അങ്കോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാധ്വീ നൈജവിഭും ലതാ ക്ഷിതിരുഹം സിന്ധുഃ സരിദ്വല്ലഭം |
പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദദ്വയം
ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ || 61 ||

ഇഹ – ഈ ലോകത്തി‍ല്‍; നിജബീജസന്തതിഃ – തന്റെ വിത്തുകളുടെ സമൂഹം; അങ്കോലം – അങ്കോലമെന്ന വൃക്ഷത്തേയും; സൂചികാ സുചി അയസ്കന്തോപലം – അയസ്കാന്തക്കല്ലിനേയും; സാദ്ധ്വീ – പാതിവ്രത്യമുള്ളവ‍ള്‍ ; നൈജവിഭും – തന്റെ ഭര്‍ത്താവിനേയും; ലതാ ക്ഷിതിരുഹം – വള്ളി മരത്തിനേയും; സിന്ധുഃ സരിദ്വല്ലഭം – നദി സമുദ്രത്തേയും; യഥാ പ്രാപ്നോതി – ഏതുവിധത്തി‍ല്‍ പ്രാപിക്കുന്നുവോ; തഥാ പ്രാപ്നോതി – അതുപോലെ മനസ്സിന്റെ വ്യാപാരം; തഥാ ചേതോവൃത്തിഃ – അതുപോലെ മനസ്സിന്റെ വ്യാപാരം; പശുപതേഃ – സര്‍വ്വേശ്വരനായ ശംഭുവിന്റെ; പാദാരവിന്ദദ്വയം – പദകമലങ്ങ‍ള്‍ രണ്ടിനേയും; ഉപേത്യ സദാ – പ്രാപിച്ചിട്ട് ഏതുകാലത്തും; തിഷ്ഠതി – സാ സ്ഥിതിചെയ്യുന്നു എന്ന അതാണ്; ഭക്തിഃ ഇതി ഉച്യതേ – ഭക്തി എന്ന് പറയപ്പെടുന്നത്.

ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യന്റെ ചിത്തവൃത്തി ഈശ്വരോന്മുഖമായിതീര്‍ന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കില്‍ അതു തന്നെയാണ് യഥാര്‍ത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്.

ആനന്ദാശ്രുഭിരാതനോതി പുളകം നൈ‍ര്‍മ്മല്യതഃ ഛാദനം
വാചാ ശംഖമുഖേ സ്ഥിതൈശ്ച ജഠരാപൂര്‍ത്തിം ചരിത്രാമൃതൈഃ |
രുദ്രാക്ഷൈര്‍ഭസിതേന ദേവ വപുഷോ രക്ഷ‍ാം ഭവദ്ഭാവനാ –
പര്യങ്കേ വിനിവേശ്യ ഭക്തിജനനീ ഭക്താര്‍ഭകം രക്ഷതി || 62 ||

ദേവ! – ഹേ പ്രഭോ!; ഭക്തിജനനീ – ഭക്തിയാകുന്ന മാതാവ്; ഭക്താര്‍ഭകം – ഭക്തനാവുന്ന കുട്ടിയെ; ഭവദ്ഭാവനാപര്‍യ്യങ്കേ – നിന്തിരുവടിയുടെ ധ്യാനമാകുന്ന കട്ടിലില്‍; വിനിവേശ്യ – കിടത്തി; ആനന്ദാശ്രുഭിഃ പുളകം – ആനന്ദത്താ‍ല്‍ പൊഴിഞ്ഞ കണ്ണുനീര്‍കൊണ്ട് രോമാഞ്ചമുണ്ടാക്കുകയും; നൈര്‍മല്യതഃ – മനസ്സിന്റെ കളങ്കമില്ലായ്മകൊണ്ട്; ഛാദനം – പുതിപ്പിക്കുകയും; വാചാശംഖമുഖേസ്ഥിതൈഃ – (വേദം തുടങ്ങിയ) വാക്കാകുന്ന ശംഖുകളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്ന; ചരിത്രാമൃതൈഃ – ഭവചാരിതമാകുന്ന അമൃതുകൊണ്ട്; ജഠരാപൂര്‍ത്തിഃ – വയറു നിറയ്ക്കുകയും; രുദ്രാക്ഷൈഃ – രുദ്രാക്ഷങ്ങള്‍കൊണ്ടും; ഭസിതേന വിപുഷഃ – ഭസ്മംകൊണ്ടും ശരീരത്തിന്ന്; രക്ഷ‍ാം ആതനോതി – രക്ഷയെ ചെയ്യുകയും ചെയ്യുന്നു; രക്ഷതി – നോക്കി രക്ഷിക്കുകയും ചെയ്യുന്നു.

