MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഭരതന്റെ വിലാപം

അന്നേരമാശുഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍:
‘രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേള്‍ക്കണം.
ഉണ്ടടിയനഭിഷേകസംഭാ‍രങ്ങള്‍
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം.
ജേഷ്ഠനല്ലൊ ഭവാന്‍ ക്ഷത്രിയാണാമതി
ശ്രേഷ്ഠമ‍ാം ധര്‍മ്മം പ്രജാപരിപാലനം.
അശ്വമേധാദിയും ചെയ്തു കീര്‍ത്ത്യാ ചിരം
വിശ്വമെല്ല‍ാം പരത്തിക്കുലതന്തവേ
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ
പുത്രങ്കലാക്കി വനത്തിനുപോകണം.
ഇപ്പോളനുചിതമത്രേ വനവാസ-
മത്ഭുതവിക്രമ!നാഥ!പ്രസീദ മേ.
മാതാവു തന്നുടെ ദുഷ്കൃതം താവക-
ചേതസി ചിന്തിക്കരുതു ദയാനിധേ!
ഭ്രാതാവു തന്നുടേ പാദ‍ാംബുജം ശിര-
സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു
ദണ്ഡനമസ്കാരവും ചെയ്തു നിന്നിതു
പണ്ഡിതനായ ഭരതകുമാരനും
ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ
ചിത്തമോദേന പുണര്‍ന്നു ചൊല്ലീടിനാന്‍:
‘മദ്വാക്യമത്ര കേട്ടാലും കുമാര! നീ
യത്ത്വയോക്തം മയാ തത്തഥൈവശ്രുതം.
താതന്നെപ്പതിന്നാലു സംവത്സരം
പ്രീതനായ് കാനനം വാഴെന്നു ചൊല്ലിനാന്‍.
പ്രിത നിനക്കു രാജ്യം മാതൃസമ്മതം
ദത്തമായീ പുനരെന്നതു കാരണം
ചേതസാപാര്‍ക്കില്‍ നമുക്കിരുവാര്‍ക്കുമി-
ത്താതനിയോഗമനുഷ്ഠിക്കയും വേണം.
യാതൊരുത്തന്‍ പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നിതു ഭുതലേ
ജീവന്മൃതനവന്‍ പിന്നെ നരകത്തില്‍
മേവും മരിച്ചാലുമില്ലൊരു സംശയം.
ആകയാല്‍ നീ പരിപാലിക്ക രാജ്യവും
പോക,ഞാന്‍ ദണ്ഡകം തന്നില്‍ വാണീടുവന്‍.’
രാമവാക്യം കേട്ടു ചൊന്നാന്‍ ഭരതനും:
‘കാമുകനായ താതന്‍ മൂഢമാനസന്‍
സ്ത്രീജിതന്‍ ഭ്രാന്തനുന്മത്തന്‍ വയോധികന്‍
രാജഭാവം കൊണ്ടുരാജസമാനസന്‍
ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ!
മന്നവനായ് ഭവാന്‍ വാഴ്ക മടിയാതെ.’
എന്നു ഭരതവാക്യം കേട്ടു രാഘവന്‍
പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍:
‘ഭൂമിഭര്‍ത്താ പിതാ നാരീജിതനല്ല
കാമിയുമല്ല മൂഢാത്മാവുമല്ല കേള്‍.
താതനസത്യഭയം കൊണ്ടു ചെയ്തതി-
നേതുമേ ദോഷം പറയരുതോര്‍ക്ക നീ.
സാധുജനങ്ങള്‍ നരകത്തിലുമതി-
ഭീതി പൂണ്ടീടുമസത്യത്തില്‍ മാനസേ.’
‘എങ്കില്‍ ഞാന്‍ വാഴ്വന്‍ വനേ നിന്തിരുവടി
സങ്കടമെന്നിയേ രാജ്യവും വാഴുക.’
സോദരനിത്ഥം പറഞ്ഞതു കേട്ടതി-
സാദരം രാഘവന്‍ പിന്നെയും ചൊല്ലിനാന്‍:
‘രാജ്യം നിനക്കുമെനിക്കു വിപിനവും
പൂജ്യന‍ാം താതന്‍ വിധിച്ചതു മുന്നമേ.
