ക്രീഡാര്‍ത്ഥം സൃജസി പ്രപഞ്ചമഖിലം ക്രീഡാമൃഗാസ്തേ ജനാഃ
യത്കര്‍മ്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് |
ശംഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം
തസ്മാന്മാമകരക്ഷണം പശുപതേ കര്‍ത്തവ്യമേവ ത്വയാ || 66 ||

ശംഭോ! – ഹേ മംഗളവിഗ്രഹ!; അഖിലം – പ്രപഞ്ചം എല്ലാ പ്രപഞ്ചത്തേയും; ക്രീഡാര്‍ത്ഥംസൃജസി – കളിപ്പാന്‍ വേണ്ടിയാണ് സൃഷ്ടിക്കുന്നതു; ജനാഃ – ജനങ്ങളെല്ല‍ാം; തേ ക്രീഡാമൃഗാഃ – അങ്ങയുടെ ക്രീഡയ്ക്കുള്ള മൃഗങ്ങളാണ്; മയാ – എന്നാല്‍ ; യത് കര്‍മ്മ – യാതൊരു; മര്‍മ്മം ആചരിതം തത് ച – ചെയ്യപ്പെട്ടുവോ അതും ഭവതഃ നിന്തിരുവടിയുടെ; പ്രീത്യൈ ഏവ ഭവതി – പ്രീതിക്കയ്ക്കൊണ്ടുതന്നെ ഭവിക്കുന്നു; മച്ചേഷ്ടിതം – എന്റെ ചേഷ്ടിതം; സ്വസ്യ കുതൂഹലസ്യ – തന്റെ സന്തോഷത്തിന്നു; കരണം – നിശ്ചിതം നിദാനമാണെന്ന് നിശ്ചയംതന്നെയാണ്; പശുപതേ! – ഹേ ലോകേശ!; കസ്മാത് ത്വയാ – അതിനാല്‍ നിന്തിരുവടിയാ‍ല് ‍; മമകരക്ഷണം – എന്നെ രക്ഷിക്കുകയെന്നത്; കര്‍ത്തവ്യം ഏവ – ഒഴിച്ചുകൂടാത്ത കടമതന്നെ.

ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ല‍ാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത കടമതന്നെയാണ്.

ബഹുവിധപരിതോഷബാഷ്പപൂര-
സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം |
ചിരപദഫലകാങ്ക്ഷിസേവ്യമാന‍ാം
പരമസദാശിവഭാവന‍ാം പ്രപദ്യേ || 67 ||

ബഹുവിധപരിതോഷബാഷ്പപൂരസ്ഫുടപുളകാങ്കിത ചാരുഭോഗഭൂമിം – പലവിധത്തിലുള്ള സന്തോഷബാഷ്പത്തിന്റെ പ്രവാഹം തെളിഞ്ഞു കാണുന്ന രോമാഞ്ചം ഇവയുടെ അനുഭോഗസ്ഥാനമായും; ചിരപദ ഫലക‍ാംക്ഷിസേവ്യമാന‍ാം – ശാശ്വതസ്ഥാനമായ മോക്ഷമാകുന്ന ഫലത്തെ ക‍ാംക്ഷിക്കുന്നവരാല്‍ പരിസേവിക്കപ്പെടുന്നതായുമിരിക്കുന്ന; പരമസദാശിവ ഭാവന‍ാം – എല്ലാറ്റിലുംവെച്ച് ഉല്‍കൃഷ്ടനായിരിക്കുന്ന സദാശിവന്റെ ധ്യാനത്തെ; പ്രപദ്യേ – ഞാന്‍ ആശ്രയിക്കുന്നു.

പലവിധത്തില്‍ പെരുകി ഒഴുകുന്ന സന്തോഷബാഷ്പത്തിന്റേയും അതിസ്പഷ്ടമായ രോമാഞ്ചരൂപത്തിലുള്ള ഭക്തിചിഹ്നത്തിന്റേയും രമണീയമായ ഉല്‍പത്തിസ്ഥാനമായും ശാശ്വതപദമായ മോക്ഷത്തെ ക‍ാംക്ഷിക്കുന്നവരാല്‍ സേവിക്കപ്പെട്ടതായുമിരിക്കുന്ന സര്‍വോല്‍കൃഷ്ടമായ സദാശിവഭാവനയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

അമിതമുദമൃതം മുഹുര്‍ദുഹന്തീം
വിമലഭവത്പദഗോഷ്ഠമാവസന്തീം |
സദയ പശുപതേ സുപുണ്യപാക‍ാം
മമ പരിപാലയ ഭക്തിധേനുമേക‍ാം || 68 ||

സദയ! പശുപതേ! – കനിവുള്ളവനേ! ഹേ സര്‍വ്വേശ!; അമിതമുദമൃതം – അളവില്ലാത്ത സന്തോഷമൃതത്തെ; മുഹൂഃ ദുഹന്തിഃ – അടിക്കടി ചുരത്തുന്നതും; വിമലഭവത്പദഗോഷ്ഠം നിര്‍മ്മലമായ നിന്തിരുവടിയുടെ തൃപ്പാദമാകുന്ന തൊഴുത്തില്‍; ആവസന്തീം – വസിക്കുന്നതും; സുപുണ്യപാക‍ാം – മഹത്തായ പുണ്യത്തിന്റെ ഫലഭൂതമായി; ഏക‍ാം – ഒറ്റയായി നി‍‍ല്‍ക്കുന്നതുമായ; മമ ഭക്തിധേനും – എന്റെ ഭക്തിയാകുന്ന പശുവിനെ; പരിപാലയ കാത്തരുളിയാലും.

