അമുനീ ഭഗവദ്രൂപേ മായാ തേ അനുവര്‍ണിതേ
ഉഭേ അപി ന ഗൃഹ്ണന്തി മായാസൃഷ്ടേ വിപശ്ചിതഃ (2-10-35)
സ വാച്യവാചകതയാ ഭഗവാന്‍ ബ്രഹ്മരൂപധൃക്
നാമരൂപക്രിയാ ധത്തേ സകര്‍മാകര്‍മകഃ പരഃ (2-10-36)
ശുകമുനി തുടര്‍ന്നു:
ഈ ദിവ്യഗ്രന്ഥത്തിലുളള കാര്യങ്ങള്‍:
- സൂക്ഷ്മതരങ്ങളായ വിശ്വഘടകങ്ങള്‍, പ്രകൃതിയുടെ സംതുലിതഭാവത്തിലുണ്ടായ വ്യതിചലനങ്ങള്‍, അവയുണ്ടാവാനിടയായ ഭഗവദിഛ
- ബ്രഹ്മാവിനാല്‍ ചരാചരവസ്തുക്കളുടെ സൃഷ്ടി
- വിശ്വസ്ഥിതി കാത്തുരക്ഷിക്കുന്നു ഭഗവദ്‌വിജയം
- ഭഗവാന്റെ അഭയമഹിമ
- ലോകചക്രങ്ങളുടെ കഥകള്‍
- മറന്നുകിടക്കുന്നു വാസനകളാല്‍ കൂടുതല്‍ കെട്ടുപാടുകളിലേക്കു നീങ്ങുന്ന മനുഷ്യന്റെ കഥ
- ഭഗവദവതാരകഥകള്‍
- വിശ്വപ്രളയവും ആസമയത്ത് ചരാചരവസ്തുക്കളുടെ ഉള്‍വലിയലും
- ജീവാത്മാവിന്റെ മോചനം
- എല്ലാത്തിന്റെയും അടിസ്ഥാനമായിവര്‍ത്തിക്കുന്നു ഏതോ അത്.
പത്താമത്തെ ഘടകം വ്യക്തമാക്കാന്‍ ആദ്യത്തെ ഒമ്പതിന്റേയും അടിസ്ഥാനം ഭഗവാന്‍തന്നെയാണെന്ന ബോധമുണ്ടാകണം. അതുകൊണ്ടാണ് ഒന്നുമുതല്‍ ഒമ്പതുവരെയുളള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നുത്.
വിശ്വപുരുഷന്‍ അണ്ഠത്തില്‍ നിന്നും പുറത്തുവരുമ്പോള്‍ നിലകൊളളാനായി ജലത്തെ സൃഷ്ടിച്ചു. വെളളത്തില്‍ ജിവിച്ചതുകൊണ്ട് അദ്ദേഹം നാരായണന്‍ എന്നറിയപ്പെടുന്നു. പിന്നീടദ്ദേഹം മറ്റു സൃഷ്ടികള്‍ തുടങ്ങി. ഭഗവാന്റെ ദിവ്യേഛയാല്‍ ആദ്ധ്യാത്മികം, ആധിഭൌതികം, ആധിദൈവീകം എന്നിങ്ങിനെ മൂന്നുതരത്തിലുളള ദിവ്യശക്തികള്‍ ഉത്ഭവിച്ചു. അദ്ദേഹം ഒന്നിളകിയപ്പോള്‍ ശക്തിയും പ്രാണനുമുണ്ടായി. അദ്ദേഹം ആഹരിക്കാനാഗ്രഹിച്ചപ്പോള്‍ നാവും രുചികളും അവയാസ്വദിക്കാനാ വശ്യമായ ബുദ്ധിവൈഭവവും സൃഷ്ടിക്കപ്പെട്ടു. അതുപോലെ വാക്കും ഭാഷയും അവയ്ക്കുവേണ്ട അവയവങ്ങളും അധിദേവതയായ അഗ്നിദേവനുമുണ്ടായി. നാസാരന്ധ്രരങ്ങള്‍, വസ്തുക്കളില്‍ മണം, അവയുടെ അധിദേവതയായ വായുദേവന്‍, ഇവയുണ്ടായി. കണ്ണുകള്‍, നിറങ്ങള്‍, കാഴ്ചയുടെ അധിദേവതയായ സൂര്യദേവന്‍, എന്നിവ പിന്നീടുണ്ടായി. ചെവി, ശബ്ദം, കേള്‍വി, അവയുടെ അധിദേവതയും ആകാശത്തിന്റെ ദേവതയുമുണ്ടായി. ത്വക്ക്, സ്പര്‍ശനത്താലറിയുന്ന വസ്തുക്കള്‍, സ്പര്‍ശനം, അവയുടെ അധിദേവത എന്നിവയുണ്ടായി. കൈകള്‍, കര്‍മ്മശേഷി, കര്‍മ്മങ്ങളുടെ അധിദേവനായ ഇന്ദ്രന്‍. പ്രത്യുല്‍പ്പാദനേന്ദ്രിയങ്ങള്‍, മൈഥുനം എന്നിവയും പിന്നീടുണ്ടായി.
ലൈംഗികബന്ധത്തിനു പ്രജാപതിയും ഗുദദ്വാരം, വിസര്‍ജനമെന്നിവയ്ക്കായി മിത്രദേവനുമുണ്ടായി. നാഭിയും അപാനവായുവും, മരണവും ആത്മാവിന്റെ യാത്രയും, ഒരു ശരീരത്തില്‍ നിന്നു മറ്റൊന്നിലേക്ക് ആത്മാവിനെ കൊണ്ടുപോകുന്നുതിന്റെ അധിദേവതയും പിന്നീടുണ്ടായി. ഉദരവും, പോഷകവും, ആഹാരത്തിന്റെ അധിദേവതകളും, ഹൃദയം, മനസ്, ആഗ്രഹം, സ്വമായയാലുണ്ടായ അത്ഭുങ്ങള്‍ ചിന്തിച്ചുധ്യാനിക്കാന്‍ ചന്ദ്രന്‍ എന്നിവയും ഉണ്ടായി. ഭഗവദിഛയാല്‍ ചെറുതും വലുതുമായി എല്ലാം ഇങ്ങിനെയാണുണ്ടായത്. എല്ലാ ഇന്ദ്രിയങ്ങളും വസ്തുക്കളിലേക്ക് അവയുടെ അധിദേവത (ബുദ്ധി)യുടെ ശക്തിയാല്‍ തിരിഞ്ഞിരിക്കുന്നു. ഭഗവാന്‍ തന്നെയാണ് സൃഷ്ടിക്കുന്നുതും സംരക്ഷിക്കുന്നുതും, മനുഷ്യനായും മൃഗമായും വേഷമിട്ടുവരുന്നുതും. പക്ഷെ ഈ സൂക്ഷ്മവും സ്ഥൂലവുമായ ഭഗവല്‍രൂപങ്ങളെല്ലാം മായയുടെ പ്രകടനമത്രെ. മായയാകട്ടെ ഭഗവാന്റെ ശക്തിയുമാണ്. അതുകൊണ്ട് മഹത്തുക്കള്‍ ഇതൊന്നും സത്യമായി സ്വീകരിക്കുന്നില്ല. ഭഗവാന്‍ കര്‍മ്മത്തിലോ സൃഷ്ടിയിലോ വ്യാപൃതനല്ല. മായാശക്തിയാണിതെല്ലാം ചെയ്യുന്നുത്. ഭഗവാന്‍ എല്ലാത്തരം വിശേഷണങ്ങള്‍ക്കും അതീതനാണെന്ന് വിജ്ഞാനിയായ ഒരുവന്‍ മനസിലാക്കണം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF