ഡൗണ്‍ലോഡ്‌ MP3

മുദാ സുരൗഘൈസ്ത്വമുദാരസമ്മദൈഃ
ഉദീര്യ ’ദാമോദര’ ഇത്യഭിഷ്ടുതഃ
മൃദുദരഃസ്വൈരമൂലുഖലേ ലഗന്‍
അദൂരതോ ദ്വൗ കകുഭാവുദൈക്ഷഥാഃ || 1 ||

സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ദാമോദരന്‍ എന്നുച്ചരിച്ച് വര്‍ദ്ധിച്ച് സന്തോഷത്തോടെ സ്തുതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലില്‍ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യുമ്പോ‍ള്‍ അധികം അകലെയല്ലാതെ രണ്ടു അറഞ്ഞില്‍ മരങ്ങളെ ഉയര്‍ന്നുകണ്ടു.

കുബേരസൂനുര്‍നളകുബാരാഭിധഃ
പരോ മണിഗ്രീവ ഇതി പ്രഥ‍ാം ഗതഃ
മഹേശ സേവാധിഗത ശ്രിയോന്മദൗ
ചിരം കില ത്വദ്വിമുഖാവഖേലത‍ാം. || 2 ||

കുബേരന്റെ പുത്രനായ നളകൂബരനെന്നവനും മണിഗ്രീവനെന്ന് പ്രസിദ്ധനായ മറ്റേവനും ശ്രീപരമേശ്വരസേവകൊണ്ട് ലഭിച്ച ഐശ്വര്‍യ്യത്താ‍ല്‍ ഉന്മത്തന്മാരായി ഭഗവദ് വിമുഖന്മാരായിട്ടുതന്നെ വളരെക്കാലം പുളച്ചു നടന്നു.

സൂരാപഗായ‍ാം കില തൗ മദോത്കടൗ
സുരാപഗായദ് ബഹുയൗവതാവൃതൗ
വിവാസസൗ കേളിപരൗ സ നാരദോ
ഭവത്‍പദൈക പ്രവണോ നിരൈക്ഷത .. || 3 ||

മദോന്മത്തന്മാരായി മദ്യപാനം ചെയ്തു പാട്ടുപാടുന്ന അനേകം യുവതികളാല്‍ ചൂഴപ്പെട്ട് വസ്ത്രം ധരിക്കാതെ ആകാശഗംഗയില്‍ ജലക്രീഡചെയ്യുന്നവരായ അവരെ അങ്ങയുടെ തൃക്കാലടികളില്‍തന്നെ ഉറപ്പിച്ച മനസ്സോടുകൂടിയ ആ നാരദമഹര്‍ഷി കാണ്മാനിടയായി.

ഭിയാ പ്രിയാലോകമുപാത്തവാസസം
പുരോ നിരീക്ഷ്യാപി മദാന്ധ ചേതസൗ
ഇമൗ ഭവദ്‍ഭക്ത്യുപശാന്തിസിദ്ധയേ
മുനിര്‍ജ്ജഗൗ ’ശാന്തിമൃതേ കുതഃ സുഖം ?’ || 4 ||

പ്രേയസികള്‍ പേടിയോടെ വസ്ത്രം ധരിക്കുന്നത് മുന്നി‍ല്‍ കണ്ടിട്ടും അഹങ്കാരത്താ‍ല്‍ മതിമറന്നിരുന്ന ഇവരെ ഭഗവല്‍ഭക്തിയും ഉപശമനവും സിദ്ധിക്കുന്നതിന്നുവേണ്ടി നാരദമഹര്‍ഷി ശപിച്ചു. മനഃശാന്തിയില്ലെങ്കി‍ല്‍ സുഖമെവിടെ ?

‘യുവാമവാപ്ത കകുഭാത്മത‍ാം ചിരം
ഹരിം നിരീക്ഷ്യാഥ പദം സ്വമാപ്നുതം ’
ഇതീരിതൗ തൗ ഭവദീക്ഷണ സ്പ്യഹ‍ാം
ഗതൗ വ്രജന്തേ കകുഭൗ ബഭൂവതുഃ .. || 5 ||

നിങ്ങളിരുവരും വളരെക്കാലം അര്‍ജ്ജുനവൃക്ഷങ്ങളായിത്തീര്‍ന്ന് അനന്തരം ശ്രീഹരിയെ ദര്‍ശിച്ച് സ്വന്തം സ്ഥാനത്തെ പ്രാപിക്കുവി‍ന്‍ ‍. ഇപ്രകാരം പറയപ്പെട്ടവരായ അവര്‍ അങ്ങയെ ദര്‍ശിക്കുവാ‍ന്‍ ആഗ്രഹിക്കുന്നവരായി അമ്പാടിയിലൊരിടത്ത് അര്‍ജ്ജുനവൃക്ഷങ്ങളായി വളര്‍ന്നുവന്നു.

