ഡൗണ്‍ലോഡ്‌ MP3

അയി ദേവ ! പുര കില ത്വയി
സ്വയമുത്താനശയേ സ്തനന്ധയേ
പരിജൃംഭണതോ വ്യപാവൃതേ
വദനേ വിശ്വമചഷ്ട വല്ലവീ || 1 ||

അല്ലയോ പ്രകാശസ്വരുപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തി‍ല്‍ കോട്ടുവായിടുമ്പോ‍ള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ.

പുനരപ്യഥ ബാലകൈഃസമം
ത്വയി ലീലാനിരതേ ജഗത്പതേ !
ഫലസഞ്ചയ-വഞ്ചന-ക്രുധാ
തവ മൃദ്ഭോജനമുചുരര്‍ഭകാഃ || 2 ||

പിന്നീട്, കുറെക്കാലത്തിനുശേഷം ജഗദീശാ! നിന്തിരുവടി ഗോപബാലന്മാരൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴങ്ങളെല്ല‍ാം കട്ടെടുത്തുവെന്ന ഈ‍ഷ്യതയാ‍ല്‍ ആ ബാലന്മാര്‍ അങ്ങ് മണ്ണുതിന്നുവെന്ന് അമ്മയോടു ഏഷണികൂട്ടി.

അയി! തേ പ്രളയാവധൗ വിഭോ
ക്ഷിതി തോയാദി സമസ്തഭക്ഷിണഃ
മൃദുപാശനതോ രുജാ ഭവേത്
ഇതി ഭീതാ ജനനീ ചൂകോപ സാ .. || 3 ||

അല്ലയോ സര്‍വശക്തനായുള്ളോവേ ! പ്രളയത്തിന്റെ ആരംഭകാലത്തില്‍ ഭൂമി സമുദ്രം എന്നിങ്ങനെ കാണപ്പെടുന്ന സര്‍വ്വവസ്തുക്കളേയും ഭക്ഷിക്കുന്നവനായ അങ്ങക്ക് അല്പം മണ്ണു തിന്നതുകൊണ്ട് സുഖകേട് ബാധിച്ചേക്കുമോ എന്ന് ഭയന്ന ആ മാതാവ് കോപിഷ്ഠയായി

അയി ദുര്‍വ്വിനയാത്മക ! ത്വയാ
കിമു മൃത്സാ ബത ! വത്സ ! ഭക്ഷിത
ഇതി മാതൃഗിരം ചിരം വിഭോ
വിതഥ‍ാം ത്വം പ്രതിജജ്ഞിഷേ ഹസന്‍ .. || 4 ||

‘അല്ലേ ദുര്‍വ്വിനീതനായ ഉണ്ണി ! കഷ്ടം ! നിന്നാല്‍ മണ്ണു തിന്നപ്പെട്ടുവോ’ അല്പയോ ഭഗവന്‍ ! ഇപ്രകാരമുള്ള അമ്മയുടെ വചസ്സു നിന്തിരുവടി പുഞ്ചിരിതൂകിക്കൊണ്ട് വളരെ നേരത്തേക്ക് വാസ്തവമല്ലെന്നു ഉറപ്പിച്ചു പറഞ്ഞു.

‘അയി! തേ സകലൈര്‍വ്വിശ്ചിതേ
വിമതിശ്ചേ, ദ്വദനം വിദര്യത‍ാം’
ഇതി മാത്യവിഭസ്തിതോ മുഖം
വികസത്പദ്മനിഭം വ്യദാരയഃ . || 5 ||

വത്സ ! എല്ലാവരും തീര്‍ച്ചപ്പെടുത്തിയിരിക്കെ നീണക്ക് സമ്മതിപ്പാ‍ന്‍ വിഷമുമുണ്ടെങ്കി‍ല്‍ വായ് തുറന്നുകാട്ടൂ! എന്ന് അമ്മയാല്‍ കടുത്തു പറയപ്പെട്ട അങ്ങ് വിടര്‍ന്നുവരുന്ന വളരെ നേരത്തേക്ക് വാസ്തവമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

അപി മൃല്ലവദര്‍ശനോത്സുക‍ാം
ജനനീം ത‍ാം ബഹു തര്‍പ്പയന്നിവ
പൃഥിവീം നിഖില‍ാം ന കേവലം
ഭുവനാന്യപ്യഖിലാന്യദീദ്യശഃ || 6 ||

ലേശം മണ്ണെങ്കിലും കാണപ്പെടണം എന്ന് താല്പര്‍യ്യത്തോടുകൂടിയ ആ മാതാവിനെ വേണ്ടുവോളം തൃപ്തിപ്പെടുത്തവനോ എന്നു തോന്നുമാറ് നിന്തിരുവടി കേവലമായ ഈ ഭൂമി മുഴുവന്‍ മാത്രമല്ല സകല ലോകങ്ങളേയും കാണിച്ചുകൊടുത്തു.

