ഡൗണ്‍ലോഡ്‌ MP3

രാമസഖഃ ക്വാപി ദിനേ കാമദ !
ഭഗവന്‍ ! ഗതോ ഭവാന്‍ വിപിനം
സൂനുഭിരപി ഗോപാന‍ാം
ധേനുഭിരഭിസംവൃതോ ലസദ്വേഷഃ || 1 ||

അല്ലേ അഭീഷ്ടദായകനായ ഭഗവാനേ, ഒരു ദിവസം നിന്തിരുവടി പശുപബാല കന്മാരാലും പശുക്കളാലും ചൂഴപ്പെട്ടവനായിട്ട് സര്‍വ്വാലങ്കാരപരിശോഭിതനായി ബലരാമനോടുംകൂടി വനത്തിലേക്ക് ചെന്നുവല്ലോ.

സന്ദര്‍ശയന്‍ ബലായ
സ്വൈരം വൃന്ദാവനശ്രിയം വിമല‍ാം
കാണ്ഡീരൈഃസഹ ബാലൈഃ
ഭാണ്ഡീരകമാഗമോ വടം ക്രീഡന്‍ || 2 ||

സ്വച്ഛമായ വൃന്ദവനശോഭയെ നിര്‍വ്വിഘ്നമ‍ാംവണ്ണം ബലഭദ്രന്നായി കാട്ടിക്കൊടുത്ത് കൈയില്‍ കോലുകളേന്തിയ ബാലകരൊന്നിച്ച് നിന്തിരുവടി ഭാണ്ഢീരകമെന്ന വടവൃക്ഷത്തെ പ്രാപിച്ചു.

താവത് താവകനിധന
സ്പൃഹയാലുര്‍ ഗോപമൂര്‍ത്തിരദയാലുഃ
ദൈത്യഃ പ്രലംബനാമാ
പ്രലംബബാഹും ഭവന്തമാപേദേ || 3 ||

ആ സമയത്ത് അങ്ങയെ വധിക്കേണമെന്നുദ്ദേശിച്ചുകൊണ്ട് നിര്‍ദ്ദയനായ പ്രലംഭനെന്ന അസുരന്‍ ഗോപാലവേഷധാരിയായി ആജാനുബാഹുവായ നിന്തിരുവടിയെ സമീപിച്ചു.

ജാനന്നപ്യവിജാനന്നിവ
തേന സമം നിബദ്ധസൗഹാര്‍ദ്ദഃ
വടനികടേ പടുപശുപ
വ്യാബദ്ധം ദ്വന്ദ്വയുദ്ധമാരബ്ധാഃ || 4 ||

ഭവാന്‍ ഇതെല്ല‍ാം അറിയുന്നവനായിരുന്നിട്ടും അറിയാത്തവനെന്നപോലെ അവനോടുകൂടെ സ്നേഹത്താല്‍ ബന്ധിക്കപ്പെട്ടവനായി വടവൃക്ഷത്തിന്റെ സമീപത്തി‍ല്‍ സമര്‍ത്ഥരായ ഗോപബാലന്മാരോടൊന്നിച്ച് മുഷ്ടിയുദ്ധത്തെ ആരംഭിച്ചു.

ഗോപാ‍ വിഭജ്യ തന്വന്‍
സംഘം ബലഭദ്രകം ഭവത്ക്കമപി
ത്വദ്ബലഭീരും ദൈത്യം
ത്വദ്ബലഗതമന്വമന്യഥ ഭഗവന്‍ || 5 ||

ഹേ സൃഷ്ടിസ്ഥിതി സംഹാരകാരക ! നിന്തിരുവടി ഗോപന്മാരെ ബലഭദ്രനെ സംബന്ധിച്ചതായും രണ്ടു സംഘങ്ങളായി പിരിച്ചിട്ട് അങ്ങയുടെ ബലത്തെ ഭയന്നവനായ ആ ദാനവനെ നിന്തിരുവടിയുടെ സംഘത്തില്‍ ചേരുന്നതിന്നു സമ്മതിച്ചു.

കല്പിത വിജേതൃവഹനേ സമരേ പരയൂഥഗം സ്വദയിതതരം
ശ്രീദാമനമധത്ഥാഃ പരാജിതോ ഭക്തദാസത‍ാം പ്രഥയന്‍ || 6 ||

ജയിച്ചവനെ തോറ്റവന്‍ ചുമലിലേറ്റാമെന്ന നിശ്ചയത്തോടെയുള്ള (ആ ലീലാപരമായ) യുദ്ധത്തില്‍ നിന്തിരുവടി പരാജിതനായി ഭക്തദാസനെന്നതിനെ പ്രസിദ്ധമാക്കിചെയ്തുകൊണ്ട് ഏതൃകക്ഷിയിലുള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ശ്രീദാമാവെന്ന ബാലനെ വഹിച്ചു.

