ആമുഖമായി പറയട്ടെ, ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല, ആധികാരികമായി പഠിക്കാന്‍ ഉദ്ദേശവുമില്ല. എന്നാല്‍, ദശാബ്ദങ്ങളായി ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്ന വിഷയം ആഴത്തില്‍ പഠിച്ച ധാരാളം വ്യക്തികളെ നേരിട്ട് പരിചയമുണ്ട്, അവരോട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തമ്മില്‍ നന്നായി പരിചയമായ ശേഷം ഞാന്‍ അവരുടെ ഒരു ക്ലൈന്റ് അല്ല എന്നുള്ള ബോധ്യമുള്ളപ്പോള്‍ ജ്യോതിഷവിശാരദന്മാര്‍ അവരുടെ ചിന്തകള്‍ പറയാറുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലും എന്റെ ചിന്താസരണിയില്‍ വന്നതുമായ കാര്യങ്ങള്‍ ചേര്‍ത്താണ് ഈ ലേഖനം എഴുതുന്നത്.
ഈ ലേഖനം വായിച്ചതിനുശേഷം, IISH.ORG (Indian Institute of Scientific Heritage)-ലെ ശ്രീ എന്‍ ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തെക്കുറിച്ചുള്ള ചില പ്രഭാഷണങ്ങളില്‍ ‘ജ്യോതിഷം ഒരു ശാസ്ത്രമാണ്‘ എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ശ്രീ. ഉമേഷിന്റെയും ശ്രീ. സൂരജിന്റെയും ചില ബ്ലോഗ് പോസ്റ്റുകളില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നതും വായിക്കൂ.
ജ്യോതിശാസ്ത്രമോ (Astronomy) മലയാളം കലണ്ടറും നാളുകളും മറ്റും (പഞ്ചാംഗം) ഗണിക്കാനുതകുന്ന ജ്യോതിഷമോ അല്ല ഇവിടെ വിഷയം. ജ്യോതിഷം ആധുനികശാസ്ത്രമാണോ അല്ലയോ എന്നതുമല്ല വിഷയം. ഈശ്വരചിന്തയുള്ള അഥവാ ആത്മാന്വേഷിയായ ഒരാള്‍ക്ക് ജ്യോതിഷ ഫലപ്രവചനത്തിന്റെയും പരിഹാരപൂജകളുടെയും ആവശ്യകതയുണ്ടോ എന്നുമാത്രമാണ് ഇവിടെ ചിന്തിക്കുന്നത്. അതിനാല്‍ മറ്റുള്ളവര്‍ സദയം ക്ഷമിക്കുക, തര്‍ക്കമല്ല ഉദ്ദേശം, വിഷയം മാറിപ്പോകാതെ തുടര്‍ന്നുവായിക്കുക.
താങ്കള്‍ പുനര്‍ജന്മത്തിലും കര്‍മ്മഫലത്തിലും വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ ദേഹമായി ജന്മമെടുത്തത്. അല്ലേ? അപ്പോള്‍ ഈ ജന്മത്തില്‍ കര്‍മ്മഫലം അനുഭവിക്കാതെ തരമില്ലല്ലോ. ഇനിയിപ്പോള്‍ കുറച്ചൊക്കെ അനുഭവിക്കാതെ മാറ്റിവയ്ക്കാന്‍ കഴിയുമായിരിക്കുമെന്നിരിക്കട്ടെ, അങ്ങനെയായാല്‍ പിന്നീടൊരിക്കല്‍ കൂട്ടുപലിശ സഹിതം കര്‍മ്മഫലം അനുഭവിക്കേണ്ടിവരും, അങ്ങനെവരില്ലേ? സംഭവിക്കാനുള്ളത് അങ്ങനെതന്നെ സംഭവിക്കട്ടെ. കര്‍മ്മഫലത്തെക്കുറിച്ച് ചിന്തിച്ചു സമയം കളയാതെ, തന്റെ കര്‍മ്മങ്ങള്‍ അര്‍പ്പണത്തോടെ ചെയ്യുക, സുഖദുഃഖ പ്രാരബ്ധങ്ങള്‍ തുറന്നമനസ്സോടെ അനുഭവിക്കുക, അതല്ലേ അത്യുത്തമം? അവനവന്റെ കര്‍മ്മഫലത്തില്‍ ഈശ്വരന്‍ എന്തുപിഴച്ചു? ഓരോരുത്തരും അവരുടെ കര്‍മ്മഫലം അനുഭവിക്കണം എന്നതുമാത്രമല്ലേ ഈശ്വരഹിതം? ഈശ്വരഹിതം എന്തായാലും നടപ്പിലാവുമല്ലോ. പിന്നെയെന്തിന് കര്‍മ്മഫലം മാറ്റാന്‍ ജ്യോത്സ്യന്റെ പിറകെ പോകുന്നു?