അതന്ദ്രമിന്ദ്രദ്രുയുഗം തഥാവിധം
സമേയുഷാ മന്ഥരഗാമിനാ ത്വയാ
തിരായിതോലുഖല – രോധനിര്‍ദ്ധുതൗ
ചിരായ ജീര്‍ണ്ണൗ പരിപാതിതൗ തരു. || 6 ||

അപ്രകാരമുള്ള രണ്ടു കകുഭവൃക്ഷങ്ങളെ ഉത്സാഹത്തോടെ മന്ദം മന്ദം സഞ്ചാരിച്ചുകൊണ്ട് സമീപിച്ച നിന്തിരുവടിയാല്‍ വിലങ്ങടിച്ച ഉരലിന്റെ തടയല്‍നിമിത്തം ഇളകി വേരറ്റവയും പഴകി ജീര്‍ണ്ണിച്ചവയുമായ ആ വൃക്ഷങ്ങ‍ള്‍ വീഴ്ത്തപ്പെട്ടു.

അഭാജി ശാഖിദ്വിതയം യദാ ത്വയാ
തദൈവ തദ്ഗര്‍ഭതലാന്നിരേയുഷാ
മഹാത്വിഷാ യക്ഷയുഗേന തത്ക്ഷണാ
ദഭാജി ഗോവിന്ദ ഭവാനപി സ്തവൈഃ .. || 7 ||

യാതൊരു സമയം നിന്തിരുവടിയാല്‍ ആ രണ്ടു മരങ്ങളും വീഴ്ത്തപ്പെട്ടുവോ ആ സമയത്തുതന്നെ അവയുടെ ഉള്ളില്‍നിന്ന് പുറത്തുവന്നവരൂം കാന്തിമാന്മാരുമായ രണ്ടു യക്ഷന്മാരാ‍ല്‍ അക്ഷണംതന്നെ അല്ലേ ! പശുപാല ! നിന്തിരുവടിയും സ്ത്രോത്രങ്ങളാല്‍ കീര്‍ത്തിച്ചു ഭജിക്കപ്പെട്ടു.

ഇഹാന്യ ഭക്തോഽപി സമേഷ്യതി ക്രമാത്
ഭവന്ത, മേതൗ ഖലു രുദ്രസേവകൗ
മുനിപ്രസാദാദ് ഭവദംഘ്രിമാഗതൗ
ഗതൗ വൃണാനൗ ഖലു ഭക്തിമുത്തമ‍ാം .. || 8 ||

ഈ ലോകത്തില്‍ വേറൊരു ദേവന്റെ ഭക്തനാണെങ്കിലും ക്രമേണ നിന്തിരുവടിയെ പ്രാപിക്കും. ശ്രീകണ്ഠനെ സേവിക്കുന്നവരായിരുന്നിട്ടും ഇവര്‍ നാരദമുനിയുടെ അനുഗ്രഹംകൊണ്ട് അങ്ങയുടെ തൃക്കാലടികളെ പ്രാപിച്ച് ശ്രേഷ്ഠമായ ഭക്തിയെ വരിച്ചു കൊണ്ടുതന്നെ സ്വസ്ഥാനമെത്തിച്ചേര്‍ന്നു.

തതസ്തരുദ്ദാരദാരുണാരവ-
പ്രകമ്പി – സമ്പാതിനി ഗോപമണ്ഡലേ
വിലജ്ജിത- ത്വജ്ജനനീമുഖേക്ഷിണാ
വ്യമോക്ഷി നന്ദേന ഭവാന്‍ വിമോക്ഷദഃ || 9 ||

അതില്‍പിന്നെ ഗോപന്മാ‍ര്‍ മരങ്ങ‍ള്‍ മുറിഞ്ഞുവീഴുന്ന ഭയങ്കരശബ്ദം കേട്ട് പരിഭ്രമിച്ചുകൊണ്ട് ഓടിവന്നസമയം ലജ്ജിതയായി നില്ക്കുന്ന അമ്മയുടെ മുഖത്തേക്കു നോക്കുന്ന നന്ദഗോപനാ‍ല്‍ മോക്ഷദനായ അങ്ങ് ബന്ധനത്തില്‍നിന്നു മോചിക്കപ്പെട്ടു.

‘മഹീരുഹോര്‍മധ്യഗതോ ബതാര്‍ഭകോ
ഹരേഃപ്രഭാവാദപ്രിക്ഷതോഽധുനാ’
ഇതി ബ്രുവാണൈര്‍ഗ്ഗമിതോ ഗൃഹം ഭവാ‍ന്‍‍
മരുത്പുരാധീശ്വര ! പാഹിമ‍ാം ഗദാത് .. || 10 ||

ആശ്ചര്‍യ്യം വൃക്ഷങ്ങളുടെ നടുവി‍ല്‍ അകപ്പെട്ട ബാലക‍ന്‍ ഇപ്പോ‍ള്‍ ശ്രീഹരിയുടെ അനുഗ്രഹംകൊണ്ടുതന്നെയാണ് മുറിവുകളൊന്നും പറ്റാതെ രക്ഷപ്പെട്ടത്. ഹേ ഗുരുവായൂരപ്പ! ഇപ്രകാരം പറയുന്ന (നന്ദാദികളാല്‍ ) അങ്ങ് ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകപ്പെട്ടു. അങ്ങിനെയുള്ള നിന്തിരുവടി എന്നെ രോഗങ്ങളില്‍നിന്നു കാത്തരുളേണമെ.

നളകൂബരമോക്ഷവര്‍ണ്ണനം എന്ന നാല്പത്തെട്ട‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 498
വൃത്തം: വംശസ്ഥം

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.