ധൃതിസ്തംഭാധാര‍ാം ദൃഢഗുണനിബദ്ധ‍ാം സഗമന‍ാം
വിചിത്ര‍ാം പദ്മാഢ്യ‍ാം പ്രതിദിവസസന്മാര്ഗഘടിത‍ാം |
സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദ‍ാം
ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 ||

സ്മരാരേ! – സ്വാമി‍ന്‍! മന്മഥവൈരിയായി ജഗന്നിയന്താവായി; ഗണൈഃ സേവിത! – പ്രമഥഗണങ്ങളാ‍ല്‍ പരിസേവിക്കപ്പെട്ടവനായി; ശിവ! – മംഗളസ്വരൂപനായിരിക്കുന്ന; വിഭോ! – ഹേ ലോകനാഥ!; ധൃതിസ്തംഭാധാര‍ാം – (വിഷയങ്ങള്‍ നിത്യമാണെന്ന) നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെ പിടിച്ചതായി; ദൃഢഗുണനിബദ്ധ‍ാം – ഗുണങ്ങളാ‍ല്‍ ദൃഢമായി ബന്ധിക്കപ്പെട്ടതായി; സഗമന‍ാം – സഞ്ചാരശീലത്തോടുകൂടിയതായി; വിചിത്ര‍ാംപദ്‍മാഢ്യ‍ാം – പല ദുര്‍വാസനകളോടു (പല വര്‍ണ്ണങ്ങളോടും) കൂടിയതായി ഐശ്വര്‍യ്യത്തിലഭിലാഷമുള്ളത്തയി (താമരയുള്ളതായി) പ്രതിദിവസ; സന്മാര്‍ഗ്ഗഘടിത‍ാം – ദിവസംതോറും സന്മാര്‍ഗ്ഗത്തി‍ല്‍ ചേര്‍ക്കപ്പെട്ടതായി; വിശദ‍ാം – നിര്‍മ്മലമായിരിക്കുന്ന; മച്ചേതഃ സ്ഫുടപട കടിം ശക്ത്യാ സഹ – എന്റെ ഹൃദയമാകുന്ന പ്രകാശമാര്‍ന്ന പടകുടീരത്തി‍ല്‍ ഉമയോടുകൂടി; പ്രാപ്യ ജയ – പ്രവേശിച്ച് വിജയിച്ചരുളിയാലും.

ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്, സഞ്ചരിക്കുന്നതില്‍ ഔത്സുക്യത്തോടുകൂടിയതായി, വിചിത്രമായി, പദ്മാഢ്യമയി ദിവസം തോറും സന്മാര്‍ഗ്ഗത്തി‍ല്‍ ചേര്‍ക്കപ്പെട്ടതായി നിര്‍മ്മലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സാകുന്ന പടകുടീരത്തി‍ല്‍ ഉമയോടുകൂടി പ്രവേശിച്ച് വിജയിച്ചരുളിയാലും.

പ്രലോഭാദ്യൈരര്‍ത്ഥാഹരണപരതന്ത്രോ ധനിഗൃഹേ
പ്രവേശോദ്യുക്തസ്സന്‍ ഭ്രമതി ബഹുധാ തസ്കരപതേ |
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപ‍ാം || 22 ||

