അപാരശക്തനും തന്റെ പിതാവുമായ ഹിരണ്യകശിപു നരസിംഹസ്വരൂപിയായ ശ്രീഹരിയാല്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രഹ്ളാദന്‍ വിചാരിയ്ക്കാന്‍ തുടങ്ങി. ഈലോകത്തിലുള്ള ഏതൊരു വസ്തുവിനോ ആള്‍ക്കോ സ്ഥിരമായ നിലനില്‍പും രക്ഷയുമില്ല . അല്ലെങ്കില്‍ ആരുടെ ഒരട്ടഹാസം കേട്ടാലാണോ ഇന്ദ്രാദിദേവശ്രേഷ്ഠന്‍മാര്‍പോലും നടുങ്ങിയിരിയ്ക്കുന്നത്, അങ്ങനെയുള്ള ഹിരണ്യകശിപു ക്ഷണനേരം കൊണ്ട് മൃതനായിക്കഴിഞ്ഞു. ബ്രഹ്മാണ്ഡത്തെ മുഴുവന്‍ തന്റെ പൗരുഷംകൊണ്ടും അജയ്യമായശക്തികൊണ്ടും ആജ്‍ഞബയ്ക്ക് വിധേയമാക്കിതീര്‍ത്ത അലംഘ്യമായ ആസുരശക്ത്തിയായിരുന്നു ഹിരണ്യകശിപു. ആ ഹിരണ്യകശിപുവിന്നുപോലും രക്ഷയില്ല ഈപ്രപഞ്ചത്തിലെന്നു വന്നാല്‍ പിന്നെ ആര്‍ക്കാണു രക്ഷയുള്ളത്? ആര് എത്രതന്നെവളര്‍ന്നാലും ഹരി അവനെ വിഴുങ്ങും. ഹരിയെ ജയിക്കാന്‍ഹരിയല്ലാതെ മറ്റാരും തന്നെയില്ല. അതിനാല്‍ സര്‍വ്വത്മനാ ഹരിയെ ആശ്രയിക്കുന്നതുതന്നെ രക്ഷയുള്ള ഏകമാര്‍ഗ്ഗം. അങ്ങനെ ബോധ്യപ്പെട്ട അസുരചക്രവര്‍ത്തിയായ പ്രഹ്ളാദന്‍ ഹരിഭക്തിയെ വളര്‍ത്താന്‍ തുടങ്ങി. ഈനിമിഷം മുതല്‍ക്ക് എനിക്കിനി ശ്രീനാരായണാശ്രയമൊഴിച്ചു മറ്റൊന്നുംതന്നെ രക്ഷയില്ലെന്നു കരുതി മനസാ വാചാ കര്‍മ്മണാ ഭഗവാനെ ശരണംപ്രാപിച്ചു. ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരീമന്ത്രത്തെ തന്റെ ഇഷ്ടമന്ത്രമാക്കി സ്വീകരിച്ച് എപ്പോഴും ഭക്തി വിവശനായി ജപിക്കാന്‍ തുടങ്ങി. മാത്രമല്ല, ഭക്തികൊണ്ട് അലിഞ്ഞ ഹൃദയത്തോടുകൂടി എപ്പോഴും ജപം, കീര്‍ത്തനം, ധ്യാനം, പൂജ തുടങ്ങിയ അനുഷ്ഠടാനങ്ങളില്‍ത്തന്നെ മുഴുകി കഴിയാനും തുടങ്ങി.
