ആരൂഢഭക്തിഗുണകുഞ്ചിതഭാവചാപ-
യുക്തൈഃ ശിവസ്മരണബാണഗണൈരമോഘൈഃ |
നിരജിത്യ കില്ബിഷരിപൂന്‍ വിജയീ സുധീന്ദ്രഃ
സാനന്ദമാവഹതി സുസ്ഥിരരാജലക്ഷ്മീം || 71 ||
ആരൂഡഭക്തിഗുണകഞ്ചിതവചാപ യുക്തൈഃ – ഉള്ളിലെല്ലാം വ്യാപിച്ച ഭക്തിയാകുന്ന ഞാണിനാല്‍ വളയ്ക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലില്‍ തൊടുക്കപ്പെട്ടവയും; അമോഘൈഃ – നിഷ്ഫലമാവാത്തവയിമായ; ശിവസ്മരണബാണഗണൈഃ – ശിവന്റെ സ്മരണമാകുന്ന ബാണ ഗണങ്ങള്‍കൊണ്ട്; കില്‍ബിഷരിപൂന്‍ – പാപങ്ങളാകുന്ന ശത്രുക്കളെ; നിര്‍ജിത്യ – വിജയീ പാടെ ജയിച്ച് വിജയിയായി; സാനന്ദം – ആനന്ദത്തോടെ ഉറച്ച രാജലക്ഷിയെ, ശിവസ്വാരൂപ്യത്തെ; സുസ്ഥിരാരാജലക്ഷ്മീം സുധീന്ദ്രാഃ – ആവഹതി ബുദ്ധിശാലികളില്‍വെച്ച് ശ്രേഷ്ഠനായിരിക്കുന്നവന്‍ പ്രാപിക്കുന്നു.
അതിബുദ്ധിശാലിയായിരിക്കുന്ന ഒരുവന്‍ ഭക്തിയാകുന്ന ഞാണേറ്റി വളക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലില്‍ തൊടുത്ത നിഷ്പലമാവാത്ത ശിവസ്മരണമാകുന്ന ബാണഗണങ്ങള്‍കൊണ്ട് പാപങ്ങളാകുന്ന ശത്രുക്കളെയെല്ലാം ജയിച്ച് വിജയിയായി പരമാനന്ദത്തോടെ സുസ്ഥിരമായിരിക്കുന്ന ശിവസ്വരൂപ്യത്തെ പ്രാപിക്കുന്നു.
ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം
ഭിത്വാ മഹാബലിഭിരീശ്വരനാമമന്ത്രൈഃ |
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്‍ത്ഥാഃ || 72 ||
ശിവ! – യേ പരമശിവ! യാതൊരുവന്‍; ധ്യാനാഞ്ജനേന – ധ്യാനമാകുന്ന അഞ്ജനംകൊണ്ട്; സമവേഷ്യ – നന്നായി നോക്കികൊണ്ട്; ഈശ്വരനമമന്ത്രൈഃ – ഈശ്വരന്റെ നാമമന്ത്രങ്ങളാകുന്ന; മഹാബലിഭിഃ – പൂജോപഹാരങ്ങളോടുകൂടി; തമഃപ്രദേശംഭിത്വാ – അജ്ഞാനമാകുന്ന ഇരുളടര്‍ന്ന; ആവരക – പ്രദേശത്തെ ഭേദിച്ച് (കഴിച്ചു); ദിവ്യാശ്രിതം – ദിവ്യശക്തിയുള്ളവരാല്‍ സേവിക്ക(കാത്തുരക്ഷിക്കപ്പെട്ടതും); ഭുജഭൂഷണം – സര്‍പ്പത്താലലങ്കാരിക്കപ്പെട്ടതുമായ തേ നിന്തിരുവടിയുടെ; പാദപദ്മം – പാദപങ്കജമാകുന്ന നിധിയെ; ഇഹ – ഈ ലോകത്തില്‍ ; ഉദ്വഹന്തി – പ്രാപിച്ച് അനുഭവിക്കുന്നുവോ; തേ കൃതാര്‍ത്ഥാഃ – അവരാണ് ഭാഗ്യശാലികള്‍ .
അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലികള്‍ .
ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ-
ഭൂദാര ഏവ കിമതഃ സുമതേ ലഭസ്വ |
കേദാരമാകലിതമുക്തിമഹൌഷധീനാം
പാദാരവിന്ദഭജനം പരമേശ്വരസ്യ | 73 ||
സുമതേ! – ശോഭനമായ മനസ്സേ!; യദപേക്ഷയാ – യാതൊന്നിനെ ദര്‍ശിപ്പാന്‍വേണ്ടി; ശ്രീഭൂദാരഃ ഏവ ഭൂദാരതാം ഉദവഹത് – ലക്ഷ്മിയുടേയും നാഥനായ മഹാവിഷ്ണുകൂടി പന്നിയുടെ വേഷത്തെ ധരിച്ചുവോ; അതഃ കിഃ – അതിന്നുമീതെയായി എന്തുണ്ടു?; ആകലിതമുക്തി മഹൗഷധീനാം – ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെ; കേദാരം – വിളഭൂമിയായ പരമേശ്വരസ്യ; പാദാരവിന്ദഭജനം – ഭഗവത് പദപങ്കജങ്ങളുടെ ഭജനത്തെ; ലഭസ്വ – പ്രാപിക്കുക.
