ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ
കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം |
സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍
പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍ || 36 ||

സ‍ാംബ! – അംബികാസമേത!; നിജശരീരാഗാരശുദ്ധിം – എന്റെ ശരീരമാകുന്ന വസതിയുടെ ശുദ്ധിയെ; വഹന്‍ – ചെയ്യുന്നവനായി; രുചിരംകല്യാണം – അത്യുത്തമമായ മംഗളത്തെ; ആപാദയന്‍ – പ്രാര്‍ത്ഥിക്കുന്നവനായിരിക്കുന്ന; ഭക്തഃ – ഭക്തനായ ഞാ‍ന്‍ ; ഭക്തിഗുണാവൃതേ – ഭക്തിയാവുന്ന നൂല്‍കൊണ്ടു ചുറ്റപ്പെട്ട്; മുദമൃതാപൂര്‍ണ്ണേ – സന്തോഷമാവുന്ന അമൃതംകൊണ്ടു നീറയ്ക്കപ്പെട്ടതായിരിക്കുന്ന; പ്രസന്നേ – പരിശുദ്ധമായ; മനഃകുംഭേതവ – മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ; അംഘ്രിപല്ലവയുഗം – രണ്ടു കാല്‍ത്തളിരുകളേയും; സംവിത്ഫലം – ജ്ഞാനമാകുന്ന ഫലത്തേയും; സംസ്ഥാപ്യസത്വം – വെച്ച് സത്വഗുണപ്രധാനമായ; മന്ത്രം ഉദീരയന്‍ – മന്ത്രത്തെ ഉച്ചരിച്ചുകൊണ്ട്; പുണ്യാഹം – പുണ്യാഹകര്‍മ്മത്തെ; പ്രകടികരോമി – വിശദമായി ചെയ്യുന്നു.

സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട് ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും ജ്ഞാനമാകുന്ന(നാളികേര) ഫലത്തേയും അതിന്നുപരിയായി നിക്ഷേപിച്ചു സാത്വികമന്ത്രമുച്ചരിച്ചുകൊണ്ട് പുണ്യാഹകര്‍മ്മത്തെ ചെയ്തുകൊള്ളുന്നു.

ആമ്നായ‍ാംബുധിമാദരേണ സുമനസ്സംഘാഃ സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തിരജ്ജുസഹിതം കൃത്വാ മഥിത്വാ തതഃ |
സോമം കല്പതരും സുപ‍വ്വസുരഭിം ചിന്താമണിം ധീമത‍ാം
നിത്യാനന്ദസുധ‍ാം നിരന്തരരമാസൌഭാഗ്യമാതന്വതേ || 37 ||

സുമനഃസംഘഃ – പണ്ഡിതന്മാരുടെ(ദേവന്മാരുടെ) സംഘങ്ങള്‍; സമുദ്യത് മനഃ – പ്രയത്നത്തോടുകൂടിയ മനസ്സിനെ; ദൃഢഭക്തിരജ്ജുസഹിതം – ദൃഢമായ ഭക്തിയാകുന്ന കയറോടുകൂടി; മന്ഥാനം കൃത്വാ – മത്താക്കി ചെയ്തുകൊണ്ട്; ആമ്നായ‍ാംബുധിം – വേദമായ സമുദ്രത്തെ; ആദരേണ മഥിത്വാ – ആദരവോടുകൂടി കടഞ്ഞ്; തതം സോമം – അതില്‍നിന്നു; ചന്ദ്രനേയും – (ഉമാസമേതനും); കല്പതരും – കല്പകവൃക്ഷത്തേയും (കല്പകവൃക്ഷത്തിന്നുതുല്യനും); സുവര്‍വ്വസുരഭിം – കാമധേനുവിനേയും(കാമധേനുസദൃശനും); ചിന്താമണിം – ചിന്താമണിയേയും(ചിന്താമണിതുല്യനും); ധീമത‍ാം – ബുദ്ധിശാലിക്ക് (ബുദ്ധിയാ‍ല്‍ ഇഷ്ടപ്പെടപ്പെട്ട); നിത്യാനന്ദസുധ‍ാം – നിത്യാനന്ദത്തെ നല്‍ക്കുന്ന അമൃതത്തേയും (നിത്യാനന്ദമാകുന്ന അമൃതസ്വരൂപിയും); നിരന്തരരമാസൗഭാഗ്യം – സ്ഥിരമായ ഐശ്വര്‍യ്യസമൃദ്ധിയേയും (നിത്യമായ മോക്ഷലക്ഷ്മിയുടെ സമൃദ്ധിരൂപിയും ആയ ഭഗവാനെ); ആതന്വതേ – പ്രാപിക്കുന്നു.