ബാഹ്യാഭ്യന്തരങ്ങളായ കരണങ്ങളെ ലയിപ്പിച്ച് ഉപാസനാമൂര്‍ത്തിയായ വിഷ്ണുഭഗവാനോടു താദാത്മ്യത്തെ പ്രാപിച്ചുകൊണ്ടു ജപിച്ചും സങ്കല്പമയിയും ദ്രവ്യമയിയുമായ പൂജകളെക്കൊണ്ടാരാധിച്ചും വര്‍ദ്ധിച്ചുവന്ന ഭക്തിയാല്‍ ആവിഷ്ടനായി ധാരയായൊഴുകുന്ന കണ്ണീരോടും പൊട്ടിത്തരിച്ച ശരീരത്തോടും മിക്കപ്പോഴും ഭാവസമാധിയിലും സഗുണസമാധിയിലും മുഴുകിയും ഉണര്‍ന്നും കഴിഞ്ഞുവന്നു പ്രഹ്ലാദന്‍. അദ്ദേഹത്തിന്റെ അസാധാരണമായ വിഷ്ണുഭക്തി അസുരസമുദായത്തെ മുഴുവന്‍ ആശ്ചര്യസ്തബ്ധമാക്കിത്തീര്‍ത്തു. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ പ്രഹ്ലാദന്‍ അസുരസദസ്സില്‍ വിഷ്ണുഭഗവാന്റെ മഹിമകളെ വാഴ്ത്തുകയും വിഷ്ണുഭജനത്തോടുകൂടാത്ത ജീവിതം അധന്യമാണെന്നു സമര്‍ത്ഥിക്കുകയും ചെയ്തുവന്നു. കാലംകൊണ്ടു മഹാരാജാവിന്റെ വാക്കും പ്രവൃത്തിയും അസുരന്മരെ മുഴുവന്‍ ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളായിത്തീര്‍ന്നു. അതിനാല്‍ വിഷ്ണുഭഗവാനെ ആജന്മശത്രുവായികരുതിവന്ന കുടിലന്മാരും ദുഷ്ടന്മാരുമായ അസുരന്മാരില്‍പോലും കുറേശ്ശെയായി വിഷ്ണുഭക്തി അങ്കുരിച്ചു വികസിക്കാന്‍ തുടങ്ങി. അധികം താമസിയാതെ അസുരന്മാരൊക്കെത്തന്നെയും തികഞ്ഞവിഷ്ണുഭക്തന്മാരായിമാറി.
അസുരസമുദായത്തിന്റെ ഈ വമ്പിച്ചപരിവര്‍ത്തനം കണ്ടുദേവന്മാര്‍ നടുങ്ങി. പ്രഹ്ലാദനാണ് ഇതിനു ഹേതുവെന്നവര്‍ മനസിലാക്കി. രാജാവിന്റെ ആചാരവും വിശ്വാസവും പ്രജകളിലേയ്ക്ക് പകരുക എന്നത് സ്വാഭാവികമാണല്ലോ. എങ്കിലും ഇത്ര വലിയമാറ്റം അവര്‍ കണ്ടിട്ടില്ല. ഇനി എന്തെല്ലാം സംഭവിയ്ക്കാന്‍ പോകുന്നുവെന്നറിയാതെ ഭയപ്പെടാന്‍തുടങ്ങി ദേവന്‍മാര്‍. രജസ്തമ:പ്രകൃതികളും ദുഷ്ടന്‍മാരുമായ അസുരന്‍മാരുമൊക്കെ വിഷ്ണുഭക്തന്മാരും സാത്വികന്മാരുമായാലത്തെ കഥയെന്താണ് ? ഭയവും ആശ്ചര്യവും ദേവന്മാരെ പരതന്ത്രരാക്കി. അതിന്റെ ഫലമായി അവരെല്ലാവരും കൂടി ശ്രീവൈകുണ്ഠത്തില്‍ വിഷ്ണു സന്നിധിയില്‍ചെന്നു വിവരമെല്ലാം ഉണര്‍ത്തിച്ചു. ഒടുവിലത്തെ ജന്മമായ സുകൃതിയ്കുണ്ടാവേണ്ട വിഷ്ണുഭക്തിയെവിടെ? കപടശാലികളും നീചന്മാരുമായ അസുരന്മാരെവിടെ? എന്താണിവര്‍ക്കിതു സംഭവിച്ചതു്? ഏതായാലും അവരുടെ സംസ്കാരത്തെ മാറ്റീട്ടില്ലെങ്കില്‍ എന്തെല്ലാം സംഭവിയ്ക്കുമെന്നറിഞ്ഞുകൂട. എന്നൊക്കെ അറിയിച്ചു ദേവന്മാര്‍. ഭഗവാനവരെ സമാധാനിപ്പിച്ചു. ദോഷഹീന്മാരായ നല്ലവര്‍ ദുഷിക്കാനിടയായിയെന്നുവന്നാല്‍ പരിഭ്രമിക്കേണ്ടതാണ്. എന്നാല്‍ ദുഷ്ടന്മാര്‍ നല്ലവരായാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? അതിനാല്‍ അസുരന്മാരെപ്പറ്റി പരിഭ്രമിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല. കൂടാതെ പ്രഹ്ലാദനിത് ഒടുവിലത്തെ ജന്മമാണ്. അതുകൊണ്ടാണദ്ദേഹത്തിനു സ്വാഭാവികമായിത്തന്നെ വിഷ്ണുര്‍ഭക്തിയുണ്ടായിതീര്‍ന്നത്. അതുകൊണ്ട് നന്മയേ ഉണ്ടാകൂ, എന്നൊക്കെ പറഞ്ഞുഭഗവാനവരെ സമാധാനിപ്പിച്ചു സ്വസ്ഥാനങ്ങളിലേയ്ക്ക് പറഞ്ഞയച്ചു.
