MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വാല്മീകിയുടെ ആത്മകഥ

കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേന്‍ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേര്‍ന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേന്‍ ചതിച്ചു ഞാന്‍!
എത്രവസ്തു പറിച്ചേന്‍ ദ്വിജന്മാരോടു‌‌-
മത്ര മുനീന്ദ്രവനത്തില്‍ നിന്നേകദാ.
സപ്തമുനികള്‍ വരുന്നതു കണ്ടുഞാന്‍
തത്രവേഗേന ചെന്നേന്‍ മുനിമാരുടെ
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്.
മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍
നിര്‍ദയം പ്രാപ്തന‍ാം ദുഷ്ടനാമെന്നെയും
വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാര്‍ഥം പറ‘കെന്നു
തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപ്പോള്‍
നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ-
ടിഷ്ടം മദീയം പറഞ്ഞേന്‍ നൃപാത്മജ!
‘പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാന്‍ വഴിപോക്കരോടു ഞാന്‍
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാന്‍.
ചൊന്നാന്‍ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
‘എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസംശയം.’
ഇത്ഥമാകര്‍ണ്ണ്യ ഞാന്‍ വീണ്ടുപോയ്ച്ചെന്നു മല്‍-
പുത്രദാരാദികളൊടു ചോദ്യം ചെയ്തേന്‍:
‘ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍ പാപമൊക്കെ,ഞാന്‍ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണ’മെന്നു ഞാന്‍ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാര്‍:
“നിത്യവും ചെയ്യുന്ന കര്‍മ്മഗണഫലം
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭുജിക്കുമൊ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിചീടുകെന്നേവരൂ.”
ഞാനുമതു കേട്ടു ജാത നിര്‍വേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസന്‍മാര്‍ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേന്‍
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍
ഭക്ത്യാ നമസ്കരിച്ചേന്‍ പാദസന്നിധൌ
‘ദുര്‍ഗ്ഗതി സാഗരേ മഗ്നനായ് വീഴുവാന്‍
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌-
രക്ഷണം ഭൂഷണമല്ലൊ മഹാത്മന‍ാം’.
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു:
‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാന‍ാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ-
മെന്നാല്‍ നിനക്കതിനാലേ ഗതിവരും.’
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
‘ദുര്‍വൃത്തനേറ്റം ദ്വിജധമനാമിവന്‍
ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും
രക്ഷരക്ഷേതി ശരണംഗമിച്ചവന്‍
രക്ഷണീയന്‍ പ്രയത്ന ദുഷ്ടോപി വാ.
മോക്ഷമാര്‍ഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാല്‍ പരബ്രഹ്മബോധപ്രദാനേന.’
ഇത്ഥമുക്ത്വാ രാമനാമ വര്‍ണ്ണദ്വയം
വ്യത്യസ്തവര്‍ണ്ണരൂപേണ ചൊല്ലിത്തന്നാര്‍.
‘നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍
സത്വരം ദിവ്യപഥാ ഗമിച്ചീടിനാര്‍.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടല്‍ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാര്‍,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍
നിര്‍ഗ്ഗമിച്ചീടിനേനാശു നാകൂദരാല്‍.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍:
‘വാല്‍മീകിയ‍ാം മുനി സ്രേഷ്ടന്‍ ഭവാന്‍ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’
എന്നരുള്‍ചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ‍മനാമത്തിന്‍ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ‍ കാണ്മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!