MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഗുഹസംഗമം

രാമാഗമനമഹോത്സവമെത്രയു-
മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാ‍ദികളെല്ല‍ാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു
കഞ്ജവിലോചനന്‍ തന്‍ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:
“ധന്യനായേയടിയനിന്നു കേവലം
നിര്‍ണ്ണയം നൈഷാദജന്മവും പാവനം
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണഹീനമധീനമല്ലോ തവ
കിങ്കരനാമടിയനേയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
സന്തോഷമുള്‍ക്കൊണ്ടിനി നിന്തിരുവടി
സന്തതമത്ര വസിച്ചരുളീടണം
അന്ത:പുരം മമ ശുദ്ധമാക്കീടണ-
മന്തര്‍മുദാ പാദപത്മരേണുക്കളാല്‍
മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ
കാലേ കനിവോടനുഗ്രഹിക്കേണമേ!”
ഇത്തരം പ്രാര്‍ത്ഥിച്ചുനില്‍ക്കും ഗുഹനോടു
മുഗ്ദ്ധഹാസം പൂണ്ടരുള്‍ ചെയ്തു രാഘവന്‍
‘കേള്‍ക്ക നീ വാക്യം മദീയം മമ സഖേ!
സൌഖ്യമിതില്‍പ്പരമില്ലെനിക്കേതുമേ
സംവത്സരം പതിനാലു കഴിയണം
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മന്യേ വനവാസകാലം കഴിവോളം
രാജ്യം മമൈതതു ഭവാന്‍ മത്സഖിയല്ലോ
പൂജ്യന‍ാം നീ പരിപാലിക്ക സന്തതം
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീരമാശു നീ’
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലര്‍ന്നു രഘുത്തമന്‍
ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരന്‍ തന്നാല്‍ കുശദളാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍
പ്രാസാദമൂര്‍ദ്ധ്നി പര്യങ്കേ യഥാപുര-
വാസവും ചെയ്തുറങ്ങുന്നതുപോലെ
ലക്ഷ്മണന്‍ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ

ലക്ഷ്മീപതിയായ രാഘവസ്വാമിയും
ലക്ഷ്മീഭഗവതിയാകിയ സീതയും
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി-
ദു:ഖം കലര്‍ന്നു ബാഷ്പാകുലനായ് ഗുഹന്‍
ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാന്‍:
‘പുഷ്കരനേത്രനെക്കണ്ടീലയോ സഖേ!
പര്‍ണ്ണതല്‍പ്പേ ഭുവി ദാരുമൂലേ കിട-
ന്നര്‍ണ്ണോജനേത്രനുറങ്ങുമാറായിതു
സ്വര്‍ണതല്‍പ്പേ ഭവനോത്തമേ സല്‍പ്പുരേ
പുണ്യപുരുഷന്‍ ജനകാത്മജയോടും
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ
പല്ലവപര്യങ്ക സീമ്നി വനാന്തരേ
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാന്‍
കാരണഭൂതയായ് വന്നിതു കൈകേയി
മന്ഥരാചിത്തമാസ്ഥായ കൈകേയി താന്‍
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?‘
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ-
മിത്രിയും സത്വരമുത്തരം ചൊല്ലിനാന്‍:
‘ഭദ്രമതേ! ശ്രുണു! മദ്വചനം രാമ-
ഭദ്രനാമം ജപിച്ചീടുക സന്തതം
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
പൂര്‍വ്വജന്മ്മാര്‍ജ്ജിത കര്‍മ്മമത്രേ ഭുവി
സര്‍വ്വലോകര്‍ക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങള്‍ ദാനം ചെയ്‌വതിന്നാരു-
മുള്‍ക്കാമ്പിലോര്‍ത്തുകണ്ടാലില്ല നിര്‍ണ്ണയം
ഏകന്‍ മമ സുഖദാതാ ജഗതി മ-
റ്റേകന്‍ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ
ഞാനിതിനിന്നു കര്‍ത്താവെന്നു തോന്നുന്നു
മാനസതാരില്‍ വൃഥാഭിമാനേന കേള്‍
ലോകം നിജ കര്‍മ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ-
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകര്‍മ്മവശഗത-
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട
വ്യര്‍ത്ഥമോര്‍ത്തോളം വിഷാദാതി ഹര്‍ഷങ്ങള്‍
ചിത്തേ ശുഭാശുഭ കര്‍മ്മഫലോദയേ
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ!
സൌഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു-
മാകുലമില്ല ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമല്ലെടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ-
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ല‍ാം മഹാമായേതി ഭാവനാല്‍’
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനില്‍ക്കുന്നേരം
മിത്രനുദിച്ചിതു സത്വരം രാഘവന്‍
നിത്യകര്‍മ്മങ്ങളും ചെയ്തരുളിച്ചെയ്തു
‘തോണി വരുത്തുകെ’ന്നപ്പോള്‍ ഗുഹന്‍ നല്ല-
തോണിയും കൊണ്ടുവന്നാശു വണങ്ങിനാന്‍
‘സ്വാമിന്നിയം ദ്രോണികാ സമാരുഹ്യത‍ാം
സൌമിത്രിണാ ജനകാത്മജയാ സമം
തോണി തുഴയുന്നതുമടിയന്‍ തന്നെ
മാനവവീര! മമ പ്രാണവല്ലഭ!‘
ശൃംഗിവേരാധിപന്‍ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ
കയ്യും പിടിച്ചു താനും കരേറിനാന്‍
ആയുധമെല്ലാമെടുത്തു സൌമിത്രിയു-
മായതമായൊരു തോണി കരേറിനാന്‍
ജ്ഞാതിവര്‍ഗ്ഗത്തോടു കൂടെ ഗുഹന്‍ പര-
മാദരവോടു വഹിച്ചിതു തോണിയും
മംഗലാപ‍ാംഗിയ‍ാം ജാനകീദേവിയും
ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ് വണങ്ങിനാള്‍:
‘ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ!
സംഗേന ശംഭു തന്‍ മൌലിയില്‍ വാഴുന്ന
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍
രക്ഷിച്ചുകൊള്‍ക നീയാപത്തു കൂടാതെ
ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തുതേ!
ഇത്തരം പ്രാര്‍ത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാര്‍
തോണിയില്‍ നിന്നു താഴ്ത്തിറങ്ങി ഗുഹന്‍
താണുതൊഴുതപേക്ഷിച്ചാന്‍ മനോഗതം
‘കൂടെവിടകൊള്‍വതിനടിയനുമൊ-
രാടല്‍ കൂടാതെയനുജ്ഞ നല്‍കീടണം
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി-
ലേണ‍ാംക ബിംബാനന! ജഗതീപതേ!‘
നൈഷാദവാക്യങ്ങള്‍ കേട്ടു മനസി സ-
ന്തോഷേണ രാഘവനേവമരുള്‍ ചെയ്തു:
‘സത്യം പതിന്നാലു സംവത്സരം വിപി-
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം’
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു
ഭക്തനെപ്പോകെന്നയച്ചു രഘുത്തമന്‍
ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു
മന്ദമന്ദം തോണിമേലേ ഗുഹന്‍ വീണ്ടു
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാന്‍.