ദേവന്മാര്‍ അവരവരുടെ സ്ഥാനങ്ങളിലേയ്ക്കു പോയശേഷം ഭഗവാന്‍ പ്രഹ്ലാദനു തന്റെ ദിവ്യദര്‍ശനത്തെ കൊടുത്ത് അനുഗ്രഹിക്കാന്‍ തീര്‍ച്ചപ്പെടുത്തി. അതിന്റെ ഫലമായി ഒരു ദിവസം പൂജാവസാനത്തില്‍ പ്രഹ്ലാദന്റെപൂജാമുറിയില്‍ ഭഗവാന്‍ ശ്രീനാരായണന്‍ സ്വയം പ്രത്യക്ഷപ്പെട്ടു തന്റെ ഭക്തനു ദര്‍ശനം കൊടുത്തു. പരമഭക്തനായ പ്രഹ്ലാദനു തന്റെ ഇഷ്ടമൂര്‍ത്തിയായ വിഷ്ണുഭഗവാനെ നേരില്‍ കാണാന്‍ സാധിച്ചപ്പേഴുണ്ടായ സന്തോഷത്തിനു് അതിരില്ല. സന്തോഷംകൊണ്ടും ചാരിതാര്‍ത്ഥ്യംകൊണ്ടും ആവിഷ്ടനായി. എഴുന്നേററു പ്രദക്ഷിണം ചെയ്തു വീണ്ടും വീണ്ടും വീണു നമസ്കരിച്ചു സ്തുതിക്കാന്‍ തു ടങ്ങി. ദിവ്യങ്ങളായ സ്തോത്രതല്ലജങ്ങളെക്കൊണ്ടും വളരെനേരം ഭക്തിപരവശനായി ഭഗവാനെ വാഴ്ത്തി സ്തുതിക്കുകയും ചെയ്തു. സന്തുഷ്ടനായ ശ്രീനാരായണന്‍ മേലില്‍ സംസാരതാപമേല്ക്കാതിരിയ്കത്തക്ക നിലയില്‍ നല്ലതായ ഏതെങ്കിലും ഒരു വരം വരിച്ചു കൊള്ളുവാന്‍ പറയുകയും ചെയ്തു. അതിനെ അവിടുന്നുതന്നെ തന്നാല്‍ മതിയെന്നാണ് പ്രഹ്ലാദന്റെ മറുപടി. വസ്തുബോധത്താല്‍ ചിത്തമടങ്ങി അദ്വിതീയാത്മാവില്‍ പൂര്‍ണ്ണവിശ്രാന്തിയെ പ്രാപിക്കുന്നതുവരെയും വിചാരവാനായിത്തീരട്ടെ എന്നാണ് ഭഗവാന്‍ കൊടുത്തവരം. അനന്തരം പ്രഹ്ലാദനെ അനുഗ്രഹിച്ചു ഭഗവാന്‍ അന്തര്‍ദ്ധാനവും ചെയ്തു.
ശ്രീനാരായണന്‍ അന്തര്‍ദ്ധാനം ചെയ്തതിന്നുശേഷം പത്മാസനത്തില്‍ നീണ്ടുനിവര്‍ന്നു താനാരെന്നു വിചാരം ചെയ്യാന്‍ തുടങ്ങി. വിചാരവാനായി ഭവിയ്ക്കട്ടെ എന്നായിരുന്നുവല്ലോ ഭഗവാന്റെ അനുഗ്രഹം. ആയതു പെട്ടന്നു ഫലവത്തായിത്തീര്‍ന്നു. കല്ലും മരങ്ങളും മലകളും പുഴകളും അനന്തകോടി ജീവരാശികളും ശബ്ദാദിവിഷയങ്ങളുമടങ്ങിയ ഈ പ്രപഞ്ചം താനല്ലെന്നദ്ദേഹത്തിനാദ്യംതന്നെ ബോദ്ധ്യമായി. ഒന്നാമത്, അത് ദൃഷ്ടാവായ തന്നില്‍നിന്നു വേറെയാണ്. അതിനാല്‍ തന്റെ ദൃശ്യമാണ്. ദൃശ്യം ദൃഷ്ടാവാവാന്‍ വയ്യ. രണ്ടാമതു പ്രപഞ്ചം ജഡമാണ്. താന്‍ ചൈതന്യമാണ്. ഈ കാരണങ്ങളാല്‍ പ്രപഞ്ചം താനല്ലെന്നു വളരെ വേഗത്തില്‍ ബോദ്ധ്യമായി. എന്നാല്‍ പിന്നെ കാണപ്പെടുന്ന ഈ ശരീരത്തിന്ന് ഉല്പത്തിസ്ഥിതിലയങ്ങളും ക്ഷയവൃദ്ധികളും ബാല്യകൗമാര യൗവനവാര്‍ദ്ധക്യങ്ങളും മറ്റുമുണ്ട്. അവയൊന്നും തനിക്കുള്ളതാവാന്‍ കാരണമില്ല. കൂടാതെ ശരീരം ജഡമാണ്. താന്‍ ജഡനല്ല. ഇതിനൊക്കെ പുറമെ ശരീരവും തന്റെ ദൃശ്യകോടിയില്‍പ്പെട്ട ഒന്നാണ്. താന്‍ ദൃഷ്ടാവാണ്. ആ സ്ഥിതിക്കു ശരീരവും താനല്ലെന്നു ബോദ്ധ്യമായി. ശബ്ദാദിവിഷയഗ്രാഹകങ്ങളായ ശ്രോത്രാദീന്ദ്രിയങ്ങള്‍ മനസ്സിന്റെ അംശങ്ങളാകയാല്‍ അവയെപ്പറ്റി ചിന്തിക്കേണ്ടതേ ഇല്ല.
