ഡൗണ്‍ലോഡ്‌ MP3

ത്വയി വിഹരനലോലേ ബാലജാലൈഃ പ്രലംബ
പ്രമഥനസവിളംബേ ധേനവഃ സ്വൈരചാരാഃ
തൃണകുതുകനിവിഷ്ടാ ദൂരദൂരം ചരന്ത്യഃ
കിമപി വിപിനമൈഷീകാഖ്യമീഷാബഭൂവഃ || 1 ||

നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലൗല്‍സുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാല്‍ പശുക്കള്‍ ഇഷ്ടം പോലെ സഞ്ചരിച്ചുകൊണ്ടു പുല്ലിലുള്ള കൗതുകത്തോടുകൂടി വളരെദൂരം മേഞ്ഞുചെന്നു ഐഷീകമെന്നു പേരുള്ള ഒരു കാട്ടില്‍ എത്തിചേര്‍ന്നു.

അനധിഗതനിദാഘക്രൗര്യ വൃന്ദാവനാന്താത്
ബഹിരിദമുപയാതാഃ കാനനം ധേനവസ്താഃ
തവ വിരഹവിഷണ്ണാഃ ഊഷ്മല ഗ്രീഷ്മതാപ
പ്രസരവിസരദംഭസ്യാകുലാഃസ്തംഭമാപുഃ || 2 ||

ഉഷ്ണകാലത്തിന്റെ ചുടെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത വൃന്ദാവനപ്രദേശത്തില്‍നിന്നും പുറമെയുള്ള ഈ കാട്ടിലെത്തിച്ചേര്‍ന്ന ആ പശുക്ക‍ള്‍‍, അങ്ങയെ വിട്ടകന്ന്തിനാല്‍ വിഷാദിച്ചവയായി വേനല്‍ ചൂടിന്റെ കാഠിന്യം നിമിത്തമുണ്ടായ ദാഹത്താ‍ല്‍ പരവശങ്ങളായി സ്തംഭിച്ചുപോയി.

തദനു സഹ സഹായൈഃ ദൂരമന്വിഷ്യ ശൗരേ !
ഗളിതസരണി മുഞ്ചാരണ്യ സഞ്ജാത ഖേദം
പശുകുലഭിവീക്ഷ്യ ക്ഷിപ്രമാനേതുമാരാത്
ത്വയി ഗതവതി ഹീ ഹീ സര്‍വ്വതോഽഗ്നിര്‍ജ്ജൃംഭേ, || 3 ||

ഹേ ശൗരേ! ആ സമയം സഹായികളൊന്നിച്ച് വളരെദൂരം അന്വേഷിച്ച് നടന്നു വഴിപിഴച്ച്, ഇഷീകവനത്തില്‍ കിടന്നുഴലുന്ന പശുവൃന്ദത്തെ കണ്ടുപിടിച്ചു, ഉടനെ തിരികെകൊണ്ടുവരുന്നതിന്ന് നിന്തിരുവടി അടുത്തു ചെന്ന സമയം കഷ്ടം! കഷ്ടം! കാട്ടുതീ ചുറ്റും പടര്‍ന്നുപിടിച്ചുവല്ലോ.

സകലഹരിതി ദീപ്തേ ഘോരഭ‍ാംകാര ഭീമേ
ശിഖിനി വിഹിതമാര്‍ഗ്ഗാഃ അര്‍ദ്ധദഗ്ദ്ധാ ഇവാര്‍ത്താഃ
അഹഹ ഭുവനബന്ധോ ! പാഹി പാഹീതി സര്‍വ്വേ
ശരണമുപഗതാസ്ത്വ‍ാം താപഹര്‍ത്താരമേകം || 4 ||

ഭയങ്കരമായ ഭാങ്കാരശബ്ദത്തോടെ വര്‍ദ്ധിച്ചുയര്‍ന്ന ആ അഗ്നി ചുറ്റുഭാഗത്തും പടര്‍ന്നുജ്വലിക്കുമ്പോ‍ള്‍ വഴിതടുക്കപ്പെട്ടാവരായി, പകുതിയോളം ദഹിച്ച മട്ടില്‍‍, ദുഃഖിക്കുന്നവരായ അവരെല്ല‍ാം “അയ്യോ കഷ്ടം, ലോകബന്ധുവായ ഭഗവ‍ന്‍ രക്ഷിക്കണേ, രക്ഷിക്കണേ” എന്ന് സന്താപനാശനായ അങ്ങയെ തന്നെ ശരണം പ്രാപിച്ചു.