പണ്ട് ദേവന്മാ‍ര്‍ മന്ദരപര്‍വ്വതത്തേ മത്താക്കി സമുദ്രത്തെ കടഞ്ഞ് ചന്ദ്ര‍ന്‍‍‍, കല്പവൃക്ഷം, കാമധേനു, ചിന്താമണി, അമൃതം, ലക്ഷ്മി എന്നിവയെ ഏതുവിധത്തില്‍ പ്രാപിച്ചുവോ അതുപോലെ ജ്ഞാനിക‍ള്‍ മനസ്സാകുന്ന മത്തിനെ ദൃഢഭക്തിയാകുന്ന കയറുകൊണ്ട് മുറുകെകെട്ടി വേദമാകുന്ന സമുദ്രത്തെ കടഞ്ഞ് അതി‍ല്‍ നിന്ന് കല്പവൃക്ഷതുല്യനും, ചിന്താമണിസദൃശനും അമൃതതുല്യനും, മോക്ഷസ്വരൂപിയും ഉമാസമേതനുമായ നിന്തിരുവടിയെ പ്രാപിക്കുന്നു.

പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ പ്രസന്നഃ ശിവഃ
സോമഃ സദ്ഗുണസേവിതോ മൃഗധരഃ പൂര്‍ണ്ണസ്തമോമോചകഃ |
ചേതഃ പുഷ്കരലക്ഷിതോ ഭവതി ചേദാനന്ദപാഥോനിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസ‍ാം വൃത്തിസ്തദാ ജായതേ || 38 ||

പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ – കിഴക്കിലുള്ള പുണ്യമായ മലവഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ ശരീരത്തോടുകൂടിയവനും(മുജ്ജന്മത്തില്‍ചെയ്ത മലപോലുള്ള പുണ്യമാര്‍ഗ്ഗത്താ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ സ്വരൂപത്തോടുകൂടിയവനും); പ്രസന്നഃ – നിര്‍മ്മലനും(പ്രസന്നവിഗ്രഹനും); ശിവഃ – മംഗളസ്വരൂപിയും (മംഗളപ്രദനും); സദ്ഗണസേവിതഃ – താരഗണങ്ങളാ‍ല്‍ ചൂഴപ്പെട്ടവനും (സാധുജനങ്ങളാല്‍ സേവിക്കപ്പെട്ടവനും); മൃഗധരഃ – മാനിനെ ലാഞ്ഛനമായി ധരിക്കുന്നവനും(മാനിനെ ധരിക്കുന്നവനും); പൂര്‍ണ്ണഃ – ഷോഡശകലാപൂര്‍ണ്ണനും (എങ്ങും വ്യാപിച്ചിരിക്കുന്നവനും); തമോമോചകാഃ – അന്ധകാരത്തെ നശിപ്പിക്കുന്നവനും(അജ്ഞാനത്തെ നശിപ്പിക്കുന്നവനുമായ); സോമഃ – ചന്ദ്ര‍ന്‍ (ഉമാസമേതനായ പരമശിവന്‍ ); ചേതഃപുഷ്കതലക്ഷിതഃ – മനസ്സാകുന്ന ആകാശത്തി‍ല്‍ (ആകാശംപോലെ നിര്‍മ്മലമായ മനസ്സി‍ല്‍ ‍) കാണപ്പെടുന്നവനായി; ഭവതി ചേത് – ഭവിക്കുന്നപക്ഷം; ആനന്ദപാഥോനിധിഃ – ബ്രഹ്മാനന്ദസമുദ്രം; പ്രാഗല്ഭ്യേന – അതിഗംഭീരമായി; വിജൃംഭതേ – വര്‍ദ്ധിക്കുന്നു; തദാ – അപ്പോ‍ള്‍ ‍; സുമനസ‍ാം – ദേവന്മാര്‍ക്കു(ജ്ഞാനികള്‍ക്കു); വൃത്തിഃ – ഉപജീവനം(മനോവൃത്തിക്കൊരു മാറ്റം); ജായതേ – ഉണ്ടാവുന്നു.

