംഖ്യം അസുരന്മാരെ ജയിക്കും, സ്വന്തം ബന്ധുജനങ്ങളെ പരിപാവനമായ പരമപദത്തിലേക്കു നയിക്കും, ഇവന്റെ ശുഭകീര്‍ത്തി കേള്‍ക്കപ്പെടുകയും ചെയ്യും എന്ന് അങ്ങയുടെ മഹത്വത്തെ മഹര്‍ഷിവര്‍യ്യന്‍ പറഞ്ഞറിയിച്ചു.
അമുനൈവ സര്‍വ്വദുര്‍ഗ്ഗം
തരിതാസ്ഥ, കൃതാസ്ഥമത്ര തിഷ്ഠധ്വം
ഹരിരേവത്യനഭിലപന്‍ –
ഇത്യാദി ത്വാം അവര്‍ണ്ണയത് സ മുനിഃ || 9 ||
‘ഇവനെകൊണ്ടുതന്നെ സകലസങ്കടങ്ങളേയും നിങ്ങള്‍ തരണംചെയ്യും; ഇവന്റെ വിഷയത്തില്‍ ആസ്ഥയോടെ വര്‍ത്തിപ്പിന്‍;” ഇതു സാക്ഷാല്‍ ശ്രീനാരയണന്‍തന്നെ യാണ് എന്ന് തുറന്നുപറയാതെ ആ മുനീശ്വരന്‍ നിന്തിരുവടിയെ ഈവിധത്തിലെല്ലാം വര്‍ണ്ണിച്ചു.
ഗര്‍ഗ്ഗേഥ നിര്‍ഗ്ഗതേസ്മിന്‍
നന്ദിതനന്ദാരി നന്ദ്യമാനസ്ത്വം
മദ്ഗദമുദ്ഗതകരുണോ
നിര്‍ഗ്ഗമയ ശ്രീമരുത്പുരാധീശ ! .. || 10 ||
ഗുരുവായൂരപ്പാ ! അതില്‍പിന്നെ ഈ ഗര്‍ഗ്ഗമഹര്‍ഷി മടങ്ങിപ്പോയശേഷം സന്തുഷ്ടന്മാരായ നന്ദന്‍ തുടങ്ങിയ ഗോപന്മാരാല്‍ അഭിനന്ദിക്കപ്പെട്ടവനായ നിന്തിരുവടി ഉള്‍ കനിവാര്‍ന്നു എന്റെ രോഗത്തെ ഉന്മൂലം ചെയ്യേണമേ.
നാമകരണവര്‍ണ്ണനം എന്ന നാല്പത്തിനാലം ദശകം സമാപ്തം
ആദിതഃ ശ്ലോകഃ 456
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.