ഡൗണ്‍ലോഡ്‌ MP3

രുചിത കമ്പിത കുണ്ഡലമണ്ഡലഃ
സുചിരമീശ! നനര്‍ത്തിഥ പന്നഗേ
അമര താഡിത ദുന്ദുഭി സുന്ദരം
വിയതി ഗായതി ദൈവതയൗവതേ || 1 ||

അല്ലേ സര്‍വ്വേശ്വരാ ! ദേവവനിതകള്‍ ദേവന്മാരടിയ്ക്കുന്ന ദുന്ദുബിവാദ്യത്തോടിടചേര്‍ന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തില്‍ ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയി‍ല്‍ ചലിപ്പിക്കപ്പെട്ട കര്‍ണ്ണാഭരണത്തോടുകൂടിയവനായിട്ട് കാളിയനില്‍ വളരെനേരം നൃത്തം ചെയ്തു.

നമതി യദ്യദമുഷ്യ ശിരോ ഹരേ !
പരിവിഹാഅ തദുന്നതമുന്നതം
പരിമഥന്‍ പദപങ്കരുഹാ ചിരം
വ്യഹരഥാഃ കരതാള മനോഹരം. || 2 ||

അല്ലയോ ഗര്‍വ്വാപഹ! ഈ കാളിയന്റെ ഏതേത് ഫണം വിവശമായി താണടങ്ങുവോ അതിനെ ഉപേക്ഷിച്ച് ഉയര്‍ന്നുയര്‍ന്നവയെ പാദപങ്കജത്താ‍ല്‍ ചവിട്ടി മര്‍ദ്ദിക്കുന്നവനായിട്ട് കൈത്താളം പിടിച്ച് മനോഹരമാകുംവണ്ണം നിന്തിരുവടി വളരെ നേരം ക്രീഡിച്ചു.

ത്വദവഭഗ്ന വിഭുഗ്ന ഫണാഗണേ
ഗളിത ശോണിത ശോണിത പാഥസി
ഫണിപതാവവസീദതി സന്നതാഃ
തദബലാസ്തവ മാധവ ! പാദയോഃ || 3 ||

അങ്ങ് ചവിട്ടി മര്‍ദ്ദിച്ചതുനിമിത്തം ക്ഷീണിച്ചടങ്ങിയവയായ പത്തികളോടു കൂടിയവനായി ഉദ്വമിച്ച രക്തത്താല്‍ യമുനാജലത്തെ രക്തവര്‍ണ്ണമാക്കിചെയ്തിട്ട് കാളിയ‍ന്‍ ഏറ്റവും പരവശനായപ്പോള്‍ ഹേ ശ്രീകാന്ത! ആ കാളിയന്റെ പത്നിമാര്‍ അങ്ങയുടെ തൃക്കാലിണകളില്‍ വണങ്ങി.

അയി പുരൈവ ചിരായ പരിശ്രുത
ത്വദനുഭാവ വിലീനഹൃദോ ഹി താഃ
മുനിഭിരപ്യനവാപ്യഥൈഃസ്തവൈഃ
നുനുവുരീശ ! ഭവന്തമയന്ത്രിതം. || 4 ||

അല്ലയോ ഭഗവാനേ! പണ്ടുതന്നെ വളരെക്കാലമായി അങ്ങയുടെ മാഹത്മ്യം കേട്ടിട്ടുള്ളതുകൊണ്ട് അങ്ങയില്‍ ലയിച്ചിരുന്ന മനസ്സോടുകൂടിയവരായ അവ‍ര്‍ മുനിമാരാല്‍കൂടി പ്രാപിക്കപ്പെടുവാ‍ന്‍ കഴിവില്ലാത്ത മാര്‍ഗ്ഗങ്ങളായ സ്തോത്രങ്ങ‍ള്‍ കൊണ്ട് നിത്യസ്വതന്ത്രനായ നിന്തിരുവടിയെ സ്തുതിച്ചു.

ഫണിവധൂഗണ ഭക്തിവിലോകന
പ്രവികസത്കരുണാകുല ചേതസാ
ഫണിപതിര്‍ ഭവതാച്യുത! ജീവിത
സ്ത്വയി സമര്‍പ്പിത മൂര്‍ത്തിരവാനമത് || 5 ||

അല്ലയോ ഷഡ്ഭാവരഹിത! നാഗസ്ത്രീകളുടെ ഭക്തി കാണ്കയാല്‍ വര്‍ദ്ധിച്ച കരുണകൊണ്ട് മനസ്സിളകിയ നിന്തിരുവടിയാല്‍ അഭയം നല്‍കപ്പെട്ട കാളിയ‍ന്‍ നിന്തിരുവടിയില്‍ സമര്‍പ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായിട്ട് വീണു നമസ്കരിച്ചു.

