കോ ന്വീശ തേ പാദസരോജഭാജാം
സുദുര്ല്ലഭോ ര്‍ത്ഥേഷു ചതുര്‍ഷ്വപീഹ
തഥാപി നാഹം പ്രവൃണോമി ഭൂമന്‍
ഭവത്പദാംഭോജനിഷേവ ണോത്സുകഃ (3-4-15)
ഉദ്ധവര്‍ തുടര്‍ന്നു:
യാദവര്‍ എല്ലാവരും കുടിച്ചുമത്തരായി തന്നില്‍ കലഹിച്ച് മരണമടഞ്ഞു. അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ അവതാരമവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഭൂമിയിലെ അവതാരോദ്ദേശ്യം നിറവേറികഴിഞ്ഞിരുന്നു. എന്നോട് ബദരീകാശ്രമത്തിലേക്ക് പോകാന്‍ ഭഗവാനാവശ്യപ്പെട്ടു. എന്നിട്ടദ്ദേഹം ഒരു വൃക്ഷത്തിന് കീഴെ ഇരിപ്പുറപ്പിച്ചു. ആ സമയത്ത് ഈശ്വരസാക്ഷാത്ക്കാരം നേടിയ മൈത്രേയമുനി അവിടെയെത്തി.
പ്രിയപ്പെട്ടതും പ്രോത്സാഹജനകവുമായ വാക്കുകള്‍ കൊണ്ട് ഭഗവാനെനിക്കു ധൈര്യം തന്നു. ദിവ്യമായ ഭാഗവതപുരാണം പറഞ്ഞുതന്ന് ഇതു തന്റെ അവസാനജന്മമാണെന്നു ഭഗവാനരുളി. കൈകൂപ്പി ഒരുന്മതാവസ്ഥയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. “ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും ഏതും അങ്ങയില്‍ ഭക്തരായിട്ടുളളവര്‍ക്ക് നിഷ്പ്രയാസമല്ലോ. അല്ലയോ സീമാതീതനും കാലാതീതനുമായ ഭഗവനേ അവിടുത്തെ കാലിണകളല്ലാതെ മറ്റൊന്നും ഞാന്‍ കൊതിക്കുന്നില്ല. അങ്ങയുടെ ജീവിതവും കര്‍മ്മങ്ങളും ഏറെ അത്ഭതം നിറഞ്ഞതും മനുഷ്യനാല്‍ മനസിലാക്കാന്‍ കഴിയാത്തതുമത്രെ. അങ്ങ് സര്‍വ്വജ്ഞനും പരമവിജ്ഞാനത്തില്‍ വിലീനനുമാണല്ലോ. എന്നിട്ടും അങ്ങു ചിലപ്പോള്‍ ഒരജ്ഞാനിയെപ്പോലെ എന്നേപ്പോലുളളവരുടെ ഉപദേശമാരായുന്നു. ഇതില്‍നിന്ന് എനിക്കു മനസിലാകാത്ത കാര്യമാണ്. അങ്ങേക്കുമാത്രമേ അവിടുത്തെ മഹിമ ഞങ്ങള്‍ക്കായി വിവരിച്ചു തരാനാവൂ.” പിന്നീട് ഭഗവാന്‍ സ്വയം ആ പ്രഭാവത്തെ എനിക്കുകാണിച്ചുതന്നു. നരനാരായണന്മാര്‍ തപസ്സുചെയ്യുന്നു ബദരീകാശ്രമത്തിലേക്ക് ഭഗവാനെ നമസ്കരിച്ചു ഞാന്‍ പുറപ്പെട്ടിരിക്കുകയാണ്.” സര്‍വ്വനാശത്തിന്റെ കഥയറിഞ്ഞ് വിദുരന്‍ വിഷാദചിത്തനായി. പിന്നീടദേഹം ഉദ്ധവരോടു പറഞ്ഞു. “ഭഗവല്‍സന്നിധിയില്‍ നിന്നും അങ്ങു കേട്ടറിഞ്ഞ ആ കഥാമൃതത്തെ എനിക്കും പറഞ്ഞുതന്നനുഗ്രഹിച്ചാലും.”
ഉദ്ധവര്‍ പറഞ്ഞു: “വിദുരരേ, ഭഗവാന്‍ മൈത്രേയമുനിക്ക് ഭാഗവതം പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ അടുത്തുതന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നു തന്നെ ഭാഗവതം കേട്ടുകൊളളുക.” ശുകന്‍ പറഞ്ഞു: ഉദ്ധവര്‍ യമുനാനദീതീരത്ത് ഒരുരാത്രിമുഴുവന്‍ ചിലവഴിച്ച് പിറ്റേന്നുരാവിലെ സ്ഥലം വിട്ടു. പരീക്ഷിത്തു ചോദിച്ചു: “ശ്രീകൃഷ്ണന്റെ കുടുംബവും കുലവും മറ്റെല്ലാവരും മനുഷ്യത്ത്വം പോലും സര്‍വ്വനാശത്തിനടിമയായിട്ടും ഭഗവാന്‍ സ്വയം ഭൂമിയില്‍നിന്നും തിരോധാനം ചെയ്തിട്ടും ഉദ്ധവര്‍മാത്രം എങ്ങിനെയാണ് രക്ഷപ്പെട്ടു നിലകൊണ്ടത്?” ശുകന്‍ പറഞ്ഞു: “ഇԇതും കൃഷ്ണഭഗവാന്റെ ഇച്ഛയത്രെ.”
ഭഗവാന്‍ ആലോചിച്ചു:
“എന്റെ ഈ അവതാരം അവസാനിച്ചു കഴിഞ്ഞാല്‍ ഭക്തോത്തമനും സ്വയം സാക്ഷാത്ക്കാരം നേടിയവനുമായ ഉദ്ധവര്‍ എന്നേക്കുറിച്ചുളള സത്യം കാത്തുരക്ഷിച്ചുകൊളളും. ഉദ്ധവര്‍ എന്റേതന്നെ സ്വരൂപമത്രെ. സ്വയംപരിപൂര്‍ണ്ണനും ഇന്ദ്രിയാതീതനുമായ ഉദ്ധവര്‍തന്നെയാണീ ജ്ഞാനത്തെ ഭൂമിയിലെ മനുഷ്യരാശിക്കായി പറഞ്ഞു മനസിലാക്കാന്‍ യോഗ്യനായിട്ടുളളത്.” ഉദ്ധവര്‍ ബദരീകാശ്രമത്തിലേക്ക് പുറപ്പെട്ടുകഴിഞ്ഞപ്പോള്‍ വിദുരര്‍ ദുഃഖഭാരത്തോടെ ഗംഗാതീരത്തേക്കു പുറപ്പെട്ടു. അവിടെച്ചെന്ന് മൈത്രേയമുനിയെ കണ്ടു.