ജീവിതത്തില്‍ സന്തോഷം കൂടിപ്പോകുന്നു എന്ന് ആരും ഈശ്വരനോട് പരാതി പറയാറില്ല, സത്യമല്ലേ? പിന്നെ എന്തിനു ദുഃഖം വരുമ്പോള്‍മാത്രം ഈശ്വരനോട് പരാതി പറയുന്നു? എന്തിനു ദുഃഖം മാറ്റിത്തരണം എന്നു പ്രാര്‍ഥിക്കുന്നു? ഒരുവന്റെ സുഖവും ദുഃഖവും അവനവന്‍ തന്നെയാണ് തീരുമാനിക്കുന്നതും അനുഭവിക്കേണ്ടതും. ഒന്നാലോചിച്ചാല്‍ സുഖവും ദുഃഖവും ഒരുവന്റെ മനസ്സിന്റെ വെറും കല്‍പ്പകനകളല്ലേ? താങ്കളുടെ വിഷമം മാറ്റാന്‍വേണ്ടി താങ്കള്‍ സമീപിക്കുന്ന ജ്യോത്സ്യന്മാരുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സാധാരണ മനുഷ്യരായ അവര്‍ക്ക് ദുഃഖങ്ങളൊന്നുമില്ലേ, മരണമില്ലേ? അപ്പോള്‍പ്പിന്നെ ആ ജ്യോത്സ്യന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
ഓരോരോ ജീവിതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഒരു ജ്യോത്സ്യനെ കാണുക എന്നത് ഇപ്പോള്‍ ഒരു നാട്ടുനടപ്പ് ആയിട്ടുണ്ട്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവരവരുടെ ഓരോരോ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരാളെ ഭ്രാന്തനാക്കുന്നു. ആ പ്രാരബ്ധക്കാരന്‍ ജ്യോത്സ്യനെ കാണുമ്പോള്‍ ജ്യോത്സ്യന്‍ കവിടി നിരത്തി, ഗണിച്ച്, പ്രശ്നകാരണം കണ്ടുപിടിച്ച്, പരിഹാരവും നിര്‍ദേശിക്കുന്നു. അതോടെ പ്രാരബ്ധക്കാരന് ജീവിതത്തില്‍ ആകെ ബാക്കിയുണ്ടായിരുന്ന സ്വസ്ഥതയും പണവും ജ്യോത്സ്യന്‍ പറഞ്ഞപ്രകാരം ഓടിനടന്ന് ചെലവുചെയ്ത്, അവസാനം തലയില്‍ കൈവച്ച് ദൈവത്തെ വിളിച്ചുപോകുന്നു! ഇങ്ങനെയാണ് സാധാരണ ജനങ്ങളുടെ ഇടയില്‍ കൂടുതലും കണ്ടുവരുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?
ജ്യോതിഷരത്നം, മുഹുര്‍ത്തം തുടങ്ങിയ ജ്യോതിഷ മാഗസിനുകള്‍, മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലെ ആസ്ട്രോളജി, ന്യൂമറോളജി, ജെമോളജി പംക്തികള്‍, തുടങ്ങിയവയില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നവര്‍ എന്തുകൊണ്ട് ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്ന തത്ത്വമസി എന്നതിനെ വിശ്വസിക്കുന്നില്ല, അതറിയാന്‍ ശ്രമിക്കുന്നില്ല? കലികാലം തന്നെ, ശംഭോ മഹാദേവ!
നിങ്ങളുടെ മനസ്സിന് ഇഷ്ടമായാലും ഇല്ലെങ്കിലും, ജീവിതത്തില്‍ സംഭവിക്കുന്നതിനെയെല്ലാം ഒരേപോലെ സ്വീകരിച്ച് സമചിത്തരായി സ്ഥിതബുദ്ധിയായി സ്വധര്‍മ്മാനുസാരിയായി കര്‍മ്മചെയ്തു ജീവിക്കാനാണ് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നത്. അതിനുപകരം പിന്തിരിഞ്ഞോടാനോ കുറുക്കുവഴി കണ്ടെത്താനോ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയല്ലേ?