ശോഭനബുദ്ധേ! യാതൊരു പാദപങ്കജങ്ങളെ ദര്‍ശിപ്പാന്‍ വേണ്ടി ശ്രീഭൂപതിയായ നാരായണമൂര്‍ത്തികൂടി വരാഹവേഷം ധരിച്ചുവോ അത്രയും മഹിമയാര്‍ന്നതും ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെ വിളഭൂമിയായിരിക്കുന്നതുമായ ഭഗവത് പദപങ്കജങ്ങളെ ഭജിച്ചുകൊള്‍ക.
ആശാപാശക്ലേശദുര്വാസനാദി-
ഭേദോദ്യുക്തൈര്‍ദിവ്യഗന്ധൈരമന്ദൈഃ |
ആശാശാടീകസ്യ പാദാരവിന്ദം
ചേതഃപേടീം വാസിതാം മേ തനോതു || 74 ||
ആശാശാടീകസ്യ – ആശകളെ (ദിക്കുകളെ) വസ്ത്രങ്ങളാല്‍ ധരിച്ചിരിക്കുന്ന മഹേശ്വരന്റെ; പാദാരവിന്ദം – പാദമാകുന്ന ചെന്താമര; ആശാപാശക്ലേശദുര്‍വാസനാദിഭേദദ്യുക്തൈഃ – ആശാപാശം, അവിദ്യാ, അസ്മിതം, രാഗം, ദ്വേഷം, അഭിനിവേശം എന്ന പഞ്ചക്ലേശങ്ങള്‍ മുതലായ ദുര്‍വാസനകളെ അകറ്റുന്നവര്‍ കഴിവുള്ളവയും; അമന്ദൈഃ – അധികരിച്ചവയുമായ; ദിവ്യഗന്ധൈഃ – ദിവ്യങ്ങളായ ഗന്ധങ്ങളെക്കൊണ്ട്; മേ ചേതഃ പേടീം – എന്റെ മനസ്സാകുന്ന പെട്ടിയെ; വാസിതാംതനോതു – വാസനയുള്ളതാക്കിത്തീര്‍ക്കട്ടെ.
ദിഗംബരനായ മഹേശ്വരന്റെ പാദപങ്കജം മണ്ണാശ തുടങ്ങിയ ആശാപാശങ്ങള്‍ , അവിദ്യ തുടങ്ങിയ പഞ്ചക്ലേശങ്ങള്‍ എന്നീ ദുഷിച്ച വാസനകളെ നീക്കംചെയ്പാന്‍ കഴിവുള്ളവയും മഹിമയേറിയവയുമായ ദിവ്യഗന്ധങ്ങളെക്കൊണ്ട് എന്റെ മനസ്സാകുന്ന പെട്ടിയെ സുഗന്ധിയാക്കിത്തീര്‍ക്കട്ടെ.
കല്യാണിനാം സരസചിത്രഗതിം സവേഗം
സര്‍വ്വേംഗിതജ്ഞമനഘം ധ്രുവലക്ഷണാഢ്യം |
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേതഃ സമസ്തജഗതാം വൃഷഭാധിരൂഢ || 75 ||
വൃഷഭാധിരൂഢ! – കാളപ്പുറത്തു കയറി നടക്കുന്നവനും; സമസ്തജഗതാം – എല്ലാ ലോകങ്ങളുടേയും; നേതഃ! സ്മരാരേ! – നേതാവുമായിരിക്കുന്ന മന്മഥരിപോ!; കല്യാണിനാം ശുഭലക്ഷണങ്ങളുള്ളതും; സരസചിത്രഗതിം – ഭംഗിയോടെ പലവിധത്തില്‍ നടക്കുന്നതും; സവേഗം – വളരെ വേഗതയുള്ളതും സര്‍വ്വേംഗിതജ്ഞം അഭിപ്രായങ്ങളെല്ലാമറിയുന്നതും അനഘം ദോഷമില്ലാത്തതും ധ്രുവലക്ഷണാഢ്യം സുസ്ഥിരങ്ങളായ ചുഴി മുതലായ വിശേഷരേഖകള്‍കൊണ്ട ശോഭിക്കുന്നതുമായ ചേതസ്തുരംഗം എന്റെ മനസ്സാകുന്ന കുതിരപ്പുറത്തു അധിരുഹ്യ ചര കയറി സഞ്ചരിച്ചാലും.
ഹേ വൃഷഭവാഹന! ശുഭലക്ഷണങ്ങളെല്ലാം തികഞ്ഞതും ഭംഗിയാര്‍ന്ന ഗതിവിശേഷങ്ങളോടുകൂടിയതും നല്ല വേഗതയുള്ളതും മനസ്സിന്റെ ഭാവങ്ങളെല്ലാമറിയുന്നതും ചുഴി മുതലായ സ്ഥിരലക്ഷണങ്ങള്‍ ശോഭിക്കുന്നതുമായ എന്റെ മനസ്സാകുന്ന കുതിരയില്‍ കയറി നിന്തിരുവടി സഞ്ചരിച്ചുകൊണ്ടാലും. (ലോകങ്ങള്‍ക്കെല്ലാം ഈശനും സ്മരാരിയുമായ ഭവാന്ന് ഈ മന്ദഗാമിയായ വൃഷഭം വാഹനത്തിന്നു പറ്റിയതല്ല. വേഗതയുള്ളതും കാമഗവും ശുഭകരവുമായ എന്റെ ഹൃദയമാകുന്ന തുരഗത്തേ സ്വീകരിച്ചുകൊള്‍ക എന്നു ഭാവം.)
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).