വാല്മീക്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (24)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വാല്മീക്യാശ്രമപ്രവേശം

ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍
തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം
നാനാമുനികുല സങ്കുലം കേവലം
നാനാമൃഗദ്വിജാകീര്‍ണം മനോഹരം
ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാന്‍
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം
കന്ദര്‍പ്പ സുന്ദരമിന്ദീവരേക്ഷണ-
മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം
ബാണതൂണീര ധനുര്‍ദ്ധരം വിഷ്ടപ-
ത്രാണ നിപുണം ജടാമകുടോജ്ജ്വലം
ജാനകീലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാല്‍മീകിയും തദാ
സന്തോഷബാഷ്പാകുലാക്ഷനായ് രാഘവന്‍
തന്‍ തിരുമേനി ഗാഢം പുണര്‍ന്നീടിനാന്‍
നാരായണം പരമാനന്ദവിഗ്രഹം
കാര്‍ണ്യപീയൂഷസാഗരം മാനുഷം
പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം
രാജീവലോചനം രാ‍ജേന്ദ്ര ശേഖരം
ഭക്തിപൂണ്ടര്‍ഘ്യപാദ്യാദികള്‍കൊണ്ടഥ
മുക്തിപ്രദനായ നാഥനു സാദരം
പക്വമധുരമധുഫലമൂലങ്ങ-
ളൊക്കെ നിവേദിച്ചു ഭോജനാര്‍ത്ഥം മുദാ
ഭുക്ത്വാ പരിശ്രമം തീര്‍ത്തു രഘുവരന്‍
നത്വാ മുനിവരന്‍ തന്നോടരുള്‍ ചെയ്തു
താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു
ഹേതുവോ ഞാന്‍ പറയേണമെന്നില്ലല്ലോ?
വേദാന്തിന‍ാം ഭവാനതറിയാമല്ലോ
യാതൊരിടത്തു സുഖേന വസിക്കാവൂ
സീതയോടും കൂടിയെന്നരുള്‍ ചെയ്യേണം
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാന്‍
ചിത്തേ പെരികയുണ്ടാശ മഹാമുനേ!
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന
മംഗലദേശങ്ങള്‍ മുഖ്യവാസോചിതം’
എന്നതു കേട്ടു വാല്‍മീകി മഹാമുനി
മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ ചെയ്തു:
‘സര്‍വ്വ ലോകങ്ങളും നിങ്കല്‍ വസിക്കുന്നു
സര്‍വ്വലോകേഷു നീയും വസിക്കുന്നു
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും
സീതാസഹിതനായ് വാഴുവാനിന്നൊരു
ദേശം വിശേഷിച്ചു ചോദിക്ക കാരണം
സൌഖ്യേന തേ വസിപ്പാ‍നുള്ള മന്ദിര-
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാന്‍
സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു-
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെബ്ഭജിപ്പവര്‍ നമ്മുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം
നിത്യധര്‍മ്മാധര്‍മ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ
ചിത്തസരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം
നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു
നീര്‍ദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ്
ത്വന്മന്ത്രജാപകരായുള്ള മാനുഷര്‍
തന്മന:പങ്കജം തേ സുഖമന്ദിരം
ശാന്തന്മാരായ് നിരഹങ്കാരികളുമായ്
ശാന്ത രാഗദ്വേഷമാനസന്മാരുമായ്
ലോഷ്ടാശ്മകാഞ്ചന തുല്യമതികള‍ാം
ശ്രേഷ്ടമതികള്‍ മനസ്തവ മന്ദിരം
നിങ്കല്‍ സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സൊടും
സന്തുഷ്ടരായ് മരുവുന്നവര്‍ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു-
മിഷ്ടേതരാപ്തിക്കനുതാപവുമില്ല
സര്‍വവും മായേതി നിശ്ചിന്ത്യ വാഴുന്ന
ദിവ്യമനസ്തവ വാസായ മന്ദിരം
ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു-
മുള്‍പ്പൂവിലോര്‍ക്കിലോ ദേഹത്തിനേയുള്ളൂ
ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സര്‍വവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം
വേദസ്വരൂപമനന്തമേകം സത‍ാം
വേദാന്തവേദമാദ്യം ജഗദ്കാരണം
നാദാന്തരൂപം പരബ്രഹ്മമച്യുതം
സര്‍വഗുഹാശയത്വം സമസ്താധാരം
സര്‍വഗതം പരാത്മാനമലേപകം
വാസുദേവം വരദം വരേണ്യം ജഗ-
ദ്വാസിനാമാത്മനാ കാണുന്നതും സദാ
തസ്യചിത്തേ ജനകാത്മജയാ സമം
നിസ്സംശയം വസിച്ചീടുക ശ്രീപതേ!
സന്തതാഭ്യാസദൃഢീകൃതചേതസ‍ാം
സന്തതം ത്വല്പാദസേവാരതാത്മന‍ാം
അന്തര്‍ഗതനായ് വസിക്കനീ സീതയാ
ചിന്തിത ചിന്താമണേ! ദയാവാരിധേ!

Close