ഹേ പ്രഭോ! ഭക്തിയെന്ന അമ്മ ഭക്തനാവുന്ന ശിശുവിനെ ഭഗവദ്ധ്യാനമാകുന്ന കട്ടിലില്‍ കിടത്തി ആനന്ദബാഷ്പം പൊഴിച്ച് ആ ശിശുവിനെ കൊള്‍മയിര്‍കൊള്ളിക്കുന്നു; മനോനൈര്‍മ്മല്യമാകുന്ന പുതപ്പുകൊണ്ട് പുതപ്പിക്കുന്നു; വേദശാസ്ത്രാദികളാകുന്ന ശംഖി‍ല്‍ നിറയ്ക്കപ്പെട്ട ഭഗവച്ചരിതാമൃതംകൊണ്ട് വിശപ്പു തീര്‍ക്കുന്നു; രുദ്രാക്ഷം, ഭസ്മം എന്നിവകൊണ്ട് ദേഹരക്ഷയേയും ചെയ്ത് ആ ശിശുവിനെ സംരക്ഷിച്ചുവരുന്നു.

മാ‍ര്‍ഗ്ഗവര്‍ത്തിതപാദുകാ പശുപതേരംഗസ്യ കൂര്‍ച്ചായതേ
ഗണ്ഡൂഷ‍ാംബുനിഷേചനം പുരരിപോര്‍ദിവ്യാഭിഷേകായതേ |
കിംഞ്ചിദ്ഭക്ഷിതമ‍ാംസശേഷകബലം നവ്യോപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ || 63 ||

പശുപതേഃ അംഗസ്യ – ഭഗവാന്റെ ശരീരത്തിന്ന്; മാര്‍ഗ്ഗാവര്‍ത്തിതപാടുകാ – വഴിനടന്നു തേഞ്ഞ ചെരുപ്പ്; കൂര്‍ച്ചായതേ പുരികങ്ങള്‍ക്കു നടുസ്ഥാനമായിതീരുന്നു; ഗണ്ഡുഷ‍ാംബുനിഷേചനം – വായി‍ല്‍ നിറച്ച വെള്ളംകൊണ്ടു നനയ്‍ക്കുന്നത്; പുരരിപോഃ – മുപ്പുരാരിക്ക്; ദിവ്യാഭിഷേകായതേ – ദിവ്യമായ അഭിഷേകമായി ഭവിക്കുന്നു; കിഞ്ചിദ്ഭക്ഷിത മ‍ാംസശേഷകബളം – ഏതാനും ഭക്ഷിച്ചു ശേഷിച്ചു മ‍ാംസഖണ്ഡം; നവ്യോപഹാരായതേ -പുതിയ നിവേദ്യമായി ഭവിക്കുന്നു; വനചരഃ – വേട‍ന്‍; ഭക്താവതംസായതേ – ഉത്തമഭക്തനായിത്തീരുന്നു; ഭക്തിഃ കിം – ഭക്തി എന്തുതന്നെ;
ന കരോതി അഹോ! – ചെയ്യുന്നില്ല.

കാലിലിട്ട് വളരെദൂരം ചവിട്ടിനടന്ന് തേഞ്ഞ ചെരുപ്പ് പശുപതിയുടെ ദ്രൂമദ്ധ്യസ്ഥാനത്തിന്നു അടയാളമായി തീരുന്നു; വായില്‍ നിറച്ച ജലംകൊണ്ട് ദേവനെ അഭിഷേകം ചെയ്യുന്നു; അതിന്നുശേഷിച്ച മ‍ാംസക്കഷണംകൊണ്ട് നിവേദിക്കുന്നു. വേടന്‍ ഭക്തന്മാരിലത്യുത്തമനായിത്തീരുന്നു; ഭക്തി എന്തുതന്നെ ചെയ്യുന്നില്ല !