കുഹചിദ്വനമംബുധിഃ ക്വചിത്
ക്വചിദദ്രം കുഹചിദ്രസാതലം
മനുജാ ദനുജാഃ ക്വചിത് സുരാഃ;
ദദൃശേ കിം ന തദാ ത്വദാനനേ || 7 ||

ആ സമയം അങ്ങയുടെ വായിന്നുള്ളില്‍ എന്തുതന്നെ കാണപ്പെട്ടില്ല! ഒരിടത്ത് വന്‍കാട്! വേറൊടിത്ത് മഹാസമുദ്രം; മറ്റൊരിടത്ത് ആകാശം; വേറൊരിടത്ത് പാതാളം; മനുഷ്യന്മാര്‍ ; അസുരന്മാര്‍ ഒരു ദിക്കില്‍ ദേവക‍ള്‍; (എന്നിങ്ങനെ പ്രപഞ്ചത്തേയും അതിലെ സകല ചരാചരങ്ങളേയും അവള്‍ ദര്‍ശിച്ചു ).

കലശ‍ാംബുധിശായിനം പുനഃ
പരവൈകുണ്ഠപദാധിവാസിനം
സ്വപുരശ്ച നിജാര്‍ഭകാത്മകം
കതിധാ ത്വ‍ാം ന ദദര്‍ശ സാ മുഖേ || 8 ||

ആ മാതാവ് അങ്ങയുടെ തിരുമുഖത്തില്‍ നിന്തിരുവടിയെ പാല്‍ക്കടലി‍ല്‍ പള്ളികൊള്ളുന്നവനായിട്ടും പിന്നെ അത്യുല്‍കൃഷ്ടമായ വൈകുണ്ഠലോകത്തി‍ല്‍ അധിവസിക്കുന്നവനായിട്ടും തന്റെ പുരോഭാഗത്ത് സ്വന്തം പുത്രന്റെ രൂപത്തിലും ഇങ്ങിനെ ഏതെല്ല‍ാം പ്രകാരത്തില്‍ ദര്‍ശിച്ചില്ല.

വികസദ് ഭുവനേ മുഖോദരേ
നനു ഭൂയോപി തഥാവിധാനനഃ
അനയാ സ്ഫുടമീക്ഷിതോ ഭവാന്‍
അനവസ്ഥ‍ാം ജഗത‍ാം ബതാതനോത് || 9 ||

പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭുവനത്രയങ്ങളോടും വദനാന്തഭാഗത്ത് വീണ്ടും അതുപോലെയുള്ള തിരുമുഖത്തോടുകൂടിയവനായിട്ടുതന്നെ ഇവളാല്‍ സ്പഷ്ടമായി കാണപ്പെട്ട നിന്തിരുവടി ലോകത്തിന്റെ അവസാനമില്ലായ്മയെ വിശദമാക്കിചെയ്തു.

ധൃതതത്ത്വധിയം തദാ ക്ഷണം
ജനനീം ത‍ാം പ്രണയേന മോഹയന്‍
’സ്തനമംബ! ദിശേത്യുപാസജന്‍
ഭഗവന്നദുഭുതബാല ! പാഹി മ‍ാം. || 10 ||

അല്ലയോ അദ്ഭുതബാലസ്വരുപ! സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവെ! അപ്പോള്‍ അല്പസമത്തേക്ക് പരമാര്‍ത്ഥത്വബോധത്തോടുകൂടിയ ആ മാതാവിനെ പുത്രവാത്സലത്താല്‍ മോഹിപ്പിച്ചിട്ട് ‘അമ്മേ! അമ്മിഞ്ഞതരു എന്നു കൊഞ്ചി പറഞ്ഞുകൊണ്ടു മടിയില്‍ കയറിക്കൂടിയ നിന്തിരുവടി എന്നെ രക്ഷിച്ചരുളിയാലും.

വിശ്വരൂപപ്രദര്‍ശനവര്‍ണ്ണനം എന്ന നാല്പത്താറ‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 478.
വൃത്തം. വിയോഗിനീ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.