ഹേ കാരുണ്യശാലിയായ പശുപതേ! അളക്കുവാന്‍ കഴിയാത്ത ആനന്ദമാകുന്ന അമൃതത്തെ അടിക്കടി ചുരത്തുന്നതും അങ്ങയുടെ അതിസ്വച്ഛമായ തൃപ്പാദങ്ങളാകുന്ന തൊഴുത്തില്‍ അധിവസിക്കുന്നതും അതിവിമലമായ സുകൃതത്തിന്റെ പരിപാകം കൊണ്ട് എനിക്കു ലഭിച്ചിരിക്കുന്നതും ഒറ്റയ്ക്കു നി‍ല്‍ക്കുന്നതുമായ എന്റെ ഭക്തിയാകുന്ന കാമധേനുവിനെ അങ്ങ് കനിവാര്‍ന്നു കാത്തരുളേണമേ.

ജഡതാ പശുതാ കളങ്കിതാ
കുടിലചരത്വം ച നാസ്തി മയി ദേവ |
അസ്തി യദി രാജമൌലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രം || 69 ||

ദേവ! – ഭഗവ‍ന്‍ !; ജഡതാ പശുതാ – ജാഡ്യവും അരിവില്ലായ്മയും; കളങ്കിതാ – കളങ്കവും; കുടിലചരത്വംച – വക്രഗതിയും; മയൈ ന അസ്തി – എന്നി‍ല്‍ ഇല്ല; രാജമൗലേ – ഹേ ചന്ദ്രശേഖര!; അസ്തി യദി – ഉണ്ടെങ്കി‍ല്‍; ഭവദാഭരണസ്യപാത്രം – അങ്ങയുടെ ആഭരണത്തിന്നു പാത്രമായി; ന അസ്മി കിം – ഞാ‍ന്‍ തീരുകയില്ലയോ ?

ഹേ ചന്ദ്രചൂഡ! എന്നില്‍ ജഡത്വമില്ല; വിവേകമില്ലയ്മയോ കളങ്കമോ കുടിലസ്വഭാവമോ എന്നിലല്പവുമില്ല; അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ ഈ ദോഷങ്ങളെല്ല‍ാം തികഞ്ഞിരിക്കുന്ന ചന്ദ്രനെ ആഭരണമാക്കിയിരിക്കുന്ന നിന്തിരുവടി എന്നേയും ഒരു ആഭരണമായി സ്വീകരിക്കുമായിരുന്നു. അതിനാല്‍ ഹേ ദേവ! നിര്‍ദോഷനായ എന്നി‍ല്‍ കനിഞ്ഞ് അനുഗ്രഹിച്ചരുളിയാലും.

അരഹസി രഹസി സ്വതന്ത്രബുദ്ധ്യാ
വരിവസിതും സുലഭഃ പ്രസന്നമൂര്‍ത്തിഃ |
അഗണിതഫലദായകഃ പ്രഭുര്‍മേ
ജഗദധികോ ഹൃദി രാജശേഖരോഽസ്തി || 70 ||

പ്രഭുഃ പ്രസന്നമൂര്‍ത്തിഃ – സമര്‍ത്ഥനും പ്രസന്നവിഗ്രഹനും; അഗണിത ഫലദായകഃ – അളവില്ലാത്ത ഫലത്തെ മീതെയായി സ്ഥിതിചെയ്യുന്നവനുമായ ചന്ദ്രശേഖരന്‍; മേ ഹൃദി – എന്റെ ഹൃദയത്തി‍ല്‍; അസ്തി – ഇരുന്നരുളുന്നുണ്ട്; അരഹസി രഹസി – പരസ്യമായും രഹസ്യമായും; സ്വതന്ത്രബുദ്ധ്യാ – എനിക്കുസ്വാദീനനാണെന്ന ബുദ്ധിയാല്‍ ; വരിവസിതും – ശുശ്രുഷിക്കുന്നതിന്നു; സുലഭഃ – യാതൊരു പ്രയാസവുമില്ല.

സമര്‍ത്ഥനായി, കൃപാതിരേകത്താല്‍ പ്രസന്ന വിഗ്രഹനായി, എണ്ണിക്കണക്കാക്കുവാന്‍ കഴിയാത്തവിധത്തി‍ല്‍ അത്രയും ഫലത്തെ നല്‍ക്കുന്നവനായി പ്രപഞ്ചത്തിന്നതീതനായിരിക്കുന്ന സോമശേഖര‍ന്‍ എന്റെ ഹൃദയത്തില്‍ അധിവസിക്കുന്നുണ്ടു. പരസ്യമായും രഹസ്യമായും എനിക്കു സ്വാധീനനാണെന്ന നിലയി‍ല്‍ അടുത്തിരുന്നുപചരിക്കുന്നതിന്നു യാതൊരു വൈഷമ്യവുമില്ല.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).