ചില ക്ഷേത്രങ്ങളിലെ വിലകൂടിയ വഴിപാടുകളും ആയിരക്കണക്കിന് രൂപയുടെ പൂജകളും മറ്റും നടത്തി കഷ്ടപ്പാടിന്റെ അളവ് കുറയ്ക്കാമെന്ന് ചില ജ്യോതിഷികള്‍ പറയും. പൊതുസമൂഹത്തില്‍ കൈക്കൂലി കൊടുത്തു ശീലിച്ച മനുഷ്യനെ, ഈശ്വരന് കൈക്കൂലി കൊടുത്തു പ്രശ്നം പരിഹരിക്കാം എന്ന് പഠിപ്പിക്കുന്നു ഇക്കൂട്ടര്‍! ചില ഭക്തരുണ്ട് – സ്വാമിമാരെന്നും യോഗികളെന്നും സിദ്ധന്‍മാരെന്നും വേഷഭൂഷകളാല്‍ തോന്നിക്കുന്നവരെ / വിളിക്കപ്പെടുന്നവരെ തിരഞ്ഞുനടക്കും. തന്റെ പ്രാരബ്ധകര്‍മ്മങ്ങള്‍ ഇവരേറ്റെടുത്തു സുഖം പകരുമെന്ന് കരുതുന്നു ഇത്തരക്കാര്‍!
നാം പ്രകൃതി (nature) എന്നുപറയുമ്പോള്‍ ‘എനിക്ക് ചുറ്റുമുളളതെല്ലാം‘ എന്നാണു സാധാരണ വിവക്ഷിക്കുന്നത്. ഒന്നാലോചിച്ചാല്‍ പക്ഷിമൃഗാദികളെപ്പോലെ, മരങ്ങളെപ്പോലെ, നമ്മുടെ ഈ ശരീരവും മനസ്സുമെല്ലാം ഈ പ്രകൃതിയുടെ ഭാഗമല്ലേ? ഈ പ്രകൃതിയില്‍ ഓരോന്നു സംഭവിച്ചുകൊണ്ടേയിരിക്കുന്നു – വെയിലുണ്ടാകുന്നു, മഴയുണ്ടാകുന്നു, സുനാമിയുണ്ടാകുന്നു, ഭൂകമ്പമുണ്ടാകുന്നു. എന്തായാലും നമ്മുടെ ഇച്ഛയ്ക്ക് അനുസരിച്ചല്ല അവ സംഭവിക്കുന്നതെന്നു വ്യക്തം. വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നതിനാല്‍ ഇന്നു മഴ പെയ്യരുതെന്നു ഞാന്‍ ആഗ്രഹിക്കുമ്പോള്‍, പറമ്പില്‍ ചേന നട്ടിട്ടു് ഇന്നു മഴ പെയ്യണമെന്നു അയല്‍ക്കാരനും ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ആരുടെ ആഗ്രഹംപോലെ നടക്കും? ആരുടേയും ആഗ്രഹമല്ല, ഈ പ്രകൃതിയില്‍ ഓരോന്ന് സംഭവിച്ചുകൊണ്ടേയിരിക്കുന്നു – അത് ദൈവഹിതമെന്നോ അന്ധമായി എങ്ങനെയോ സംഭവിക്കുന്നുവെന്നോ ഇരിക്കട്ടെ. രണ്ടായാലും പ്രകൃതിയില്‍ – എന്റെ ശരീരവും ഉള്‍പ്പെടുന്ന ഈ പ്രകൃതിയില്‍ – ഓരോന്നു സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെ സംഭവിക്കുന്നത് സംഭവിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്ക് പരിഹാരം ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നുവോ?