ഏവം ബഹുഷു വിഭുമന്‍ !
ബാലേഷു വഹത്സു വാഹ്യമാനേഷു
രാമവിജിതഃ പ്രലംബോ
ജഹാര തം ദൂരതോ ഭവദ്ഭീത്യാ .. || 7 ||

അല്ലയോ മഹാത്മാവേ! ഇപ്രകാരം വളരെ കുട്ടികള്‍ ചുമക്കുന്നവരായും ചുമക്കപ്പെടുന്നവരായും തീര്‍ന്നിരുന്ന അവസരത്തി‍ല്‍ ബലരാമനാ‍ല്‍ തോല്പിക്കപ്പെട്ട പ്രലംബന്‍ ഭവാനെയുള്ള ഭയംനിമിത്തം അവനെ വളരെ ദൂരത്തേക്ക് ചുമന്നുകൊണ്ടു പോയി.

ത്വത് ദൂരം ഗമയന്തം
തം ദൃഷ്ട്വാ ഹലിനി വിഹിതഗരിമഭരേ
ദൈത്യഃ സ്വരൂപമാഗാത്
യദ്രൂപാത് സ ഹി ബലോഽപി ചകിതോഽഭൂത് || 8 ||

അങ്ങയുടെ സമീപത്തില്‍നിന്നും അകന്നുപോകുന്ന അവനെ കണ്ടിട്ട് ബലരാമ‍ന്‍ തന്റെ ഘനത്തെ വര്‍ദ്ധിപ്പിച്ചപ്പൊ‍ള്‍ ആ ദാനവ‍ന്‍ സ്വന്തരുപത്തെ പ്രാപിച്ചു. ആ രുപത്തെ കണ്ടിട്ട് ആ ബലഭദ്രനുംകൂടി ഭയമുള്ളവനായി ഭവിച്ചു.

ഉച്ചതയാ ദൈത്യതനോഃ
ത്വന്മുഖമാലോക്യ ദൂരതോ രാമഃ
വിഗതഭയോ ദൃഢമുഷ്ട്യാ
ഭൃശദുഷ്ടം സപദി പിഷ്ടവാനേനം || 9 ||

ആ ബലരാമന്‍ ദൈത്യദേഹത്തിന്റെ ഉയരംകൊണ്ട് അങ്ങയുടെ മുഖത്തെ അകലെനിന്നും ദര്‍ശിച്ചിട്ട് ഭയമകന്നവനായി കഠിനമായ മുഷ്ടിപ്രഹരംകൊണ്ട് അതിദുഷ്ടനായ ഇവനെ പെട്ടെന്നു ചതച്ചുകളഞ്ഞു.

ഹത്വാ ദാനവവീരം പ്രാപ്തം
ബലമാലിലിംഗിഥ പ്രേംണാ
താവന്മിലതോര്യുവയോഃ
ശിരസി കൃതാ പുഷ്പവൃഷ്ടി രമരഗണൈഃ || 10 ||

അസുരവീരനെ നിഗ്രഹിച്ചിട്ട് വന്നുചേര്‍ന്ന ബലഭദ്രനെ നിന്തിരുവടി വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ആ സമയത്ത് ഒരുമിച്ച് ചേര്‍ന്നിരുന്ന നിങ്ങളിരുവരുടേയും ശിരസ്സില്‍ ദേവന്മാരാല്‍ പുഷ്പവര്‍ഷം ചെയ്യപ്പെട്ടു.

ആലംബോ ഭുവനാന‍ാം
പ്രാലംബം നിധനമേവമാരചയന്‍
കാലം വിഹായ സദ്യോ
ലോലംബരുചേ ! ഹരേ ! ഹരേഃ ക്ലേശാന്‍ || 11 ||

വരിവണ്ടിന്റെ ദേഹശോഭയോടുകൂടിയ ഹേ ഭഗവന്‍ ! ഭുവനങ്ങള്‍ക്കാശ്രയവും ഇപ്രകാരം പ്രലംബവധത്തെ സാധിച്ചവനുമായ നിന്തിരുവടി കാലതാമസംകൂടാതെ ഉടനെതന്നെ എന്റെ ക്ലേശങ്ങളെ ഉന്മൂലനം ചെയ്യേണമേ.

പ്രലംബവധവര്‍ണ്ണനം എന്ന അമ്പത്തേഴ‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 589
വൃത്തം: ആര്‍യ്യ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.