പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ
പക്ഷിത്വം ന ച വാ കിടിത്വമപി ന പ്രാപ്തം മയാ ദു‍ര്‍ല്ലഭം |
ജാനേ മസ്തകമംഘ്രിപല്ലവമുമാജാനേ ന തേഽഹം വിഭോ
ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ || 86 ||

ഉമാജാനേ – ഉമാപതേ!; പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ – പുജാദ്രവ്യങ്ങളെല്ല‍ാം ധാരാളം ശേഖരിച്ചു ആരാധനയേ എങ്ങിനെയാണ് ചെയ്യേണ്ടത് ?; ദുര്‍ലഭം – ലഭിക്കപ്പെടുവാ‍ന്‍ കഴിയാത്ത; പക്ഷിത്വം ന ച വാ കിടത്വം അപി മയാ ന പ്രാപ്തം – പക്ഷിയാവുക എന്ന അവസ്ഥയോ എന്നല്ല പന്നിയാവുക എന്ന സ്ഥിതിയോ എന്നാ‍ല്‍ പ്രാപിക്കപ്പെട്ടിട്ടില്ല; വിഭോ ഹേ സര്‍വ്വേശ്വര! അഹം തേ മസ്തകം – ഞാ‍ന്‍ ഭവാന്റെ ശിരസ്സിനേയും അംഘ്രിപല്ലവം – കാല്‍ത്തളിരിനേയും; ന ജാനേ – അറിയുന്നില്ല; തത്വേന തദ്രുപിണാ പിതാമഹേന – വാസ്തവത്തി‍ല്‍ ആ സ്വരൂപത്തെതന്നെ ധരിച്ച ബ്രഹ്മാവിനാലും; ഹരിണാ വിഷ്ണുവിനാലും കൂടി; ന ജ്ഞാതം ഹി – അറിയപ്പെട്ടിട്ടില്ലല്ലോ.

ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ല‍ാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാ‍ന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു എന്നിവരുംകൂടി ആ സ്ഥാനങ്ങ‍ള്‍ കണ്ടു പിടിക്കുവാന്‍ കഴിയാത്തവരായിട്ടാണല്ലോ പിന്‍വാങ്ങിയത് ?

അശനം ഗരളം ഫണീ കലാപോ
വസനം ചര്‍മ്മ ച വാഹനം മഹോക്ഷഃ |
മമ ദാസ്യസി കിം കിമസ്തി ശംഭോ
തവ പാദ‍ാംബുജഭക്തിമേവ ദേഹി || 87 ||

ശംഭോ തവ ഹേ ഭഗവ‍ന്‍ ! – നിന്തിരുവടിയുടെ; അശനം ഗരളം – ആഹാരമാവട്ടെ വിഷമാണ്; കലാപഃ ഫണീ – ആഭരണമോ സര്‍പ്പം; വസനം ച ചര്‍മ – വസ്ത്രമാണെങ്കില്‍ തോ‍ല്‍; വാഹനം മഹോക്ഷഃ – വാഹനം കാളയും; മമ കിം ദാസ്യസി? – എനിക്ക് എന്തൊന്നാണ് തന്നരുളുക?; കിം അസ്തി? – എന്തൊന്നാണ് തരുവാനുള്ളത് ?; തവ പാദ‍ാംബുജഭക്തിം ഏവ ദേഹി – നിന്തിരുവടിയുടെ പദപങ്കജത്തിലുള്ള ഭക്തിയെതന്നെ തന്നരുളിയാലും.

ഹേ ദേവ! അങ്ങാവട്ടെ വിഷം ഭക്ഷിച്ചുപജീവിക്കുന്നവന്‍ , അങ്ങയുടെ ആഭരണം സര്‍പ്പം; ഉടയാട പുലിത്തോ‍ല്‍ ; വാഹനമോ ഒരു കാള. ഇങ്ങിനെ ജീവിക്കുന്ന ഭവാന്റെ പക്കല്‍ എനിക്കു തരുവാനെന്തൊന്നാണുള്ളതു ? അതിനാല്‍ അനുനിമിഷവും അങ്ങയെതന്നെ ഭജിക്കുന്ന എനിക്ക് അങ്ങയുടെ പാദഭക്തിയെതന്നെ അനുഗ്രഹിച്ചരുളിയാലും.

