MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ദശരഥന്റെ ചരമഗതി

മന്ത്രിവരന‍ാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാന്‍.
‘ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യ‍ാംബുധേ! ജയ
കീര്‍ത്തി നിധേ! ജയ സ്വാമിന്‍!ജയ ജയ
മാര്‍ത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’
ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമന്‍:
‘സോദരനോടും ജനകാത്മജയോടു-
മേതൊരു ദിക്കിലിരിക്കുന്നു രാഘവന്‍?
നിര്‍ല്ലജ്ജനായതി പാപിയാമെന്നോടു
ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ
ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷ്മീസമയായ ജാനകീ ദേവിയും?
ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ!
വാരിജ ലോചനേ! ബാലേ മിഥിലജേ!
ദു:ഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
മക്കളേയും കണ്ടെനിക്കു മരിപ്പാനും-
മിക്കാലമില്ലാതെ വന്നു സുകൃതവും.’
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ-
ടുള്‍ത്താപമോടുരചെയ്തു സുമന്ത്രരും:
“ശ്രീരാമസീതാസുമിത്രാത്മജന്മാരെ-
ത്തേരിലേറ്റിക്കൊണ്ടു പോയേന്‍ തവാജ്ഞയാ.
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
കണ്ടുതൊഴുതിതു ശൃഗിവേരാധിപന്‍
കൊണ്ടുവന്നു ഗുഹന്‍ മൂലഫലാദികള്‍.
തൃക്കൈകള്‍ കൊണ്ടതു തൊട്ടുപരിഗ്രഹി-
ച്ചക്കുമാരന്മാര്‍ ജടയും ധരിച്ചിതു.
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ-
നെന്നെ നിരൂ‍പിച്ചു ദു:ഖിയായ്കാരുമേ.
ചൊല്ലേണമെന്നുടെ താതനോടും ബലാ-
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം.
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
പിന്നെയും പിന്നെയും ചൊല്‍കപിതാവതി-
ഖിന്നനായ് വാര്‍ദ്ധ്യക്യപീഡിതനാകയാല്‍
എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.’
ജാനകൈയും തൊഴുന്നെന്നോടു ചൊല്ലിനാ-
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം
അശ്രുകണങ്ങളും വാര്‍ത്തു സഗദ്ഗദം:
‘ശ്വശ്രുപാദേഷു സാഷ്ട‍ാംഗം നമസ്കാരം.’
തോണികരേറി ഗുഹനോടു കൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
അക്കരെച്ചെന്നിറങ്ങിപ്പൊയ് മറവോള‌-
മിക്കരെ നിന്നു ശവശരീരം പോലെ.
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ-
മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍.”
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍:
‘ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നല്‍കിയാല്‍ പോരായിരുന്നിതോ?
മല്‍പുത്രനെ കാനനാന്തേ കളവതി-
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
ഏവരേയും വരുത്തിത്തനിയേ പരി-
ദേവന്ം ചെയ്‌വതിനെന്തൊരു കാരണം?’
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകള്‍
താപേന കേട്ടു മന്ദം പറഞ്ഞീടിനാന്‍:
“പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്ലാതെ മ‍ാം ഖേദിപ്പിയായ്കു നീ.
ദു:ഖമുള്‍ക്കൊണ്ടു മരിപ്പാന്‍ തുടങ്ങുമെ-
ന്നുള്‍ക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്ലഭേ!
‘പ്രാണപ്രയാണമടുത്തു,തപോധനന്‍
പ്രാണവിയോഗേ ശപിച്ചതു കാരണം.
കേള്‍ക്കനീ ശാപ വൃത്താന്തം മനോഹര!
സാക്ഷാല്‍ തപസ്വീകളീശ്വരന്മാരല്ലോ.
അര്‍ദ്ധരാത്രൌ ശരജ്വാലവും ചാപവും
ഹസ്തേധരിച്ചു മൃഗയാവിവശനായ്
വാഹിനീതീരെ വനാന്തരെ മാനസ-
മോഹേന നില്‍ക്കുന്നനേരമൊരു മുനി
ദാഹേന മാതാപിതാക്കള്‍ നിയോഗത്താല്‍
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു
കുംഭവും കൊണ്ട് നീര്‍ കോരുവാന്‍ വന്നവന്‍
കുംഭേന വെള്ളമന്‍പൊടുമുക്കും വിധൌ
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടന്‍ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേന്‍.
‘ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ!’ ഹേതി കേട്ടിതു മാനുഷ വാക്യവും.
‘ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
പാര്‍ത്തിരിക്കുന്നതു മാതാപിതാക്കന്മാ-
രാര്‍ത്തി കൈക്കൊണ്ടു കണ്ണീര്‍ക്കു ദാഹിക്കയാല്‍.’
ഇത്തരം മര്‍ത്യനാദം കേട്ടു ഞാനതി-
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
താപസബാലകന്‍ പാദങ്ങളില്‍ വീണു
താപേന ചൊന്നേന്‍ മുനിസുതനോടു ഞാന്‍:
‘സ്വാമിന്‍ ദശരഥനായ രാജാവു ഞാന്‍
മാമപരാധിനം രക്ഷിക്ക വേണമേ!
