അതീത്യ ബാല്യം ജഗതാം പതേ ത്വം
ഉപേത്യ പൗഗണ്ഡവയോ മനോജ്ഞം
ഉപേക്ഷ്യ വത്സാവനമുത്സവേന
പ്രാവര്‍ത്തഥാ ഗോഗണ പാലനായാം. || 1 ||
അല്ല്യോ ജഗന്നിയന്താവേ ! നിന്തിരുവടി ബാല്യത്തെ അതിക്രമിച്ചു (6 മുതല്‍ 10 വരെയുള്ള) മനോമോഹനമായ പൗഗണ്ഡകം എന്ന വയസ്സിനെ പ്രാപിച്ചിട്ട് കാലിക്കിടാങ്ങളെ മെയ്ക്കുന്നതു മതിയായി ഉത്സാഹത്തോടുകൂടി വലിയ പശുക്കളെ പരിപാലിക്കുന്നതിന്നായി ആരംഭിച്ചു.
ഉപക്രമസ്യാനുഗുണൈവ സേയം
മരുത്പുരാധീശ ! തവ പ്രവൃത്തിഃ
ഗോത്രാപരിത്രാണകൃതേഽവതീര്‍ണ്ണഃ
തദേവ ദേവാരഭഥാസ്തദാ യത് || 2 ||
അല്ലയോ ഗുരുവായൂരപ്പാ! ഭൂമിയെ (പശുക്കളെ) രക്ഷിക്കുന്നതിന്നായി അവതരിച്ചിരിക്കുന്ന നിന്തിരുവടി ആ വയസ്സില്‍ അതിനെത്തന്നെ ആരംഭിച്ചു എന്നതുകൊണ്ട് ഹേ പ്രകാശസ്വരുപിന്‍! അങ്ങയുടെ അപ്രകാരമുള്ള ഈ പ്രവൃത്തി ആരംഭത്തിന്നനുസരിച്ചതുതന്നെ.
കദാപി രാമേണ സമം വനാന്തേ
വനശ്രിയം വീക്ഷ്യ ചരന്‍ സുഖേന
ശ്രീദാമനാമ്നഃ സ്വസഖസ്യ വാചാ
മോദാദഗാദ്ധേനുകകാനനം ത്വം || 3 ||
ഒരിക്കല്‍ ബലരാമനോടൊന്നിച്ച് വനപ്രദേശത്തില്‍ വനശോഭയെ കണ്ടുകൊണ്ട് സുഖമായി സഞ്ചരിച്ചിരുന്ന നിന്തിരുവടി ശ്രീദാമാവ് എന്നു പേരോടൂകൂടിയ തന്റെ സ്നേഹിതന്റെ അഭിപ്രായമനുസരിച്ച് ഉത്സാഹത്തോടുകൂടി ധേനുകവനത്തിലേക്കു ചെന്നു.
ഉത്താളതാളീനിവഹേ ത്വദുക്ത്യാ
ബലേന ധൂതേഽഥ ബലേന ദോര്‍ഭ്യാം
മൃദുഃ ഖരശ്ചാഭ്യപതത് പുരസ്താത്
ഫലോത്കരോ ധേനുക ദാനവോപി. || 4 ||
അനന്തരം നിന്തിരുവടി പറഞ്ഞതനുസരിച്ച് ബലരാമനാല്‍ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍ കൈകളെക്കൊണ്ട് ശക്തിയോടുകൂടി പിടിച്ചു കുലുക്കപ്പെട്ടപ്പോള്‍ പഴുത്തതും പച്ചയുമായ കായ്കള്‍ മുന്‍ഭാഗത്തുതന്നെ വീണ് ചിതറി. ദുഷ്ടനും ക്രൂരനുമായ ധേനുകന്‍ എന്ന ദാനവനും ചാടിവീണു.
സമുദ്യതോ ധൈനുകപാലനേഽഹം
കഥം വധം ധേനുകമദ്യ കുര്‍വ്വേ ?
ഇതീവ മത്വാ ധ്രുവമഗ്രജേന
സുരൗഘയോദ്ധാരമജീഘനസ്ത്വം || 5 ||
ധൈനുകത്തെ (പശുവൃന്ദങ്ങളെ) രക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞാന്‍ ഇപ്പോള്‍ ധൈനുകമായ (ധേനുകാസുരന്റെ) വധത്തെ എങ്ങിനെയാണ് ചെയ്യേണ്ടത്. തീര്‍ച്ചയായും ഇപ്രകാരം വിചാരിച്ചിട്ടാണോ എന്ന് തോന്നുമാറ് നിന്തിരുവടി ജ്യേഷ്ഠനെക്കൊണ്ട് ദേവന്മാരോടുകൂടി യുദ്ധം ചെയ്യാറുള്ള അവനെ കൊല്ലിച്ചു.