ഈ ശ്ലോകത്തി‍ല്‍ ചന്ദ്രനേയും പരമശിവനേയും ശ്ലേഷയായി വര്‍ണ്ണിക്കുന്നു. കിഴക്കുദിക്കിലുള്ള ഉദയാചലം വഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും, നിര്‍മ്മലനും, മംഗളസ്വരൂപിയും, നക്ഷത്രഗണങ്ങളാല്‍ സേവിക്കപ്പെട്ടവനും, മൃഗലാഞ്ഛനനും, പരിപൂര്‍ണ്ണനും, അന്ധകാരത്തെ നശിപ്പിക്കുന്നവനുമായ ചന്ദ്ര‍ന്‍ ആകാശത്തി‍ല്‍ പ്രത്യക്ഷനാവുമ്പോള്‍ ആനന്ദസാഗരം അതിശയേന വര്‍ദ്ധിക്കുന്നു. അപ്പോള്‍ ദേവന്മാര്‍ക്കു ഉപജീവനം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ പൂര്‍വ്വജന്മകൃതമായ പുണ്യപൂരങ്ങളാ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും, പ്രസന്നവിഗ്രഹനും, മംഗളപ്രദനും, സാധുജനസേവിതനും, മാനിനെ ധരിക്കുന്നവനും, സര്‍വ്വവ്യാപകനും, അജ്ഞാനനാശകനുമായ പരമശിവന്‍ നിര്‍മ്മലമായ മനസ്സി‍ല്‍ പ്രകാശിക്കുന്നപക്ഷം ബ്രഹ്മാനന്ദമാകുന്ന സമുദ്രം വര്‍ദ്ധിച്ചുയരുന്നു. ജ്ഞാനികള്‍ക്കു ചിത്ത നിര്‍വൃതിയുണ്ടാവുകയും ചെയ്യുന്നു.

ധ‍മ്മോ മേ ചതുരംഘ്രികഃ സുചരിതഃ പാപം വിനാശം ഗതം
കാമക്രോധമദാദയോ വിഗളിതാഃ കാലാഃ സുഖാവിഷ്കൃതാഃ |
ജ്ഞാനാനന്ദമഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീകനഗരേ രാജാവതംസേ സ്ഥിതേ || 39 ||

മാന്യേ – സംപൂജ്യനായ(സര്‍വ്വസമ്മതനായ); രാജാവതംസേ – ഇന്ദുചൂഡനായ ഈശ്വരന്‍ (രാജശ്രേഷ്ഠന്‍); മാനസപുണ്ഡരീകനഗരേ – താമരപ്പൂപോലെയിരിക്കുന്ന മനസ്സാകുന്ന നഗരത്തില്‍; കൈവല്യനാഥേ – മോക്ഷത്തിന്നു നാഥനായി(ഏകച്ഛത്രാധിപനായി); സദാ – എല്ലായ്പോഴും; സ്ഥിതേ – ഇരുന്നരുളുമ്പോ‍ള്‍; ചതുരംഘ്രികഃധര്‍മ്മഃ – നാലുപാദങ്ങളോടുകൂടിയ ധര്‍മ്മം; സുചരിതഃ – എന്നാല്‍ നല്ലപോലെ ആചരിക്കപ്പെട്ടു; പാപം – പാപമാവട്ടെ; വിനാശംഗതം – നാശത്തെ പ്രാപിക്കുകയും ചെയ്തു; കാമക്രോധമദാദയഃ – കാമം, ക്രോധം, മദം മുതലായ ശത്രുക്കള്‍ വിഗളിതാഃ – കാലാഃ വിട്ടകന്നു; കാലങ്ങള്‍; സുഖാവിഷ്കൃതഃ – സുഖപ്രദങ്ങളായി; ജ്ഞാനാന്ദമഹൗഷധിഃ – അറിവു സന്തോഷം എന്നിവയാകുന്ന സിദ്ധൗഷധം; സുഫലിതാ – നല്ലവണ്ണം ഫലിച്ചു.