[വേട്ടയാടി ഉപജീവനം കഴിച്ചുവന്നിരുന്ന ഒരു കാട്ടാളന്‍ പണ്ട് കാളഹസ്തീശ്വര ക്ഷേത്രത്തിന്നടുത്തുള്ള ഒരു വനത്തില്‍ വസിച്ചിരുന്നു. അവന്‍ നീചനും ആചരങ്ങളൊന്നുമറിയാത്തവനുമായിരുന്നുവെങ്കിലും ഒരു വലിയ ശിവഭക്തനായിരുന്നു. അവന്‍ ദിവസേന പ്രസ്തുത ക്ഷേത്രത്തി‍ല്‍ വന്നു ഭഗവദ്ദര്‍ശനം ചെയ്തുവരിക പതിവാണ്. അവന്‍ വരുമ്പോ‍ള്‍ തന്റെ വായ നിറച്ചുകൊണ്ടുവരുന്ന ജലംകൊണ്ട് ദേവന്റെ ദിവ്യവിഗ്രഹത്തിലഭിഷേകം കഴിക്കുകയും കടിച്ചുതിന്നവശേഷിച്ച മ‍ാംസഖണ്ഡംകൊണ്ട് നിവേദിക്കുകയും ചെയ്തിട്ടാണ് ആ ദേവനെ പൂജിച്ചിരുന്നത്. ഇങ്ങിനെയിരിക്കെ ഒരിക്കല്‍ ഭഗവാന്‍ സ്വഭക്തന്റെ ഭക്തിയുടെ കുരുത്തെത്രയുണ്ടെന്നു പരീക്ഷിപ്പാനുറച്ചു. ഒരു ദിവസം ഭക്തന്‍‍, പതിവുപോലെ പൂജക്കായി അവിടെ വന്നുചേര്‍ന്നപ്പോ‍ള്‍ ഭഗവാന്റെ കണ്ണില്‍നിന്നു കണ്ണുനീ‍ര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്ന തായി അവന്‍ കണ്ടു. ദേവന്റെ കണ്ണിന്നു എന്തോ കേടു സംഭവിച്ചുട്ടുണ്ടെന്നുറച്ച് ആ ഭക്തന്‍ വല്ലാതെ പരിഭ്രമിച്ച് തന്റെ കണ്ണു ചൂന്നെടുത്ത് ഭഗവാന്റെ കണ്ണിനു പകരമായി വെപ്പാന്‍ മുതിര്‍ന്നു. തന്റെ കണ്ണു പോയ്ക്കഴിഞ്ഞാല്‍ ഭഗവാന്റെ കണ്ണിന്റെ സ്ഥാനം നിര്‍ണ്ണയിപ്പാ‍ന്‍ കഴിയുകയില്ലല്ലോ എന്നുവെച്ച് അടയാളത്തിന്നായി അവന്‍ തന്റെ തേഞ്ഞ ചെരുപ്പുകളെ ആ ദിവ്യ വിഗ്രഹത്തിന്റെ നേത്രസ്ഥാനത്തുവെച്ച് തന്റെ കാല്‍കൊണ്ടു ചവിട്ടിനിന്നു; തന്റെ കണ്ണിനെ ചൂന്നെടുക്കുവാനും തുടങ്ങി. ഭക്തന്റെ ആ ഭക്തിയുടെ നിലയറിഞ്ഞു ഭഗവാ‍ന്‍ പ്രസന്നനായി അവനെ അനുഗ്രഹിച്ചു. സ്വസുഖത്തെ ലേശവും ഗണിക്കാത്ത ആ ഭക്തിയുടെ പരമകാഷ്ഠയെ വിശദമാക്കുന്ന ഈ പുരാണകഥയാണ് പ്രസ്തുത ശ്ലോകത്തില്‍ സുചിപ്പിക്കപ്പെട്ടിരിക്കുന്നത്.]

വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാരസംമ്മര്‍ദനം
ഭൂഭൃത്പര്യടനം നമസ്സുരശിരഃകോടീരസംഘര്‍ഷണം |
കര്‍മേദം മൃദുലസ്യ താവകപദദ്വന്ദ്വസ്യ ഗൌരീപതേ
മച്ചേതോമണിപാദുകാവിഹരണം ശംഭോ സദ‍ാംഽഗീകുരു || 64 ||

ഗൗരീപതേ! – ശംഭോ!; പാര്‍വ്വതീനാഥ! – മംഗളമൂര്‍ത്തേ!; അന്തകസ്യ – യമന്റെ; വക്ഷസ്മാഡനം – മാറിടത്തി‍ല്‍ വചിട്ട‍ല്‍; കഠിനാപസ്മാര – സമ്മര്‍ദ്ദനം കഠിനമായിരിക്കുന്ന അപസ്മാരത്തെ പാടെ അടിച്ചമര്‍ത്തുക; ഭൂഭൃത്പര്യടനം – പര്‍വതസഞ്ചാരം; നമസ്തൂരശിരഃകോടീരസംഘര്‍ഷണം – നമസ്കരിക്കുന്ന ദേവന്മാരുടെ തലയിലുള്ള കിരീടത്തോടുരസുക; ഇദം – എന്നിവയാണല്ലോ; മൃദുളസ്യ – ഏറ്റവും മൃദുവായിരിക്കുന്ന; താവകപദദ്വന്ദ്വസ്യ – നിന്തിരുവടിയുടെ രണ്ടു പാദങ്ങള്‍ക്കും; കര്‍മ്മ സദാ – പ്രവൃത്തി ഇനി എല്ലാ സമയത്തും; മച്ചേതോമണി പാദുകാവിഹരണം – എന്റെ ഹൃദയമാകുന്ന ഉത്തമമായ പാദുകയെ അണിഞ്ഞുകൊണ്ടുനടക്കുവാന്‍; അംഗീകുരു നിന്തിരുവടി സമ്മതിച്ചാലും.