ഒന്നാലോചിച്ചു നോക്കൂ, ഈ ഭൂമിയില്‍ ശക്തരായിരുന്ന ദിനോസറുകള്‍ മദിച്ചു നടന്നിരുന്നു എന്നാണല്ലോ നാം അറിയുന്നത്. ആ ജീവികള്‍ക്കെന്തുപറ്റി? അവയ്ക്കും നാശം സംഭവിച്ചില്ലേ? രാമനും കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍, അവരെല്ലാം നമ്മളോരോരുത്തരും അനുഭവിക്കുന്ന ദുഃഖത്തെക്കാള്‍ കൂടുതല്‍ ദുഃഖം അനുഭവിച്ചിട്ടുണ്ട്. അല്ലേ? അവരെല്ലാം ദേഹം വെടിഞ്ഞിട്ടുമുണ്ട് എന്നും നമുക്കറിയാം. അപ്പോള്‍പ്പിന്നെ നമുക്കുമാത്രം എങ്ങനെയാണൊരു എക്ഷ്സപ്ഷന്‍? നമുക്കും മരണമുണ്ട്. വളരെകുറച്ചു കാലം മാത്രം ഈ ഭൂമിയില്‍ ജീവിക്കുന്നു, മരിച്ചുപോകുന്നു. എന്നാല്‍പ്പിന്നെ അനാവശ്യ ആഗ്രഹങ്ങള്‍ക്കുവേണ്ടി ഈ ജീവിതം തന്നെ ഉപയോഗശൂന്യമാക്കാതെ നമുക്ക് ധര്‍മ്മാനുസാരിയായ കര്‍മ്മം ചെയ്ത്, പരസ്പര സഹകരണത്തോടെ, സുഖദുഃഖങ്ങളെയെല്ലാം ഒരേപോലെ സ്വീകരിച്ച്, സന്തോഷത്തോടെ ജീവിക്കാം? അതുമാത്രമല്ലേ പോംവഴി?
ഒന്നാലോചിക്കൂ. ജ്യോത്സ്യന്‍ ഒരു കാര്യം പ്രവചിച്ചാല്‍, അത് സംഭവിച്ചാല്‍ മാത്രമല്ലേ പ്രവചനം ശരിയായി എന്നുപറയാന്‍ കഴിയൂ? പ്രവചിച്ചത് സംഭവിക്കാതിരിക്കാന്‍ പരിഹാരം ഉണ്ടെങ്കില്‍, അതായത് പരിഹാരക്രിയകള്‍ ചെയ്തു പ്രവചിച്ചപോലെ സംഭവിക്കാതെയാക്കാമെങ്കില്‍, ജ്യോത്സ്യന്‍ പ്രവചിച്ചതു യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നില്ലല്ലോ. അപ്പോള്‍ ജ്യോത്സ്യന്റെ പ്രവചനം തെറ്റിയില്ലേ? പ്രവചനംതന്നെ തെറ്റിയാല്‍, ജ്യോതിഷത്തിന്റെ അടിസ്ഥാനംതന്നെ തെറ്റിയില്ലേ?
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രവചനം ശരിയായിരിക്കണമെങ്കില്‍ പരിഹാരം ചെയ്താലും മാറ്റാന്‍ കഴിയില്ല; പരിഹാരം ചെയ്തു മാറ്റാമെങ്കില്‍ പ്രവചിച്ചപോലെ സംഭവിക്കുന്നില്ല; പ്രവചിച്ചപോലെ സംഭവിക്കുന്നില്ലെങ്കില്‍ ജ്യോതിഷംതന്നെ തെറ്റാവുന്നു. ചിന്തിച്ചു നോക്കൂ. അപ്പോള്‍പ്പിന്നെ പരിഹാരങ്ങളുടെയും ഗ്രഹങ്ങളുടെയും പിറകെ നടന്നു സമയം കളഞ്ഞിട്ടു എന്തെങ്കിലും കാര്യമുണ്ടോ? സമയനഷ്ടവും ധനനഷ്ടവും ചിലപ്പോള്‍ മാനഹാനിയും മാത്രം ഫലം!
ജ്യോതിഷം വഴിയാംവണ്ണം ഉപാസനയോടെ പഠിച്ച ശുദ്ധമനസ്സുകള്‍ക്ക് പല കാര്യങ്ങളും പ്രവചിക്കാന്‍ കഴിയും എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില ആത്മീയകാര്യങ്ങള്‍ക്ക് ഈ പ്രവചനങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും കേള്‍ക്കുന്നു. ഇതിനെക്കുറിച്ചൊന്നും വിശദമായി അറിയില്ല. എന്തായിരുന്നാലും, ഭാവി പ്രവചിച്ചു കേട്ടതുകൊണ്ട് എന്തു പ്രയോജനം? പ്രവചനം ശരിയാവുമെന്നത് അങ്ങനെ സംഭവിക്കുന്നതുവരെ നമുക്കുറപ്പില്ലതാനും. അതിനാല്‍, അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, അത്രയും നാള്‍ ആ പ്രവചനവും മനസ്സിലേറ്റി നടന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്? ഓരോരുത്തര്‍ക്കും സംഭവിക്കുന്നവയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള കുറുക്കുവിദ്യയൊന്നുമല്ല ജ്യോതിഷം എന്നത് വ്യക്തമാണല്ലോ. പിന്നെയെന്തിന് നാം ഇതിനു പിറകെ പോകുന്നു?
