ഡൗണ്‍ലോഡ്‌ MP3

ഭവത്പ്രഭവാവിദുരാ ഹി ഗോപാഃ
തരുപ്രപാതദികമത്ര ഗോഷ്ഠേ
അഹേതുമുത്പാതഗണം വിശങ്ക്യ
പ്രയാതുമന്യത്ര മനോ വിതേനുഃ || 1 ||

അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാ‍ര്‍ ഈ ഗോകുലത്തി‍ല്‍ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുര്‍ന്നിമിത്തങ്ങളാണെന്നു സംശയിച്ചിട്ട് ഏതെങ്കിലും ഒരു ദിക്കിലേക്കു പോകുവാന്‍തന്നെ തീര്‍ച്ചപ്പെടുത്തി.

തത്രോപനന്ദാഭിധ-ഗോപവര്യഃ
ജഗൗ ഭവത്പ്രേരണയൈവ നൂനം
’ഇതഃ പ്രതീച്യ‍ാം വിപിനം മനോജ്ഞം
വൃന്ദാവനം നാമ വിരാജതീതി. || 2 ||

ആ കൂട്ടത്തില്‍ ഉപനന്ദന്‍ എന്നു പേരായ ഒരു ഗോപശ്രേഷ്ഠ‍ന്‍ ‘ഇവിടെനിന്ന് പടിഞ്ഞാറുഭാഗത്തായി വൃന്ദാവനം എന്ന പേരോടുകൂടിയ മനോഹരമായ ഒരു വനഭൂമി ശോഭിക്കുന്നുണ്ട്, എന്നിങ്ങിനെ അങ്ങയുടെ പ്രേരണകൊണ്ടുതന്നെ പറഞ്ഞു.

ബൃഹദ്വനം തത് ഖലു നന്ദമുഖ്യാഃ
വിധായ ഗൗഷ്ഠീനമഥ ക്ഷണേന
ത്വദന്വിത-ത്വജ്ജനനീനിവിഷ്ട-
ഗരിഷ്ഠ യാനാനുഗതാ വിചേലുഃ || 3 ||

അനന്തരം നന്ദന്‍ മുതലായവ‍ര്‍ ബൃഹദ്വനം എന്ന ആ വലിയ വനത്തെ ക്ഷണനേരംകൊണ്ട് പഴയ തൊഴുത്തെന്നപോലെയാക്കിത്തീര്‍ത്തിട്ട് അങ്ങയൊരുമിച്ച് അങ്ങയുടെ അമ്മയും കയറിയിരുന്നതുകൊണ്ട് അത്യധികം ഗുരുത്വമുള്ളതായിത്തീര്‍ന്ന വാഹനത്തെ പിന്തുടര്‍ന്നുകൊണ്ട് യാത്രയായി.

അനോമനോജ്ഞദ്ധ്വനിധേനുപാളീ-
ഖുരപ്രണാദാന്തരതോ വധൂഭിഃ
ഭവദ്വിനോദാലപിതാക്ഷരാണി
പ്രപീയ നാജ്ഞായത മാര്‍ഗ്ഗദൈര്‍ഘ്യം || 4 ||

ശകടത്തിന്റെ മനോഹരശബ്ദം, പശുക്കളുടെ കുളമ്പടിശബ്ദം ഇവയ്ക്കിടയി‍ല്‍ വിനോദത്തിന്നായി അങ്ങയാല്‍ ഉച്ചരിക്കപ്പെട്ട കളഭാഷണാക്ഷരങ്ങളെ പാനം ചെയ്ത് ഗോപികളാല്‍ വഴിയുടെ അകലം അറിയപ്പെട്ടില്ല.

നീരിക്ഷ്യ വൃന്ദാവനമീശ ! നന്ദത്-
പ്രസൂന കുന്ദപ്രമുഖദ്രുമൗഘം
അമോദഥാഃശ്ശാദ്വലസാന്ദ്രലക്ഷ്മ്യാ
ഹരിന്മണികുട്ടിമപുഷ്ടശോഭം. || 5 ||

ഹേ സര്‍വ്വേശ്വര! വിരിഞ്ഞ പുഷ്പങ്ങള്‍‍, മുല്ല മുതലായ വള്ളികള്‍, കന്തുരുക്കം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവയോടുകൂടിയതും ഇടതുര്‍ന്നുനില്‍ക്കുന്ന പച്ചപ്പുല്ലിന്റെ ശോഭാവിശേഷംകൊണ്ട് ഇന്ദ്രനീലക്കല്ലു പതിച്ച തളമെന്നപോലെ അതി ശോഭയാര്‍ന്നതുമായ വൃന്ദാവനത്തെ കണ്ടിട്ട് നിന്തിരുവടി അതിയായി സന്തോഷിച്ചു.