മനസ്സു താനാണോ എന്നേ ചിന്തിക്കണ്ടതുള്ളു. ഉദയാസ്തമയങ്ങളെന്ന നില മനസ്സിനും ബുദ്ധിക്കെല്ലാമുണ്ട്, സുഷുപ്തിയില്‍ മനസ്സും ബുദ്ധിയും ലയിച്ചില്ലാതാവുന്നുണ്ട്. എങ്കിലും ഞാന്‍ ഇല്ലാതാവുന്നില്ല. കൂടാതെ അവയും തനിയ്ക്കു ദൃശ്യങ്ങളായിട്ടിരിക്കുന്നു. താന്‍ അവയുടെയും ദൃഷ്ടാവു് അല്ലങ്കില്‍ ജ്ഞാതാവാണ്. അതിനാല്‍ മനോബുദ്ധികളും താനല്ലെന്നു വ്യക്തമാണ്. ഇങ്ങനെ വീണ്ടും വീണ്ടും വിചാരം ചെയ്ത പ്രഹ്ലാദന്‍ പ്രപഞ്ചമോ ശരീരമോ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ സത്തയില്ലാത്ത അഹങ്കാരമോ അല്ല താനെന്നും അവയ്ക്കെല്ലാം സാക്ഷിയും ദ്രഷ്ടാവും ജ്ഞാതാവും ബോധസ്വരൂപനുമായിട്ടിരിക്കുന്ന ആത്മാവാണു താനെന്നും ബോധിച്ചു. തെറ്റിധാരണകളും മാലിന്യങ്ങളും ഉപാധിധര്‍മ്മങ്ങളും മുഴുവന്‍നീങ്ങി താനാകുന്ന പരമതത്വത്തില്‍ ദൃഢത വന്നതോടുകൂടി സമാധിസ്ഥനായി. ക്രമേണ വികല്പങ്ങള്‍ മുഴുവന്‍ നീങ്ങി നിര്‍വ്വികല്പസമാധിയില്‍ മുഴുകി. പരമനിര്‍വികല്പമായ പ്രസ്തുത സമാധിയില്‍ മുഴുകികൊണ്ടു ബാഹ്യബോധം പോലുമില്ലാതെ വളരെക്കാലം പ്രതിമയെന്നപോലെ നിശ്ചലനായിരുന്നു.
