ഡൗണ്‍ലോഡ്‌ MP3

അഥ വാരിണി ഘോരതരം ഫണിനം
പ്രതിവാരയിതും കൃതധീര്‍ഭഗവന്‍ !
ദ്രുതമരിഥ തിരഗനീതരും
വിഷമാരുത ശോഷിത പര്‍ണ്ണചയം || 1 ||

ദേവ! അനന്തരം നിന്തിരുവടി യമുനാജലനിവാസിയായ ഭയങ്കരനായ കാളിയനെ അവിടെനിന്നും അകറ്റുന്നതിന്നു മനസ്സില്‍ നിശ്ചയിച്ചിട്ട് വിഷക്കാറ്റുതട്ടി ഇലകളെല്ല‍ാം ഉണങ്ങിയിരുന്ന നദീതീരത്തിലുള്ള കടമ്പുവൃക്ഷത്തെ വേഗത്തില്‍ പ്രാപിച്ചു.

അധിരുഹ്യ പാദംബുരൂഹേണ ച തം
നവപല്ലവതുല്യ മനോജ്ഞരുചാ
ഹ്രദവാരിണി ദുരതരം നൃപതാഃ
പരിഘൂര്‍ണ്ണിതഘോര തരംഗഗണേ || 2 ||

ഇളം തളിരിന്നു തുല്യമായ മനോഹര കാന്തിയോടുകൂടിയ പാദാരവിന്ദം കൊണ്ട് ആ വൃക്ഷത്തില്‍ കയറിയിട്ട് ഇളകിമറിയുന്ന ഭയങ്കരങ്ങളായ തിരമാലകളോടുകൂടിയ കയത്തിലെ വെള്ളത്തില്‍ നിന്തിരുവടി കുതിച്ചു ചാടുകയുംചെയ്തു.

ഭുവനത്രയ ഭാരഭൃതോ ഭവതോ
ഗുരുഭാര വികമ്പി വിജൃംഭിജലാ
പരിമജ്ജയതി സ്മ ധനുശ്ശതകം
തടിനീ ഝടിതി സ്ഫുടഘോഷവതീ || 3 ||

ത്രിലോകങ്ങളുടേയും ഭാരം വഹിക്കുന്ന ഭവാന്റെ വമ്പിച്ച ഭാരംകൊണ്ട് ക്ഷുഭിതമായി പൊങ്ങിയ ജലത്തോടുകൂടിയതും സ്പഷ്ടമായി കേള്‍ക്കപ്പെടുന്ന ശബ്ദത്തോടുകൂടിയതുമായ കാളിന്ദീനദി പൊടുന്നവെ നൂറു വില്‍പാടുദൂരം ഇരു കരകളിലേയ്ക്കും കവിഞ്ഞൊഴുകി.

അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത
ഭ്രമിതോദരവാരി നിനാദഭരൈഃ
ഉദകാരുദഗാദുരഗാധിപതി
സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ || 4 ||

അനന്തരം സര്‍പ്പരാജാവായ കാളിയ‍ന്‍ , ദിക്കുകളിലും വിദിക്കുകളിലും ഇളകിമറിഞ്ഞു കറങ്ങുന്ന അന്തഭാഗത്തോടുകൂടിയ വെള്ളത്തിന്റെ ശബ്ദാധിക്യംകൊണ്ടുണായ അടങ്ങാത്തതായ കോപത്താല്‍ വിവേകശുന്യനായിട്ട് നിന്തിരുവടിയുടെ സമീപത്തേക്ക് വെള്ളത്തില്‍നിന്നും ഉയര്‍ന്നുവന്നു.

ഫണശൃംഗസഹസ്രവിനിഃസൃമര
ജ്വലദഗ്നികണോഗ്ര – വിഷ‍ാംബുധരം
പൂരതഃ ഫണിനം സമലേകയഥാ
ബഹുശൃംഗിന അഞ്ജനശൈലമിവ || 5 ||

ആയിരം ഫണങ്ങളുടെ അഗ്രങ്ങളില്‍നിന്നും ഉല്‍ഗമിക്കുന്ന ഉജ്ജ്വലവത്തായ അഗ്നിസ്ഫുലിംഗങ്ങളോടുകൂടി അതിഘോരമായ വിഷദ്രവ്യത്തെ ധരിക്കുന്ന പന്നഗോത്തമനെ, അനേകം കൊടുമുടികളുള്ള അഞ്ജനപര്‍വ്വതത്തെ എന്നപോലെ നിന്തിരുവടി പുരോഭാഗത്തില്‍ കണ്ടു.