നവാകനിര്‍വ്വ്യുഢനിവാസഭേദേഷു
അശേഷഗോപേഷു സുഖാസിതേഷു
വനശ്രിയം ഗോപകിശോരപാളീ-
വിമിശ്രിതഃ പര്യഗലോകകഥാസ്ത്വം .. || 6 ||

ഗോപന്മാരെല്ല‍ാം അര്‍ദ്ദചന്ദ്രാകൃതിയില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട വിശേഷമായ വീടുകളില്‍ സുഖമായി പാര്‍ത്തുതുടങ്ങിയതില്‍പിന്നെ നിന്തിരുവടി ഗോപ ബാലന്മാരോതൊരുമിച്ച് വൃന്ദാവനത്തിന്റെ ശോഭയെ ചുറ്റും നടന്ന് നോക്കിക്കണ്ടു.

അരാളമാര്‍ഗ്ഗാഗത നിര്‍മ്മലാപ‍ാം
മരാളകുജാകൃത – നര്‍മ്മലാപ‍ാം
നിരന്തരസ്മേര സരോജവക്ത്ര‍ാം
കലിന്ദകന്യ‍ാം സമലോകയസ്ത്വം. .. || 7 ||

വളഞ്ഞ മാര്‍ഗ്ഗത്തില്‍കൂടി ഒഴുക്കുന്ന സ്വച്ഛജലത്തോടുകൂടിയതും കളഹംസങ്ങളുടെ കോമളനിസ്വനങ്ങളാല്‍ ചെയ്യപ്പെട്ട ലീലാവചനങ്ങളോടുകൂടിയതും ഇടവിടാതെ വിടര്‍ന്നുകൊണ്ടിരിക്കുന്ന താമരപ്പൂക്കളാകുന്ന മുഖത്തോടുകൂടിയതുമായ കാളിന്ദീനദിയെ നിന്തിരുവടി ദര്‍ശിച്ചു.

മയൂരകേകാശതലോഭനീയം
മയൂഖമാലാശബളം മണീന‍ാം
വിരിഞ്ചലോകസ്പൃശമുച്ചശൃംഗൈഃ
ഗിരിം ച ഗോവര്‍ദ്ധനമൈക്ഷഥാസ്ത്വം. || 8 ||

മയിലുകളുടെ കേകാരവത്താല്‍ മനോഹരവും രത്നങ്ങളുടെ ശോഭാപടലംകൊണ്ട് വിചിത്രവും ഉയര്‍ന്നിരിക്കുന്ന കൊടുമുടികളാല്‍ ബ്രഹ്മലോകത്തെ സ്പര്‍ശിക്കുന്നതുമായ ഗോഗര്‍ദ്ധനം എന്ന പര്‍വ്വതത്തേയും അങ്ങ് വീക്ഷിച്ചു.

സമം തതോ ഗോപകുമാരകൈസ്ത്വം
സമന്തതോ യത്ര വനാന്തമാഗഃ
തതസ്തതസ്ത‍ാം കുടിലാമപശ്യഃ
കലിന്ദജ‍ാം രാഗവതീമിവൈക‍ാം .. || 9 ||

അതിന്നുശേഷം നിന്തിരുവടി ഗോപബാലന്മാരോടുകൂടി വനപ്രദേശത്തിന്നു ചുറ്റും എവിടെയെല്ല‍ാം സഞ്ചരിച്ചുവോ, അവിടങ്ങളിലെല്ല‍ാം അനുരാഗിണിയെന്ന പോലെ ഏകാകിനിയായി വക്രമര്‍ഗ്ഗങ്ങളില്‍കൂടി ഗമിക്കുന്ന ആ കാളിന്ദിയെ കണ്ടു.

തഥാവിധേഽസ്മിന്‍ വിപിനേ പശ്യവ്യേ
സമുത്സുകോ വത്സഗണപ്രചാരേ
ചരന്‍ സരാമോഽഥ കുമരകൈസ്ത്വം
സമീരഗേഹാധിപ ! പാഹി രോഗാത്. || 10 ||

ഹേ ഗുരുവായൂര്‍പുരേശാ ! അനന്തരം അപ്രകാരം പശുക്കള്‍ക്കിഷ്ടപ്പെട്ട ഈ വനത്തി‍ല്‍ കാലിക്കിടാങ്ങളെ മേയ്ക്കുന്നതി‍ല്‍ താല്പര്‍യ്യമുള്ളവനായി ഗോപബാലരൊരുമിച്ചു സഞ്ചരിക്കുന്ന ബലരാമസമേതനായ നിന്തിരുവടി രോഗപീഢയില്‍നിന്ന് രക്ഷിക്കേണമേ.

വൃന്ദവനഗമനവര്‍ണ്ണനം എന്ന നാല്പത്തൊമ്പത‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 508
വൃത്തം ഉപേന്ദ്രവജ്ര

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.