യദാ കൃത‍ാംഭോനിധിസേതുബന്ധനഃ
കരസ്ഥലാധഃകൃതപര്‍വ്വതാധിപഃ |
ഭവാനി തേ ലംഘിതപദ്മസംഭവഃ
തദാ ശിവാര്‍ച്ചാസ്തവഭാവനക്ഷമഃ || 88 ||

ശിവ! യദാ ഹേ മംഗളമൂര്‍ത്തേ! – യാതൊരു സമയത്ത്; കൃത‍ാംഭോനിധി സേതുബന്ധനഃ – സമുദ്രത്തി‍ല്‍ അണകെട്ടിയവനും; കരസ്ഥാലാധഃകൃതപര്‍വ്വതാധിപഃ – ഉള്ളംകൈകൊണ്ട് അമര്‍ത്തപ്പെട്ട പര്‍വ്വതത്തോടുകൂടിയവനും; ലംഘിതപദ്മസംഭവഃ – ബ്രഹ്മാവിനെ അതിക്രമിച്ചവനുമായി ഞാന്‍ ആയ്‌ത്തീരുമോ; തദാ തേ – അപ്പോ‍ള്‍ നിന്തിരുവടിയെ; അര്‍ച്ചസ്തവ ഭാവനക്ഷമഃ – അര്‍ച്ചിക്കുക, സ്തുതിക്കുക, ധ്യാനിക്കുക എന്നിവകൊണ്ട് പൂജിക്കുന്നതില്‍ സമര്‍ത്ഥനായി; ഭവാനി – ഭവിക്കുമായിരുന്നു.

സമുദ്രത്തില്‍ സേതുബന്ധിച്ച ശ്രീരാഘവനായോ, വിന്ധ്യാചലത്തെ ഉള്ളംകൈകോണ്ടമര്‍ത്തിയ അഗസ്ത്യമഹര്‍ഷിയായോ, സൃഷ്ടികര്‍മ്മം നടത്തുന്ന ബ്രഹ്മദേവനായോ ഞാനായിത്തീരുന്ന പക്ഷം, അങ്ങയെ ആരാധിക്കുകയും, കീര്‍ത്തിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്നതില്‍ സമര്‍ത്ഥനായിത്തീരുമായിരുന്നു.

നതിഭി‍ര്‍ന്നുതിഭിസ്ത്വമീശപൂജാ-
വിധിഭിര്‍ധ്യാനസമാധിഭിര്‍ന്ന തുഷ്ടഃ |
ധനുഷാ മുസലേന ചാശ്മഭിര്‍വാ
വദ തേ പ്രീതികരം തഥാ കരോമി || 89 ||

ഈശ! ത്വം – ജഗദീശ്വര! നിന്തിരുവടി; നതിഭിഃ – നമസ്മാരങ്ങളെക്കൊണ്ടും; നുതിഭിഃ – സ്ത്രോത്രങ്ങളെക്കൊണ്ടും; പൂജാവിധിഭിഃ – പുജാവിധികള്‍കൊണ്ടും; ധ്യാനസമാധിഭിഃ – ധ്യാനം സമാധി എന്നിവകൊണ്ടും; നതു തുഷ്ടഃ – സന്തുഷ്ടനായിട്ടില്ല; ധനുഷാ മുസലേന ച – വില്ലുകൊണ്ടൊ ഉലയ്ക്കകൊണ്ടോ; അശ്മഭിഃ വാ തേ – കല്ലുകള്‍കൊണ്ടൊ നിന്തിരുവടിക്കു; പ്രീതികരം വദ തഥാ കരോമി – സന്തോഷപ്രദമായിരിക്കുന്നത് പറഞ്ഞുതന്നാലും അപ്രകാരം ചെയ്തുകൊള്ള‍ാം.