ഇനിയിപ്പോള്‍ പ്രവചനം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെയിടയിലുണ്ട് എന്നുതന്നെയിരിക്കട്ടെ. എന്താണ് സംസാരദുഃഖനിവാരണത്തിന് പരിഹാരമായി നിര്‍ദ്ദേശിക്കേണ്ടത്? ക്ഷേത്രതീര്‍ത്ഥദര്‍ശനം, നാമജപം, കീര്‍ത്തനം തുടങ്ങിയവയോടൊപ്പം രാമായണം, ഭാഗവതം, ഭഗവദ്‌ഗീത, ഉപനിഷത്തുകള്‍, വേദങ്ങള്‍ തുടങ്ങിയവയുടെ പഠനം, സത്സംഗം തുടങ്ങിയ സനാതനമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കണം. ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള വിശാലമായ തത്ത്വങ്ങള്‍ ഗ്രഹിക്കുമ്പോള്‍, അഖിലം ഞാന്‍ എന്നത് ഉറയ്ക്കുമ്പോള്‍, എല്ലാ കഷ്ടതകള്‍ക്കും ഉത്തരം കിട്ടും. പിന്നെയൊരിക്കലും കഷ്ടതകള്‍ നമ്മെ ബാധിക്കില്ല, നമ്മെ ഉലയ്ക്കില്ല. ഇഷ്ടമില്ലാത്തവ സ്വീകരിക്കാന്‍ മനസ്സ് മടിക്കുമ്പോഴാണ് ടെന്‍ഷനും രക്തസമ്മര്‍ദ്ദവും മറ്റും ഉണ്ടാകുന്നത്. എല്ലാം സമഭാവനയോടെ സ്വീകരിച്ചാല്‍പ്പിന്നെ നോ ടെന്‍ഷന്‍, അല്ലേ? അതുതന്നെ ഭഗവദ്‌ഗീതയും മറ്റും നമ്മെ പഠിപ്പിക്കുന്നത്.
സനാതനഗ്രന്ഥങ്ങളുടെ പാരായണവും പഠനവും മനസിന് കരുത്തു പകരുന്നു. സുഖവും ദുഃഖവും ഒരുപോലെ സ്വീകരിച്ച്, ഭഗവാനില്‍ അര്‍പ്പിച്ച്, മനസ്സിന് താളംതെറ്റാതെ, സമചിത്തതയോടെ, പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സനാതനഗ്രന്ഥങ്ങളിലെ തത്ത്വജ്ഞാനം മനുഷ്യമനസ്സിനെ പ്രാപ്തമാക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിന് ഇഷ്ടമല്ലാത്ത സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും അതുതാങ്ങാനുള്ള മനക്കരുത്ത് ഒരാള്‍ സ്വായത്തമാക്കുന്നു. അതുതന്നെയാണ് ആത്മീയതയുടെ വഴി. അങ്ങനെ ആത്മവിശ്വാസം – അവനവനിലുള്ള ഉണ്മയിലുള്ള ഉറപ്പ് – ഉണ്ടാകുന്നു. അല്ലാതെ എന്നെന്നും നിലനില്‍ക്കുന്ന ആത്മവിശ്വാസം തരാന്‍ ഒരു ജ്യോത്സ്യനും കഴിയില്ല. അവനവനിലുള്ള ഈ സത്യത്തെ അവനവന്‍ തന്നെ കണ്ടെത്തണം. അതിനു സത്സംഗങ്ങളില്‍ പങ്കെടുക്കുക, ഗ്രന്ഥപാരായണം നടത്തുക, ഭാരതീയ തത്ത്വചിന്ത പഠിക്കുക, ആത്മീയ പ്രഭാഷണങ്ങള്‍ ശ്രവിക്കുക, മനനം ചെയ്യുക.
എന്താണ് താങ്കളുടെ അനുഭവങ്ങള്‍? എന്താണ് താങ്കളുടെ അഭിപ്രായം?
[ ശ്രീ ]