സര്‍വ്വസമ്മതനായ ഒരു ചക്രവര്‍ത്തിയുടെ ഏകച്ഛത്രാധിപത്യത്തി‍ന്‍ കീഴിലെന്നപോലെ പൂജാര്‍ഹനായ ഇന്ദുചൂഡ‍ന്‍ മനഃകമലമാകുന്ന നഗരത്തി‍ല്‍ മോക്ഷപ്രദനായി ഇരുന്നതുളുമ്പോള്‍ നാലുപാദങ്ങളുള്ള (സമഗ്രമായ) ധര്‍മ്മം എന്നാല്‍ നല്ലാപോലെ ആചരിക്കപ്പെട്ട് അഭിവൃദ്ധിപ്രാപിച്ചു; പാപം നശിക്കുകയുംചെയ്തു. കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്‍യ്യാദി ശത്രുക്ക‍ള്‍ എന്നെ വിട്ടകന്നുപോയി; കാലങ്ങള്‍ സുഖപ്രദങ്ങളായി; ജ്ഞാനം, ആനന്ദം എന്ന സിദ്ധൗഷധങ്ങള്‍ നല്ലവണ്ണം ഫലിച്ചു.

ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ-
രാനീതൈശ്ച സദാശിവസ്യ ചരിത‍ാംഭോരാശിദിവ്യാമൃതൈഃ |
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്‍ഭിക്ഷാന്‍ മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ || 40 ||

ഭഗവന്‍ ! – ഗുണങ്ങളാറും പൂര്‍ണ്ണമായി തികഞ്ഞുള്ളോവേ!; വിശ്വേശ! – ലോകേശ്വര!; ധീയന്ത്രേണ – ബുദ്ധിയാകുന്ന യന്ത്രംകൊണ്ടും; വചോഘടേന – വാക്കാകുന്ന കുടംകൊണ്ടും; കവിതാകുല്യോപ കുല്യാക്രമൈഃ – കവിതയാകുന്ന കുല്യോപകുല്യകളില്‍ കൂടി; ആനീതൈഃച – കൊണ്ടുവരപ്പെട്ട; സദാശിവസ്യ – പരമേശ്വരന്റെ; ചരിത‍ാംഭോരാശിദിവ്യാമൃതൈഃ – ചരിത്രമാകുന്ന സമുദ്രത്തിലെ നിര്‍മ്മലതീര്‍ത്ഥങ്ങളാ‍ല്‍; ഹൃത്കേദാരയുതാഃച – മനസ്സാകുന്ന വയലോടുകൂടിയ; ഭക്തികളമാഃ – ഭക്തിയായ ധാന്യം; സാഫല്യംആതന്വതേ – സഫലങ്ങളായിരിക്കുന്നു; ദുര്‍ഭിക്ഷാത് – ക്ഷാമത്തില്‍നിന്നു; സേവകസ്യ മമ – സേവകനായ എനിക്കു; ഭീതിഃ കുതഃ? – ഭയമെന്നത് എവിടുന്നു?

ഹേ ഷഡ്‍ഗുണപരിപൂര്‍ന്നനായിരിക്കുന്ന ലോകേശ! ബുദ്ധിയാകുന്ന യന്ത്രംകൊണ്ട്, വാക്കാകുന്ന കുടംകൊണ്ട്, കവിതയാകുന്ന കുല്യോപകുല്യകളില്‍കൂടി(വെള്ളച്ചാലുകളില്‍കൂടി) കൊണ്ടുവരപ്പെട്ട ഈശ്വരചരിതമാകുന്ന സമുദ്രജലംകൊണ്ട് നനയ്ക്കപ്പെട്ട മനസ്സാകുന്ന ഭൃത്യനായ എനിക്ക് ക്ഷാമത്തില്‍ നിന്ന് ഭയമെന്നത് ഒരിക്കലുമില്ല.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).