വ്യത്യയമായനുഷ്ഠിച്ചാല്‍ നമുക്കതു
സത്യവിരോധം വരുമെന്നു നിര്‍ണ്ണയം.’
എങ്കില്‍ ഞാനും നിന്തിരുവടി പിന്നാലെ
കിങ്കരനായ് സുമിത്രാത്മജനെപ്പോലെ
പോരുവന്‍ കാനനത്തിന്നരുതെങ്കില്‍
ചേവന്‍ ചെന്നു പരലോകമാശു ഞാന്‍
നിത്യോപവാസേന ദേഹമുപേക്ഷിപ്പ’-
നിത്യേനമാത്മനി നിശ്ചയിച്ചന്തികേ
ദര്‍ഭ വിരിച്ചു കിഴക്കു തിരിഞ്ഞു നി-
ന്നപ്പോള്‍ വെയിലത്തുപുക്കു ഭരതനും.
നിര്‍ബന്ധബുദ്ധി കണ്ടപ്പോള്‍ രഘുവരന്‍
തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ
ചൊന്നാന്‍ ഗുരുവിനോടപ്പൊള്‍ വസിഷ്ഠനും
ചെന്നു കൈകേയീസുതനോടു ചൊല്ലിനാന്‍:
‘മൂഢനായീടൊലാ കേള്‍ക്ക നീയെങ്കിലോ
ഗൂഢമായൊരുവൃത്താന്തം നൃപാത്മജാ!
രാമനാകുന്നതു നാരായണന്‍ പരന്‍
താമരസോത്ഭവനര്‍ത്ഥിക്കകാരണം
ഭൂമിയില്‍ സൂര്യകുലത്തിലയൊദ്ധ്യയില്‍
ഭൂമിപാലാത്മജനായിപ്പിറന്നിതു.
രാവണനെക്കൊന്നുധര്‍മ്മത്തെ രക്ഷിച്ചു
ദേവകളേപ്പരിപാലിച്ചു കൊള്ളുവാന്‍.
യോഗമായാദേവിയായതു ജാനകി
ഭോഗിപ്രവരനാകുന്നതു ലക്ഷ്മണന്‍.
ലോകമാതാവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ
രാവണനെക്കൊല്‍ വതിന്നു വനത്തിനു
ദേവകാര്യാര്‍ത്ഥം പുറപ്പെട്ടു രാഘവന്‍.
മന്ഥരാവാക്യവും കൈകേയി ചിത്തനിര്‍-
ബ്ബന്ധവും ദേവകൃതമെന്നറിക നീ
ശ്രീരാമദേവനിവര്‍ത്തനത്തിങ്കലു-
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക,
കാരണപൂരുഷാനുജ്ഞയാ സത്വരം
നീ രാജധാനിക്കു പോക മടിയാതെ.
മന്ത്രികളോടും ജനനീജനത്തോടു-
മന്തമില്ലാത പടയോടുമിപ്പോഴേ
ചെന്നയൊദ്ധ്യാപുരിപുക്കു വസിക്ക നീ.
വന്നീടുമഗ്രജന്‍ താനു മനുജനും
ദേവിയുമീരേഴുസംവത്സരാവധൌ
രാവണന്‍ തന്നെ വധിച്ചു സപുത്രകം.’
ഇത്ഥം ഗുരുക്തികള്‍ കേട്ടു ഭരതനും
ചിത്തേ വളര്‍ന്നൊരു വിസ്മയം കൈക്കൊണ്ടു
ഭക്ത്യാ രഘുത്തമസന്നിധൌ സാദരം
ഗത്വാ മുഹൂര്‍ന്നമസ്കൃത്വാ സസോദരം:
‘പാദുക‍ാം ദേഹി!രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാന്‍.
യാവത്തവാഗമന്ം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവന്‍.’
ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമന്‍
പൊല്‍ത്താരടികളില്‍ ചേര്‍ത്ത മെതിയടി
ഭക്തിമാനായ ഭരതനു നല്‍കിനാന്‍;
നത്വാപരിഗ്രഹിച്ചീടിനാന്‍ തമ്പിയും.