ശങ്കര! തസ്മരപതേ! – മംഗളപ്രദ! തസ്കരാധിപ!; വിഭോ പ്രലോഭാദ്യൈഃ – പ്രഭുവായുള്ളോവേ! ദുരുപദേശം തുടങ്ങിയ വശീകരണവൃത്തികളാല്‍; അര്‍ദ്ധാഹരണപരതന്ത്രഃ ധനിഗൃഹേ – അന്യന്റെ സ്വത്തിനെ അപഹരിക്കുന്നതിന്നു ഇച്ഛിച്ചുകൊണ്ട് ധനികന്റെ വീട്ടില്‍; പ്രവേശോദ്യുക്തഃ – സന്‍ കടക്കുന്നതിന്നൊരുങ്ങിയവനായിട്ട്; ബഹുധാ ഭ്രമതി – പലവിധത്തിലും ചുറ്റിത്തിരിയുന്ന; ഇമം ചേതശ്ചോരം – ഈ മനസ്സാകുന്ന കള്ളനെ; ഇഹ കഥം – ഇപ്പോള്‍ എങ്ങിനെയാണ്; സഹേ? – ഞാ‍ന്‍ പൊറുക്കുന്നത്?; തവ – നിന്തിരുവടിക്ക്; അധീനം കൃത്വാ – സ്വാധീനമായതായി ചെയ്തുകൊണ്ട്; നിരപരാധേമയി – അപരാധമില്ലാത്തവനായ എന്നി‍ല്‍; കൃപ‍ാം കുരു – ദയയേ ചെയ്തരുളിയാലും.

ഹേ ശുഭപ്രദ! പ്രലോഭനാദി വശികരണങ്ങളാ‍ല്‍ അന്യന്റെ സ്വത്തിനെ അപഹരിപ്പാനാഗ്രഹിച്ചുകൊണ്ട് ധനികന്റെ ഭവനത്തി‍ല്‍ കടക്കുന്നതിന്നു ഒരുങ്ങിയവനായിട്ട് പലവാറു ചുറ്റിത്തിരിയുന്ന എന്റെ ഹൃദയമാകുന്ന തസ്കരനെ ഞാന്‍ എങ്ങിനെ പൊറുക്കട്ടെ. അവനെ അങ്ങയ്ക്കു ധീനമാക്കിത്തിര്‍ത്തു നിരപരധിയായ എന്നി‍ല്‍ കനിഞ്ഞരുളിയാലും.

കരോമി ത്വത്പൂജ‍ാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി |
പുനശ്ച ത്വ‍ാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശംകര വിഭോ || 23 ||

വിഭോ! – സര്‍വ്വവ്യാപിയായുള്ളോവേ!; ത്വത്പൂജ‍ാം – നിന്തിരുവടിയുടെ ആരാധനയെ; കരോമി – ഞാ‍ന്‍ ചെയ്യുന്നു; സപദി മേ സുഖദഃ ഭവ – ഉടനെതന്നെ എനിക്കു പരമാനന്ദത്തെ നല്‍ക്കുന്നവനായി ഭവിച്ചാലും; തസ്യാഃ ഫലം – ഇതി അപ്രകാരമുള്ള പൂജയ്ക്ക് ഫലമായിട്ട്; വിധിത്വം – ബ്രഹ്മാവായിരിക്കുക എന്ന അവസ്ഥയേയും; വിഷ്ണുത്വം – വിഷ്ണുത്വത്തേയുമാണല്ലോ; ദിശസി ഖലു – നിന്തിരുവടി നല്‍ക്കുന്നത്; ശങ്കര! – വിഭോ!; സുഖപ്രദ! – ഭഗവ‍ന്‍ !; പുനഃ ച ദിവി ഭുവി – വീണ്ടും ആകാശത്തിലും ഭൂലോകത്തിലുംത്വ‍ാം; ദൃഷ്ടം – നിന്തിരുവടിയേ ദര്‍ശിക്കുന്നതിന്നു; പക്ഷിമൃഗത‍ാം – പക്ഷിരൂപത്തേയും മൃഗരൂപത്തേയും; വഹ‍ന്‍ അദൃഷ്ട്വാ – ധരിച്ചുകൊണ്ട് അങ്ങയെ ദര്‍ശിക്കാതെ; തത്ഖേദം – അതുകൊണ്ടുള്ള ദുഃഖത്തെ; ഇഹ കഥം സഹേ – ഇവിടെ ഞാനെങ്ങിനെ സഹിക്കട്ടെ.