ഞാനറിയാതെ മൃഗയാവിവശനാ-
യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു
ബാണമെയ്തേനതിപാപിയായോരു ഞാന്‍
പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ.’
പാ‍ദങ്ങളില്‍ വീണു കേണീടുമെന്നോടു
ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍:
കര്‍മ്മമത്രെ തടുക്കാവതല്ലര്‍ക്കുമേ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ-
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
വാര്‍ദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാര്‍ത്തിരുന്നീടുന്നു
ദാഹേന ഞാന്‍ ജലം കൊണ്ടങ്ങു ചെല്ലുവാന്‍
ദാഹം കേടുക്ക നീ തണ്ണീര്‍ കൊടുത്തിനി
വൃത്താന്തമെല്ലാമവരോടറിയിക്ക
സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും.
എന്നുറ്റെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
പ്രാണങ്ങള്‍ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.’
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്സജലം കലശവും കൈക്കൊണ്ടു
ദമ്പതിമാരിരിക്കുന്നവിടെക്കതി-
സംഭ്രമത്തോടു ഞാന്‍ ചെല്ലും ദശാന്തരേ,
‘വൃദ്ധതയോടു നേത്രങ്ങളും വേറുപെ-
ട്ടര്‍ദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
വര്‍ത്തിക്കുമെങ്ങള്‍ക്കു തണ്ണീര്‍ക്കുപോയൊരു
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?
മറ്റില്ലൊരാശ്രയം ഞങ്ങള്‍ക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാന്‍?
ഭക്തിമാനേറ്റവും മുന്നമെല്ലാമതി-
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാല്‍?’
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ
മല്‍പാദവിന്യാസജധ്വനി കേള്‍ക്കായി
കാല്‍പ്പെരുമാറ്റം മദീയം തഥാ കേട്ടു
താല്‍പര്യമോടു പറഞ്ഞു ജനകനും:
‘വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണിര്‍ തരിക നീ സാദരം.’
ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം
ഭക്ത്യാനമസ്കരിച്ചെത്രയും ഭീതനായ്
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം
‘പുത്രനല്ലയൊദ്ധ്യാധിപനാകിയ
പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍.
രാത്രൌ വനാന്തേ മൃഗയാവിവശനായ്
ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു
പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ.
കുംഭത്തില്‍ നീരകം പുക്കുന്ന ശബ്ദം കേട്ടു
കുംഭിവീരന്‍ നിജ തുമ്പിക്കരം തന്നില്‍
അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോര്‍ക്കയാ-
ലമ്പയച്ചേനറിയാതെ,യതും ബലാല്‍
പുത്രനുകൊണ്ടനേരത്തു കരച്ചില്‍ കേ-
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേന്‍.
ബാലനെക്കണ്ടു നമസ്കരിച്ചേനതു-
മൂലമവനുമെന്നോടു ചൊല്ലീടിനാന്‍:
‘കര്‍മ്മമാത്രേ മമ വന്നതിതു തവ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു
പര്‍ണ്ണശാലാന്തേ വിശന്നു ദാ‍ഹത്തൊടും
എന്നെയും പാര്‍ത്തിരിക്കും പിതാക്കന്മാര്‍ക്കു
തണ്ണീര്‍ കൊടുക്ക‘യെന്നെന്നോടു ചൊല്ലിനാന്‍.
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാ‍നികള‍ാം നിങ്ങളൊക്കെ ക്ഷമിക്കണം.
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല
പാപിയായോരടിയന്നവലംബനം
ജന്തുവിഷയ കൃപാവശന്മാരല്ലോ
സന്തതം താപസപുംഗവന്മാര്‍ നിങ്ങള്‍.’
ഇത്ഥമാകര്‍ണ്യ കരഞ്ഞു കരഞ്ഞവ-
രേത്രയും ദു:ഖം കലര്‍ന്നു ചൊല്ലീടിനാര്‍:
‘പുത്രനെവിടെക്കിടക്കുന്നിതു ഭവാന്‍
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.’
ഞാനതു കേട്ടവര്‍തമ്മെയെടുത്തതി-
ദീനതയോടെ മകനുറ്റല്‍ കാട്ടിനേന്‍.
കഷ്ടമാഹന്ത! കഷ്ടം! കര്‍മ്മമെന്നവര്‍
തൊട്ടു തലോടി തനയശരീരവും.
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊല്ലിനാര്‍:
‘നീയിനി നല്ല ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.’
തത്ര ഞാനും ചിത കൂട്ടിയേനന്നേരം
പുത്രേണ സാകം പ്രവേശീച്ചവര്‍കളും
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചുവാണീടിനാര്‍.
വൃദ്ധതപോധനനന്നേരമെന്നോടു
പുത്രശോകത്താല്‍ മരിക്കുമെന്നു ചൊല്ലിനാന്‍.
ശാപകാലം നമുക്കാഗതമായിതു
താപസവക്യമസത്യമായും വരാ.”
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നേയും പിന്നേയും കേണു തുടങ്ങിനാ‍ന്‍:
‘ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ!
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണ‍ാംബുധേ!
നിങ്ങളേയും പിരിഞ്ഞെന്മനം പുന-
രിങ്ങനെ വന്നതു കൈകേയി സംഭവം.’
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥന്‍ പുക്കു സുരാലയം.