അങ്ങനെ വളരെ കൊല്ലങ്ങള്‍തന്നെ പ്രഹ്ലാദന്‍ പരമനിര്‍വ്വികല്പമായ അദ്ദ്വൈതബ്രഹ്മത്തില്‍ ലീനനായി പ്രപഞ്ചബോധമില്ലാതെ കഴിഞ്ഞപ്പോള്‍ അസുരലോകത്ത് അരാജകത്വം ബാധിച്ചു. മത്സ്യന്യായേന അന്യോനം മര്‍ദ്ദിതമായ വംശപരമ്പരതന്നെ മിക്കവാറും ക്ഷയോന്മുഖവും നഷ്ടപ്രായവുമായിത്തീര്‍ന്നു. അ സമയത്ത് ഭഗവാന്‍ ശ്രീനാരായണന്‍ പ്രഹ്ലാദനെ സമാധിയില്‍ നിന്നുണര്‍ത്തണമെന്നു വിചാരിച്ചു. അങ്ങനെ ചെയ്യാത്തപക്ഷം പ്രപഞ്ചം തന്നെ അകാലത്തില്‍ പ്രളയത്തെ പ്രാപിക്കാന്‍ ഇടയായിത്തീരും. തക്കതായ ഭരണകര്‍ത്താവില്ലാതാവുമ്പോള്‍ അസുരന്മാരൊക്കെ നശിക്കും. അസുരന്മാരൊക്കെ നശിച്ചാല്‍ ദേവന്മാര്‍ക്ക് ജയേഛയില്ലാതാവും; രാഗദ്വേഷദ്വന്ദ്വങ്ങളടങ്ങി അവരൊക്കെ അപവര്‍ഗ്ഗത്തെ പ്രാപിക്കും. ദേവന്മാരില്ലാതായിതീരുമ്പോള്‍ യജ്ഞാദിധര്‍മ്മങ്ങള്‍ ഭൂമിയില്‍ ഇല്ലാതായിത്തീരും. അപ്പോള്‍ എല്ലാം നശിക്കും. താനും തല്‍പദത്തിങ്കല്‍ വിശ്രാന്തനാവും. അങ്ങനെ അകാലത്തില്‍ ഒരു പ്രളയം വന്നു ചേരലാണ് ഫലം. അങ്ങനെ സംഭവിക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രഹ്ലാദനെ ഉണര്‍ത്തി പ്രവര്‍ത്തിക്കുകതന്നെ വേണം എന്നു നിശ്ചയിച്ചു. ഭഗവാന്‍ ശ്രീനാരായണന്‍ വൈകുണ്ഠലോകത്തു നിന്നു പുറപ്പെട്ടു പ്രതിമയെന്നതു പോലെ നിശ്ചലനായി സമാധിസ്ഥനായ പ്രഹ്ളാദന്റെ മുമ്പിലെത്തി പത്തു ദിക്കുകളിലും മാറ്റൊലികൊള്ളുമാറുള്ള തന്റെ ഉച്ചണ്ഡമായ പാഞചജന്യശംഖത്തെ നദിപ്പിച്ചു. അതോടെ പ്രഹ്ലാദന്റെ ലീനമായ ചിത്ത് ഉണര്‍ന്ന് ക്രമേണ ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ വ്യാപിച്ചു സ്ഥൂലവും വിഷയോന്മുഖവുമമായിത്തീര്‍ന്നു. അടങ്ങിയ പ്രാണാപാനന്മാര്‍ ഉണര്‍ന്ന് ഓടി കളിക്കാന്‍ തുടങ്ങി. കണ്ണുമിഴിച്ച് ഭഗവാനെയും പ്രപഞ്ചത്തെയും കാണുകയും അറിയുകയും ചെയ്തു. അകാലത്തില്‍ ശരീരപരിത്യാഗം ശരിയല്ലെന്നും വളരെക്കാലം അസുരചക്രവര്‍ത്തിയായി രാജ്യഭരണംചെയ്ത് അന്ത്യത്തില്‍ വിദേഹകൈവല്ല്യത്തെയും പ്രാപിയ്ക്കൂ എന്നരുളിച്ചയ്ത് അന്തര്‍ദ്ധാനവും ചെയ‍്തു.
ഇങ്ങനെ സ്വപ്രയത്നം കൊണ്ടുതന്നെ ബുദ്ധിമാനായ പ്രഹ്ലാദന്‍ പരമപദത്തെ പ്രാപിക്കാനിടയായി തീര്‍ന്നു. ഹേ രാമചന്ദ്രാ! സംസാരമെന്നു പേരുള്ള ഈ മഹാമായയെ സ്വപ്രയത്നം കൊണ്ടും സ്വചിത്തവിജയം കൊണ്ടുമല്ലാതെ മറ്റൊന്നുകൊണ്ടും അടക്കാന്‍ സാദ്ധ്യമല്ല. തന്റെചിത്തത്തെ ജയിക്കാന്‍ സ്വപ്രയത്നമല്ലാതെ മറ്റൊരാളുടെ പ്രയത്നം ഉപകരിക്കില്ലെന്നുപറയേണ്ടതില്ലല്ലോ. ചിത്തത്തെ അടക്കിയ ഒരാള്‍ക്ക് അല്പം പോലും ശേഷിക്കുന്നില്ല സംസാരം. അങ്ങനെതന്നെ ചിത്തം അടങ്ങാതിരിക്കും കാലത്തോളവും മറ്റൊന്നുകൊണ്ടും സംസാരം നീക്കാവുന്നതുമല്ല.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.