തദീയ ഭൃത്യാനപി ജംബുകത്വേ
നോപാഗതാനഗ്രജസംയുതസ്ത്വം
ജംബൂഫലാനീവ തദാ നിരാസ്ഥാഃ
സ്താലേഷു ഖേലന്‍ ഭഗവന്‍ ! നിരാസ്ഥഃ || 6 ||
ഭഗവാനേ! ആ സമയം കുറുനരികളായി വന്നുചേര്‍ന്നുവരായ അവന്റെ ഭൃത്യന്മാരേയും ജ്യേഷ്ഠനോടുകൂടി നിന്തിരുവടി അനായസമായി കളിയായിത്തന്നെ, ഞാവല്‍ പഴങ്ങളെ എന്നപോലെ പനകളിലേക്ക് എടുത്തെറിഞ്ഞു.
വിനിഘ്നതി ത്വയ്യഥ ജംബുകൗഘം
സ നാമകത്വാദ്വരുണസ്തദാനീം
ഭയകുലോ ജംബുക നാമധേയം
ശ്രുതി പ്രസിദ്ധം വ്യധിതേതി മന്യേ || 7 ||
അനന്തരം നിന്തിരുവടി ജംബുകസമൂഹത്തെ കൊന്നുതുടങ്ങിയ സമയം അപ്പോള്‍ വരൂണന്‍ പേരൊന്നാണെന്ന കാരണത്താല്‍ ഭയംകൊണ്ട് പരിഭ്രമിച്ചവനായി ജംബുകന്‍ എന്ന് തനിക്കുള്ള പേരിനെ ശ്രുതിയില്‍ (വേദത്തില്‍ ) മാത്രം പ്രസിദ്ധമുള്ളതാക്കി ചെയ്തു എന്ന് ഞാന്‍ വിചാരിക്കുന്നു.
തവാവതാരസ്യ ഫലം മുരാരേ !
സഞ്ജാതമദ്യേതി സുരൈര്‍നുതസ്ത്വം
സത്യം ഫലം ജാതമിഹേതി ഹാസീ
ബാലൈഃസമം താലഫലാന്യഭുങ്ക്താഃ || 8 ||
അല്ലേ മുരാന്തകാ! ഇപ്പോള്‍ അങ്ങയുടെ അവതാരത്തിന്റെ ഫലമുണ്ടായി എന്നിപ്രകാരം ദേവന്മാരാല്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി വാസ്തവമാണ് ഇവിടെ ഫല (പഴ) മുണ്ടായി എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് ബാലന്മരോടൊരുമിച്ച് പനമ്പഴങ്ങളെതിന്നുതുടങ്ങി.
മധുദ്രവസ്രുന്തി ബൃഹന്തി താനി
ഫലാനി മേദോഭരഭൃന്തി ഭുക്ത്വാ
തൃപ്തൈശ്ച ദൃപ്തൈര്‍ഭവനം ഫലൗഘം
വഹദ്‍ഭിരാഗാഃ ഖലു ബാലകൈസ്ത്വം || 9 ||
തേനൊഴുകുന്നവയും ഉള്ളില്‍ നല്ല കഴുമ്പുള്ളതും വലിയവയുമായ ആ താലഫലങ്ങളെ തിന്നിട്ട് തൃപ്തിവന്നവരും അഹങ്കരിച്ചവരുമായി പഴങ്ങളേയും ചുമന്നുകൊണ്ട് നടക്കുന്ന ബാലകരൊന്നിച്ചുതന്നെ അങ്ങ് സ്വഗൃഹത്തിലേക്കു തിരിച്ചുവന്നു.
ഹതോ ഹതോ ധേനുക ഇത്യുപേത്യ
ഫലാന്യദഭ്‍ഭിര്‍ മധുരാണി ലോകൈഃ
ജയേതി ജീവേതി നുതോ വിഭോ ! ത്വം
മരുത്പുരാധീശ്വര ! പാഹി രോഗാത് || 10 ||
‘ധേനുകന്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടു’ എന്നിങ്ങനെ (പറഞ്ഞതുകേട്ട്) വന്നുചേര്‍ന്ന് സ്വാദുള്ള ഫലങ്ങളെ തിന്നുന്ന ജനങ്ങളാല്‍ പ്രഭുവായ ഗുരുവായൂരപ്പ! “ജയിക്കട്ടെ”! എന്നും “ആയുഷ്മാനായി ഭവിക്കട്ടെ’ എന്നു സ്തുതിക്കപ്പെട്ട നിന്തിരുവടി രോഗത്തില്‍നിന്നും എന്നെ രക്ഷിച്ചരുളിയാലും.
ധേനുകവധവര്‍ണ്ണനം എന്ന അമ്പത്തിമൂന്നാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 548
വൃത്തം. : ഉപജാതി
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.