ജ്വലദക്ഷിപരിക്ഷരദുഗ്രവിഷ
ശ്വസനോഷ്മഭരഃ സ മഹാഭുജഗഃ
പരിദശ്യ ഭവന്തമനന്തബലം
പരിവേഷ്ടയദസ്ഫുടചേഷ്ടമഹോ ! || 6 ||

ജ്വലിക്കുന്ന കണ്ണുകളില്‍നിന്നു പുറപ്പെടുന്ന ഉഗ്രമായ വിഷവായുവിന്റെ കഠിനമായ ചൂടോടുകൂടിയ ആ പെരുംപാമ്പ് ഏറ്റവും പ്രഭാവത്തോടുകൂടിയവനും അസ്പഷ്ടങ്ങളായ ചേഷ്ടകളോടുകൂടിയവനുമായ നിന്തിരുവടിയെ കടിച്ചശേഷം വരിഞ്ഞു ചുറ്റിക്കളഞ്ഞു.

അവിലോക്യ ഭവന്തമഥാകുലിതേ
തടഗാമിനി ബാലകധേനുഗണേ,
വ്രജഗേഹതലേഽപ്യ നിമിത്തശതം
സമുദീക്ഷ്യ ഗതാ യമുന‍ാം പശുപാഃ || 7 ||

അതില്‍പിന്നെ കരയില്‍നിന്നിരുന്ന കുട്ടികളും പശുക്കുട്ടവും അങ്ങയെ കാണാതെ പരിഭ്രമിച്ചുകൊണ്ടിരിക്കുമ്പോ‍ള്‍ അമ്പാടിയിലും അനവധി ദുര്‍ന്നിമിത്തങ്ങളെ കണ്ടിട്ട് ഗോപന്മാര്‍ യമുനാതടത്തിലേക്കെത്തിച്ചേര്‍ന്നു.

അഖിലേഷു വിഭോ ! ഭവദീയദശാ-
മനലോക്യ ജിഹാസുഷു ജീവഭരം
ഫണിബന്ധനമാശു വിമുച്യ ജവാ
ദുദഗമ്യത ഹാസജുഷാ ഭവതാ || 8 ||

ഭഗവാനെ! അവരെല്ലാവരും അങ്ങയുടെ സ്ഥിതിയെ കണ്ടിട്ട് ജീവനെ കളയുവാനൊരുമ്പെട്ടപ്പോള്‍ അക്ഷണംതന്നെ സര്‍പ്പബന്ധനത്തില്‍നിന്നും തന്നത്താന്‍ വേര്‍പെടുത്തി ഭവാനാ‍ല്‍ ഉടന്‍തന്നെ ഉയര്‍ന്ന് പൊങ്ങിവരപ്പെട്ടു.

അധിരുഹ്യ തതഃ ഫണിരാജഫണാന്‍
നനൃതേ ഭവതാ മൃദുപാദരുചാ
കളശിഞ്ജിതനൂപുത മഞ്ജുമിളത്
കരകംങ്കണസങ്കുല സംക്വണിതം. || 9 ||

അനന്തരം കാളിയന്റെ പടങ്ങളില്‍ ചാടിക്കയറി, മാര്‍ദ്ദവമുള്ള പാദശോഭയോടുകൂടിയ നിന്തിരുവടിയാല്‍ കാല്‍ത്തളകളുടെ മധുരമായ ശബ്ദത്തോടിണങ്ങിയ മനോഹരമായ കൈവളകളുടെ കിലുക്കത്തോടുകൂടി നൃത്തം ചെയ്യപ്പെട്ടു.

ജഹൃഷുഃ പശുപാസ്തുതുഷുര്‍മുനയോ
വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ
ത്വയി നൃത്യതി മാരുതഗേഹപതേ !
പരിപാഹി സ മ‍ാം ത്വമദാന്തഗദാത് || 10 ||

അല്ലയോ ഗുരുവായൂരപ്പ! നിന്തിരുവടി നൃത്തംചെയ്യുന്നസമയത്ത് ഗോപന്മാര്‍ സന്തോഷിച്ചു; മഹര്‍ഷിമാരാനന്ദിച്ചു, ദേവന്മാര്‍ പുഷ്പങ്ങളെ വര്‍ഷിച്ചു. അപ്രകാരമുള്ള നിന്തിരുവടി എന്നെ ഈ തീരാവ്യാധിയില്‍നിന്നും രക്ഷിക്കേണമേ.

കാളിയമര്‍ദ്ദനവര്‍ണ്ണനം എന്ന അമ്പത്തഞ്ച‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 568
വൃത്തം. തോടകം. ലക്ഷണം സഗണം കിലനാലിഹ തോടകമ‍ാം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.