അലമലമതിഭീത്യാ സര്‍വ്വതോ മീലയദ്ധ്വം
ദൃശമിതി തവ വാചാ മിലിതാക്ഷേഷു തേഷു
ക്വ നു ദവദഹനോഽസൗ കുത്ര മുഞ്ജാടവീ സാ !
സപദി വവൃതിരേ തേ ഹന്ത ~ ഭാണ്ഡീരദേശേ || 5 ||

‘അധികം ഭയന്നത് മതി മതി നിങ്ങളെല്ലാവരും കണ്ണടയ്ക്കുവി‍‍‍ന്‍’ എന്ന അങ്ങയുടെ വാക്കുകളാല്‍ അവര്‍ കണ്ണുകളടച്ചസമയം ഈ കാട്ടിതുയെവിടെ? ആ ഇഷീകവനമെവിടെ? അവരുടന്‍തന്നെ ഭാണ്ഡീരവനത്തി‍ല്‍ വന്നുചേര്‍ന്നു ആശ്ചര്‍യ്യംതന്നെ. !

ജയ ജയ തവ മായ കേയമീശേതി തേഷ‍ാം
നുതിഭിരുദിത ഹാസോ ബദ്ധനാനാ വിലാസഃ
പുനരപി വിപിനാന്തേ പ്രാചരഃ, പാടലാദി
പ്രസവ നികരമാത്ര ഗ്രാഹ്യ ഘര്‍മ്മാനുഭാവേ .. || 6 ||

ഹേ ഭഗവന്‍ ‍! അങ്ങ വിജയിച്ചാലും അവിടുത്തെ ഈ മായ എന്താണ്? എന്നിങ്ങിനെയുള്ള അവരുടെ സ്തുതികളാല്‍ പുഞ്ചിരിക്കൊള്ളുന്നവനായി ഇവിധഭാവവിലാസങ്ങളോടുകൂടിയ നിന്തിരുവടി പുപ്പാതിരി മുതലായ വൃക്ഷങ്ങ‍ള്‍ പുഷ്പിച്ചുനില്‍ക്കുന്നതിനാ‍ല്‍ മാത്രം അറിയപ്പെടാവുന്ന ഗ്രീഷ്മത്തിന്റെ പ്രഭാവ ത്തോടുകൂടിയ വനാന്തരത്തില്‍ വീണ്ടും പശുക്കളെ മേച്ചുനടന്നു.

ത്വയി വിമുകമിവോചൈഃ താപഭാരം വഹന്തം
തവ ഭജനവദന്തഃ പങ്കമുച്ഛോഷയന്തം
തവ ഭുജവദുദഞ്ചദ് ഭൂരിതേജഃപ്രവാഹം
തപസമയമനൈഷീഃ യാമുനേഷു സ്ഥലേഷു || 7 ||

അങ്ങയില്‍ രസമില്ലാത്തവനെന്നപോലെ വര്‍ദ്ധിച്ച താപഭാരത്തെ വഹിച്ചുകൊണ്ടും അങ്ങയിലുള്ള ഭക്തിയെന്നതുപോലെ അകത്തുള്ള മാലിന്യത്തെ ഉണക്കിക്കളഞ്ഞും അങ്ങയുടെ തൃക്കൈകളെന്നവിധം ഏറ്റവും വര്‍ദ്ധിച്ച തേജസ്സോടുകൂടിയുമിരിക്കുന്ന ഗ്രീഷ്മകാലത്തെ അങ്ങ് യമുനാസ്ഥലവിഭാഗങ്ങളി‍ല്‍ കഴിച്ചുകൂട്ടി.