രമണകം വ്രജ വാരിധി മദ്ധ്യഗം,
ഫണിരിപു‍ര്‍ന്ന കരോതി വിരോധിത‍ാം
ഇതി ഭവദ്വചനാന്യതി മാനയന്‍
ഫണിപതിര്‍ നിരഗാദുരഗൈഃസമം || 6 ||

‘സമുദ്രമദ്ധ്യത്തിലുള്ള രമണകന്നെ ദ്വീപിലേക്ക് പോയ്ക്കോള്‍ക സര്‍പ്പശത്രുവായ ഗരുഢന്‍ ഉപദ്രവിക്കുകയില്ല’ എന്നിങ്ങിനെയുള്ള നിന്തിരുവടിയുടെ വാക്കുകളെ ബഹുമാനിക്കുന്നവനായി കാളിയന്‍ മറ്റു സര്‍പ്പങ്ങളോടുകൂടി അവിടെനിന്നു ഒഴിഞ്ഞുപോയി.

ഫണിവധൂജന ദത്തമണിവ്രജ
ജ്വലിതഹാര ദുകൂല വിഭൂഷിതഃ
തടഗതൈഃ പ്രമദാശ്രു വിമിശ്രിതൈഃ
സമഗഥഃ സ്വജനൈര്‍ ദിവസാവധൗ || 7 ||

നാഗപത്നിമാരാല്‍ നല്കപ്പെട്ട രത്നങ്ങള്‍കൊണ്ടു ശോഭിക്കുന്ന മുത്തുമാലക‍ള്‍‍, പട്ടുവസ്ത്രങ്ങള്‍ എന്നിവയാ‍ല്‍ അലങ്കരിക്കപ്പെട്ട നിന്തിരുവടി സന്ധ്യാസമയത്തി‍ല്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് നദീതീരത്തില്‍നില്‍ക്കുന്ന സ്വജനങ്ങളോടു കൂടിച്ചേര്‍ന്നു.

നിശി പുനസ്തമസാ വ്രജമന്ദിരം
വ്രജിതുമക്ഷമ ഏവ ജനോത്കരേ
സ്വപതി തത്ര ഭവച്ചരണാശ്രയേ
ദവകൃശാനുരരുന്ധ സമന്തതഃ || 8 ||

അനന്തരം രാത്രിയില്‍തന്നെ ഇരുട്ടുകൊണ്ട് അമ്പാടിയിലേക്കു പോകുവാ‍ന്‍ കഴിവില്ലാതെ അങ്ങയെതന്നെ ശരണമായിക്കരുതി ജനക്കൂട്ടം ആ യമുനാതീരത്തി‍ല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കാട്ടുതീ ചുറ്റും പടര്‍ന്നുപിടിച്ചു.

പ്രബുധിതാനഥ പാലയ പാലയേതി
ഉദയദാര്‍ത്തരവാന്‍ പശുപാലകാന്‍
അവിതുമാശു പപാഥ മഹാനലം
കിമിഹ ചിത്രമയം ഖലു തേ മുഖം || 9 ||

അനന്തരം ഉറക്കമുണര്‍ന്നപരായി “രക്ഷിക്കണെ”, രക്ഷിക്കണെ’, എന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നവരായ ഗോപാലന്മാരെ രക്ഷിക്കുന്നതിന്നുവേണ്ടി ഭവാന്‍ ആ കൊടുതീയിനെ അക്ഷണംതന്നെ പാനംചെയ്തു.! ഇതില്‍ ആശ്ചര്‍യ്യപ്പെടുവാനാന്താണുള്ളത് ? ഈ അഗ്നി നിന്തിരുവടിയുടെ മുഖംതന്നെയല്ലോ !

ശിഖിനി വര്‍ണ്ണത ഏവ ഹി പീതതാ
പരിലസ, ത്യധുനാ ക്രിയയാപ്യസൗ
ഇതി നുതഃ പശുപൈര്‍ മുദിതൈര്‍ വിഭോ !
ഹര ഹരേ ! ദുരിതൈഃ സഹ മേ ഗദാന്‍ || 10 ||

വഹ്നിയില്‍ വര്‍ണ്ണംകൊണ്ടുതന്നെ പീതത (മഞ്ഞ്നിറം) ശോഭിക്കുന്നുണ്ട്. ഇപ്പോള്‍ ഈ പീതത (പാനംചെയ്ത എന്ന അവസ്ഥ) ക്രിയകൊണ്ടും ശോഭിക്കുന്നു. എന്നിപ്രകാരം പ്രഹൃഷ്ടരായ പശുപാലന്മാരാല്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി ഹേ വിളവായ ശ്രീകൃഷണാ ! പാപങ്ങളോന്നിച്ച് എന്റെ രോഗത്തേയും ഇല്ലാതാക്കേണമെ.

കാളിയമര്‍ദ്ദനവര്‍ണ്ണനം എന്ന അമ്പത്താറ‍ാംദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 578
വൃത്തം. ദ്രുതവിളംബിതം ലക്ഷണം ദ്രുതവിളംബിതമ‍ാം നഭവും ഭരം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.