ഹേ സര്‍വ്വവ്യാപി‍ന്‍! നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു; ഉടനെതന്നെ എനിക്ക് പരമാനന്ദസൗഖ്യത്തേ അനുഗ്രഹിച്ചരുളിയാലും. അങ്ങയെ പൂജിക്കുന്നതിന്ന് ഫലമായി ബ്രഹ്മത്വത്തേയും വിഷ്ണുത്വത്തേയുമാണല്ലൊ നിന്തിരുവടി നല്‍ക്കുക. വീണ്ടും ഞാന്‍ പക്ഷി(ഹംസ) രൂപത്തേയും, മൃഗ(വരാഹ) രുപത്തേയും ധരിച്ചു ആദ്യന്തവിഹീനനായ നിന്തിരുവടിയെ(നിന്തിരുവടിയുടെ ശിരസ്സിനേയും കാലിണകളേയും) കണ്‍കുളിരെ കാണുന്നതിന്ന് ആകാശത്തിലേക്കും അധോലോകത്തേക്കും ചെന്ന് അതുകൊണ്ടുണ്ടാവുന്ന നിരാശയെ എങ്ങിനെ സഹിക്കട്ടെ.

കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈര്‍ –
വസന്‍ ശംഭോരഗ്രേ സ്ഫുടഘടിതമൂര്‍ദ്ധാഞ്ജലിപുടഃ |
വിഭോ സ‍ാംബ സ്വാമിന്‍ പരമശിവ പാഹീതി നിഗദ‍ന്‍
വിധാതൃണ‍ാം കല്പാന്‍ ക്ഷണമിവ വിനേഷ്യാമി സുഖതഃ || 24 ||

കൈലാസേ – കൈലാസപര്‍വ്വതത്തി‍ല്‍; കനകമണിസൗധേ – സ്വര്‍ണ്ണനിര്‍മ്മിതമായ മണിസൗധത്തി‍ല്‍ ; ശംഭോഃ അഗ്രേ – പരമശിവന്റെ മുന്നില്‍; ഗണൈഃ സഹ വസന്‍ – പ്രമഥഗണങ്ങളോടുകൂടി വസിക്കുന്നവനും; സ്ഫുടഘടിത മൂര്‍ദ്ധഞ്ജലിപുടഃ – തെളിഞ്ഞുകാണുമാറ് മൂര്‍ദ്ധാവി‍ല്‍ ചേര്‍ത്തു വെച്ചു കൂപ്പുകൈകളോടുകൂടിയവനുമായി “വിഭോ! – സര്‍വ്വാത്മക!; സ‍ാംബ! സ്വാമിന്‍ – ദേവീസമേതനായിരിക്കുന്ന ഈശ്വര!; പരമശിവ! – ദേവേശ! മംഗളപ്രദ!; പാഹി ഇതി – കാത്തരുളിയാലും” എന്ന്; നിഗദ‍ന്‍ – അപേക്ഷിക്കുന്നവനായിട്ട്; സുഖതഃ – സൗഖ്യത്തോടെ; വിധാതൃണ‍ാം കല്പാന്‍ – അനേകം ബ്രഹ്മദേവന്മാരുടെ കല്പങ്ങളെ; ക്ഷണം ഇവ – ഒരു നിമിഷമെന്നപോലെ; കദാ വാ വിനേഷ്യാമി? – എപ്പോഴാണ് കഴിച്ചുകൂട്ടുക?