ഹേ ദേവ! നമസ്കാരം, സ്ത്രോത്രം, പൂജ, ധ്യാനം, സമാധി എന്നിവകൊണ്ടൊന്നും നിന്തിരുവടി സന്തുഷ്ടനാവുന്നില്ല. വില്ലുകൊണ്ടോ, കല്ലുകള്‍കൊണ്ടൊ ഉലക്കകൊണ്ടൊ യാതൊന്നു കൊണ്ടാണ് ഞാ‍ന്‍ അങ്ങയെ പൂജിക്കേണ്ടത് ? പറഞ്ഞരുളിയാലും.

[എത്രയോ കഠിനമായ തപസ്സുചെയ്തിട്ടും അര്‍ജ്ജുനന്നു പ്രത്യക്ഷനാവാതിരുന്ന ദേവന്‍ വില്ലുകൊണ്ടുള്ള അടിയേറ്റപ്പോഴേ സന്തുഷ്ടനായി വരം നല്കിയുള്ളു. പരമഭക്തയായിരുന്ന ബിംബസ്സാരികയെന്ന വൃദ്ധയെ പരീക്ഷിപ്പാന്‍ വേണ്ടി കാപാലിക വേഷം ധരിച്ചുചെന്ന ദേവനെ ഭജിച്ചുഭജിച്ചു മടുത്തിരുന്ന അവള്‍ ഉലയ്ക്കകൊണ്ടടിച്ചപ്പോഴാണ് അവള്‍ക്കു സായൂജ്യം ലഭിച്ചത്. വേറൊരു ഭക്തശിഖാമണിയായ വേടന്‍ ഭഗവാനെ കണ്ട്, പിടികൂടുന്നതിന്നായി പിന്‍തുടര്‍ന്നു. പിടിക്കുവാന്‍ വിഷമമാണെന്നു കണ്ടപ്പോ‍ള്‍ കവണയി‍ല്‍ കല്ലിട്ടെറിഞ്ഞ് ദേവന്റെ കാലൊടിച്ചു. ദേവന്‍ പ്രസാദിച്ച് അവന്നും മുക്തി നല്‍കി. പ്രസ്തുത പുരാണ കഥകളാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിക്കുന്നത്.]

വചസാ ചരിതം വദാമി ശംഭോ-
രഹമുദ്യോഗവിധാസു തേഽപ്രസക്തഃ |
മനസാ കൃതിമീശ്വരസ്യ സേവേ
ശിരസാ ചൈവ സദാശിവം നമാമി || 90 ||

അഹം തേ – ഞാ‍ന്‍ നിന്തിരുവടിയുടെ; ഉദ്യോഗവിധാസു അപ്രസക്തഃ – ഏകാഗ്രമായ ധ്യാനവിദികളില്‍ പരിചയമില്ലാത്തവ‍ന്‍ ; വചസാ ശംഭോഃ – വാക്കുകൊണ്ട് ശ്രീശംഭുവിന്റെ; ചരിതം വദാമി – ചരിതത്തെ വര്‍ണ്ണിച്ചുകൊള്ളുന്നു; മനസാ – ഈശ്വരസ്യ മനസ്സുകൊണ്ട് ഈശ്വരന്റെ; ആകൃതിഃ സേവേ – സ്വരൂപത്തെ ധ്യാനിച്ചുകൊള്ളുന്നു; ശിരസാ – ശിരസ്സുകൊണ്ട്; സദാശിവം ഏവ – സദാശിവനെത്തന്നെ; നമാമി ച – നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു.

അങ്ങയുടെ പരിചാര്‍യ്യവിധികളി‍ല്‍ എനിക്ക് അല്പവും പരിചയം പോരാ; അതിനാല്‍ വാക്കുകള്‍കൊണ്ട് ഭഗവച്ചരിതങ്ങളെ വര്‍ണ്ണിച്ച് കീര്‍ത്തിക്കുകയും മനസ്സുകൊണ്ട് അങ്ങയുടെ സ്വരൂപത്തെ ധ്യാനിക്കുകയും ശിരസ്സുകൊണ്ട് അങ്ങയെ നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).