പാര്‍വ്വതിവല്ലഭനായിരിക്കുന്ന ഭഗവ‍ന്‍ ! യമന്റെ കഠോരമായ മാറിടത്തില്‍ ചവിട്ടുക, കഠിനമായിരിക്കുന്ന അപസ്മാരദേവതയെ ചവിട്ടിയമര്‍ത്തുക, കല്ലും മുള്ളും നിറഞ്ഞ പര്‍വ്വതത്തി‍ല്‍ നടക്കുക, കാലില്‍ വീണു നമസ്കരിക്കുന്ന ദേവന്മാരുടെ കിരീടത്തോടു കൂട്ടിമുട്ടുക, മുതലായവയാണല്ലോ ഏറ്റവും മൃദുലമായിരിക്കുന്ന നിന്തിരുവടിയുടെ കാലുകള്‍ക്കുള്ള പ്രവൃത്തി. എന്റെ ഹൃദയമാകുന്ന ഉത്തമ പാദുകയെ ഞാനിതാ കാഴ്ചവെക്കുന്നു. അതിനെ സ്വീകരിച്ച് ഇനിമേലിലെങ്കിലും അതിനെയണിഞ്ഞുകൊണ്ടു നടക്കുവാന്‍ അങ്ങയ്ക്കു തിരുവുള്ളമുണ്ടാവേണം.

വക്ഷസ്താഡനശങ്കയാ വിചലിതോ വൈവസ്വതോ നി‍ര്‍ജ്ജരാഃ
കോടീരോജ്ജ്വലരത്നദീപകലികാനീരാജനം കുര്‍വ്വതേ |
ദൃഷ്ട്വാ മുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ
യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹ കിം ദുര്‍ല്ലഭം || 65 ||

ഭവാനീപതേ! – ഹേ ഭവാനീപതേ!; യച്ചേതഃ തവ – ഏതൊരുവന്റെ മനസ്സു നിന്തിരുവടിയുടെ; പാദപദ്‍മഭജനം – പദകമലങ്ങളെ ഭജിക്കുന്നുവോ; തസ്യ ഇഹ – അവന്നു ഈ ലോകത്തില്‍ ; ദുര്‍ലഭം കിം ? – ലഭിക്കതിരിക്കുന്നതു എന്തൊന്നാണ് ?; വൈവസ്വതഃ – യമ‍ന്‍; വക്ഷസ്താഡനശങ്കയാവിചലിതഃ – മറിടത്തില്‍ വചിട്ടുകിട്ടിയേക്കുമോ എന്നുള്ള ഭയത്താ‍ല്‍ ഓടിക്കളയുന്നു; നിര്‍ജ്ജരാഃ – ദേവന്മാ‍ര്‍ ‍; കോടീരോജ്ജ്വല രത്നദീപകലികാ നീരാജനം കുര്‍വ്വതേ – കിരീടങ്ങളിലെ ഉജ്ജ്വലിക്കുന്ന രത്നങ്ങളാകുന്ന മണിവിളക്കുകളുടെ നാളങ്ങള്‍ കൊണ്ട് ആരാധനയെ ചെയ്യുകയായി; മുക്തിവധൂഃ ദൃഷ്ട്വാ – മുക്തിയാകുന്ന പെണ്‍മണി ഇതുകൊണ്ട്; നിഭൃതാശ്ലേഷം – മുറുകൈയണച്ചുകൊണ്ടുള്ള ആലിംഗനത്തെ; തനോതി – ചെയ്യുകയായി.

ഹേ ഭവാനീപതേ! അങ്ങയുടെ തൃപ്പാദപത്മത്തെ ഭജിക്കുന്ന ഒരുവന്നു ദുര്‍ലഭമായി ഈ ലോകത്തി‍ല്‍ യാതൊന്നും തന്നെയില്ല. അന്തകന്‍ ആ പാദസേവ ചെയ്യുന്നവനെ കാണുന്ന ക്ഷണത്തില്‍, മാറിടത്തില്‍ ചവിട്ടേറ്റ ആ പഴയ സംഭവം ഓര്‍മ്മയി‍ല്‍ വന്നവനായി കുതിച്ചു പായുകയായി; ദേവന്മാര്‍ തങ്ങളുടെ കിരീടങ്ങളില്‍ പതിച്ച ഉജ്ജ്വലിക്കുന്ന രത്നങ്ങളാകുന്ന ദീപങ്ങളാ‍ല്‍ നീരാജനം ചെയ്യുകയായി;(തെരുതെരെ നമസ്മരിക്കുകയായി എന്ന് ദ്യോതന.) ഇതെല്ല‍ാം കണ്ട് മുക്തിയാകുന്ന വധൂടി മോഹവിവശയായി ഇവനെ മുറുകിക്കെട്ടിയണച്ച് പുണരുകയായി.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).