കൈലാസത്തില്‍ കാഞ്ചനനിര്‍മ്മിതമായ മണിസൗധത്തി‍ല്‍ പരമേശ്വരന്റെ മുന്നില്‍ പ്രമഥഗണങ്ങളൊന്നിച്ച് വസിക്കുന്നവനായി, തലയില്‍ ചേര്‍ത്തുവെച്ച കൂപ്പുകൈകളോടുകൂടിയവനായി, ’ഹേ വിഭോ, സ‍ാംബമൂര്‍ത്തേ, സ്വാമിന്‍’ എന്നിത്യാദി നാമങ്ങളുച്ചരിച്ചുകൊണ്ട് ’എന്നെ കാത്തരുളേണമേ’ എന്നു അപേക്ഷിക്കുന്നവനായിട്ട് പരമാനന്ദത്തോടെ അനേകം ബ്രഹ്മദേവന്മാരുടെ വാഴ്ചകാലങ്ങളെ ഒരു നിമിഷമെന്നപോലെ എപ്പോഴാണ് ഞാന്‍ കഴിച്ചുകൂട്ടുക?

സ്തവൈ‍ര്‍ബ്രഹ്മാദീന‍ാം ജയജയവചോഭിര്‍നിയമിന‍ാം
ഗണാന‍ാം കേളീഭിര്‍മ്മദകലമഹോക്ഷസ്യ കകുദി |
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ടവപുഷം
കദാ ത്വ‍ാം പശ്യേയം കരധൃതമൃഗം ഖണ്ഡപരശും || 25 ||

ബ്രഹ്മാദിന‍ാം സ്തവൈഃ – ബ്രഹ്മാവ് മുതലായ ദേവന്മാരുടെ സ്തുതികളോടും; നിയമിന‍ാം – മഹര്‍ഷികളുടെ; ജയജയവചോഭിഃ – ജയജയ എന്ന വചനങ്ങളോടും; ഗണാന‍ാം – നന്ദി, ഭൃംഗി തുടങ്ങിയ ഗണങ്ങളുടെ; കേളീഭിഃ – നൃത്താഗീതാദിവിലാസങ്ങളോടുംകൂടി; മദകലമഹോക്ഷസ്യ – മദിച്ച മഹാവൃഷഭത്തിന്റെ; കകുദീ സ്ഥിതം – പുറത്തുള്ള പൂഞ്ഞയി‍ല്‍, ഇരുന്നരുളുന്നവനും; നീലഗ്രീവം – നീലകണ്ഠനും; ത്രിനയനം – മൂന്നു കണ്ണുകളുള്ളവനും; ഉമാശിഷ്ടവപുഷം – പാര്‍വ്വതിയാ‍ല്‍ ആലിംഗനംചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും; കരധൃതമൃഗം – കയ്യി‍ല്‍ ധരിക്കപ്പെട്ട മൃഗത്തോടുകൂടിയവനും; ഖണ്ഡപരശും – ഖണ്ഡിക്കപ്പെട്ട പരശുവേന്തിയവനുമായ; ത്വ‍ാം – നിന്തിരുവടിയെ; കദാ പശ്യേയം? – ഏപ്പോഴാണ് ഞാന്‍ ദര്‍ശിക്കുക?

ബ്രഹ്മാവുതുടങ്ങിയ ദേവന്മാരാല്‍ സ്തുതിക്കപ്പെട്ടവനായി മഹര്‍ഷികളാ‍ല്‍ ‘ജയ ജയ’ എന്ന മംഗളവചനങ്ങളാല്‍ വാഴ്ത്തപ്പെട്ടവനായി നന്ദി, ഭൃംഗി തുടങ്ങിയ പ്രമതഗണങ്ങളുടെ നൃത്തഗീതാദിവിലാസങ്ങാളി‍ല്‍ ലയിച്ച്, മദംകൊണ്ട കാളപ്പുറത്ത് ഇരുന്നരുളുന്നവനും, നീലകണ്ഠനും, മുക്കണ്ണനും ഉമയാലാലിംഗനം ചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും മാന്‍ , മഴു എന്നിവ ധരിച്ചിരിക്കുന്നവനുമായ നിന്തിരുവടിയെ ഞാന്‍ എപ്പോഴാണ് ഉള്ളം കുളിരുമാറ് ദര്‍ശിച്ചാനന്ദംകൊണ്ണുന്നത് ?

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).