ഉത്തമരത്നവിഭൂഷിതപാദുകാ-
മുത്തമ‍ാംഗേ ചേര്‍ത്തു രാമനരേന്ദ്രനെ
ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്കരി-
ച്ചുത്ഥായ വന്ദിച്ചു ചൊന്നാന്‍ സഗദ്ഗദം:
‘മന്വബ്ദ്വപൂര്‍ണ്ണേ പ്രഥമദിനേഭവാന്‍
വന്നതില്ലെന്നുവന്നീടുകില്‍ പിന്നെ ഞാന്‍
അന്യദിവസമുഷസി ജ്വലിപ്പിച്ചു
വഹ്നിയില്‍ ചാടി മരിക്കുന്നതുണ്ടല്ലൊ.’
എന്നതു കേട്ടു രഘുപതിയും നിജ
കണ്ണുനീരും തുടച്ചന്‍പോടു ചൊല്ലിനാന്‍:
‘അങ്ങനെതന്നെയൊരന്തരമില്ലതി-
നങ്ങു ഞാനന്നു തന്നെ വരും നിര്‍ണ്ണയം.’
എന്നരുള്‍ ചെയ്തു വിടയും കൊടുത്തിതു
ധന്യന്‍ ഭരതന്‍ നമസ്കരിച്ചീടിനാന്‍
പിന്നെ പ്രദക്ഷിണവും ചെയ്തു വന്ദിച്ചു
മന്ദേതരം പുറപ്പെട്ടു ഭരതനും
മാതൃജനങ്ങളും മന്ത്രിവരന്മാരും
ഭ്രാതാവുമാചാര്യനും മഹാസേനയും
ശ്രീരാമദേവനെ ചേതസി ചേര്‍ത്തുകൊ-
ണ്ടാരൂഢമോദേന കൊണ്ടുപോയീടിനാര്‍.
ശൃംഗിവേരാധിപനായ ഗുഹനേയും
മംഗലവാചാ പറഞ്ഞയച്ചീടിനാന്‍.
മുമ്പില്‍ നടന്നു ഗുഹന്‍ വഴികാട്ടുവാന്‍
പിമ്പേ പെരുമ്പടയും നടകൊണ്ടിതു.
കൈകേയി താനും സുതാനുവാദം കൊണ്ടു
ശോകമകന്നു നടന്നു മകനുമായ്
ഗംഗകടന്നു ഗുഹാനുവാദേന നാ-
ലംഗപ്പടയോടു കുമാരാന്മാര്‍
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരന്‍-
തന്നെയും ചിന്തിച്കു ചിന്തിച്ചനുദിനം
ഭക്ത്യാ വിശുദ്ധബുദ്ധ്യാപുരവാസികള്‍
നിത്യസുഖേന വസിച്ചിതെല്ലാവരും
താപസവേഷം ധരിച്ചു ഭരതനും
താപേന ശത്രുഘ്നനും വ്രതത്തോടുടന്‍
ചെന്നു നന്ദിഗ്രാമമന്‍പോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികള്‍ക്കെല്ല‍ാം.
പാദുക‍ാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കല്‍പ്പിച്ചു സാദരം.
ഗന്ധപുഷ്റ്റ്പാദ്യങ്ങള്‍ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും.
നാനാമുനിജനസേവിതനായൊരു
മാനവവീരന്‍ മനോഹരന്‍ രാഘവന്‍
ജാനകിയോടുമനുജനോടും മുദാ
മാനസാനന്ദം കലര്‍ന്നു ചില ദിനം
ചിത്രകൂടാചലേ വാണോരനന്തരം
ചിത്തേ നിരൂപിച്ചു കണ്ടു രഘുവരന്‍.
‘മിത്രവര്‍ഗ്ഗങ്ങളയോദ്ധ്യയില്‍ നിന്നു വ-
ന്നെത്തുമിവിടെയിരുന്നാലിനിയുടന്‍;
സത്വരം ദണ്ഡകാരുണ്യത്തിനായ്ക്കൊണ്ടു
ബദ്ധമോദം ഗമിച്ചീടുക വേണ്ടതും’
ഇത്ഥം വിചാര്യ ധരിത്രീ സുതയുമ-
ത്യുത്തമനായ സൌമിത്രിയുമായ്ത്തദാ
തത്യാജചിത്രകൂടാചലം രാഘവന്‍
സത്യസന്ധന്‍ നടകൊണ്ടേന്‍ വനാന്തരെ.