തദനു ജലദ ജാലൈഃ ത്വദ്വപുസ്തുഭാഭിര്‍
വികസദമലവിദ്യുത്പീതവാസോ വിലാസൈഃ
സകലഭുവനഭാജ‍ാം ഹര്‍ഷദ‍ാം വര്‍ഷവേല‍ാം
ക്ഷിതിധരകുഹരേഷു സ്വൈരവാസീ വ്യനൈഷീഃ || 8 ||

അതില്‍പിന്നെ നിന്തിരുവടി ശരീരശോഭയ്ക്കു തുല്യമായ കാന്തിയോടും പ്രകാശമാനങ്ങളായി നിര്‍മ്മലങ്ങളായിരിക്കുന്ന മിന്നല്‍പിണരുകളാകുന്ന പീത‍ാംബരവിലാസത്തോടും വിലസുന്ന മേഘസമൂഹങ്ങളാല്‍ ലോകവാസികള്‍ക്കെല്ല‍ാം സന്തോഷമേകുന്ന വര്‍ഷകാലത്തെ പര്‍വ്വതഗുഹകളില്‍ സുഖമായി കഴിച്ചുകൂട്ടി.

കുഹരതല നിവിഷ്ടം ത്വ‍ാം ഗരിഷ്ഠം ഗിരീന്ദ്രഃ
ശിഖികുല നവകേകാ കാകുഭിഃ സ്ത്രോത്രകാരീ
സ്ഫുടകുടജ കദംബസ്തോമ പുഷ്പാഞ്ജലിം ച
പ്രവിദധദനുഭേജേ ദേവ ! ഗോവര്‍ദ്ധനോ‍ഽസൗ || 9 ||

ഹേ ഭഗവന്‍ ‍! ഈ ശ്രേഷ്ഠഗിരിയായ ഗോവര്‍ദ്ധനം ഗുഹയ്ക്കകത്തു പാര്‍ക്കുന്ന മഹാനുഭാവനായ നിന്തിരുവടിയെ മയിലുകളുതേ കോമളമായ കേകാരവങ്ങളാല്‍ കീര്‍ത്തിച്ചുകൊണ്ടും വികസുച്ചുതുടങ്ങിയ കടജം, കദംബം എന്നി വൃക്ഷങ്ങളുടെ കുസുമങ്ങളാല്‍ പുഷ്പാഞ്ജലി ചെയ്തുകൊണ്ടും നാള്‍തോറും സേവിച്ചുവന്നു.

അഥ ശരദമുപേത‍ാം ത‍ാം ഭവദ്‍ഭക്തചേതോ
വിമലസലിലപൂര‍ാം മാനയന്‍ കാനനേഷു
തൃണമമലവനാന്തേ ചാരു സഞ്ചാരയന്‍ ഗാഃ
പവനപുരപതേ! ത്വമ് ദേഹി മേ ദേഹസൗഖ്യം. || 10 ||

ഹേ വാതാലയേശ! അനന്തരം വനപ്രദേശങ്ങളി‍ല്‍ വന്നുചേര്‍ന്നതും അങ്ങയുടെ ഭക്തന്മാരുടെ മനോവൃത്തിപോലെ നിര്‍മ്മലമായ ജലപ്രവാഹത്തോടുകൂടിയതുമായ ആ ശരല്‍ക്കാലത്തെ ആദരിക്കുന്നവനായി പരിശുദ്ധമായ വൃന്ദവനത്തി‍ല്‍ പശുക്കളെ നവതൃണപ്രദേശങ്ങളില്‍കൂടി നയിക്കുന്നവനായ നിന്തിരുവടി എനിക്ക് ദേഹസൗഖ്യം നല്‍കിയാലും.

ദവാഗ്നിമോക്ഷവര്‍ണ്ണനം എന്ന അമ്പത്തെട്ട‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 597
വൃത്തം മാലിനി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.